UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

OffShots

അപര്‍ണ്ണ

സിനിമ

വട ചെന്നൈ; ത്രില്ലര്‍, രാഷ്ട്രീയം, നാട്, ധനുഷ്; തമിഴ് സിനിമയുടെ നല്ല കാലമാണിത്

ഒരു ഇൻഡോർ ഗെയിം സിനിമയെ ഇത്രയും സജീവമായി മുന്നോട്ട് കൊണ്ട് പോകുന്ന കാഴ്ച്ച ഇന്ത്യൻ സിനിമയിൽ അധികം കണ്ടിട്ടില്ല.

അപര്‍ണ്ണ

ആടു കളത്തിനു൦ വിസാരണക്കും ശേഷം വെട്രിമാരന്റെ സംവിധാനം, ധനുഷിന്റെ താരസാന്നിധ്യം, മാസ്സ് അപ്പീൽ നിറഞ്ഞു നിന്ന ട്രെയിലർ, ഉത്സവകാല റിലീസ് തുടങ്ങി വട ചെന്നൈക്ക് ചുറ്റും നിറഞ്ഞു നിന്ന പ്രേക്ഷക പ്രതീക്ഷ വലുതായിരുന്നു. ആട് കളത്തിനു ശേഷ൦ ഒരു വെട്രിമാരൻ – ധനുഷ് കോമ്പിനേഷൻ അതുകൊണ്ട് തന്നെ പ്രേക്ഷകർ ആദ്യ കേൾവിയിലേ സ്വീകരിച്ചു എന്ന് പറയാം. സമുദ്രക്കനിയും അമീറും ആൻഡ്രിയ ജെർമിയയും ഡാനിയൽ ബാലാജിയും ഒക്കെ ധനുഷിനോളം തന്നെ ഇടമുള്ള കഥാപാത്രങ്ങളായി സിനിമയിലുണ്ട്. മൂന്നു ഭാഗങ്ങളുള്ള വട ചെന്നൈയുടെ ആദ്യ ഭാഗമാണ് ഇപ്പോൾ കാണികൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച് ഭൂരിഭാഗത്തേയും രസിപ്പിച്ച് തീയറ്ററിൽ സജീവ സാന്നിധ്യമാകുന്നുണ്ട് വട ചെന്നൈ.

വടക്കൻ ചെന്നൈ ആണ് വട ചെന്നൈ. ഈ സിനിമ ഒരു പീരീഡ് സിനിമയും ഗ്യാങ്സ്റ്റർ സിനിമയും രാഷ്ട്രീയ സിനിമയുമാണ്. വടക്കൻ ചെന്നൈയിലെ കടൽത്തീരത്തെ മത്സ്യത്തൊഴിലാളികളുടെ പല കാലങ്ങളിലെ ജീവിതമാണ് സിനിമ പറയുന്നത്. അൻബ് (ധനുഷ്), രാജൻ (അമീർ) ഗുണ (സമുദ്രക്കനി), സെന്തിൽ (കിഷോർ) ചന്ദ്ര (ആൻഡ്രിയ ജെർമിയ) തമ്പി (ഡാനിയൽ ബാലാജി )എന്നിവരുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. ഇവർ പല കാലങ്ങളിൽ ഒന്നിച്ചും വേറിട്ടും അങ്ങേയറ്റത്തെ സ്നേഹത്തോടെയും അതിലേറെ വെറുപ്പോടെയും ഒരേ തുറയിൽ ജീവിച്ചു പോരുന്നു. അൻബിന്റെ ദീർഘകാല പ്രണയിനിയായ പദ്മയും (ഐശ്വര്യ രാജൻ ) സിനിമയിലെ നിറ സാന്നിധ്യമാണ്.

പ്രാഥമികമായി ഒരു കൊലപാതകത്തിന്റെ ചുരുൾ അഴിക്കുകയാണ് സിനിമ. ഇതിനു രണ്ടേമുക്കാൽ മണിക്കൂറോളം സമയമെടുത്ത് ഇവരുടെ ജീവിതത്തിലെ പല കാലങ്ങളും തുടർച്ചയായും അല്ലാതെയും പറഞ്ഞു പോകുന്നു. നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ ഉദ്വേഗഭരിതമായ ഈ ത്രില്ലറിന് പല അടരുകൾ ഉണ്ട്. അഴുക്കു നിറഞ്ഞ ഒരു കടലോര ചേരിയുടെ, അവിടത്തെ കടുത്ത സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും കഥയായി കൊമേർഷ്യൽ ചേരുവകൾ എല്ലാം നിലനിർത്തുമ്പോഴും ഭൂമി, വികസനം ഇവയുടെ പേരിലുള്ള ചൂഷണത്തിന്റെ കഥ പറയുന്നു വട ചെന്നൈ.

അൻബ് എന്ന മനുഷ്യൻ ദശാബ്ദങ്ങൾ കൊണ്ട് ആർജിക്കുന്ന തിരിച്ചറിവുകൾ കൂടിയാവുന്നു വട ചെന്നൈ. വിദ്യാഭ്യാസമില്ലാത്ത, കടലുപ്പ് മണം പേറി ജീവിക്കുന്ന മനുഷ്യർ മാത്രമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ എല്ലാം. കൊലപാതക പരമ്പരകൾ നടക്കുമ്പോഴും സ്ഥായിയായ നല്ലവരും കെട്ടവരും ഒന്നും സിനിമയിൽ ഇല്ല. തങ്ങൾ നേരിടുന്ന യഥാർത്ഥ ചൂഷണം അറിയുന്നവരും അറിയാത്തവരും എന്നിങ്ങനെ രണ്ടായി ഇതിലെ കഥാപാത്രങ്ങളെ തിരിക്കാം. ഇവർ പരസ്പരം ആർജിക്കുന്ന വിശ്വാസവും ചെയ്യുന്ന വിശ്വാസ വഞ്ചനകളും ഒക്കെ ഇത്തരം തിരിച്ചറിവുകളും തിരിച്ചറിവില്ലായ്മയും ആണ്. തമിഴ്നാട്ടിലെ കക്ഷി രാഷ്ട്രീയ മുതലെടുപ്പുകളും സജീവ ചർച്ചയാക്കുന്നുണ്ട് വട ചെന്നൈയിൽ. രാജീവ് ഗാന്ധിയുടെ കൊലപാതകവും എംജിആറിൻെറ മരണവും ഒക്കെ വളരെ സ്വാഭാവിക ചർച്ചയായി സിനിമയിൽ കടന്നു വരുന്നു.

ആട്‌ കളത്തിലെ കോഴിപ്പോരു പോലെ വട ചെന്നൈയിൽ കാരംസിന്റെ സാന്നിധ്യമുണ്ട്. നമുക്ക് ചുറ്റും ഉള്ള എല്ലായിടത്തും അതിസാധാരണമായ സാന്നിധ്യമാണീ കാരംസ് ക്ലബുകൾ. അൻബ് ഗ്രാമത്തിലെ പ്രതിഭയുള്ള കാരംസ് കളിക്കാരനാണ്. സാഹചര്യങ്ങൾ അയാളെ പലയിടത്തു൦ എത്തിക്കുന്നുണ്ട്. ഒരു ഗ്യാങ്‌സ്റ്റർ വരെ ആവേണ്ടി വരുന്നുണ്ട് അയാൾക്ക്. പക്ഷെ അൻബ് ഏറ്റവും കൂടുതൽ സന്തോഷം കണ്ടെത്തുന്നത് കാരംസ് ബോർഡിന് മുന്നിലാണ്. തന്റെ അമ്മയെയും പ്രണയിനിയെയും പോലെ അയാൾ കാരം ബോർഡിനെ സ്നേഹിക്കുന്നു. സ്വയം സ്പോർട്സ്മാൻ എന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഓരോ ദുർഘട സാഹചര്യത്തിലും ഒരു കാരംസ് സ്‌ട്രൈക്കർ ആയി പിൻനടത്തം ആഗ്രഹിക്കുന്നു. കാരംസ് ക്ലബിൽ ആശ്വാസം തേടുന്നു. കാരംസ് ബോർഡിന് മുന്നിലെ സൂക്ഷ്മതയാണ് അയാൾക്ക് ഓരോ ഇടപെടലിലും ബുദ്ധിയും കൈവേഗവും നൽകുന്നത്. അയാളെ എല്ലായിടത്തും രക്ഷിക്കുന്നത് കാരംസ് സ്‌ട്രൈക്കറുടെ വേഗമാണ്. സിനിമയുടെ പ്രധാന സന്ദർഭങ്ങളിലെല്ലാം കാര൦സ് കളി കടന്നു വരുന്നുണ്ട്. ഒരു ഇൻഡോർ ഗെയിം സിനിമയെ ഇത്രയും സജീവമായി മുന്നോട്ട് കൊണ്ട് പോകുന്ന കാഴ്ച്ച ഇന്ത്യൻ സിനിമയിൽ അധികം കണ്ടിട്ടില്ല. സിനിമയിലെ ഒരു പ്രധാന കഥാപാത്രം തന്നെ ആവുന്നുണ്ട് കാരംസ് കളി. ആരുടെ കഥയാണ് വട ചെന്നൈ എന്ന് തീർത്ത് പറയാൻ ഇട നൽകാത്ത വിധം എല്ലാ കഥാപാത്രങ്ങളെയും സ്പര്‍ശിക്കുന്നുണ്ട് സിനിമ. ഒരർത്ഥത്തിൽ ചന്ദ്രയുടെ വർഷങ്ങൾ നീണ്ട തണുത്തുറഞ്ഞ പ്രതികാരത്തിന്റെ കഥയാണ് സിനിമ. മറ്റൊരരഥത്തിൽ രാജൻ പടുത്തുയർത്തിയ പ്രതിരോധത്തിന്റെ കഥയാണിത്. അതെ സമയം തമ്പിയുടെയും സെന്തിലിന്റെയും ആശകളുടെയും ആസക്തികളുടെയും തുടർച്ചയിലാണ് കഥ മുന്നോട്ട് നീങ്ങുന്നത്. ഗുണയുടെ നിസ്സഹായാവസ്ഥയുടെയും അൻബിന്റെ തിരിച്ചറുകളുടെയും ദശാബ്ദങ്ങൾ ആണ് മറ്റൊരര്‍ത്ഥത്തിൽ വട ചെന്നൈ. ഇവർ തമ്മിലുള്ള ആഴമുള്ള ബന്ധത്തിന്റെ കഥയാണെന്നും പറയാം.

ഇതിനൊക്കെ അപ്പുറ൦ വട ചെന്നൈ എന്ന നാടിന്റെ കൂടി കഥയാണിത്. സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ രാജീവ് രവിയുടെ കമ്മട്ടിപ്പാടവുമായി മലയാളികൾ ഈ സിനിമയെ താരതമ്യം ചെയ്യുന്നതും അത് കൊണ്ടാണ്. ”അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും” എന്ന നിസ്സഹായരായ ഒരു കൂട്ടം മനുഷ്യരുടെ നിലവിളി കൂടിയാണ് വട ചെന്നൈ. ഞങ്ങളുടെ ഭാഷ പോലും തിരിച്ചറിയാൻ കഴിയാത്ത നിങ്ങൾ കൊണ്ട് വരുന്ന വികസനത്തിൽ താത്പര്യമില്ല എന്നും അത് നിങ്ങൾ നിങ്ങൾക്ക് വേണ്ടി തന്നെ ഉണ്ടാക്കുന്ന വികസനമാണെന്നും തിരിച്ചറിഞ്ഞ രണ്ടു പേരാണ് സിനിമയിൽ രാജനും അൻബും. അത് കൊണ്ടാണ് സിനിമയുടെ കാലഗണന രാജന്റെ കാലത്തിൽ തുടങ്ങി അൻബിന്റെ കാലത്ത് അവസാനിക്കുന്നത്. ഇതിനാണ് അടുത്ത ഭാഗത്തിൽ തുടർച്ച ഉണ്ടാകുന്നത്.

വയലൻസ് താങ്ങാൻ ആവാത്തവർക്ക് അത്ര നല്ല അനുഭവമാകാൻ ഇടയില്ല ഇതെന്നും പറയണം. അപൂർവം ചില സന്ദർഭങ്ങളിൽ സിനിമ സ്ലോ പേസ് അധികമാക്കുന്നുണ്ട്. ഓരോ രംഗവും അതിസൂക്ഷ്മമായ കാഴ്ച ആവശ്യപ്പെടുന്നുണ്ട്. സ്ഥീരീകരിക്കാത്ത കഥയായി കേൾക്കുന്ന ഒരു കാര്യം ഒരുപാട് താരങ്ങളിലൂടെ കടന്നാണ് അൻബ് ധനുഷിൽ എത്തിയത് എന്നാണ്. കാർത്തിയും ചിമ്പുവും ജീവയും പല കാലങ്ങളിൽ പല കാരണങ്ങൾ കൊണ്ട് ഉപേക്ഷിച്ച സിനിമയാണിത് എന്ന് പറയപ്പെടുന്നു. ധനുഷിനോളം നല്ല ചോയ്സ് വേറെ ഉണ്ടോ ഈ കഥാപാത്രത്തിന് എന്ന് സംശയമാണ്. ആൻഡ്രിയയുടെ ഏറ്റവും മികച്ച റോളുകളിൽ ഒന്നാണ് ചന്ദ്ര. അവർ ഓരോ നിമിഷവും അത് മനോഹരമാക്കി. സിനിമയിലെ ഓരോ താരങ്ങളും സ്വന്തം ഇടങ്ങളെ ഭദ്രമാക്കി എന്നു ചുരുക്കാം

സിനിമയുടെ രാഷ്ട്രീയം സജീവമായി മനസിലാക്കി കൊണ്ട് തന്നെ ഒരു ത്രില്ലറിന്റെ എല്ലാ സൂക്ഷ്മതയും നിലനിർത്തുന്നുണ്ട് സിനിമ. ആദിമധ്യാന്തം പ്രേക്ഷകരെ ഒരേ താളത്തിൽ കൊണ്ട് പോകാനും സിനിമക്ക് കഴിയുന്നുണ്ട്. തമിഴ് പോപ്പുലർ സിനിമ പല നിലയ്ക്ക് വളരെ നല്ല കാലത്തിലൂടെയാണ് കടന്നു പോകുന്നത്. അതിന്റെ സമീപകാല ഉദാഹരണങ്ങളാണ് കൊളമാവ്‌ കോകിലയും ഇമൈകൾ നൊടികളും രാക്ഷസനും 96-ഉം എല്ലാം. പല നിലകളിൽ വ്യത്യസ്തമായ കാഴ്ച്ചാനുഭവങ്ങളായി മാറുന്നുണ്ട് ഈ സിനിമകൾ ഒക്കെ. ഇതിന്റെയൊക്കെ വളരെ നല്ല ഒരു തുടർച്ചയാണ് വട ചെന്നൈയും.

“റൊമ്പ ദൂരം പോയിട്ടയാ റാം…”; “ഉന്നെ എങ്കൈ വിട്ടയോ അങ്ക താന്‍ നിക്കറേന്‍…”; ഇതിലുണ്ട് 96

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍