UPDATES

സിനിമാ വാര്‍ത്തകള്‍

‘മനുഷ്യനും പ്രകൃതിയും’: കൽപ്പറ്റ ഫിലിം ഫ്രറ്റേണിറ്റിയുടെ ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം

മനുഷ്യനും പ്രകൃതിയും തമ്മിൽ നിലനിൽ‍ക്കുന്ന ബന്ധത്തിന്റെ വൈരുദ്ധ്യാത്മകത പരിശോധിക്കാനും ഇതുവഴി വയനാടിന്റെ ഭൂമിശാസ്ത്രപരവും, സാമൂഹികവുമായ സവിശേഷ യാഥാർത്ഥ്യത്തെ വിമർ‍ശനാത്മകമായി നോക്കികാണാനുമുള്ള രാഷ്ട്രീയ ശ്രമമാണ് മേള

വയനാട്ടിലെ ചലച്ചിത്ര കൂട്ടായ്മയായ കൽപ്പറ്റ ഫിലിം ഫ്രറ്റേണിറ്റിയുടെ (കെഎഫ്എഫ്) ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് 3, 4 തിയ്യതികളിൽ നടക്കും. കലാമൂല്യവും സാമൂഹ്യ പ്രസക്തിയുമുള്ള സിനിമകൾ‍ പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. കൽപ്പറ്റയിലെ എസ്.കെ.എം.ജെ. എച്.എസ്.എസ് ജൂബിലി ഓഡിറ്റോറിയത്തിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുക.

കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഈ ചലച്ചിത്രോത്സവം മുടക്കമില്ലാതെ നടന്നു വരുന്നു. ചലച്ചിത്ര നിർമാണങ്ങളിലും സജീവമായ പങ്കാളിത്തം ഈ കൂട്ടായ്മയ്ക്കുണ്ട്. കെഎഫ്എഫിന്റെ കൂടി പങ്കാളിത്തത്തോടെ നിർമിച്ച ‘ദി സ്ലേവ് ജെനസിസ്’ എന്ന ഡോക്യുമെന്ററിക്ക് കഴിഞ്ഞ വർഷത്തെ (2018) മികച്ച ആന്ത്രോപ്പോളജിക്കൽ ഡോക്യുമെന്റിക്കുള്ള ദേശീയ അവാർ‍ഡ് ലഭിച്ചിരുന്നു.

ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. Kalpetta Film Freternityയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. മാര്‍ച്ച് 1 വരെയാണ് രജിസ്ട്രേഷൻ നടക്കുക.

‘മനുഷ്യൻ‍, പ്രക്യതി’ എന്ന പ്രമേയത്തെ കേന്ദ്രമാക്കിയാണ് ആറാമത് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിൽ നിലനിൽ‍ക്കുന്ന ബന്ധത്തിന്റെ വൈരുദ്ധ്യാത്മകത പരിശോധിക്കാനും ഇതുവഴി വയനാടിന്റെ ഭൂമിശാസ്ത്രപരവും, സാമൂഹികവുമായ സവിശേഷ യാഥാർത്ഥ്യത്തെ വിമർ‍ശനാത്മകമായി നോക്കികാണാനുമുള്ള രാഷ്ട്രീയ ശ്രമമാണ് മേളയെന്ന് സംഘാടകർ പറയുന്നു.

മാർച്ച് 3ന് രാവിലെ 9 മണി മുതൽ‍ സിനിമകളുടെ പ്രദർശനം ആരംഭിക്കും. തുടർന്ന് ‘പരിസ്ഥിതി, ആരോഗ്യം’ എന്ന വിഷയത്തിൽ ഡോ. അനിൽ സക്കറിയ, ഡോ. ജി.ആർ. സന്തോഷ്‌കുമാർ, എന്നിവർ ക്ലാസുകൾ നയിക്കും. എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ‍ ഓഫ് ലെറ്റേഴ്‌സ് അസി. പ്രഫസറും എഴുത്തുകാരനുമായ ഡോ. അജു. കെ. നാരായണൻ‍ ഫെസ്റ്റിവലിന്റെ ഉൽഘാടനം നിർവഹിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍