UPDATES

സിനിമ

ആഷിക്ക് അബുവിനെ കൈവിട്ട് വളര്‍ന്ന റാണിപത്മിനി

Avatar

ലാ ജെസ്

ഇത് പത്മിനിയുടെ റാണിയാണ്, അളിയനാണ്, ‘ലെസ്ബിയന്‍’ പാര്‍ട്ണര്‍ ആണ്. പത്മിനി മാത്രമല്ല ഓരോ വ്യക്തിയും പല സമയത്തും കാലത്തുമായി ആഗ്രഹിക്കുന്ന കൂട്ട് ആണ് റാണിയും പത്മിനിയും. ഒരു ബന്ധങ്ങളും തന്റെതാക്കാന്‍ ശ്രമിക്കാത്ത റാണി! തന്റെ ഇഷ്ടങ്ങളെ എന്നും ചേര്‍ത്തു പിടിക്കുന്ന പത്മിനി!

എല്ലാ ഇഷ്ടങ്ങളും പഠനത്തിലൂടെ, ജോലിയിലൂടെ മാത്രം എത്തിപ്പിടിക്കണം അല്ലെങ്കില്‍ അങ്ങനെയാവണമെന്നാണ് നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ ട്രാവല്‍ ആന്‍ഡ് ടുറിസം കോഴ്‌സ് തെരഞ്ഞെടുക്കുന്നതു പോലെ, കടല്‍ യാത്ര ചെയ്യാന്‍ മറൈന്‍ എഞ്ചിനീയറിംഗ് ചെയ്യുന്ന പോലെ, പറക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ പൈലറ്റ് ആവാന്‍ ശ്രമിക്കുന്ന പോലെ ഇഷ്ടങ്ങളിലേക്കെത്തപ്പെടാന്‍ മാര്‍ഗങ്ങളും കാരണങ്ങളും തേടുന്നവരാണ് നാം. ആഷിക് അബുവും റാണി പത്മിനിക്ക് വേണ്ടി ആ കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ നിന്നും മാറി നിന്നിട്ടില്ല. യാത്ര പോവാന്‍ പത്മിനിക്കൊരു കാരണമുണ്ട്, റാണിക്ക് മറ്റൊരു കാരണവും. എന്നാല്‍ ചിത്രത്തിനവസാനം കാരണങ്ങള്‍ ഇല്ലാത്ത ഇഷ്ടങ്ങള്‍ക്ക് കാരണങ്ങള്‍ കണ്ടെത്താന്‍ മെനക്കെടേണ്ടതില്ല എന്നു മനസ്സിലാക്കുന്നിടത്ത് സംവിധായകനപ്പുറത്തേക്ക് സിനിമ വളരുന്നു.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത്തരം കാരണങ്ങള്‍ ഒരു രക്ഷപ്പെടലാണ്. ഈ രക്ഷപ്പെടല്‍ നടത്താന്‍ പഠനമോ ജോലിയോ കാരണമാകുന്നത് സമൂഹത്തിലുള്ള ജെന്‍ഡര്‍ സങ്കീര്‍ണതകളുടെ വ്യക്തമായ ലക്ഷണമാണ്. ചിറകു വിരുത്തിയൊന്നു പറക്കാന്‍, ആകാശങ്ങളെ എത്തിപ്പിടിച്ചൊന്നു തിരികെ വരാന്‍, കണ്ണാടികളെ ഭയക്കാതെ മുഖം മിനുക്കാന്‍, ഒരു നിമിഷം എല്ലാ വിഡ്ഢിത്തരങ്ങളെയും നോക്കിയൊന്നു പുഞ്ചിരിക്കുവാന്‍ കാരണങ്ങള്‍ കണ്ടെത്തെണ്ടതില്ലെന്നു ഓര്‍മിപ്പിക്കുവാന്‍ റാണി പത്മിനിമാര്‍ പല കഥകളിലൂടെ, മുഖങ്ങളിലൂടെ വന്നെത്തേണ്ടിയിരിക്കുന്നു. നിറയെ അര്‍ഥങ്ങള്‍ നിറഞ്ഞ ദൃശ്യങ്ങളിലൂടെ, കഥയ്ക്കുള്ളിലൂടെ പറയുന്ന മിനിക്കഥ കളിലൂടെ, വീണിടം വിഷ്ണുലോകമാക്കാതെ വിഷ്ണുലോകത്തേക്ക് പാറി വീഴുന്ന റാണിയിലൂടെ, ചിറകൊതുക്കിയ കെണികളെ തിരിച്ചറിഞ്ഞ പത്മിനിയിലൂടെ ഇഷ്ടങ്ങളിലെക്ക് യാത്ര പോവുകയാണവര്‍. യാത്ര തീരുന്നില്ല, വര്‍ഷങ്ങള്‍ക്ക് ശേഷം ഇനിയും അവരെ കാണുമ്പോള്‍ റാണിയെ ഒരു മോഡല്‍ ആയോ പത്മിനിയെ ഒരു വീട്ടമ്മയായോ നിങ്ങള്‍ കണ്ടെന്നു വരില്ല.

ഹിന്ദിയിലെ ക്വീന്‍ പോലെ മലയാളത്തിലുണ്ടായ ക്വീന്‍സ് ആണ് ആഷിക്കിന്റെ റാണിയും പത്മിനിയും. കങ്കണയിലെ റാണിയില്‍ നിന്നും ഒട്ടും പിന്നിലല്ല റിമയിലെ റാണി. കങ്കണയിലെ പത്മിനിയില്‍ നിന്നും ഒട്ടും പിന്നിലല്ല മഞ്ജുവിലെ പത്മിനി. അതേസമയം, മലയാളി ബോധത്തിന് ഇണങ്ങിയ ഒരു ദൃശ്യാനുഭവമാക്കി മാറ്റാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ആണെഴുത്തില്‍ നിന്നും പെണ്ണെഴുത്തില്‍ നിന്നും ആണ്‍കാഴ്ചകളിലേക്കും പെണ്‍കാഴ്ചകളിലേക്കും മലയാളി വഴുതി വീണിട്ടുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തിയെറ്റര്‍ പ്രേക്ഷകരില്‍ ഭൂരിഭാഗവും ഇത്തരം ആണ്‍കാഴ്ച്ചകളാല്‍ സമൃദ്ധമായതിനാലാവണം ‘ഞാന്‍ സ്റ്റീവ് ലോപ്പസ് ‘പോലൊരു ഓളമുണ്ടാക്കാന്‍ ഈ ചിത്രത്തിനു കഴിയാതെ പോയത് എന്ന് അനിവാര്യമായും സംശയിക്കേണ്ടിയിരിക്കുന്നു. സ്റ്റീവ് ലോപ്പസിന്റെ, ക്വീനിന്റെ ഒക്കെ അവസാന സീനില്‍ കാണുന്ന വൈധഗ്ദ്യമോ സാമര്‍ത്ഥ്യമോ റാണിപത്മിനിയുടെ കാര്യത്തില്‍ പുലര്‍ത്തിക്കാണുന്നില്ല. അത് കൊണ്ടായിരിക്കാം വീട്ടിലേക്ക് മടങ്ങുന്ന പത്മിനിയെയും മോഡലിംഗിലേക്ക് തിരിയുന്ന റാണിയെയും പലര്‍ക്കും ദഹിക്കാതെ പോകുന്നത്. റാണിയുടെയും പത്മിനിയുടെയും തുടര്‍ന്നുള്ള ജീവിതത്തെയും തീരുമാനങ്ങളെയും പ്രേക്ഷകന് വിട്ടുകൊടുക്കാതെ അവിടെയും അവരുടെ ഇഷ്ടങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു എന്നുള്ളിടത്ത് സിനിമയുടെ സത്യസന്ധത വെളിവാകുന്നു .

‘ഹോര്‍ലിക്‌സിന്റെ കൂടെ ഫ്രീ കിട്ടുന്ന വല്ല സാധനവും ആണോ ഭാര്യ ,അടക്കവും ഒതുക്കവും നിര്‍മിക്കുന്ന ട്രാപ്പുകള്‍, ഒരു പെണ്ണിന് വീടിനുള്ളില്‍ സംഭവിക്കുന്ന അപകടങ്ങളെ പുറത്തും സംഭവിക്കാനുള്ളൂ’ തുടങ്ങിയ ഡയലോഗുകള്‍ ശ്രാവ്യപ്രേമിയായ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നുണ്ട്.

റിമ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. ദീര്‍ഘകാലത്തെ ഇടവേള നല്‍കിയ നടുക്കത്തില്‍ നിന്നും മഞ്ജു മോചിതയായിത്തുടങ്ങിയിരിക്കുന്നു.  ഉള്ളില്‍ നിന്ന് ചിരിപ്പിക്കുന്ന നര്‍മങ്ങള്‍, ഹിമാലയ സൗന്ദര്യം ആവാഹിച്ചെടുത്ത ക്യാമറ, പ്രതീക്ഷകളെ തെറ്റിച്ച് വഴിമാറി നടക്കാന്‍ ധൈര്യപ്പെട്ട സംവിധായകന്‍, തന്റെ സന്ദേശങ്ങളെ, തിരിച്ചറിവുകളെ ഉറക്കെ പ്രഖ്യാപിച്ച പത്മിനി, എല്ലാത്തിനും അപ്പുറം ഉറുമ്പിന്റെ കഥ പറഞ്ഞ റാണി……നല്ലൊരു കാഴ്ചാനുഭവം സമ്മാനിക്കുന്നു!

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും ആകാശവാണിയില്‍ പ്രോഗ്രാം അനൗണ്‍സറുമാണ് ലാ ജെസ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍