UPDATES

സിനിമ

ആ ചതി അയാൾക്ക് പൊറുക്കാവുന്നതല്ല; ‘ഇഷ്ക്’ ചർച്ച ചെയ്യാൻ എന്തുകൊണ്ട് മലയാളി മടിക്കുന്നു?

നായകനായ ഷെയ്ൻ നിഗത്തിന്റെ കഥാപാത്രത്തോട് സ്വയം താദാത്മ്യം പ്രാപിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിച്ചു കൊണ്ടാണ് തിരക്കഥാകൃത്തും സംവിധായകനും തങ്ങളുടെ ‘ക്രിമിനൽ ഗൂഢാലോചന’ നടപ്പാക്കുന്നത്.

സിനിമയുടെ തുടക്കത്തിലെ ചെറിയ ലാഗ് ഒഴിച്ചു നിർത്തിയാൽ മികച്ചൊരു ത്രില്ലർ അനുഭവം നൽകുന്ന ചിത്രമാണ് അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്ക്. ആദ്യദിനം തന്നെ വിമർശക പ്രശംസ നേടാനും ചിത്രത്തിന് കഴിഞ്ഞിരുന്നു. മലയാളി ആണുങ്ങളുടെ സദാചാര കാപട്യത്തെ സർവ്വ കോണുകളില്‍ നിന്നും അടിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ ആശയപരമായ പ്രത്യേകത. ഇത്തരത്തിൽപ്പെട്ട ആദ്യത്തെ ചിത്രമൊന്നുമല്ല ഇഷ്ക്. എങ്കിലും ഇന്നുവരെ ആരും കൈകാര്യം ചെയ്തിട്ടില്ലാത്ത വിധത്തിലാണ് ചിത്രത്തെ തിരക്കഥാകൃത്തും സംവിധായകനും പരിചരിച്ചിരിക്കുന്നത്. എന്നിട്ടും സോഷ്യൽ മീഡിയയിലോ മറ്റിടങ്ങളിലോ വേണ്ടത്ര ചർച്ചകൾ ചിത്രത്തെ ചുറ്റിപ്പറ്റി ഉയരുന്നില്ല. ‘ഉയരെ’ എന്ന ചിത്രത്തിന് സോഷ്യൽ മീഡിയാ നാഗരികരിൽ നിന്നും ലഭിച്ച പിന്തുണ ഈ ചിത്രത്തിന് കിട്ടുന്നില്ലെന്നു തന്നെ വേണം പറയാൻ. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? ഇഷ്കിനെ വാഴ്ത്താന്‍ സോഷ്യൽ മീഡിയയിലെ ആണിനും പെണ്ണിനും എന്താണൊരു മടി? ഒന്ന് പരിശോധിക്കാതിരിക്കുന്നത് ശരിയല്ല.

സദാചാര മാമൂലുകളെ അടുത്തകാലത്തിറങ്ങിയ നിരവധി ചിത്രങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സദാചാരക്കാരെ പ്രതിസ്ഥാനത്ത് നിർത്തുന്ന കുമ്പളങ്ങി നൈറ്റ്സും, സദാചാരക്കാരൻ നായകനായി പരിണമിക്കുന്ന തൊണ്ടി മുതലും ദൃക്സാക്ഷിയും മുതൽ നിരവധി ചിത്രങ്ങൾ ഒരു സാമൂഹ്യപ്രശ്നത്തിന്റെ വിവിധ വശങ്ങളെ ചർച്ചയിൽ കൊണ്ടുവന്നിട്ടുണ്ട്. ഈ വിഷയത്തിൽ നാഗരികരുടെ കാഴ്ചപ്പാടും ഗ്രാമവാസിയുടെ കാഴ്ചപ്പാടും തമ്മിൽ വലിയ അന്തരമുണ്ടാകുമെന്നത് സ്വാഭാവികം മാത്രം. ഏറെ വിമർശനങ്ങളും പരിഹാസങ്ങളും കേട്ട കിളിനംകോട്ടുകാർ തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിച്ചത് ‘ബെസർപ്പിന്റെ ചൊയ അറിഞ്ഞവരാണ്’ തങ്ങളെന്ന് അവകാശപ്പെട്ടു കൊണ്ടായിരുന്നുവല്ലോ. സദാചാര മാമൂലുകളുടെ കാര്യത്തിലെ ക്ലാസ് പ്രശ്നം സിനിമയില്‍ ആരുമങ്ങനെ ചർച്ച ചെയ്തിട്ടില്ല; തൊണ്ടിമുതലും ദൃക്സാക്ഷിയുമൊഴികെ. ഈ ചിത്രത്തില്‍ നായിക വിവാഹം ചെയ്യുന്നതും ആഹ്ലാദത്തോടെ ജീവിക്കുന്നതും ഒരു സദാചാരക്കാരന്റെ കൂടെയാണ്. ‘ബെസർപ്പിന്റെ ചൊയ’ ഒരു വിഷയം തന്നെയാണ്!

ഇതേ സദാചാരപ്രശ്നത്തെ തികച്ചും വേറിട്ട ഒരു തലത്തിലൂടെ കാണാൻ ശ്രമിക്കുകയാണ് ഇഷ്കിന്റെ പിണണിക്കാർ. പല അടരുകളിലായി, മലയാളിയായി പിറന്നിട്ടുള്ള ഓരോ ആണിനും പെണ്ണിനുമുള്ളിൽ പല അടരുകളിലായി ഊറിക്കിടക്കുന്ന ഭീരുത്വം നിറഞ്ഞ സദാചാരപരതയെ ഓരോന്നോരോന്നായി തോണ്ടിത്തോണ്ടി പുറത്തെടുക്കുന്നതിൽ ഈ ചിത്രം ഒരുക്കിയവർ ആഹ്ലാദം കണ്ടെത്തുന്നുണ്ട്. സദാചാരക്കാരനായ ആൺ വില്ലനും പുരോഗമനകാരിയായ ആൺ നായകനും ഈ ചിത്രത്തിലില്ല. ഇക്കാര്യത്തിൽ എല്ലാവര്‍ക്കുമുള്ളിൽ ഒളിഞ്ഞിരിക്കുന്ന വില്ലനെ പുറത്തെടുത്ത് കുത്തിനു പിടിച്ച് ചോദ്യം ചെയ്യുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ഇതു തന്നെയാണ് ആഘോഷക്കമ്മറ്റിക്കാൻ അധികമില്ലാത്തതിന്റെ കാരണവും.

സദാചാരക്കാര്‍ വികസനമെത്തിച്ചേർന്നിട്ടില്ലാത്ത ‘കിളിനംകോടുകാരനാ’ണ് എന്ന് മലയാളി തീരുമാനിച്ചു വെച്ചിട്ടുണ്ട്. കിളിനംകോടുകാരുടെ അഭിപ്രായമാരായാതെയാണ് ആ ഗ്രാമവാസികളുടെ മേൽ പ്രസ്തുത ‘ഭീകരാക്രമണം’ മലയാളി സംഘടിപ്പിച്ചത്. ഇതിന്നുവരെ ആരും ചോദ്യം ചെയ്യാൻ മുതിർന്നിട്ടുമില്ല. ഈ ധാരണയ്ക്ക് ഒരടി, ചെകിടടച്ചു തന്നെ, കൊടുക്കുന്നുണ്ട് ഇഷ്ക്.

നായകനായ ഷെയ്ൻ നിഗത്തിന്റെ കഥാപാത്രത്തോട് സ്വയം താദാത്മ്യം പ്രാപിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിച്ചു കൊണ്ടാണ് തിരക്കഥാകൃത്തും സംവിധായകനും തങ്ങളുടെ ‘ക്രിമിനൽ ഗൂഢാലോചന’ നടപ്പാക്കുന്നത്. നഗരത്തിലെ ഒരിടത്തരം കുടുംബത്തിൽ പിറന്ന ഐടിക്കാരനായ ഒരു പയ്യൻ. അയാൾക്ക് തികച്ചും തുറന്നതെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രണയബന്ധവുമുണ്ട്. കാമുകിയുമായുള്ള സംസാരങ്ങളിൽ അയാൾ പിന്തിരിപ്പനുമല്ലെന്ന് മനസ്സിലാക്കാം. ചുരുക്കത്തിൽ പടം കണ്ടുതുടങ്ങുന്ന യുവപ്രേക്ഷകന് അയാളില്‍ തന്നെത്തന്നെ കാണാൻ വലിയ പ്രയാസമൊന്നും അനുഭവപ്പെടുന്നില്ല. ഈ നൂലിൽപ്പിടിച്ചാണ് സംവിധായകൻ സിനിമയെ/പ്രേക്ഷക’നെ’ നയിക്കുന്നത്.

പിന്നീട് ഷെയ്ൻ നിഗമിന്റെ കഥാപാത്രം നടത്തുന്ന ഓരോ പെരുമാറ്റത്തിനും പഞ്ച് ഡയലോഗുകൾക്കും തിയറ്ററിൽ ലഭിക്കുന്ന കൈയടി പ്രേക്ഷകൻ അയാളെ താനായി സ്വീകരിക്കുന്നതിന്റെ സൂചനകളാണ്. നായികയുമായി റസ്റ്ററന്റിൽ സല്ലപിച്ചിരിക്കവെ അവളെ തുറിച്ചു നോക്കിയ യുവാവിനെ അവൻ കൈകാര്യം ചെയ്യുന്ന ഘട്ടത്തിൽ ആ ‘ചീപ്പ് ഷോ’യ്ക്ക് ലഭിക്കുന്ന കൈയടിയും ഇതേ വസ്തുത ഉറപ്പിക്കുന്നതാണ്.

ഇന്റർവെല്ലിനു ശേഷം ഷൈൻ ടി ചാക്കോയുമൊത്തുള്ള ത്രില്ലൻ രംഗങ്ങളിലും ഇതേ ‘ആൺ കൈയടികൾ’ നമുക്ക് കേൾക്കാം. ഏറ്റവുമൊടുവിൽ ചിത്രമവസാനിക്കുന്നതിനു തൊട്ടു മുമ്പ് ജാഫർ ഇടുക്കിക്കൊപ്പമുള്ള രംഗത്തിനും നായകനു വേണ്ടിയുള്ള ചിരികളും കൈയടികളും ലഭിക്കുന്നു.

ഇവിടെ നിന്ന് ക്ലൈമാക്സിലേക്കുള്ള സഞ്ചാരത്തിനിടയിലാണ് സംവിധായകന്റെയും തിരക്കഥാകാരന്റെയും മരവിപ്പിക്കുന്ന ഗൂഢാലോചന പ്രേക്ഷകനെ ബാധിക്കുന്നത്. അയാൾ വ്രണിതനാകാതെ തിയറ്റർ വിട്ടിറങ്ങില്ല. കുറ്റബോധത്തോടെയല്ലാതെ അയാൾക്ക് തന്റെ തന്നെ കൈയടികളെ ഓർത്തെടുക്കാനാകില്ല. ആ ചതി അയാൾക്ക് പൊറുക്കാനാവുന്നതല്ല. വിദഗ്ധമായി താനൊളിപ്പിച്ചു വെച്ചു എന്ന് കരുതിയിരുന്ന സദാചാര ലിംഗം ഉപ്പ് വീണ ഒച്ചിനെപ്പോലെ ഉരുകി വീഴുന്നത് അയാള്‍ക്ക് കാണേണ്ടി വരികയാണ്. ഈ സിനിമ എങ്ങനെയാണ് നാഗരികനായ മലയാളി ചര്‍ച്ചയ്ക്കെടുക്കുക?

Read More: ഷെയിൻ ഒരു നല്ല കാമുകനേ അല്ല; മലയാളി കുലപുരുഷൻമാരുടെ മുഖത്തടിച്ച് ഇഷ്ക്

Avatar

വാനവരമ്പന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍