UPDATES

സിനിമ

ലൂക്ക റിവ്യു: സത്യസന്ധമായൊരു പ്രണയകഥ; ബന്ധങ്ങളുടെ ആഴത്തിലേക്ക് ഒരു ത്രില്ലൻ യാത്ര

കലാപരമായും വാണിജ്യപരമായും പ്രേക്ഷകനെ തൃപ്തിപെടുത്തും ലൂക്ക

ശംഭു ദേവ്

ശംഭു ദേവ്

‘അലയിൻ തിസൈ’ എന്ന റിലീസ് ആകാതെ പോയ സ്വതന്ത്രചിത്രം ചെയ്തുകൊണ്ടാണ് അരുൺ ബോസ് ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. മുഖ്യധാരാ സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് അറിയിക്കുന്ന ചിത്രം കൂടിയാകുന്നു ‘ലൂക്ക’. ഒപ്പം ടോവിനോ തോമസ് എന്ന നടന്റെ വ്യത്യസ്തത നിലനിർത്തുന്ന മറ്റൊരു കഥാപാത്രത്തെയും ഇതിൽ കാണാം.

അഹാന കൃഷ്ണ എന്ന നടിയുടെ പുതിയ മുഖവും, സാധ്യതയും അടയാളപ്പെടുത്തുന്നു എന്ന സവിശേഷതയുള്ള ചിത്രമാണ് ലൂക്ക.
ടൈറ്റിലിലെ പോലെ തന്നെ ലൂക്കയുടെ ജീവിതമാണ് സിനിമ പറഞ്ഞുപോകുന്നത്. ഗാനങ്ങളിലും ട്രെയിലറുകളിലും ആവിഷ്കരിച്ചിരിക്കുന്ന കഥാപശ്ചാത്തലവും ടോവിനോയുടെ ഗെറ്റ് അപ്പുമെല്ലാം മുൻപ് മലയാള സിനിമയിൽ കണ്ടിട്ടുള്ള ചിത്രങ്ങളിലെ കലാപശ്ചാത്തലവുമായി പ്രത്യക്ഷത്തിൽ സാമ്യം തോന്നിയേക്കാമെങ്കിൽ പോലും, ലൂക്ക അവയിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നത് ഏകാന്തതയിൽ നിറഞ്ഞ കലാകാരന്റെ ജീവിതത്തിന്റെ ആവിഷ്കരമാകുമ്പോഴാണ്.

കാറ്റ് പോലെ പാറി നടക്കുന്ന ചാർലിയെയും, ജെയിംസ് ആൻഡ് ആലീസിലെ കലാ ജീവിതവും കുടുംബ ജീവിതവും കലർന്ന് കലഹ ജീവിതമായ ജെയിംസിന്റെയെല്ലാം കഥ നമ്മൾ കണ്ട് കഴിഞ്ഞു. ലൂക്ക എന്ന ചിത്രം തന്റെ ചെറിയ ലോകത്തോട് അങ്ങേയറ്റം ബന്ധപ്പെട്ടിരിക്കുന്ന ഒരു ചിത്രകാരന്റെ മാനസിക സംഘർഷങ്ങളെയും തളർച്ചകളെയും വരച്ചുകാട്ടുന്ന ചിത്രമാണ്. അയാളുടെ ചെറിയ വലിയ ലോകത്തേക്ക് നിഹാരിക (അഹാന കൃഷ്ണ) എന്ന പെൺകുട്ടിയുടെ വരവോടെ ലൂക്ക എന്ന വ്യക്തിയുടെ മങ്ങിയതും, മങ്ങാത്തതുമായ നിറങ്ങളുടെ ലോകത്തേക്കുള്ള യാത്രയും.

ഒപ്പം തന്നെ കുറ്റാന്വേഷണത്തിന്റെ പശ്ചാത്തലം ചിത്രത്തിന് ഒരു ത്രില്ലർ സ്വഭാവവും പലയിടങ്ങളിൽ സൃഷ്ടിക്കുന്നു.
ബന്ധങ്ങളെ കോർത്തിണക്കി അത്രമേൽ അവയ്ക്ക് പ്രാധാന്യം നൽകി കാവ്യാത്മകമായി കഥപറയുവാൻ മൃദുൽ ജോർജിന്റെ തിരക്കഥയ്ക്കും അവ പൂർണതയോടെ ദൃശ്യവൽക്കരിക്കുവാൻ അരുൺ ബോസ് എന്ന സംവിധായകനും സാധിച്ചു. സാങ്കല്പികമായ കഥയെ അവ അർഹിക്കുന്ന സാങ്കേതിക നിലവാരം കൊണ്ടും കഥാപാത്ര നിർമിതി കൊണ്ടും പ്രേക്ഷകന്റെ മനസ്സിൽ തങ്ങി നിർത്തുവാൻ ലൂക്കയ്ക്ക് സാധിക്കും. ലൂക്കയുടെ നിറങ്ങളും ഭാവനയും നിറഞ്ഞ ലോകത്തിലെ സംഘർഷങ്ങളും പ്രണയവും മഴയുമെല്ലാം ദൃശ്യ ഭംഗിയോടെ പ്രേക്ഷകനെ പിടച്ചു നിർത്തുന്നതും ത്രസിപ്പിക്കുന്നവയുമാണ്. അതിൽ നിമിഷ് രവിയുടെ ഛായാഗ്രഹണവും അനീസ് നാടോടിയുടെ കലാ സംവിധാനവുമെല്ലാം എടുത്ത് പറയേണ്ട സാങ്കേതിക മികവാണ്. ഡ്രാമാറ്റിക് ആയ വൈകാരിക മുഹൂർത്തങ്ങളെല്ലാം കാവ്യാത്മകമായ താളത്തിൽ ആശയ വിനിമയം ചെയ്യുന്നതിൽ സൂരജ് എസ് കുറുപ്പിന്റെ സംഗീതത്തിന്റെയും, അനീസ് നാടോടിയുടെ നിറപ്പകിട്ടാർന്ന കലാസംവിധാനത്തിന്റെയും, നിമിഷ് രവിയുടെ സിനിമാട്ടോഗ്രാഫിയുടെയും സഹായമുണ്ട്. ഇവയുടെയെല്ലാം നിലവാരം ചിത്രത്തിന്റെ ആസ്വാദനശേഷി ഉയർത്തുന്നുണ്ട് പലഘട്ടങ്ങളിലും. വൈകാരിക നിമിഷങ്ങളില്‍ സൂരജിന്റെ സംഗീതം വേണ്ടുംവിധത്തിൽ അൽപ്പം ദുരൂഹത നിലനിർത്തി കഥാഗതിയെ കൊണ്ടുപോകാൻ സഹായിച്ചു. ‘ഒരായിരം ഇരുൾ’ എന്ന ഗാനം മനസ്സിനെ പിന്തുടരുന്നുണ്ട്.

ചാർളിയിൽ ജയശ്രീ ലക്ഷ്മി നാരായണിന്റെ കലാസംവിധാനത്തിന് ശേഷം ഒരു കലാകാരന്റെ ജീവിതപശ്ചാത്തലത്തെ ഭംഗിയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്ത ചിത്രമാണ് ലൂക്ക.

കഴിവുകൾ കൊണ്ട് മാത്രം കാമുകിയുടെ ആകർഷണം പിടിച്ചു വാങ്ങുന്നവനല്ല സിനിമയിലെ നായകനായ ലൂക്ക. തിരിച്ചും അങ്ങനെ തന്നെ. തങ്ങളുടെ അരക്ഷിതത്വങ്ങളെയും മാനസിക വൈകല്യങ്ങളെയും പരസ്പരം പ്രകടിപ്പിക്കുന്ന, പങ്കുവെക്കുന്ന തരത്തിലുള്ള ബന്ധങ്ങളുടെ ദൃശ്യവിനിമയമാണ് ചിത്രം. ലൂക്ക എന്ന കഥാപാത്രം കലാപരമായി മികച്ചു നിൽക്കുന്ന, എന്നാൽ തന്റെ മാനുഷികമായ കുറവുകൾ പ്രകടിപ്പിക്കുന്ന ഒരു നായകനാണ്. നിഹാരിക തന്റെ വിയോജിപ്പുകളെ തുറന്ന് പറയാൻ മടിക്കാത്ത പെൺകുട്ടിയാണ്. എന്നാൽ കുറവുകൾക്കപ്പുറം മനുഷ്യരെ അടുപ്പിക്കുന്ന സ്നേഹത്തിൽ വിശ്വസിക്കുന്ന നായികയും. എന്നാൽ ഈ ഘടകങ്ങൾ ഒന്നും കണ്ട് മറന്ന ശൈലിയിലല്ല, മറിച്ച് ആണിന്റെയും പെണ്ണിന്റെയും കാഴ്ചപ്പാടിൽ നിന്ന് ഒരുപോലെ സൂക്ഷ്മമായി പറയുന്നതു കൊണ്ടാണ് ലൂക്കയിലെ പ്രണയം സത്യസന്ധമാകുന്നത്. ക്ലൈമാക്സിലെ കാരണങ്ങൾക്കെല്ലാം അർത്ഥങ്ങൾ ഉണ്ടാകുവാൻ കാരണം പ്രണയത്തിന്റെ വിവിധ തലങ്ങളിലേക്കുള്ള ആഴത്തിലുള്ള നിരീക്ഷണമാണ്. കാമുകിക്ക് മുന്നിൽ പറയപ്പെടുന്ന ആണത്തത്തിന്റെ കപട മുഖംമൂടി ധരിക്കുന്നവനല്ല ലൂക്ക. തന്റെ ഉള്ളിലുള്ള വ്യക്തിത്വത്തെ മുൻവിധികളില്ലാതെ ഏറ്റവും സത്യസന്ധമായി പ്രകടിപ്പിച്ച കാമുകനാണ്, സുഹൃത്താണ്.

നിഹാരിക എന്ന അഹാന കൃഷ്ണന്റെ കഥാപാത്രം ബോൾഡുമാണ് എന്നാൽ മറ്റൊരു തലത്തിൽ ‘Emotionally insecure’ ആയ ഒരു കഥാപാത്രമായാണ് അനുഭവപ്പെട്ടത്. വൈകാരികമായ തന്റെ അരക്ഷിതത്ത്വങ്ങളെ പങ്ക് വെക്കുകയും, ഒരേപോലെ ലൂക്കയോട് പ്രകടിപ്പിക്കുകയും ചെയ്യുന്ന നായികാ കഥാപാത്രം.

ടോവിനോ തോമസ് തന്റെ കരിയറിലെ കഥാപാത്ര തിരഞ്ഞെടുപ്പിൽ പുലർത്തുന്ന സൂക്ഷ്മത അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളിലും പ്രകടമാണ്. മാത്തന് ശേഷം വൈകാരിക മുഹൂർത്തങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് ലൂക്ക. എന്നാൽ തന്റെ പ്രകടനത്തിൽ ആവർത്തന വിരസത തോന്നിക്കാത്ത വിധം ഓരോ കഥാപാത്രവും അവതരിപ്പിക്കുന്നതിൽ ടോവിനോ തോമസ് എന്ന നടൻ കൈയ്യടികൾ അർഹിക്കുന്നു. ലൂക്ക എന്ന കഥാപാത്രം പോകുന്ന സംഘർഷങ്ങളിലൂടെ ഒട്ടും പതറാതെ കഥാപാത്രത്തിനൊപ്പം സഞ്ചരിക്കുന്ന നടനെ ചിത്രത്തിൽ കാണാം. അഹാന എന്ന നടിക്ക് നിഹാരിക എന്ന കഥാപാത്രം കരിയറിന്റെ പുതിയൊരു ദിശയിലേക്ക് നയിക്കുന്ന ഒന്നാണ്. നിതിൻ ജോർജ് എന്ന പുതുമുഖ നടനും മികച്ച തുടക്കമാണ് കൈവരിച്ചത്. അക്ബർ ഹുസൈൻ എന്ന കഥാപാത്രം വൃത്തിയോടെ തന്നെ അദ്ദേഹം കൈകാര്യം ചെയ്തു.

ലൂക്ക ഒരു യാത്രയാണ്, ബന്ധങ്ങളുടെ ആഴങ്ങളിലേക്ക് ലൂക്കയുടെയും നിഹാരികയുടെയും ഒപ്പമുള്ള ഒരു യാത്ര. സ്നേഹത്തിന്റെ പല അർത്ഥങ്ങളിലേക്ക് പ്രേക്ഷകനെ നയിക്കുന്ന യാത്ര. കലയുടെയും കലാകാരന്റെയും ജീവിതത്തിലൂടെ അവരുടെ വൈകാരിക വശം പറഞ്ഞു പോകുന്ന ചിത്രം. ഒരേസമയം കലാപരമായും, വാണിജ്യപരമായും പ്രേക്ഷകനെ തൃപ്തിപെടുത്തുവാൻ ലൂക്കയ്ക്ക് സാധിച്ചേക്കും.

ശംഭു ദേവ്

ശംഭു ദേവ്

തൃശൂര്‍ ചേതന കോളേജ് വിദ്യാര്‍ത്ഥി, സിനിമാസ്വാദകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍