UPDATES

സിനിമ

ലിംഗേശ്വരനും പെനിക്വിക്കും തമ്മിലുള്ള കാഴ്ച്ചദൂരം

Avatar

പി‌.ബി‌ അനൂപ്

മുല്ലപ്പെരിയാര്‍ അണക്കെട്ട് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാമെന്നും കൊച്ചി മറൈന്‍ഡ്രൈവ് വരെയുള്ള കേരളദേശം പ്രളയത്തിലാണ്ടുപോകുമെന്നും ഒാര്‍ത്ത് കേരളത്തിന്‍റെ ജലമന്ത്രിക്ക് ഉറക്കം നഷ്ടപ്പെട്ട നാളുകള്‍. സഹ്യന് അപ്പുറവും ഇപ്പുറവും നിന്ന് മലയാളിയും തമിഴനും ജെല്ലിക്കെട്ട് കാളകളെപ്പോലെ പോര് വിളിച്ച നാളുകള്‍ . മുണ്ടു മുറുക്കിയുടുത്താലും തമിഴന്‍റെ അരിയും പച്ചക്കറിയും കഴിക്കില്ലെന്ന് മലയാളിയും കേരളസര്‍ക്കാരിന്‍റെ ഖജനാവില്‍ കാണിക്കയിടാതെ ചെന്നൈ റോയല്‍പേട്ടയിലിരുന്ന് ശരണം വിളിച്ചാലും ശബരിമല ശാസ്താവ് വിളികേള്‍ക്കുമെന്ന് തമിഴനും ഉറപ്പിച്ചു പറഞ്ഞനാളുകള്‍
 
മിഥുനം സിനിമയില്‍ നെടുമുടി വേണുവിന്‍റെ കൈയിലെ തേങ്ങപോലെ ” ഇപ്പൊ പൊട്ടും’ എന്ന നിലയില്‍ മുല്ലപ്പെരിയാര്‍ എന്ന ജലബോംബ് നിറഞ്ഞുനിന്ന സംഘര്‍ഷത്തിന്‍റെ നാളുകളിലാണ് മുല്ലപ്പെരിയാറിന്‍റെ വഴികള്‍ തേടി യാത്രപോയത്. ചെന്നൈ മുതല്‍ കമ്പം വരെയുള്ള തമിഴ്ജീവിത വഴികളിലൂടെയുള്ള യാത്ര. തെന്‍തമിഴകത്തെ ഫലഭൂയിഷ്ടമാക്കുന്ന, നിരവധി ജനങ്ങള്‍ക്ക് ജീവജലം നല്‍കുന്ന, ശൈവപ്രണയത്തിന്‍റെ പ്രവാഹമായ വൈഗൈയെ ജലസമൃദ്ധമാക്കുന്ന ‘മുല്ലൈപ്പെരിയാര്‍ അണൈ’ തമിഴന് സമവായത്തിനപ്പുറമുള്ള വൈകാരികതയാണ്. ആ യാത്രയില്‍ വല്ലാത്ത തിരിച്ചറിവുകളോടെ നിറഞ്ഞുനിന്ന പേരാണ്; ജോണ്‍ പെനിക്വിക്ക്. 
 
 
തെക്കന്‍ തമിഴകത്തേയ്ക്ക് വെള്ളമെത്തിയ്ക്കാന്‍ പെരിയാറിനെ അണകെട്ടി തടയാന്‍ തീരുമാനിച്ച ബ്രിട്ടീഷ് എഞ്ചിനിയര്‍ ജോണ്‍ പെനിക്വിക്ക്. വ്യവഹാരങ്ങളിലൂടെയും വിവാദങ്ങളിലൂടെയും മുല്ലപ്പെരിയാര്‍ അണക്കെട്ട് മലയാളിയുടെ ജീവിതത്തില്‍ നിരന്തരം നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും ആ അണക്കെട്ടിന്‍റെ ശില്‍പ്പിയായ പെനിക്വിക്കിനെ കേരളം ഏറെക്കുറെ മറന്നുകഴിഞ്ഞു. പക്ഷെ, ഒരു വലിയ ജനതയുടെ വരണ്ട ജീവിതത്തെ പച്ചപ്പണിയിച്ച പെനിക്വിക്കിന്‍റെ ഒാര്‍മ്മകള്‍ മധുരയിലേയും തേനിയിലെയും ഗ്രാമങ്ങളില്‍ സുര്‍ക്കി മിശ്രിതം പോലെ ഉറച്ചുനില്‍ക്കുന്നത് കണ്ടറിഞ്ഞിട്ടുണ്ട്. ഗ്രാമീണരുടെ സഹായത്തോടെ ആരംഭിച്ച അണക്കെട്ടിന്‍റെ നിര്‍മ്മാണം ഇംഗ്ലണ്ടിലെ തന്‍റെ കുടുംബസ്വത്ത് വിറ്റുകിട്ടിയ പണം കൊണ്ടാണ് പെനിക്വിക്ക് പൂര്‍ത്തിയാക്കിയതെന്നാണ് പഴമൊഴി.
 
തേനിയിലെ പല ഗ്രാമങ്ങളിലെയും കൊച്ചുകൊച്ചു കോവിലുകളില്‍ പെനിക്വിക്ക് നാട്ടുദേവതയാണ്. കൃഷിയിടവും വിളവും കാക്കുന്ന രക്ഷകനാണ്. തേനി ലോവര്‍ ക്യാംപിലെ പെനിക്വിക്ക് പ്രതിമയില്‍ മാലയിട്ട് പൂജിക്കാന്‍ ആളുകള്‍ നിരന്തരം വരുന്നു. ബസുകളില്‍ , രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഫ്ളക്സ് ബോര്‍ഡുകളില്‍ , വീടുകളില്‍ എന്തിനേറെ കല്ല്യാണ ആശംസകളില്‍വരെ പെനിക്വിക്ക് മയം. പല ബസ് സ്റ്റോപ്പുകള്‍ക്കും പെനിക്വിക്കിന്‍റെ പേര്. വടൈപ്പെട്ടിയും കുഴിയന്നൂരുമുള്‍പ്പെെട പല ഗ്രാമങ്ങളിലും പൊങ്കല്‍ ആഘോഷം ഗണപതിയ്ക്കും സൂര്യനുമൊപ്പം  പെക്വിക്കിനെ സ്മരിച്ചാണ്. പല കുട്ടികള്‍ക്കും പെനിക്വിക്ക് എന്ന് പേരുണ്ട്. ബഹുമാനവും ഭക്തിയും കലര്‍ന്ന മനസുമായാണ് തെന്‍തമിഴ് ജനത പെനിക്വിക്കിനെ അവരുടെ ജീവിതത്തോട് ചേര്‍ത്തുവെയ്ക്കുന്നത്. അതിരുകളില്ലാത്ത ആരാധനയുടെ ജനിതക ഘടനയാണ് തമിഴന്‍റേത്. അത് പെനിക്വിക്കിനോടായാലും രജനീകാന്തിനോടായാലും. പ്രാദേശികവാദം നിരന്തരം രക്തം ചൂടുപിടിപ്പിക്കുന്ന ജനതയാണെങ്കിലും മനസില്‍ അല്‍പ്പമെങ്കിലും തമിഴകത്തിന് ഇടം നല്‍കിയവരെ ഇവിടുത്തുകാര്‍ ഹൃദയത്തില്‍ കുരവയിട്ട് ഇരുത്തിയിട്ടുണ്ട്. അത്, ബ്രിട്ടീഷുകാരനായ പെനിക്വിക്ക് ആയാലും മലയാളിയായ എം.ജി.ആറായാലും മറാത്തവംശജനായ ശിവാജി റാവു ഗെയ്ക്ക്വാദെന്ന രജനികാന്തായാലും. പെനിക്വിക്കിനെയും രജനികാന്തിനെയും ഒരുമിച്ചു വായിക്കാന്‍ ഇപ്പോള്‍ ഇടയാക്കിയത് കെ എസ് രവികുമാറിന്‍റെ ലിംഗയാണ്. ആരാധകര്‍ക്ക് സ്റ്റൈല്‍ മന്നന്‍റെ 64 ാം പിറന്നാള്‍ സമ്മേളനം. 
 
 
സോളയൂര്‍ ഗ്രാമത്തിലെ അണക്കെട്ടിനെയും ശിവക്ഷേത്രത്തെയും ചുറ്റിപ്പറ്റിയാണ് ലിംഗയുടെ കാഴ്ച്ചകള്‍. ആരാധകര്‍ക്ക് ഡബിള്‍ ധമാക്കയൊരുക്കി രജനി കാന്ത് ഇരട്ടവേഷത്തില്‍ . നാട്ടുരാജാവും കലക്ടറുമായ ലിംഗേശ്വരനെന്ന മുത്തച്ഛനായും  കള്ളനും തല്ലുകൊള്ളിയുമായ ലിംഗയെന്ന കൊച്ചുമകനായും. ഇതിനിടെയിലെ അച്ഛനെയും അമ്മയെയും കുറിച്ച് ചിത്രത്തില്‍ ഒരിടത്തും പരാമര്‍ശമില്ല. രാജാവായ ലിംഗേശ്വരന്‍ ഗ്രാമീണര്‍ക്കുവേണ്ടി അണക്കെട്ട് നിര്‍ക്കാന്‍ അനുഭവിയ്ക്കുന്ന യാതനകളിലാണ് പെനിക്വിക്കിന്‍റെ ജീവിതത്തോട് സമാനതകള്‍ പുലര്‍ത്തുന്നത്. അണക്കെട്ട് നില്‍ക്കുന്നതായി സിനിമയില്‍ പറയുന്ന സ്ഥലവും അണക്കെട്ടിന്‍റെ ബലം സംബന്ധിച്ച തര്‍ക്കങ്ങളും അണക്കെട്ട് നിര്‍മ്മിച്ചവനോട് ജനങ്ങള്‍ക്കുള്ള ആരാധനയും മുല്ലപ്പെരിയാര്‍ തന്നെയാണെന്ന് സിനിമയില്‍ പരാമര്‍ശിക്കുന്നതെന്ന് അടിവരയിടുന്നു.
 
പക്ഷെ, ഒരു സായിപ്പല്ല ദ്രാവിഡനാണ് അണക്കെട്ടുനിര്‍മ്മിച്ചതെന്ന ചരിത്രത്തിന്‍റെ പൊളിച്ചുപണിയലാണ് ചിത്രത്തിലുള്ളത്. ആയിരം വര്‍ഷം കഴിഞ്ഞാലും അണക്കെട്ട് തകരില്ലെന്നാണ് അണ്ണന്‍ ഉറപ്പിച്ചു പറയുന്നത്. സുപ്രീംകോടതി കേള്‍ക്കണ്ട, പറയുന്നത് അണ്ണനല്ലേ. രാഷ്ട്രീയക്കാരാണ് മുല്ലപ്പെരിയാര്‍ പ്രശ്നം വഷളാക്കുന്നതെന്നും കോടികളുടെ അഴിമതിക്കുവേണ്ടിയാണ് പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതെന്നും ലിംഗയില്‍ പരാമര്‍ശമുണ്ട്. ജാതി വിവേചനങ്ങളുടെ കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ തമിഴകത്തില്‍ എങ്ങനെ വേരുറപ്പിച്ചിരിക്കുന്നു എന്നും ലിംഗ കാണിച്ചുതരുന്നുണ്ട്. 
 
രജനി കാന്തിന് നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം സിനിമയുടെ രാഷ്ട്രീയത്തിലും പ്രകടം. “ഗംഗ കാവേരിയെ തൊടണമെന്ന’ വരികള്‍ നദീസംയോജനത്തിനായുള്ള തുറന്ന പിന്തുണയാണ്”. തമിഴന്‍ടാ..’ എന്ന പതിവ് പഞ്ച് ഡയലോഗില്‍ നിന്ന് “ഇന്ത്യന്‍ടാ” എന്ന വലിയ ക്യാന്‍വാസിലുള്ള ഡയലോഗ് മാറ്റം. ഇതുവരെയും തനിക്ക് രാഷ്ട്രീയ മോഹങ്ങളിലെന്ന് ചിത്രത്തില്‍ രജനികാന്ത് വ്യക്തമാക്കുന്നു. പബ്ബില്‍ കമുകിയെ പരസ്യമായി ചുംബിക്കുന്ന യുവാവിനോട് സംസ്ക്കാരം വിട്ടുകളിക്കരുതെന്ന് ഉപദേശിക്കുന്നു. പക്ഷെ, രജനികാന്തെന്ന മനുഷ്യനില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സംഭവിച്ചുകൊണ്ടിരിക്കുന്ന ആത്മീയ പരിണാമങ്ങളുടെ നേര്‍ക്കാഴ്ച്ച കൂടിയാണ് ലിംഗ. വെട്ടിപ്പിടിയ്ക്കുന്നതിനേക്കാള്‍ വിട്ടുകൊടുക്കുന്നതിന്‍റെ, നേടുന്നതിനേക്കാള്‍ നഷ്ടപ്പെടുത്തുന്നതിന്‍റെ, ശൗര്യത്തേക്കാള്‍ ശാന്തിയുടെ പാഠങ്ങള്‍ ലിംഗേശ്വരന്‍റെ ഫ്രെയ്മുകളില്‍ ഉരുക്കിചേര്‍ത്തിട്ടുണ്ട്. പശുക്കളെ വളര്‍ത്തി കൊട്ടാരങ്ങള്‍ സ്വന്തമാക്കിയ അണ്ണാമലൈയില്‍ നിന്നുള്ള തിര‍ിഞ്ഞു നടത്തമാണ് കൊട്ടാരം ഉപേക്ഷിച്ച് പശുക്കളെ വളര്‍ത്തി ജീവിക്കുന്ന ലിംഗേശ്വരന്‍ എന്ന രാജാവിന്‍റേത്.
 
 
“നിജമാവേ, ഇത് രജനി പടം താനാ… (ശരിക്കും ഇത് രജനികാന്തിന്‍റെ സിനിമയാണോ) ”തൊട്ടടുത്ത സീറ്റിലിരുന്ന ഒരു മുത്തശ്ശി പറഞ്ഞതാണിത്. ശരിയാണ്, പതിവ് രജനികാന്ത് സിനിമകളേക്കാള്‍ ബഹളങ്ങള്‍ കുറവാണ് ലിംഗയില്‍. പടയപ്പയെയും, മണിക് ബാഷയെയും നെഞ്ചിലേറ്റിയവര്‍ക്ക് ലിംഗേശ്വരനെ അത്രയെളുപ്പം ഏറ്റെടുക്കാന്‍ കഴിയില്ല. രണ്ടു ഫൈറ്റാണ് ആകെയുള്ളത്. അത് മുത്തച്ഛന്‍ രജനിയും കൊച്ചുമോന്‍ രജനിയ്ക്കും പതിച്ചു നല്‍കിയിട്ടുണ്ട്. പഞ്ച് ഡയലോഗുകളില്‍ പലതും പണ്ടേ പറഞ്ഞുകേട്ടവ. “ഇന്ത്യനേ…’ എന്ന പാട്ടൊഴികെ എ.ആര്‍ റഹ്മാന്‍റെ സംഗീതം ശരിക്കും മടുപ്പിക്കും. സാബു സിറിളിന്‍റെ കലാസംവിധാന മികവാണ് എടുത്തുപറയേണ്ട ഒന്ന്. 1949ല്‍ ഇറങ്ങിയ ജോസഫ് ക്യാംപെലിന്‍റെ “ദി ഹീറോ വിത്ത് എ തൗസന്‍റ് ഫേസ്’ എന്ന പുസ്തകം 1930കളില്‍ കഥാപശ്ചാത്തലത്തില്‍ കാണിച്ചതുള്‍പ്പെടെ പിഴവുകള്‍ പലതും എടുത്തുപറയാനുണ്ടെങ്കിലും ഫ്ളാഷ്ബാക്ക് ചിത്രീകരിച്ചത് ശരിക്കും മനോഹരമായിട്ടാണ്.
 
മൂന്നുമണിക്കൂറിനിടെ ചിലപ്പോഴൊക്കെ ചിത്രം വല്ലാതെ മുഷിപ്പിക്കുന്നുണ്ടെങ്കിലും അവസാനത്തെ നിമിഷങ്ങള്‍ കടുത്ത രജനി ആരാധകര്‍ക്കുവേണ്ടിയുള്ളതാണ്. കോമണ്‍സെന്‍സും മലയാളിയുടെ ബുദ്ധിജീവി ജാഡയുമായി അവിടെ പ്രവേശിക്കരുത്, ജാഗ്രത!  തലൈവന്‍ ബൈക്കുമായി ആകാശത്തേയ്ക്ക് പറക്കുന്നു, സൂപ്പര്‍മാനെപ്പോലെ ഉയര്‍ന്നു പറക്കുന്നു, ഹീലിയം ബലൂണില്‍ വെച്ച് വില്ലനുമായി മല്‍പ്പിടുത്തം നടത്തുന്നു, നൈട്രജന്‍ ബോംബ് ചവിട്ടി പൊട്ടിക്കുന്നു തുടങ്ങി ജഗപൊഗ. ചുളുങ്ങിയ ചുണ്ടും കൈവിരലുകളും സ്റ്റൈല്‍മന്നന്‍റെ പ്രായാധിക്യം പലപ്പോഴായി വിളിച്ചുപറയുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും സ്ക്രീനിലുള്ളത് തലൈവനായതിനാല്‍ ആനന്ദലബ്ധിയ്ക്ക് ഇനിയെന്തുവേണം. നാനും സരിയാന രജനി രസികന്‍ താനേ… 
 
(മനോരമ ചാനലിന്റെ ഡല്‍ഹി ബ്യൂറോയില്‍ റിപ്പോര്‍ട്ടറാണ് അനൂപ്) 
 
*Views are personal 
Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍