UPDATES

സിനിമ

ഗുനീത് മോംഗ: ഈ ഇന്ത്യന്‍ വനിതയുടെ സാന്നിധ്യമില്ലാതെ ഓസ്കാറില്ല

അകത്തേക്ക് ഓടിമാറുന്ന പുരുഷന്മാരെ ഈ സ്ത്രീകൾ പുറത്തേക്ക് വിളിക്കുന്നു. ‘ഇങ്ങോട്ടു വരൂ, ഞാൻ കടിക്കില്ല’ എന്നാണ് അവരിൽ നിന്നും വരുന്ന വാക്കുകൾ.

ഡൽഹി നഗരത്തിന്റെ പുറമ്പോക്കിലുള്ള ഹാപൂർ എന്ന ഗ്രാമത്തിൽ സ്ത്രീകൾ നടത്തുന്ന നിശ്ശബ്ദ വിപ്ലവമാണ്, ‘ഷോർട്ട് പിരീഡ്. എൻഡ് ഓഫ് സെന്റൻസ്’ എന്ന ഡോക്യുമെന്ററി സിനിമയുടെ നിർമാതാക്കളെ പ്രചോദിതരാക്കിയത്. അരുണാചലം മുരുകാനന്ദം നിർമിച്ച, ചുരുങ്ങിയ ചെലവിൽ സാനിറ്ററി നാപ്കിനുകൾ നിർമിക്കാവുന്ന മെഷീൻ ഈ ഗ്രാമത്തിൽ സ്ഥാപിക്കപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും രാജ്യത്തെ സ്ത്രീകളുടെ പരിതാപകരമായ ജീവിതാവസ്ഥയെ വെളിപ്പെടുത്തുന്നതായിരുന്നു ‘ഷോര്‍ട്ട് പീരീഡ്‌’. ഇന്ത്യയില്‍ നിന്നുള്ള ആ ഡോക്യുമെന്ററി ഇത്തവണത്തെ ഓസ്കാറിനു നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. അതിന്റെ കഥയാണിത്.

ഏതൊരു ഇന്ത്യൻ ഗ്രാമത്തെയും പോലെത്തന്നെയായിരുന്നു ഹാപൂർ. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ദി പാഡ് പ്രോജക്ട്’ എന്ന എൻജിഒയാണ് ഹാപൂറിനെ മാറ്റിത്തീർക്കുന്ന ചില നീക്കങ്ങളുമായെത്തിയത്. ആർത്തവകാലത്ത് വസ്ത്രങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീകൾ‌ക്കു വേണ്ടി സ്ത്രീകളെത്തന്നെ രംഗത്തിറക്കാൻ ഇവർക്കായി. ആണുങ്ങൾ ഏറെ സംശത്തോടെയാണ് സ്ത്രീകളുടെ ഇത്തരം നീക്കങ്ങളെ കണ്ടത്. ആർത്തവമെന്ന് ഉച്ചരിക്കുന്നതു പോലും എന്തോ അപരാധമായിക്കാണുന്ന സമൂഹത്തിൽ സ്ത്രീകളുണ്ടാക്കുന്ന ചലനങ്ങളാണ് ഡ‍ോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.

സ്ത്രീകൾ പാഡുകൾ വിൽക്കാൻ ഗ്രാമത്തിലെ ഓരോ വാതിൽക്കലും ചെല്ലുകയാണ്. അകത്തേക്ക് ഓടിമാറുന്ന പുരുഷന്മാരെ ഈ സ്ത്രീകൾ പുറത്തേക്ക് വിളിക്കുന്നു. ‘ഇങ്ങോട്ടു വരൂ, ഞാൻ കടിക്കില്ല’ എന്നാണ് അവരിൽ നിന്നും വരുന്ന വാക്കുകൾ.

റായ്ക സെതാബ്ചി എന്ന ഇറാനിയൻ-അമേരിക്കൻ സംവിധായികയാണ് ഈ സംരംഭത്തിനു പിന്നിൽ പ്രവർത്തിച്ചത്. യുഎസ്സിലെ ലോസ് ആഞ്ചലസിലെ വിദ്യാർത്ഥിനികളാണ് ഈ സിനിമയുടെ നിര്‍മാണത്തിന് കാരണമായത്. ഇന്ത്യയിലെ സ്കൂളുകളിൽ ആർത്തവശുചിത്വം പാലിക്കാനുള്ള സാമ്പത്തികസ്ഥിതിയില്ലാതെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കുണ്ടാകുന്നുവെന്ന വാർത്തകളറിഞ്ഞതോടെയാണ് വിദ്യാർത്ഥികൾ രംഗത്തിറങ്ങിയത്. പല മാർഗത്തിലൂടെയുള്ള ക്രൗഡ് ഫണ്ടിങ്ങിലൂടെ 3000 ഡോളർ സംഘടിപ്പിച്ച ഇവർ ഒരു പാഡ് നിർമാണ മെഷീൻ വാങ്ങി സംഭാവന ചെയ്തു. ഇന്ത്യയിലെ ആക്ഷൻ ഇന്ത്യ എന്ന എൻജിഒ വഴിയായിരുന്നു ഈ ഫണ്ടിങ് ഇവർ നടത്തിയത്.

ഈ ഫണ്ടിങ്ങിനു ശേഷവും വെറുതെയിരിക്കാൻ കുട്ടികൾ കൂട്ടാക്കിയില്ല. വലിയ പ്രചാരണങ്ങളുമായി ഇവർ വീണ്ടുമൊരു ശ്രമം കൂടി നടത്തി. ഇങ്ങനെ 40,000 ഡോളർ സംഘടിപ്പിച്ചു. ഇന്ത്യയിൽ ആർത്തവത്തോടുള്ള പുരുഷസമൂഹത്തിന്റെ മനോഭാവം പകർത്തുന്ന ഒരു ഡോക്യുമെന്ററി നിർമിക്കാൻ ഇവർ തയ്യാറെടുത്തു.

ഈ വിദ്യാർത്ഥികളിലൊരാളുടെ രക്ഷിതാവാണ് ഇന്ത്യൻ സിനിമാക്കാരിയായ ഗുനീത് മോംഗയുമായി ബന്ധപ്പെടുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകണമെന്നായിരുന്നു ആവശ്യം. ഈ ക്ഷണം ഗുനീത് സ്വീകരിച്ചു. വെട്രിമാരന്റെ വിസാരണൈ എന്ന ചിത്രത്തിന്റെ ഓസ്കാർ പ്രാചരണങ്ങളുമായി ബന്ധപ്പെട്ട് യുഎസ്സിലുണ്ടായിരുന്ന ഗുനീത് വിദ്യാർത്ഥികളെ കാണാൻ ചെന്നു. അവരുടെ ആവേശം തന്നിലേക്കും പകർന്നതായി ഗുനീത് പറയുന്നു.

26 മിനിറ്റ് ദൈർഘ്യമുള്ളതാണ് ഈ ഡോക്യുമെന്ററി. വിദ്യാർത്ഥിനികളുടെ ശ്രമങ്ങളും ഇന്ത്യൻ സ്ത്രീകളിൽ അതുണ്ടാക്കുന്ന മാറ്റങ്ങളും ഒടുവിൽ ‘FLY’ എന്നൊരു ബ്രാൻഡ് തന്നെ സൃഷ്ടിച്ചതിലേക്ക് നയിച്ചതുമാണ് ഡോക്യുമെന്ററിയിൽ വിവരിക്കുന്നത്.

ഗുനീത് മോംഗയുടെ ശിഖ്യാ എന്റർ‌ടെയ്ൻമെന്റ് നിരവധി മികച്ച സിനിമകളുടെ നിർമാണത്തിൽ പങ്കാളിയായിട്ടുണ്ട്. ഗാങ്സ് ഓഫ് വാസ്സിപൂർ ഒന്നാംഭാഗം, ദി ലഞ്ച്ബോക്സ്, മസാൻ ആൻഡ് സുബാൻ തുടങ്ങിയ ചിത്രങ്ങൾ അതിന്റെ സാമൂഹ്യമായ കാഴ്ചപ്പാടുകളുടെ ആന്തരികബലം നിമിത്തം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ സിനിമയുടെ ഒരു മാാതൃകാപരിണതിക്കു തന്നെ കാരണമായ നിർമാതാവാണ് ഗുനീത്.

മുംബൈ നഗരത്തിലാണ് ഗുനീത് ജനിച്ചു വളർന്നത്. 1983-ൽ ജനിച്ച ഇവർ ഇരുപതിലധികം ചിത്രങ്ങളുടെ ഭാഗമായി മാറി. ഇപ്പോൾ ഒടുവിൽ തന്റെ നിർമാണ സംരംഭം ഓസ്കാറിലേക്ക് വിജയകരമായി എത്തിക്കാനും ഇവർക്ക് സാധിച്ചിരിക്കുകയാണ്.

മനോഹരമായ ഒരു കഥ സദുദ്ദേശ്യത്തോടെ പറയുകയായിരുന്നു തങ്ങളെന്ന് ഗുനീത് പറയുന്നു. ഇത്രയും ദുരത്തേക്ക് തങ്ങൾ സഞ്ചരിച്ചെത്തിയതിന്റെ ആഹ്ലാദവും അവർ പങ്കുവെക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍