കൂടുതൽ മമ്മൂട്ടി ചിത്രങ്ങൾ കാണാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും മാർട്ടിൻ സൂചിപ്പിച്ചു.
മമ്മൂട്ടി അഭിനയിച്ച പഴശ്ശിരാജ സിനിമയെ അഭിനന്ദിച്ച് ബ്രിട്ടിഷ് എംപി മാര്ട്ടിൻ ഡേ. സ്കോട്ലാൻഡ് നാഷണൽ പാർട്ടിയുടെ പാർലമെന്റംഗമായ ഇദ്ദേഹത്തിന് പഴശ്ശിരാജയുടെ ജീവിതത്തെ തന്റെ നാട്ടിലെ ഒരു സ്വാതന്ത്ര്യസമര പോരാളിയുടെ ജീവിതവുമായി സാമ്യം തോന്നുകയും ചെയ്തു. കേരള സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് മാർട്ടിൻ ഡേക്ക് ഈ ചിത്രം കാണാൻ നിർദ്ദേശിച്ചത്.
പതിമൂന്നാം നൂറ്റാണ്ടിൽ ജിവിച്ചിരുന്ന സ്വാതന്ത്ര്യസമര പോരാളി വില്യം വാലേസിന്റെ ജീവിതവുമായി പഴശ്ശിരാജയുടെ ജീവിതത്തിന് സാമ്യമുണ്ടെന്ന് മാര്ട്ടിൻ ഡേ പറയുന്നു. സ്കോട്ടിഷ് സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ഇദ്ദേഹത്തിന്റെ ജീവിതം ഐതിഹ്യമാനമാണ്. പഴശ്ശിരാജയെപ്പോലെ ഗറില്ലാ യുദ്ധതന്ത്രങ്ങൾ ഇദ്ദേഹം പ്രയോഗിക്കുകയുണ്ടായി. വാലേസിനെക്കുറിച്ച് മാര്ട്ടിൻ ശ്രീരാമകൃഷ്ണനുമായി സംസാരിച്ചിരുന്നു. ഈ സമയത്താണ് ശ്രീരാമകൃഷ്ണൻ പഴശ്ശിരാജയെക്കുറിച്ച് പറഞ്ഞതെന്നും മമ്മൂട്ടിയുടെ സിനിമ കാണാൻ നിർദ്ദേശിച്ചതെന്നും മാർട്ടിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പഴശ്ശിരാജയെക്കുറിച്ചുള്ള ഇംഗ്ലീഷ് ജീവചരിത്രം തേടി നടക്കുകയാണ് താനെന്നും മാർട്ടിൻ വ്യക്തമാക്കി. മമ്മൂട്ടിയുടെ അംബേദ്കർ സിനിമയും ഇദ്ദേഹം കണ്ടിട്ടുണ്ട്. കൂടുതൽ മമ്മൂട്ടി ചിത്രങ്ങൾ കാണാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും മാർട്ടിൻ സൂചിപ്പിച്ചു.
ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യം സംബന്ധിച്ച ശശി തരൂരിന്റെ ‘ബ്രിട്ടീഷുകാർ ഇന്ത്യയോട് ചെയ്തതെന്ത്’ (Inglorious Empire: What the British Did to India) എന്ന പുസ്തകം മാർട്ടിന്റെ പോസ്റ്റിൽ കമന്റായി ഒരാൾ ചേർത്തു. പ്രസ്തുത പുസ്തകം താൻ വായിച്ചിട്ടുണ്ടെന്നും തനിക്കത് തന്നത് ശശി തരൂർ തന്നെയാണെന്നും മാർട്ടിൻ മറുപടിയായി പറഞ്ഞു.