UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി എസും പിണറായിയും തോമസ് ഐസക്കിനെ പിന്തുണയ്ക്കണം: ഡോ എംപി പരമേശ്വരന്‍

Avatar

എംപി പരമേശ്വരന്‍/ ധനശ്രീ

ഡോ.എം.പി. പരമേശ്വരന്‍. മാര്‍ക്‌സിസ്റ്റ് ചിന്തകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, ആണവശാസ്ത്രജ്ഞന്‍, ശാസ്ത്രപ്രചാരകന്‍, ശാസ്ത്ര സാഹിത്യകാരന്‍ എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചയാള്‍. ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രജ്ഞനായും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍ നിര പ്രവര്‍ത്തകനായുമെല്ലാം പതിറ്റാണ്ടുകള്‍ നീണ്ട അനുഭവബോധ്യത്തിന് ഇന്ന് എണ്‍പത് വയസിന്റെ ഇരുത്തവും തഴക്കവും വന്നിരിക്കുന്നു. വര്‍ത്തമാനകാല രാഷ്ട്രീയ, പാരിസ്ഥിതിക സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങളില്‍ ജനാധിപത്യ ബോധത്തോടെയുള്ള പ്രതിവിധികള്‍ മുന്നോട്ടുവയ്ക്കുകയാണ് എം പി അഴിമുഖത്തിലൂടെ.

ഗാന്ധിദര്‍ശനങ്ങളുമായി ചങ്ങാത്തം കൂടുന്നതെങ്ങനെയാണ്?

നമ്പൂതിരി വിദ്യാലയത്തില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അലയൊലികള്‍ തൃശൂരിലും അലയടിക്കുന്നുണ്ടായിരുന്നു. ഇക്കാലത്താണ് ഖാദി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നത്. അന്നൊക്കെ നൂല്‍ നൂല്‍ക്കാനാണ് ആദ്യം പഠിപ്പിക്കുക. അച്ഛന്റെ ജ്യേഷ്ഠന്റെ മകനുള്‍പ്പെടെ അഞ്ച് പേര്‍ അതിന്റെ ഭാഗമായി. എനിക്കന്ന് പ്രായം കുറവാണ്. വൈകിയതിനാല്‍ എനിക്കവര്‍ക്കൊപ്പം ചേരാനായില്ല. എന്നിട്ടും എനിക്ക് വെറുതെ ഇരിക്കാനായില്ല. തൃശൂര്‍ റൗണ്ടില്‍ ഖാദി പ്രചാരക സംഘത്തിന്റെ ഓഫീസുണ്ട്. പരുത്തികൊടുക്കും, ചര്‍ക്കയുമുണ്ട് അവിടെ. അവിടെ ചെന്ന് കാര്യം പറഞ്ഞു. അതിനു മുമ്പ് തക്കിലിയില്‍ നൂല്‍ നൂല്‍ക്കാന്‍ പഠിപ്പിച്ചിരുന്നു. (മച്ചിങ്ങയില്‍ നൂല്‍ നൂല്‍ക്കും). അന്ന് ഒരു അമ്മാവനുണ്ട് വടക്കാഞ്ചേരിയില്‍. വക്കീലാണ്. ഖദര്‍ മാത്രം ധരിക്കുന്ന കോണ്‍ഗ്രസുകാരന്‍. എന്റെ താല്‍പ്പര്യം കണ്ടതോടെ അമ്മാവന്‍ ചര്‍ക്ക വാങ്ങിത്തന്നു. ആദ്യകാലത്ത് അങ്ങനെ ഒരു പാര്‍ട്ടിയോടും ബന്ധമില്ല. ഗാന്ധിയെ പറഞ്ഞും കേട്ടുമൊക്കെ അറിയാം. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കല്‍ സമരമാര്‍ഗ്ഗമാണെന്നറിയാം. അന്നത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട അന്തരീക്ഷത്തിന്റെ ഭാഗമായി ആ പ്രസ്ഥാനവുമായി ബന്ധപ്പെട്ടെന്നേയുള്ളൂ. പിന്നീട് സ്ഥിരമായി നൂല്‍ നൂറ്റ് നെയ്ത്തുകാര്‍ക്ക് കൊടുത്ത് തുണിയാക്കും. അന്ന് അതൊക്കെ ധരിച്ച് നടക്കുമ്പോള്‍ ഒരു പ്രത്യേക രസമായിരുന്നു. ഗാന്ധി മരിക്കുമ്പോള്‍ ഞാന്‍ ഒമ്പതാം ക്ലാസിലാണ്. ഞാന്‍ സി.എം.എസില്‍ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യം കിട്ടുന്നത്.


ആണവശാസ്ത്രജ്ഞനാകുന്നതെങ്ങനെയാണ് ?

സെന്റ് തോമസിലെ പഠനം കഴിഞ്ഞ് എന്‍ജിനീയറിംഗിന് ചേര്‍ന്നു. ബോംബെയില്‍ ടാറ്റ ഹൈക്ക് എന്ന കമ്പനിയില്‍ അപ്രന്റീസായിട്ടായിരുന്നു തുടക്കം. പിന്നീട് ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ചേര്‍ന്നു. അന്ന് സാധാരണ എഞ്ചിനീയര്‍മാരെ അറ്റോമിക് എഞ്ചിനീയര്‍മാരാക്കാന്‍ പരിശീലനമുണ്ടായിരുന്നു. 1957-ല്‍ ആണത്. അതിനും ചേര്‍ന്നു. ലോകത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഒക്കെ ആലോചിക്കുന്നത് അപ്പോഴാണ്. ആ വര്‍ഷം ഒക്ടോബറിലാണ് സ്പുട്‌നിക് വിക്ഷേപിക്കുന്നത്. പിന്നെ ഉപരിപഠനത്തിന് സോവിയറ്റ് യൂണിയനില്‍ പോകണമെന്നായി ആഗ്രഹം. നവംബറില്‍ പുതിയ ബാച്ച് തുടങ്ങുമെന്ന് അറിഞ്ഞു. സ്‌കോളര്‍ഷിപ്പിന്റെ പരസ്യം വന്നു, അപേക്ഷിച്ചു. 1962-ലാണത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറ്റോമിക് പവര്‍‌സ്റ്റേഷനിലായിരുന്നു ഗവേഷണം. ബാര്‍ക്കിലെ നാലു കൊല്ലത്തെ അനുഭവജ്ഞാനം എം എസ് സിയ്ക്ക് തത്തുല്യമാക്കി കണക്കാക്കി പി എച്ച് ഡിയ്ക്ക് അനുവദിക്കുകയായിരുന്നു.

റഷ്യന്‍ വാസമാണോ ഇടത് ബോധം വളര്‍ത്തിയത് ?

റഷ്യയില്‍ വച്ചാണ് സോഷ്യലിസം എന്താണെന്ന് അറിയുന്നത്. അന്ന് തന്നെ സോഷ്യലിസം എന്താകുമെന്നും തിരിച്ചറിഞ്ഞു. അവിടെ ദാരിദ്ര്യമുണ്ടായിരുന്നില്ല. ആര്‍ക്കും ഭാവിയെക്കുറിച്ച് വേവലാതിയില്ല. വയസുകാലത്ത് പെന്‍ഷനുണ്ട്. രോഗത്തിന് സൗജന്യചികിത്സ, വിദ്യാഭ്യാസത്തിന് സ്‌റ്റൈപന്റ് അങ്ങനെയെല്ലാമുണ്ട്. പണം സമ്പാദിക്കുക എന്നത് അവരുടെ ആവശ്യമേയല്ല. കുട്ടികള്‍ക്ക് ഇത്രയും ശ്രദ്ധകൊടുക്കുന്ന രാജ്യം വേറെയില്ല. അതുകണ്ടപ്പോള്‍ ഇന്ത്യയിലും അങ്ങനെ വേണമെന്ന് തോന്നി. അതോടൊപ്പം അന്ന് അപചയത്തിന്റെ ലക്ഷണങ്ങളും കാണാനായി. ഭരണത്തിലിരുന്ന പാര്‍ട്ടി കൂടുതല്‍ ബ്യൂറോക്രാറ്റിക് ആയി. പാര്‍ട്ടിയെ ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത അവസ്ഥ. പാര്‍ട്ടി അവര്‍ക്ക് അര്‍ഹിക്കാത്ത ആനുകൂല്യങ്ങള്‍ അനുഭവിക്കാനും തുടങ്ങി. ഈ തിരിച്ചറിവ് വരുന്നത് മറ്റ് റഷ്യന്‍ സുഹൃത്തുക്കളുമായുള്ള സഹവാസത്തില്‍ നിന്നാണ്. അന്ന് വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം എല്ലാവരും കൂടി ക്യാമ്പിന് പോകും. നൂറോ നൂറ്റമ്പത് കിലോമീറ്റര്‍ അകലെ കാട്ടിലൊക്കെ ടെന്റടിച്ചാകും അപ്പോള്‍ താമസം. രണ്ട് ദിവസമൊക്കെയുണ്ടാകും. അപ്പോള്‍ എല്ലാവരും ചുട്ടഇറച്ചിയും വോഡ്കയും കഴിക്കും. പിന്നെ എല്ലാവരും തമ്മില്‍ മനസ് തുറന്ന് സംസാരമായി. അവസാനകാലത്ത് റഷ്യയില്‍ ജനങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല. ഒറ്റപ്പാര്‍ട്ടി ഭരണമല്ലേ. പാര്‍ട്ടി ഒരു സ്ഥാനാര്‍ത്ഥിയെ നിറുത്തും. അംഗീകരിക്കാം, അംഗീകരിക്കാതിരിക്കാം. അംഗീകരിച്ചില്ലെങ്കില്‍ മറ്റൊരാളാകും സ്ഥാനാര്‍ത്ഥി. ഇത് പതനത്തിനുള്ള വഴിയാണെന്ന് മനസിലായി. തെറ്റുകള്‍ ഇല്ലാതാക്കാനുള്ള ആയുധം എപ്പോഴും ജനാധിപത്യമാണ്. ആ അനുഭവ പരിസരത്തില്‍ നിന്നാണ് ഇവിടെയും ജനങ്ങളാണ് സ്ഥാനാര്‍ത്ഥിയെ നിറുത്തേണ്ടതെന്ന് പറയുന്നത്. മൂന്നുവര്‍ഷം കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ ആ ബോധ്യങ്ങളുണ്ട്. പക്ഷേ സര്‍ക്കാര്‍ ജോലിക്കാരനായതിനാല്‍ പാര്‍ട്ടി രൂപീകരിക്കാനാവില്ല. പിന്നെ ശാസ്ത്ര പ്രചാരണമായി ലക്ഷ്യം. ഒരു പ്രസ്ഥാനത്തിനായി തിരയുമ്പോഴാണ് ശാസ്ത്ര സാഹിത്യ പരിഷത്തിനെ ശ്രദ്ധിക്കുന്നത്. 1965-ല്‍ ശാസ്ത്രപ്രചാരണത്തിനായി പരിഷത്തില്‍ അംഗമായി. പിന്നാലെ ബോംബെയിലെ ഭാഭ അറ്റോമിക് സെന്ററിലേക്ക് തന്നെ തിരികെ ജോലിക്ക് പോയി. അവിടെ പരിഷത്തിന്റെ യൂണിറ്റുകളുണ്ടാക്കി. ഹിന്ദി, ഗുജറാത്തി, മറാത്തി കൂടാതെ നാല് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഏഴു സംഘങ്ങളുണ്ടാക്കി. അവയുടെ ഫെഡറേഷനുമുണ്ടാക്കി. പിന്നാലെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള ക്ഷണമെത്തി. നാലു കൊല്ലം കൊണ്ട് പലരുമായി പരിചയമായി. ഇ.എം.എസുമായും മറ്റും ബന്ധപ്പെട്ടു.

ജോലിക്കിടെ അറ്റോമിക് എനര്‍ജിയുടെ റേഡിയേഷന്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാനായി. അറ്റോമിക് എനര്‍ജിയ്ക്ക് സ്‌കോപ്പില്ലെന്ന് തിരിച്ചറിയുകയും ചെയ്തു. അതോടെ ബാര്‍ക്കിലെ ജോലി ഉപേക്ഷിക്കാമെന്നുറച്ചു. അപ്പോഴാണ് സി പി എം പാര്‍ട്ടി പബ്ലിഷിംഗ് വിഭാഗം തുടങ്ങുന്നത്. ക്ഷണമെത്തിയതോടെ നടപടികള്‍ പൂര്‍ത്തിയാക്കി ജോലി രാജിവച്ച് 1975-ല്‍ ചിന്ത പബ്ലിഷേഴ്‌സില്‍ ചേരുകയും 1987 വരെ അവടെ ജോലി തുടര്‍ന്നു. പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ കുറയുന്നുവെന്ന് തോന്നിയതോടെ അവിടം വിട്ടു. പിന്നെ പരിഷത്തുമായി ബന്ധപ്പെട്ട് സാക്ഷരതാമിഷന്റെ പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ അടുത്തു. അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള ഒരു സംഘടനയും ഉണ്ടാക്കി. പാലക്കാട്ടെ ഇന്‍ഡഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജിയുമായും സഹകരിച്ചു. കേരളത്തില്‍ എറണാകുളത്തു നിന്നും ആരംഭിച്ച സാക്ഷരതായജ്ഞം ചരിത്രമാകുകയും ചെയ്തു.

ആണവശാസ്ത്രത്തിന് ഭാവിയെന്താണ് ?

ആദ്യകാലത്ത് ന്യൂക്ലിയര്‍ പ്രോഗ്രാമുകളെ വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. ഊര്‍ജ്ജത്തിന് മുഖ്യഉറവിടമാകും അതെന്ന് പലപ്പോഴും കരുതി. യാതൊരു അപകടവുമില്ല, ചെലവ് കുറവില്‍ ഊര്‍ജ്ജം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ അത് തെറ്റാണെന്ന് പിന്നീട് മനസിലായി. 1970-കളില്‍ പ്രതീക്ഷകളേ ഇല്ലാതായി. ന്യൂക്ലിയര്‍ പ്രോഗ്രാമുകള്‍ തിരിച്ചു കൊണ്ടുവന്നത് മന്‍മോഹന്‍ സിംഗാണ്. പിന്നീട് ബി.ജെ.പിയും ആ പാതയിലെത്തി. പക്ഷേ അവര്‍ക്ക് ആണവ ബോംബുണ്ടാക്കലായിരുന്നു പ്രധാനം. പക്ഷേ എല്ലാറ്റിനു പിന്നിലും ചില താല്‍പ്പര്യങ്ങളുണ്ട്. ശീതയുദ്ധം തീര്‍ന്നതോടെ സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. രാജ്യങ്ങളില്‍ ബോംബിനായി കരുതിയിരുന്ന യൂറേനിയം, പ്ലൂട്ടോണിയം പോലുള്ള ആണവമൂലകങ്ങളുണ്ട്. ഇത് ഉപയോഗിക്കണമെങ്കില്‍ ആണവറിയാക്ടറുകള്‍ വേണം. ഈ ലക്ഷ്യം വച്ചാണ് അമേരിക്ക ഇന്ത്യയെ കരുവാക്കിയത്. ഫലത്തില്‍ മന്‍മോഹന്‍ ഇന്ത്യയെ വില്‍ക്കുകയായിരുന്നു. അറ്റോമിക് എനര്‍ജിയെ കുറിച്ചറിയാത്ത എ.പി.ജെ അബ്ദുള്‍ കലാമും മറ്റും ആണവോര്‍ജ്ജത്തിന് അനുകൂലമായിരുന്നു. ന്യൂക്ലിയര്‍ എനര്‍ജിയെക്കുറിച്ച് അദ്ദേഹത്തിന് കാര്യമായ വിവരമൊന്നും ഇല്ല. അദ്ദേഹത്തിന്റെ വിഷയമേ ഇതല്ല. അദ്ദേഹം അറ്റോമിക് എനര്‍ജിയെക്കുറിച്ച് എഴുതിയതെല്ലാം വിഡ്ഢിത്തങ്ങളാണ്. ഈ ആണവകരാറുമായി ബന്ധപ്പെട്ടാണ് ഇടത് പക്ഷം കേന്ദ്രത്തിന് പിന്തുണ പിന്‍വലിച്ചത്. പക്ഷേ ജനങ്ങള്‍ ഇതൊന്നും തിരിച്ചറിയുന്നില്ല. മേധാപ്പൂരായാലും കൂടംകുളമായാലും പ്രാദേശികമായ ചില ചെറുത്തുനില്‍പ്പേ ഉണ്ടായുള്ളൂ. തങ്ങളെ നേരിട്ട് ബാധിക്കില്ലല്ലോ എന്ന ചിന്തയായിരുന്നു ജനങ്ങള്‍ക്ക്.

പക്ഷേ അടിസ്ഥാനപരമായി ഒരു പ്രശ്‌നം ഇവിടെയില്ലേ. ശാസ്ത്രജ്ഞന്മാര്‍ യുക്തിഭദ്രവും വസ്തുനിഷ്ഠവുമായാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. പക്ഷേ ജനം അതിന് ചെവികൊടുക്കാറേയില്ല. ആണവകരാറിനെതിരെയും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് അനുകൂലമായും ഉള്ള നീക്കങ്ങളെ വൈകാരികമായാണ് ജനം എതിര്‍ത്തത്. എന്തായിരുന്നു പ്രശ്‌നം ?

ജനങ്ങള്‍ക്ക് അവരവരുടേതായി താല്‍പ്പര്യങ്ങളുണ്ട്. നാളത്തെ സമൂഹത്തിനുവേണ്ടി പ്രകൃതിയെ സംരക്ഷിക്കണോ ഇന്നത്തെ ആവശ്യത്തിന് ഊര്‍ജ്ജം വേണോ എന്ന ചോദ്യത്തിന് അവര്‍ ഊര്‍ജ്ജത്തിന് പ്രാധാന്യം കൊടുക്കും. അതിന് വേറെ മാര്‍ഗ്ഗമില്ലെന്ന പ്രചരണം അവരെ കീഴ്‌പ്പെടുത്തും. അത് സങ്കീര്‍ണ്ണമായ കാര്യമാണ്. പക്ഷേ ഇതിലൊരു കാര്യമുണ്ട്. വൈകാരികമായി അവര്‍ ചെയ്യുന്നതെല്ലാം ശാസ്ത്ര വിരുദ്ധമായി മാറും. ശാസ്ത്രജ്ഞന് വസ്തുനിഷ്ഠമായേ ചെയ്യാനാകൂ. പിന്നെ അവയെ ജീവിതവുമായി ബന്ധപ്പെടുത്തി ബോധ്യപ്പെടുത്താനാകണം. അതിന് ജനമദ്ധ്യത്തിലേക്ക് ഇറങ്ങി സംവദിക്കേണ്ടി വരും.

ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്തശേഷം നടപ്പിലാക്കണമെന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം പോലും ജനം കേട്ടതുപോലുമില്ല?

അവതരണത്തിലും ഘടനയിലും കുറച്ചുകൂടി ശ്രദ്ധ ഗാഡ്ഗിലിന് പുലര്‍ത്താമായിരുന്നു. ചില കാര്യങ്ങളില്‍ അദ്ദേഹത്തിന് തെറ്റുപറ്റി. നിലവിലെ നിയമങ്ങള്‍ പലതും അദ്ദേഹം അതില്‍ ക്രോഡീകരിച്ചിട്ടുണ്ട്. 90 ശതമാനം ഇപ്പോഴുള്ള നിയമങ്ങളാണ് റിപ്പോര്‍ട്ടിലുമുള്ളത്. ആ നിയമങ്ങളുടെ അപര്യാപ്ത തിരുത്തണമെന്ന് നിര്‍ദ്ദേശിക്കാമായിരുന്നു. അങ്ങനെയെങ്കില്‍ പത്തോ അമ്പതോ പേജുകളില്‍ റിപ്പോര്‍ട്ട് ഒതുങ്ങിയേനെ. എന്നാല്‍ അദ്ദേഹം പുതിയ പുതിയ സങ്കല്‍പ്പങ്ങളുപയോഗിച്ചു. ജനങ്ങള്‍ക്ക് അത് മനസിലാക്കാനായില്ല.

നാലാം ലോക വാദം, വിഭവ ഭൂപട കൈമാറ്റം, വിദേശ ഫണ്ട്… എന്ത് തോന്നുന്നു, അന്നത്തെ വിവാദങ്ങളോട് ?

പച്ചക്കള്ളമായിരുന്നു അതെല്ലാം. ഒരര്‍ത്ഥവുമില്ലായിരുന്നു. പിന്നെ ആര്‍ക്കും പറയാന്‍ ലൈസന്‍സുണ്ടല്ലോ. മാപ്പ് മുഴുവന്‍ സാറ്റലൈറ്റ് വഴി ലഭ്യമാണ്. അത് അമേരിക്കയ്ക്കും കിട്ടും. സുധീഷും എം.എന്‍. വിജയനും പറഞ്ഞതൊക്കെ ഒന്നുകില്‍ വിവരക്കേടാണ്. അല്ലെങ്കില്‍ തെമ്മാടിത്തരം. അറിഞ്ഞുകൊണ്ട് വിവരക്കേട് പറഞ്ഞെങ്കില്‍ തെമ്മാടിത്തരമാണത്. സാറ്റലൈറ്റ് ലൊക്കേഷനെ കുറിച്ചൊക്കെ അറിയില്ലെങ്കില്‍ അവര്‍ വിഡ്ഢികളാണ്. സാധാരണ പറയുക ഒന്നുകില്‍ വിഡ്ഢികള്‍ അല്ലെങ്കില്‍ കള്ളന്മാര്‍ എന്നല്ലേ. പിന്നെ അതൊക്കെ വേറെ കാര്യങ്ങള്‍ക്കാണ് അന്ന് ഉപയോഗിച്ചത്. അന്നത്തെ കാലഘട്ടത്തില്‍ പിണറായി-വി.എസ് തര്‍ക്കത്തിന്റെ ഭാഗമായിരുന്നു ഈ വിവാദവും. പി.ബിയിലെ ഒരാളും ഞാന്‍ തെറ്റുചെയ്‌തെന്ന് വിശ്വസിക്കുന്നില്ല. ഞാന്‍ പാര്‍ട്ടിക്കാരനല്ല എന്ന് ആരും ഇപ്പോഴും കരുതുന്നുമില്ല. നേരിട്ട് വിദേശഫണ്ട് സ്വീകരിക്കില്ല എന്നത് പരിഷത്തിന്റെ പണ്ടേയുള്ള നയമാണ്. എന്നാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന വിദേശഫണ്ട് ഉപയോഗിക്കേണ്ടിവരും. ജലനിധി, അഹാഡ്‌സ് അങ്ങനെ നിരവധി പദ്ധതികള്‍ക്ക് വിദേശഫണ്ടാണ് ഉപയോഗിക്കുന്നത്. ജപ്പാനീസ് ഫണ്ടാണ് അഹാഡ്‌സിന്റേത്. ജലനിധിയുടെ ഫണ്ടും അങ്ങനെതന്നെ. ഒരു ഏജന്‍സി എന്ന നിലയില്‍ അവയൊക്കെ സര്‍ക്കാരുവഴി ഉപയോഗിക്കേണ്ടി വരും.

സൈലന്റ് വാലി പോലുള്ള പരിസ്ഥിതി മുന്നേറ്റങ്ങളിലൂടെ പേരെടുത്ത പരിഷത്ത് ഇന്ന് പിന്നോട്ടു പോകുന്നുണ്ടോ?

സൈലന്റ് വാലി സമരത്തിന്റെ വിജയം പരിഷത്തിന്റെ ചരിത്രത്തിലെ പൊന്‍തൂവലാണ് സംശയമില്ല. ഇപ്പോള്‍ പരിഷത്ത് എല്ലാ ജലവൈദ്യുത പദ്ധതികളേയും എതിര്‍ക്കുന്നില്ല എന്നാണ് ചിലരുടെ പരാതി. സൈലന്റ് വാലി വിലമതിക്കാനാവാത്ത ഭൂപ്രകൃതിയാണ്. പക്ഷേ ആ പദ്ധതിയില്‍ നിന്ന് കിട്ടുന്ന ഊര്‍ജ്ജമോ തുലോം കുറവാണ്. പാരിസ്ഥിതികമായി അത്ര മൂല്യമില്ലാത്ത സ്ഥലങ്ങളിലെ പദ്ധതികളില്‍ നിന്നും കിട്ടുന്ന ഊര്‍ജ്ജം കൂടുതലാണെങ്കില്‍ ഒറ്റയടിക്ക് നോ പറയാനാവില്ല. അതിരപ്പിള്ളിയടക്കം പരിഷത്തിന്റെ നിലപാട് അവിടെ പഠനം നടത്തണം എന്നതാണ്. സാദ്ധ്യമായ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടുകളില്‍ അതിന്റെ ഡീറ്റെയില്‍ഡ് പ്രൊജക്ടും പരിസ്ഥിതി പഠനവുമെല്ലാം ജനങ്ങള്‍ക്കു മുന്നില്‍ വച്ച് ചര്‍ച്ച ചെയ്യുക. ഒരു കൊല്ലം ചര്‍ച്ച ചെയ്യട്ടെ. ഗവണ്‍മെന്റിന്റെ വാദവും ഉള്‍പ്പെടുത്താം. ഒരു റഫറണ്ടം വയ്ക്കുക. വേണം, വേണ്ട, അറിയില്ല എന്ന രീതിയില്‍ ഉത്തരങ്ങളുമാകാം. വേണം എന്നാണെങ്കില്‍ അങ്ങനെയാകട്ടെ. പരിസ്ഥിതിയും ജനങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടെങ്കില്‍ തീരുമാനം ജനങ്ങളെടുക്കണം. ബാദ്ധ്യതയും ഉത്തരവാദിത്വവും അവര്‍ക്ക് തന്നെ എന്നതാണ് എന്റെ അഭിപ്രായം. നമുക്ക് അവരെ ബോധവത്കരിക്കാം. പക്ഷേ നമ്മള്‍ പറയുന്നത് കേള്‍ക്കണം എന്നു പറയുന്നത് ശരിയല്ല. പക്ഷേ ഇപ്പോഴത്തെ പരിസ്ഥിതി വാദികളില്‍ നല്ലൊരു ശതമാനം അവരാണ് തീരുമാനമെടുക്കേണ്ടതെന്ന ബോധ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ തീരുമാനം ജനങ്ങള്‍ അംഗീകരിക്കണമെന്നതാണ് അവരുടെ വാദവും.

പ്രാദേശിക സാമ്പത്തിക വ്യവസ്ഥ എന്ന സങ്കല്‍പ്പമെന്താണ് ?

ഭാവി നിലനില്‍പ്പിന് കേന്ദ്രീകൃത വ്യവസായ സംരംഭങ്ങള്‍ ഉപയോഗപ്പെടില്ലെന്നാണ് എന്റെ അഭിപ്രായം. ലോകത്തിന് വേണ്ട ഇരുമ്പ് ഒരു സ്ഥലത്ത് തന്നെ ഉണ്ടാക്കുക പ്രായോഗികമല്ല. പ്രാദേശികമായി വേണ്ടത് പ്രാദേശികമായി ഉണ്ടാക്കുക. അപ്പോള്‍ പ്രാദേശികമായി തൊഴിലായി. വികസനമായി. പ്രാദേശികമായി ഉപയോഗിക്കുന്നതോടെ പണത്തിന്റെ പ്രവാഹം പ്രാദേശികമായി കൂടും. ഇതിനൊക്കെ തടസ്സം നില്‍ക്കുന്നത് മദ്ധ്യവര്‍ത്തികളാണ്. ബഹുരാഷ്ട്രകമ്പനികളുടെ സാധനങ്ങള്‍ വാങ്ങിച്ചില്ലെങ്കിലും നമുക്ക് ജീവിക്കാനാകും. ബ്രാന്‍ഡ് ലോയല്‍റ്റിയും ഇല്ലാതാകും. ഇക്കാര്യത്തിലൊന്നും ബോധ്യമില്ലെങ്കില്‍ ജനം അടിമയാകും. കോഴിക്കോട് സബര്‍മതി യൂണിറ്റ് ഗ്രൂപ്പുണ്ട്. 20 പ്രൊഡക്ഷന്‍ യൂണിറ്റുണ്ട് അവര്‍ക്ക്. 400 ഓളം ഡിസ്ട്രിബ്യൂട്ടര്‍മാരുമുണ്ട്. ലോക്കല്‍ ലോയല്‍റ്റിയും ലോക്കല്‍ ബ്രാന്‍ഡും വളര്‍ത്തിയെടുക്കുകയാണ് അഭികാര്യം. ദൂരദേശ വിദേശ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണം. അല്ലാതെ മെയ്ഡ് ഇന്‍ ഇന്ത്യ എന്നു പറഞ്ഞ് ഹിറ്റാച്ചിയുടെ ഉല്‍പ്പന്നങ്ങള്‍ ഇറക്കിയിട്ട് യാതൊരു കാര്യവുമില്ല.


രണ്ട് മുതിര്‍ന്ന സി.പി.എം നേതാക്കന്മാര്‍ക്ക് വിവരമില്ല എന്ന പ്രസ്താവന വിവാദമായല്ലോ ?

ഇന്‍ഫര്‍മേഷന്‍ എന്ന അര്‍ത്ഥത്തിലാണ് അത് ഉപയോഗിച്ചത്. 20 ാം നൂറ്റാണ്ടില്‍ ഭരിക്കണമെങ്കില്‍ ഇന്‍ഫര്‍മേഷന്‍ എടുക്കണം. അനലൈസ് ചെയ്യണം. അതൊക്കെ ഇവരെ കൊണ്ടാവില്ല എന്നാണ് പറഞ്ഞത്. വി.എസ് ജനകീയനാണ്. പിണറായി ടാക്ടിക്കല്‍ നേതാവാണ്. പക്ഷേ വിവരം അനലൈസ് ചെയ്യാനുള്ള കഴിവ് കുറവുണ്ട്. ഇക്കാലത്ത് ഇവര്‍ രണ്ടുപേരും പകുതിയേ ആകുന്നുള്ളൂ. തോമസ് ഐസക്കാണെങ്കില്‍ എല്ലാമാകും. ഇവര്‍ രണ്ടുപേരും അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യുകയും വേണം.

കാര്‍ഷിക വിപ്ലവം പരാജയമായിരുന്നോ ?

ശാസ്ത്രമെന്നാല്‍ പരീക്ഷണമാണ്. തെറ്റുപറ്റിയാല്‍ അംഗീകരിക്കുക. അത് തിരുത്തുക അത് ശാസ്ത്രീയമാണ്. കീടനാശിനിയെ അന്നും പരിഷത്ത് അനുകൂലിച്ചിരുന്നില്ല. അമിത കീടനാശിനി ഉപയോഗം ദ്രോഹകരമാണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ തൊടാന്‍ പാടില്ലെന്ന് പറയാന്‍ പറ്റില്ല.

സെക്കുലറിസത്തെ കുറിച്ചുള്ള അഭിപ്രായമെന്താണ്‌?

സെക്കുലര്‍ എന്ന വാക്കിന് നിയതമായ അര്‍ത്ഥമുണ്ട്. മതം എന്ന് പറയുമ്പോള്‍ ഞാനും ദൈവവും തമ്മിലുള്ള ബന്ധമാണ്. സെക്കുലറാകുമ്പോള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധമാണ്. ഇത് രണ്ടും രണ്ടാണ്. ഒരു സംഘടനയുണ്ടാക്കുമ്പോള്‍ വ്യക്തികളും വ്യക്തികളും തമ്മിലുള്ള ബന്ധമാണ്. അതിനെ മതത്തിന്റെ പേരിലാക്കുമ്പോള്‍ അത് അപകടകരമായി. മതസംഘടനകള്‍ സെക്കുലറിനെ നോണ്‍ സെക്കുലറാക്കുകയാണ് പതിവ്. വിശ്വസിക്കാനുള്ള അവകാശവും നിഷേധിക്കാനുമുള്ള അവകാശവുമുണ്ട്. അന്ധവിശ്വാസത്തെ നമുക്ക് ചോദ്യം ചെയ്യാന്‍ അവകാശമില്ല. സ്വതന്ത്രബോധത്തിന്റെ പേരില്‍ നാം അവരെ ബി.ജെ.പിയിലേക്ക് തള്ളിവിടുകയാണ്. യുക്തിവാദികളൊക്കെ തന്നെ അവരെ വിശ്വാസികളാക്കുകയാണ്.

ഇന്നത്തെ വിപ്ലവങ്ങള്‍ ഫലം കാണുമോ ?

വിപ്ലവം ഗൂഢാലോചനയുടെ ഫലമായോ ഗോപ്യമായോ അല്ല സംഭവിക്കേണ്ടത്. ഓപ്പണായാണ് നടക്കേണ്ടത്. ഗൂഢസംഘം വഴി വിപ്ലവം നടത്തി പുതിയ സമൂഹമുണ്ടാകുമ്പോള്‍ പിശക് വരും. കാരണം അതില്‍ കള്ളനാണയങ്ങളുണ്ടാകും. പിന്നീട് ഇവര്‍ ആ സമൂഹത്തില്‍ മേല്‍ക്കൈ നേടും. വിപ്ലവ ലക്ഷ്യം നേടാതെയും പോകും. കള്ളനാണയങ്ങളെ തിരിച്ചറിയണമെങ്കില്‍ ജനാധിപത്യം വേണം. വിപ്ലവങ്ങളുടെ ഗൂഢാലോചന സിദ്ധാന്തം അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ കൊല്ലും. ആ തരത്തില്‍ വരുമ്പോള്‍ തീവ്രവാദങ്ങളൊക്കെ തന്നെ ഗൂഢാലോചന പരിവേഷമുള്ളവയാണ്.

(മാധ്യമ പ്രവര്‍ത്തകനാണ് ധനശ്രീ)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍