UPDATES

സിനിമാ വാര്‍ത്തകള്‍

3Dയിൽ ഒരു ‘ലോകസിനിമ’: മോഹൻലാൽ സംവിധായകനാകുന്ന ആദ്യചിത്രം ‘ബറോസ്സ്’

ഇതേവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ വെമ്പുന്ന ഒരു മനസ്സാണ് തന്റേതെന്ന് മോഹൻലാൽ ബ്ലോഗിൽ പറയുന്നു.

നടൻ മോഹൻലാൽ സംവിധായകനാകുന്നു. ‘ബറോസ്സ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണിതെന്നും മോഹൻലാൽ‌ വ്യക്തമാക്കി.

പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് സിനിമ തയ്യാറാകുന്നത്. ‘അറബിക്കഥകൾ വിസ്മയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസ്സുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസ്സിന്റെ തീർത്തും വ്യത്യസ്തമായ ഒരു ലോകം തീർക്കണം എന്നാണ് എന്റെ സ്വപ്നം…’- ലാൽ തന്റെ ബ്ലോഗിൽ പറഞ്ഞു.

മുമ്പ് താനും ടികെ രാജീവ് കുമാറും ചേർന്ന് ഒരു 3D സ്റ്റേജ് ഷോ നടത്തണമെന്ന് ആലോചിച്ചിരുന്നെന്നും അതിനു വേണ്ടിവരുന്ന ഭീമമായ തുക ചെലവിടാൻ കഴിയില്ലായെന്നതിനാൽ പിൻവാങ്ങുകയായിരുന്നെന്നും മോഹൻലാൽ വ്യക്തമാക്കി. അന്നത്തെ ആലോചനയാണ് ഇന്ന് മറ്റൊരു വിധത്തിൽ സഫലമാകാൻ പോകുന്നതെന്ന് ലാൽ പറഞ്ഞു.

കഥയെക്കുറിച്ചുള്ള ചെറിയ സൂചനയും മോഹൻലാൽ നൽകുന്നുണ്ട്: “…ഒരു മലബാർ തീരദേശ മിത്ത്. (Barroz – Guardian of D’ Gama’s Treasure). പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. ഗാമയുടെ നിധി സൂക്ഷിക്കുന്നയാളാണ് ബറോസ്സ്. നാനൂറിലധികം വർഷമായി അയാളത് കാത്തു സൂക്ഷിക്കുന്നു. യഥാർത്ഥ പിന്തുടർച്ചക്കാർ വന്നാൽ മാത്രമേ അയാൾ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവർ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് കഥ.”

ഇതേവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ വെമ്പുന്ന ഒരു മനസ്സാണ് തന്റേതെന്ന് മോഹൻലാൽ ബ്ലോഗിൽ പറയുന്നു. ഇന്ത്യയിലെ ആദ്യ 3D സിനിമ സംവിധാനം ചെയ്ത ജിജോ (നവോദയ) യാണ് ഈ സിനിമയ്ക്ക് കഥയെഴുതിയതെന്നും ലാൽ വിശദീകരിച്ചു. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ മുതലുള്ള ബന്ധമാണ് ജിജോയുമായി തനിക്കുള്ളതെന്നും ലാൽ പറഞ്ഞു.

ഗോവയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്. നിരവധി വിദേശ താരങ്ങളെ സിനിമയ്ക്ക് ആവശ്യമായി വരും. ഇതിനുള്ള അന്വേഷണം തുടങ്ങിയതായി ലാൽ പറഞ്ഞു. കുട്ടിയായി അഭിനയിക്കുന്നയാളും വിദേശിയായിരിക്കും. ഇതൊരു തുടർ സിനിമയായിട്ടായിരിക്കും സൃഷ്ടിക്കപ്പെടുക. തന്റേത് ഒരു ‘ലോകസിനിമ’യായിരിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.

ലാലിന്റെ ബ്ലോഗ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍