UPDATES

സിനിമ

ബന്ദോപാദ്ധ്യായയുടെ സത്യാന്വേഷിയും ബാനര്‍ജിയുടെ ഡിറ്റക്ടീവും

Avatar

മീനാക്ഷി വിശ്വനാഥന്‍

 
ശരദിന്ദു ബന്ദോപാദ്ധ്യായയുടെ സത്യാന്വേഷി പ്രസിദ്ധീകരിക്കുന്നത് 1932 ലാണ്. കല്‍ക്കത്തയില്‍ അനുകൂല്‍ ബാബുവിന്റെ ബോര്‍ഡിംഗ് ഹൗസില്‍ മുറിയന്വേഷിച്ച് അതുല്‍ചന്ദ്ര മിത്രയെന്ന പേരില്‍ ബ്യോംകേശ് ബക്ഷി വരുന്നത് ഈ കഥയിലാണ്. പിന്നീട് തന്റെ ജീവചരിത്രകാരനും സുഹൃത്തും സഹായിയുമെല്ലാമായി മാറുന്ന അജിത് ബാനര്‍ജിയെ ബ്യോംകേശ് കാണുന്നതും അനുകൂല്‍ ബാബുവിന്റെ ഈ ലോഡ്ജില്‍ വച്ചാണ്. യഥാര്‍ത്ഥത്തില്‍ ബന്ദോപാദ്ധ്യായ എഴുതുന്ന ആദ്യത്തെ ബ്യോംകേശ് കഥയല്ല സത്യാന്വേഷി. എങ്കിലും പരമ്പരയിലെ ആദ്യ കഥയായാണ് ഇതിനെ ബ്യോംകേശിന്റെ ആരാധകര്‍ കരുതുന്നത്. ദിബാകര്‍ ബാനര്‍ജിയുടെ ഡിറ്റക്ടീവ് ബ്യോംകേശ് ബക്ഷിയിലും അനുകൂല്‍ ബാബുവിന്റെ ലോഡ്ജിലേക്ക് ബ്യോംകേശ് വരുന്നുണ്ട്, പത്തു വര്‍ഷം കഴിഞ്ഞാണെന്നു മാത്രം; 1942 ല്‍. എങ്കിലും വേലക്കാരനായ പുതിറാമും ലോഡ്ജിലെ അന്തേവാസികളായ അശ്വിനിബാബുവും അജിത്തുമെല്ലാം അവിടെത്തന്നെയുണ്ടാവും. അനുകൂല്‍ബാബുവിന് പക്ഷെ സിനിമയില്‍ പൂര്‍ണ്ണനാമമുണ്ട്, ഡോ. അനുകൂല്‍ ഗുഹ. ബന്ദോപാദ്ധ്യായയുടെ കഥാപാത്രത്തെ പോലെതന്നെ അനുകൂല്‍ ഗുഹയും ഡോക്ടറാണ്, പക്ഷെ ഹോമിയോപാത്താണോ എന്ന് സിനിമയിലെവിടെയും പറയുന്നില്ലെന്ന് മാത്രം. എന്തുകൊണ്ടാണ് ദിബാകര്‍ ബാനര്‍ജി, ശരദിന്ദു ബന്ദോപാദ്ധ്യായയില്‍ നിന്ന് പത്തു വര്‍ഷത്തിന്റെ അകലം പാലിക്കുന്നത് എന്നതാണ് ഇവിടെ പ്രസക്തമാകുന്ന ചെദ്യം. സിനിമയിലെ ഈ ഒരു ദശകത്തിന്റെ വ്യത്യാസമാണ് യഥാര്‍ത്ഥത്തില്‍ ശരദിന്ദു ബന്ദോപാദ്ധ്യായയില്‍ നിന്നും ദിബാകര്‍ ബാനര്‍ജിയിലേക്കുള്ള ദൂരം.  
 
രണ്ടാം ലോക മഹായുദ്ധമാണ് ഡിറ്റക്ടീവ് ബ്യോംകേശ് ബക്ഷിയെന്ന സിനിമയുടെ പശ്ചാത്തലം. ബര്‍മ്മവഴി കിഴക്കന്‍ ഇന്ത്യയിലേക്ക് ആക്രമിച്ചു കയറുന്ന ജപ്പാന്‍ സേന, ജാപ്പനീസ് വ്യോമാക്രമണത്തെ ചെറുക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടീഷിന്ത്യന്‍ പട്ടാളം, ഇതിനിടയിലൂടെ മയക്കുമരുന്നു വ്യാപാരം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനീസ് അധോലോകസംഘമായ ഗ്രീന്‍ ഗ്യാംഗ്. ശരദിന്ദു ബന്ദോപാദ്ധ്യായ സൃഷ്ടിച്ച ഇന്ത്യന്‍ ഷെര്‍ലക് ഹോംസായ ബ്യോംകേശ് ബക്ഷിയെ അവതരിപ്പിക്കാന്‍ താരതമ്യേന ശാന്തമായിരുന്ന മുപ്പതുകളേക്കാള്‍, നാല്‍പ്പത്തിരണ്ടിലെ അവസാനമാസങ്ങളാണെന്ന് ദിബാകര്‍ ബാനര്‍ജിയിലെ ചലച്ചിത്രകാരന്‍ കരുതുന്നതില്‍ തെറ്റില്ല. 1942 ഡിസംബര്‍ 20-നാണ് അന്നത്തെ കല്‍ക്കത്തയില്‍ ജാപ്പനീസ് വ്യോമാക്രമണം തുടങ്ങുന്നത്. തുടര്‍ന്നുള്ള നാലു ദിവസത്തോളം ഇത് നീണ്ടു നിന്നു. പിന്നീടും ഇടക്കെല്ലാം ഒറ്റപ്പെട്ട ആക്രമണങ്ങളുണ്ടായതായി രേഖകള്‍ പറയുന്നു. രണ്ടാം ലോകകമഹായുദ്ധം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ജപ്പാന്‍ ആക്രമണം അവസാനിപ്പിക്കുന്നത്. ദിബാകറിന്റെ സിനിമയിലെ കഥ നടക്കുന്നതും 1942 ഡിസംബര്‍ മുതലുള്ള മൂന്ന് മാസങ്ങളിലാണ്. ആക്രമിച്ചു കയറാന്‍ ശ്രമിക്കുന്ന ജപ്പാന്‍കാര്‍ക്കും ചെറുത്തു നില്‍ക്കുന്ന ബ്രിട്ടീഷ് സേനക്കുമിടയില്‍ കുടുങ്ങിപ്പോവുന്ന കല്‍ക്കത്ത നിവാസികളാണ് കഥാപാത്രങ്ങള്‍. ബ്യോംകേശ് ബക്ഷിയെ പുനരവതരിപ്പിക്കുന്നതിനേക്കാള്‍ ഈ ചരിത്ര സന്ദര്‍ഭത്തെ, അന്നത്തെ കല്‍ക്കട്ട നഗരജീവിതത്തെ, പുന:സൃഷ്ടിക്കുന്നതിലാണ് ദിബാകര്‍ ബാനര്‍ജി എന്ന സംവിധായകന്‍ ശ്രദ്ധയൂന്നിയിരിക്കുന്നത്. അതിലാവട്ടെ അദ്ദേഹം പൂര്‍ണ്ണമായും വിജിയിക്കുകയും ചെയ്യുന്നുണ്ട്. അക്കാലത്ത് നിലവിലുണ്ടായിരുന്ന ലെറ്റര്‍ടൈപ്പുകളും ബ്രിട്ടീഷ് സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ബാനറും എന്തിന് പുരുഷന്മാരുടെ ലോഡ്ജില്‍ മുറുക്കാന്‍ ചെല്ലത്തിലൊളിപ്പിച്ചിരിക്കുന്ന ‘കൊച്ചുപുസ്തക’ത്തിലെ സംഭോഗചിത്രങ്ങള്‍ വരെ സൂക്ഷമമായി പുന:സൃഷ്ടിച്ചിട്ടുണ്ട് സംവിധായകന്‍. (ഷാഡോ ഓഫ് ഡൗട്ട്, ദ ഓക്‌സ്-ബൗ ഇന്‍സിഡന്റ് തുടങ്ങിയ 43-ലെ ഇംഗ്ലീഷ് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ അവതരിപ്പിക്കുന്ന ബാനര്‍ജി പക്ഷെ അക്കാലത്തെ വമ്പന്‍ ബോളിവുഡ് ഹിറ്റായിരുന്ന അശോക് കുമാറിന്റെ കിസ്മത്തിനെ തീര്‍ത്തും ഒഴിവാക്കിയെന്ന് ഭരദ്വാജ് രംഗന്‍ നിരീക്ഷിക്കുന്നുണ്ട്.) ഇത് ദിബാകര്‍ബാനര്‍ജിയുടെ സിനിമയാണ്, ബന്ദോപാദ്ധ്യായയുടെ നോവലല്ല എന്നാണ് ഓരോ ഫ്രെയിമിലും ഡിബിബി പറയുന്നത്. രണ്ടാം ലോക മഹായുദ്ധം ആഖ്യാനത്തിലും പശ്ചാത്തലത്തിലും ഒരു പോലെ നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തില്‍ പക്ഷെ സ്വാതന്ത്ര്യസമരമോ ബംഗാള്‍ക്ഷാമോ സ്ഥാനം പിടിക്കുന്നതേയില്ല എന്നത് തികച്ചും യാദൃശ്ചികമായി കാണാനാവില്ല. കാലഘട്ടത്തിന്റെ രാഷ്ട്രീയത്തെ കുടഞ്ഞുകളഞ്ഞ് ചരിത്ര സന്ദര്‍ഭത്തെ മാത്രം കഥയിലേക്ക് പറിച്ചുനടുന്ന സ്ഥിരം വാണിജ്യസിനിമാതന്ത്രം തന്നെയാണ് ദിബാകര്‍ ബാനര്‍ജിയും സ്വീകരിക്കുന്നത്. 
 

സുശാന്ത് സിംഗും ദിബാകര്‍ ബാനര്‍ജിയും ചിത്രീകരണത്തിനിടെ
 
സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം ഒരു വിവാദമായി വീണ്ടും ചര്‍ച്ചയാവുന്ന സമയത്ത് തന്നെയാണ് ഡിറ്റക്ടീവ് ബ്യോംകേശ് ബക്ഷി പ്രദര്‍ശനത്തിനെത്തുന്നതെന്നത് പക്ഷെ തികച്ചും യാദൃശ്ചികമാവാനേ 
വഴിയുള്ളൂ. ശത്രുവിന്റെ ശത്രു മിത്രം എന്ന ബോസിന്റെ ഫോര്‍വേഡ് ബ്ലോക്ക് രാഷ്ട്രീയമാണ് പരോക്ഷമായിട്ടാണെങ്കിലും സിനിമയില്‍ വിമര്‍ശവിധേയമാകുന്നത്. ഐ എന്‍ എയെ കുറിച്ചോ സുഭാഷ് ബോസിനെക്കുറിച്ചോ പ്രത്യക്ഷപരാമര്‍ശങ്ങളില്ലെങ്കിലും അനുകൂല്‍ ബാബു, ബ്യോംകേശ് ബക്ഷിയോട് രാഷ്ട്രീയം സംസാരിക്കുന്ന സീക്വന്‍സില്‍ ഈ രാഷ്ട്രീയ സാഹചര്യം ചര്‍ച്ചയാകുന്നുണ്ട്. രാഷ്ട്രീയവുമായി പ്രത്യക്ഷബന്ധമില്ലാത്ത കഥാഖ്യാനത്തിലാവട്ടെ ശത്രുവിന്റെ ശത്രു മിത്രമെന്ന അടവുനയത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടാവുന്നത്. ബംഗാളിലെ യുവരാഷ്ട്രീയ നേതൃത്വത്തിന്റെ വിപ്ലവവീര്യത്തേയും സ്വാതന്ത്ര്യബോധത്തേയും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന ജാപ്പനീസ് സേനയുടെ വിശാല പദ്ധതിയെയാണ് ബ്യോകേശ് ബക്ഷി തകര്‍ക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ ഐ എന്‍ എ ഈ ജാപ്പനീസ് പദ്ധതിക്കൊപ്പം നില്‍ക്കുകയായിരുന്നു എന്ന സൂചനകളാണ് പ്രത്യക്ഷമായും പരോക്ഷമായും സിനിമയിലുടനീലമുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ദേശീയതയ്ക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയനിലപാടിനുമൊപ്പം തന്നെയാണ് ഡിബിബിയും നിലയുറപ്പിക്കുന്നത്. 
 
ഷെര്‍ലക്കും മോറിയാര്‍ട്ടിയും 
സത്യാന്വേഷി എന്ന കഥയിലാണ് അനുകൂല്‍ബാബുവിനെ നമ്മള്‍ പരിചയപ്പെടുന്നത്. ഹോമിയോപ്പതി ഡോക്ടറായ അനുകൂല്‍ ബാബുവിന്റെ ലോഡ്ജില്‍ നടക്കുന്ന കൊലപാതമാണ് ബ്യോംകേശ് ബക്ഷി അന്വേഷിക്കുന്നത്. മയക്കുമരുന്നു വ്യാപാരത്തിനും കൊലപാതകത്തിനും ജയിലിലാവുന്ന അനുകൂല്‍ ബാബു പിന്നീട് ഉപൊസംഹാര്‍ എന്ന കഥയില്‍ വീണ്ടും എത്തുന്നു. ജയില്‍മോചിതനായ അനുകൂല്‍ ബാബു ബ്യോംകേശിനെ തേടിയെത്തുന്നതോടെ ഷെര്‍ലക്കിന് മോറിയാര്‍ട്ടി എന്നപോലെ ഒരു സ്ഥിരം കുറ്റവാളി -കുറ്റാന്വേഷകന്‍ ദ്വന്ദ്വം രൂപപ്പെടുന്നതായി തോന്നിക്കുമെങ്കിലും കോനന്‍ഡോയല്‍, ഹോംസിന് സമാന്തരമായി ജിമ്മി മോറിയാര്‍ട്ടിയെ വളര്‍ത്തിയെടുത്തപോലെ അനുകൂല്‍ബാബുവിനെ ബ്യോംകേശിന്റെ ചിരവൈരിയായി വളര്‍ത്താന്‍ ബന്ദോപാദ്ധ്യായ ശ്രമിച്ചിരുന്നില്ല. എന്നാല്‍ ഡോ.അനുകൂല്‍ ഗുഹ എന്ന കഥാപാത്രത്തെ ബ്യോംകേശിനോളം തന്നെ വലുതാക്കിയെടുത്തിട്ടുണ്ട് , സിനിമയില്‍ ദിബാകര്‍ ബാനര്‍ജി. ഡിറ്റക്ടീവ് ബ്യോംകേശ് ബക്ഷി ഒരു സിനിമാ പരമ്പരയുടെ തുടക്കമാണെന്ന സൂചന സംവിധായകന്‍ നല്‍കുന്നുമുണ്ട്. അങ്ങനെ വരുമ്പോള്‍ നഷ്ടപ്പെട്ട ഇടംകണ്ണുമായി ബ്യോംകേശിനെ നേരിടാന്‍ ഡോ.അനുകൂല്‍ ഗുഹ ഇനിയും സ്‌ക്രീനിലെത്തുമെന്ന് തന്നെ കരുതാം. (കഥയില്‍ പിന്നീട് ബ്യോംകേശിന്റെ ഭാര്യയായി മാറുന്ന സത്യബതിയേയും സഹോദരന്‍ സുകുമാറിനേയും സിനിമയിലും അവതരിപ്പിക്കുന്നുണ്ട്. വരാനിരിക്കുന്ന സീക്വലുകള്‍ക്കു വണ്ടി സ്ഥിരം കഥാപാത്രങ്ങളെ ഒരുക്കി നിര്‍ത്തുന്ന സൂക്ഷ്മതയാണ് ഇതെഴുതുന്നയാള്‍ പാത്രസൃഷ്ടിയില്‍ കാണുന്നത്). ഷെര്‍ലക് ഹോംസ് കഥകളുടെ സമകാലിക വ്യാഖ്യാനങ്ങള്‍ക്ക് ലോകമെങ്ങും വലിയ ജനപ്രീതി ലഭിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ബെനഡിക്ട് കുംബര്‍ബാച്ചും മാര്‍ട്ടിന്‍ ഫ്രീമാനും, ഹോംസും വാറ്റ്‌സനുമാകുന്ന ബിബിസി സീരിയലായ ഷെര്‍ലക്കായാലും, ജോണി ലീ മില്ലറും ലൂസി ലിയുവും അഭിനയിക്കുന്ന സിബിസിയുടെ എലമെന്ററിയായാലും ലോകമെങ്ങും പ്രേക്ഷകരില്‍ ഉണ്ടാക്കിയിട്ടുള്ള ചലനങ്ങള്‍ ചെറുതല്ല. ഇതോടൊപ്പം തന്നെ ഗേ റിച്ചിയുടെ ഷെര്‍ലക് ഹോംസ് ചിത്രങ്ങളും കോനന്‍ഡോയല്‍ ചിത്രങ്ങളുടെ പുതിയ വ്യാഖ്യാനമാണ്. ഇതില്‍ ഷെര്‍ലക്കും എലമെന്ററിയും ഹോംസിനേയും വാറ്റ്‌സണേയും സമകാലിക സാഹചര്യത്തില്‍ പ്രതിഷ്ഠിക്കുകയാണ്. പുതിയകാലത്തിന്റെ കുറ്റകൃത്യങ്ങളെ ഹോംസ് എങ്ങനെ നേരിടുമായിരുന്നു എന്ന അന്വേഷണമാണ് രണ്ടു സീരിയലുകളും നടത്തിയത്. ഹോംസും വാറ്റ്‌സണും തമ്മിലുള്ള ബന്ധത്തില്‍ സ്വവര്‍ഗ്ഗാനുരാഗത്തിന്റെ സാധ്യതതേടിയ ബിബിസി പരമ്പര ജിമ്മി മോറിയാര്‍ട്ടിയേയും സ്വവര്‍ഗ്ഗാനുരാഗിയുടെ വേഷത്തില്‍ അവതരിപ്പിക്കുന്നുണ്ട്. അതേസമയം എലമെന്ററിയാവട്ടെ ഒരു പടി കൂടി മുന്നോട്ടു പോയി വാറ്റ്‌സണെ സ്ത്രീയായി അവതരിപ്പിച്ചു. എലമെന്ററിയിലെ മോറിയാര്‍ട്ടിയും സ്ത്രീയാണ്, ഹോംസിന്റെ പൂര്‍വകാമുകിയും. സമകാലിക ഹോംസ് പരമ്പരകളുടെ സ്വാധീനം പല രീതിയിലും പ്രകടമാണ് ഡിറ്റക്ടീവ് ബ്യോകേശ് ബക്ഷിയില്‍. ബിബിസി ഷെര്‍ലക്കില്‍ മോറിയാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത് താനൊരു ഫ്രീലാന്‍സ് ക്രിമിനലാണെന്നാണ്; ഹോസ് ഒരു ഫ്രീലാന്‍സ് ഡിറ്റക്ടീവായിരിക്കുന്നതുപോലെ. ഡിബിബിയില്‍ പക്ഷെ പ്രയോഗം ഫ്രീലാന്‍സ് ജീനിയസ് എന്നാണ്. കഥയില്‍ കാണാതാവുന്ന കെമിക്കല്‍ അനലിസ്റ്റിനെക്കുറിച്ചാണ് ഈ പ്രയോഗമുള്ളത്. ഇതുമുതല്‍ ഫ്രെയിമിംഗിലും എഡിറ്റിലുമെല്ലാം ഈ സ്വാധീനത്തിന്റെ പ്രകാശം കാണാം. 
 
 
ബ്യോംകേശും ഷെര്‍ലോക്കും തമ്മിലുള്ള താരതമ്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഷെര്‍ലക്കിനെ മാതൃകയാക്കിത്തന്നെയാണ് താന്‍ ബക്ഷിയെ സൃഷ്ടിച്ചതെന്ന് ചിലപ്പോഴെങ്കിലും സമ്മതിച്ചിട്ടുള്ള ശരദിന്ദു ബന്ദോപാദ്ധ്യായ പക്ഷെ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്; ബ്യോംകേശ് ബക്ഷി വാക്കിലും പൊരുളിലും തികച്ചും ബംഗാളിയാണെന്ന്. ബംഗാളി ഭദ്രലോകിന്റെ സാംസ്‌കാരിക സ്വത്വത്തിലൂന്നിയാണ് ബന്ദോപാദ്ധ്യായ ബ്യോംകേശിനെ സൃഷ്ടിച്ചത്. കൊളോണിയല്‍ ഇന്ത്യയില്‍ ജീവിച്ച ബ്യോംകേശിനെ പക്ഷെ ഒരു ഡിറ്റക്ടീവായല്ല, മറിച്ച് സത്യാന്വേഷിയായാണ് അദ്ദേഹം അവതരിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. താനൊരു കുറ്റാന്വേഷകനല്ല മറിച്ച് സത്യാന്വേഷിയാണെന്ന് ഉറപ്പിച്ച പറയുന്ന ബ്യോംകേശിനെ കഥകളില്‍ പലയിടത്തും കാണാം. ഹോംസില്‍ നിന്നും, അതുപോലുള്ള യൂറോ കേന്ദ്രിതമായ കുറ്റാന്വേഷകരില്‍ നിന്നും കുറ്റാന്വേഷണം എന്ന ശാഖയില്‍ നിന്നും തന്നെ വേറിട്ട് നടക്കുന്നു എന്നതായിരുന്നു ബ്യോംകേശിന്റെ വ്യതിരിക്തത. എന്നാല്‍ ദിബാകര്‍ ബാനര്‍ജിയുടെ സിനിമ അതിന്റെ പേരില്‍ തന്നെ ഈ വ്യതിരിക്തതയെ നിരാകരിക്കുകയാണ്. സത്യാന്വേഷിയില്‍ നിന്ന് കുറ്റാന്വേഷകനിലേക്കുള്ള ഈ മാറ്റത്തിന് അനുസൃതമായിത്തന്നെയാണ് ബ്യോംകേശ്- അനുകൂല്‍ ബാബു കണ്ടുമുട്ടലിന്റെ കാലം പത്തുവര്‍ഷം വൈകിച്ചതെന്നും നമുക്ക് കാണാം. അതായത് ബ്യോംകേശിനെ ഹോംസില്‍ നിന്ന് വ്യത്യസ്തനായി അവതരിപ്പിക്കാന്‍ ശരദിന്ദു ബന്ദോപാദ്ധ്യായ നടത്തിയ ബോധപൂര്‍വമായ ശ്രമത്തെയാണ് ദിബാകര്‍ ബാനര്‍ഡജി സിനിമയില്‍ റദ്ദ് ചെയ്തതെന്നര്‍ത്ഥം. 
 
1967 ല്‍ പുറത്തിറങ്ങിയ സത്യജിത്ത് റേയുടെ ചിഡിയാഘാനയാണ് ബ്യോംകേശ് ബക്ഷിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. ഉത്തംകുമാറായിരുന്നു ബ്യോംകേശ് ബക്ഷിയായി അഭിനയിച്ചത്. ശരദിന്ദു ബന്ദോപാദ്ധ്യായ ജീവിച്ചിരിക്കെ ഇറങ്ങിയ ഈ ചിത്രത്തെക്കുറിച്ച് അദ്ദേഹത്തിന് നല്ല അഭിപ്രായമല്ല ഉണ്ടായിരുന്നത്. 
ബ്യോംകേശായുള്ള ഉത്തംകുമാറിന്റെ തെരഞ്ഞെടുപ്പും തിരക്കഥയില്‍ റേ എടുത്ത സ്വാതന്ത്യങ്ങളും ബന്ദോപാദ്ധ്യായയെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. ഇതിനു ശേഷം നിരവധി ബ്യോംകേശ് കഥകള്‍ ചലച്ചിത്രങ്ങളായെത്തി. ഋതുപര്‍ണൊഘോഷിന്റെ സത്യാന്വേഷിയായിരുന്നു ഡിബിബിക്കു മുമ്പ് എത്തിയ ചിത്രം. ഇതില്‍ ബ്യോംകേശായി വേഷമിട്ട സംവിധായകന്‍ സുജോയ് ഘോഷാണ് ആ കഥാപാത്രത്തെ എടുപ്പിലും നടപ്പിലും ഗംഭീരമാക്കിയിട്ടുള്ളതെന്ന പക്ഷക്കാരേറെയുണ്ട്. ബസു ചാറ്റര്‍ജിയുടെ ടെലിവിഷന്‍ പരമ്പരയിലെ രജത് കപൂറിന് വോട്ടു ചെയ്യുന്നവരും കുറവാകില്ല. എന്നാല്‍ ദിബാകറിന്റെ ബ്യോംകേശായി എത്തിയ സുശാന്ത് സിംഗ് രാജ്പുത്താകട്ടെ, ബ്യോംകേശിന്റെ ബംഗാളിസ്വത്വം ഏതാണ്ട് പൂര്‍ണമായും അടിയറവക്കുന്നുണ്ട്. ഇത് ഒരു പക്ഷെ സംവിധായകന്റെ തന്നെ താ്ല്‍പര്യാര്‍ത്ഥമാകാനും മതി. ബ്യോംകേശ് പൂര്‍ണമായും ഒരു ബംഗാളിയല്ലെന്ന സൂചന സിനിമയിലൊരിടത്ത് വരുന്നുമുണ്ട് . ഭോജ്പൂരി ഭാഷ, സംസാരിക്കുന്ന ബ്യോംകേശ് തന്റെ മാതാപിതാക്കള്‍ കുടിയേറ്റക്കാരാണെന്ന് അനുകൂല്‍ ബാബുവിനോട് പറയുന്നുണ്ട്, അത് സത്യമാണെന്ന് സിനിമ പക്ഷെ സമര്‍ത്ഥിക്കുന്നില്ലെന്നു മാത്രം. 
 
എന്തു തന്നെയായാലും തീര്‍ത്തും വ്യത്യസ്തനായ ഒരു ബ്യോംകേശ് ബക്ഷിയെയാണ് ദിബാകര്‍ ബാനര്‍ജി സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഷെര്‍ലോക്ക് മുതല്‍ ബോണ്ട് സിനിമകളുടെ വരെ സ്വാധീനമുള്‍ക്കൊണ്ട് ചെയ്തിരിക്കുന്ന ഒരു നവീനമായ പാത്ര സൃഷ്ടി. ഇതു പക്ഷെ ഇതെഴുതുന്നയാളടക്കമുള്ള ക്ലാസിക്കല്‍ ബ്യോംകേശ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒന്നല്ല താനും. 
 
(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് മീനാക്ഷി)
 
അഴിമുഖം പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം: പികെയെ നേരിടുന്ന ഇന്ത്യന്‍ പൊതുബോധം
 
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 
 
Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍