UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഹ്ലി: മിസ്റ്റര്‍ ഡിപ്പെന്‍ഡബിള്‍

Avatar

അഴിമുഖം പ്രതിനിധി

മഴയായിരുന്നു ഇന്നലെ ഇന്ത്യാ-പാക് പോരാട്ടം നടന്ന ഈഡന്‍ ഗാര്‍ഡന്‍സിനെ ആദ്യം ആശങ്കയില്‍ ആഴ്ത്തിയത്. പിന്നീട് മാനം തെളിഞ്ഞു. സമാനമായിരുന്നു പാകിസ്താന്റെ 118 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടേയും ആരാധകരുടേയും അവസ്ഥ. ഈഡനില്‍ ഇന്ത്യയോട് തോറ്റിട്ടില്ലെന്ന ചരിത്രവുമായി എത്തിയ പാകിസ്താന്‍ ലോകകപ്പില്‍ ഇന്ത്യയെ പരാജപ്പെടുത്തിയിട്ടില്ലെന്ന ചരിത്രത്തെ മൂന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റുകള്‍ പിഴുത് തിരുത്തുമെന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു തുടക്കത്തില്‍. 24 റണ്‍സെടുക്കുന്നതിനിടെ മൂന്നു പേരാണ് ഡഗ്ഗൗട്ടില്‍ തിരിച്ചെത്തിയത്. പിന്നീട് വിരാട് കോഹ്ലിയുടേയും യുവരാജ് സിംഗിന്റേയും ബാറ്റിംഗ് കൂട്ടുകെട്ട് ആരാധകരുടെ മനത്തേയും കുളിര്‍പ്പിച്ചു. ന്യൂസിലന്റിനെതിരായ ആദ്യ മത്സരത്തിന്റെ തനിയാവര്‍ത്തനം ആകുമോ ഫലം എന്ന് ഏവരും കരുതിയ ഇടത്തു നിന്ന് ധോണി വിജയ റണ്‍സ് കുറിക്കുമ്പോള്‍ മറുവശത്ത് സാക്ഷിയായി കോഹ്ലി പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു. 

യുവരാജ് ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ആദ്യ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന് എതിരെ ഒരു ഓവറിലെ എല്ലാ പന്തും സിക്‌സറിന് പറത്തിയ ഓര്‍മ്മകള്‍ ആരാധകരുടെ മനസ്സില്‍ എത്തും. പക്ഷേ, അടുത്തനിമിഷം ആ ഓര്‍മ്മകളെ ബൗള്‍ഡ് ചെയ്യുന്ന സ്ഥിരതയില്ലാത്ത പ്രകടനമാകും യുവരാജ് കാഴ്ചവയ്ക്കുക. എന്നാല്‍ ഇന്ത്യയുടെ മിസ്റ്റര്‍ ഡിപ്പെന്‍ഡബിള്‍ ആണ് താനെന്ന് വിരാട് കോഹ്ലി ഒരിക്കല്‍ കൂടി തെളിയിച്ചു. കോഹ്ലിയ്ക്ക് മികച്ച പിന്തുണ നല്‍കാന്‍ യുവരാജിനും കഴിഞ്ഞു.

ക്രിക്കറ്റ് ദൈവം സചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ ഇതിഹാസം ഇംമ്രാന്‍ ഖാന്‍ വരെയും ബോളിവുഡ്, ഇന്ത്യന്‍ വ്യവസായ പ്രമുഖരും അടക്കമുള്ള 61,337 കാണികളായിരുന്നു ഇന്നലെ ട്വി20 ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം കാണാന്‍ ഒഴുകിയെത്തിയത്. മത്സരത്തിന്റെ പൊലിമ വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമായിരുന്നു. എന്നാല്‍ അതിനെ ഒരു പടി കടക്കുന്ന പ്രകടനമായിരുന്നു കോഹ്ലിയുടേത്. ആ പ്രകടനം കാണാന്‍ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ എത്തിയില്ലെന്നതും ശ്രദ്ധേയം. കോഹ്ലിയും കാമുകിയായ അനുഷ്‌കയും തമ്മില്‍ പിണക്കമാണെന്നാണ് വാര്‍ത്തകള്‍. മുമ്പ് ചില മത്സരങ്ങളില്‍ കോഹ്ലിയുടെ ബാറ്റിങ് വീക്ഷിക്കുന്നതിന് അവര്‍ സ്റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്.

ലോകകപ്പുകളില്‍ പതിനൊന്നാം തവണയും ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ച ഈഡനിലെ മത്സരത്തില്‍ പോരാടാനുള്ള കോഹ്ലിയുടെ ദാഹം വ്യക്തമായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ നിലനില്‍പ്പിന് വിജയം അനിവാര്യമായിരുന്നു. വളരെ കുറച്ചു ഷോട്ടുകള്‍ മാത്രമേ അദ്ദേഹം കളിക്കാതെ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് തോന്നിയുള്ളൂ. എന്നാല്‍ കളിക്കളത്തില്‍ ചില കാര്യങ്ങള്‍ അദ്ദേഹം ഇനിയും ചൂഷണം ചെയ്യേണ്ടതുണ്ട്. വിക്കറ്റുകള്‍ക്കിടയിലെ വേഗത പോലുള്ളവ.

37 പന്തില്‍ നിന്ന് 55 റണ്‍സെടുത്ത അദ്ദേഹത്തിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സില്‍ ഓടിയെടുത്ത റണ്ണുകള്‍ 21 ആണ്. 19 സിംഗിളുകളും ഒരു ഡബിളും. ഏഴ് ഫോറുകളും ഒരു സിക്‌സറും ഇന്നിങ്‌സിന്റെ മാറ്റു കൂട്ടി. ഒമ്പത് പന്തുകള്‍ മാത്രമേ അദ്ദേഹത്തിന് റണ്‍സൊന്നും നല്‍കാതിരുന്നുള്ളൂ.

ന്യൂസിലന്റിനോട് ആദ്യ മത്സരത്തില്‍ തോറ്റത് അദ്ദേഹത്തെ മുറിവേല്‍പ്പിക്കുകയും അദ്ദേഹത്തിലെ പോരാളിയെ ഉണര്‍ത്തുകയും ചെയ്തു. ഇന്ത്യയില്‍ നമ്മള്‍ ഇതുപോലെ കളിക്കരുതെന്നായിരുന്നു ന്യൂസിലന്റിനെതിരായ മത്സരശേഷം കോഹ്ലി പറഞ്ഞിരുന്നത്.

ഈഡനിലെ ഇന്നലെ ഒരുക്കിയിരുന്നതും മഴ കുതിര്‍ത്തതുമായ പിച്ചുകളില്‍ എങ്ങനെ കളിക്കണമെന്നതിന്റെ ഉദാഹരണം കൂടിയാണ് കോഹ്ലിയുടെ പ്രകടനം. അര്‍ദ്ധ സെഞ്ച്വറിയോട് അടുത്തപ്പോള്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പറന്ന രണ്ട് കവര്‍ ഡ്രൈവുകള്‍ ഇത്തരം പിച്ചില്‍ പകര്‍ത്തേണ്ട പാഠമാണ്. ആ കവര്‍ ഡ്രൈവുകളില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും ഏറെയകലെയൊന്നും ബാറ്റ് പോയിരുന്നില്ല. അദ്ദേഹം കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കുന്നതിന് അനുസരിച്ച് പാകിസ്ഥാന്‍ ദുര്‍ബലമായി കൊണ്ടിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പിലും കോഹ്ലി പാകിസ്താനെ വെള്ളംകുടിപ്പിച്ചിരുന്നു. അന്ന് 49 റണ്‍സാണ് അദ്ദേഹം ബംഗ്ലാദേശില്‍ നേടിയത്.

ഇന്ത്യയുടെ ഫാബുലസ് ഫോറായ സചിന്‍, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവര്‍ക്ക് തുല്യമായ അഭിനന്ദനങ്ങള്‍ ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ ഏറ്റുവാങ്ങുന്നത് കോഹ്ലി മാത്രമാണ്. അദ്ദേഹം വളരെ വേഗം ക്രിക്കറ്റ് ഇതിഹാസങ്ങളുടെ കൂട്ടത്തിലേക്ക് വളരുന്നുമുണ്ട്.

കോഹ്ലി ഏകദിനത്തില്‍ നേടിയ സെഞ്ച്വറികളിലേറെയും രണ്ടാമത് ബാറ്റു ചെയ്യുമ്പോഴാണ് പിറന്നിട്ടുള്ളത്. റണ്‍ മലകള്‍ ചേസ് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുകയും ചെയ്യുന്നു. മികച്ച തുടക്കം ലഭിച്ചാല്‍ അതിനെ വന്‍ സ്‌കോറാക്കി മാറ്റാനും കോഹ്ലിക്ക് കഴിയാറുണ്ട്. ഇതൊക്കെ അദ്ദേഹത്തെ മികച്ച കളിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു.

മികച്ച പ്രകടനം കാഴ്ച വയ്ക്കാനുള്ള അദ്ദേഹത്തിന്റെ വിശപ്പും വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധതയുമാണ് കോഹ്ലിയുടെ വിജയരഹസ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍