UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൃണാളിനി പുറപ്പെട്ടു….ശാശ്വതനൃത്തത്തിനായി

ടീം അഴിമുഖം

കുലീനതയുടെ മൂര്‍ത്തീകരണമായിരുന്നു മൃണാളിനി സാരാഭായ്. നര്‍ത്തകി, കോറിയോഗ്രഫര്‍, കവയത്രി, എഴുത്തുകാരി, പരിസ്ഥിതി പ്രവര്‍ത്തക, മനുഷ്യാവകാശപ്രവര്‍ത്തക, അദ്ധ്യാപിക…വ്യാഴാഴ്ച 97-ാം വയസില്‍ ലോകം വിട്ടുപോകും മുന്‍പ് അവര്‍ പ്രവര്‍ത്തിച്ചിരുന്ന മേഖലകള്‍ നിരവധിയാണ്.

കൊച്ചുകുടകളോടും വിശറികളോടുമുള്ള അവരുടെ ഇഷ്ടം പ്രസിദ്ധമായിരുന്നു. ‘മിക്ക ആളുകളിലും കലാജീവിതവും വ്യക്തിജീവിതവും തമ്മില്‍ നല്ല വേര്‍തിരിവുണ്ട്. എന്നാല്‍ മൃണാളിനി സാരാഭായ് ഒരു സമ്പൂര്‍ണവ്യക്തിയായിരുന്നു,’ അവരുടെ അടുത്ത സുഹൃത്തും പ്രശസ്ത സിനിമ, തിയറ്റര്‍ ഡയറക്ടറും മുംബൈ നാഷണല്‍ സെന്റര്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് ഡയറക്ടറുമായ വിജയ് മെഹ്ത ഒരിക്കല്‍ പറഞ്ഞു.

കഴിവുകള്‍ മിനുക്കിയെടുക്കാന്‍ മൃണാളിനിക്കു ലഭിച്ച ഗുരുക്കള്‍ അതിശയിപ്പിക്കുംവിധം പ്രഗദ്ഭരായിരുന്നു. പന്തനല്ലൂര്‍ പാരമ്പര്യത്തില്‍ ഭരതനാട്യം പഠിക്കുമ്പോള്‍ മീനാക്ഷി സുന്ദരം പിള്ളയായിരുന്നു ഗുരു. കഥകളി കുഞ്ചുക്കുറുപ്പ് ആശാനില്‍നിന്നും മോഹിനിയാട്ടം കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയില്‍നിന്നുമാണ് അഭ്യസിച്ചത്. ലോകത്തെപ്പറ്റിയുള്ള അവരുടെ കാഴ്ചപ്പാട് ഉരുത്തിരിഞ്ഞത് ശാന്തിനികേതനില്‍ രബീന്ദ്രനാഥ ടാഗോറില്‍ നിന്നായിരുന്നു.

ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനും വ്യവസായിയുമായ വിക്രം സാരാഭായിയെ 1942ലാണ് അവര്‍ വിവാഹംചെയ്തത്. 1948ല്‍ അഹമ്മദാബാദില്‍ ദര്‍പ്പണ നൃത്ത അക്കാദമി സ്ഥാപിച്ചു.

കോറിയോഗ്രഫിയിലേക്കു തിരിയുന്ന ആദ്യത്തെ ക്ലാസിക്കല്‍ നര്‍ത്തകിയായിരുന്നു മൃണാളിനി. ‘പുതിയ നൃത്തരൂപങ്ങള്‍ വരും. അവയില്‍ കുറച്ച് ശാസ്ത്രീയ നൃത്താംശങ്ങള്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മരത്തിന് പല ദിശകളിലും ശാഖകളുണ്ടാകാം. എങ്കിലും അത് വളരുന്നത് വേരുകളോടെയാണ്. അതാണ് ഞാന്‍ ചെയ്യുന്നത്’, അവര്‍ ഒരിക്കല്‍ പറഞ്ഞു.

സമ്മര്‍ദ്ദമില്ലാതാക്കാനുള്ള വഴിയായി മൃണാളിനി നൃത്തത്തെ ഉപയോഗിച്ചു. എണ്‍പത്തിയാറാം വയസില്‍ മുംബൈയില്‍ മകള്‍ മല്ലികയ്ക്കും കൊച്ചുമകള്‍ അനാഹിതയ്ക്കുമൊപ്പം ‘ ടുലൈവ്‌സ് ഇന്‍ ഡാന്‍സ് ആന്‍ഡ് വണ്‍ മോര്‍’ (സമഭാവന) എന്ന പരിപാടി അവതരിപ്പിച്ചു. മൂവരും ഇടപഴകുകയും പാടുകയും നൃത്തം ചെയ്യുകയും ജീവിതകഥ പറയുകയും ചെയ്യുന്ന രീതിയിലായിരുന്നു അത്. യുഎസിലുള്ള കൊച്ചുമകന്‍ രേവന്തയും നൃത്തപരിപാടികളില്‍ പങ്കെടുക്കാറുണ്ട്.

‘എന്റെ അമ്മ അവരറിയാതെ ഒരു പാരമ്പര്യത്തിനു തുടക്കമിട്ടു. ദര്‍പണയുടെ അന്തരീക്ഷം കുട്ടിക്കാലത്ത് എന്റെ മക്കളെ സ്വാധീനിച്ചു,’ മല്ലിക സാരാഭായ് ഒരിക്കല്‍ പറഞ്ഞു. ‘ഞാനും അമ്മയും തമ്മിലുള്ള ബന്ധത്തിലും ഗുരു-ശിഷ്യബന്ധത്തിന്റെ അംശമുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ പങ്കാളികളും സഹസൃഷ്ടാക്കളുമായിരുന്നു. പരസ്പരം ബഹുമാനിക്കുമ്പോഴും കലാരൂപങ്ങളെപ്പറ്റി ഇരുവരും വ്യത്യസ്ത അഭിപ്രായങ്ങള്‍ സൂക്ഷിച്ചു’.

മൃണാളിനിയുടെ കുടുംബത്തിന് നൃത്തം ജീവിതഭാഷയായിരുന്നു. ‘നൃത്തം എനിക്ക് ജീവശ്വാസം പകരുന്നു,’ മൃണാളിനി ഒരിക്കല്‍ പറഞ്ഞു.

ബുധനാഴ്ച അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൃണാളിനിയുടെ മരണം അറിയിച്ച് മല്ലിക ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: ‘ എന്റെ അമ്മ മൃണാളിനി സാരാഭായ് ശാശ്വതനൃത്തത്തിനായി പുറപ്പെട്ടു’.

പാലക്കാട് ആനക്കരയില്‍ വടക്കത്ത് തറവാട്ടില്‍ സ്വാതന്ത്ര്യസമര സേനാനി അമ്മു സ്വാമിനാഥന്റെയും മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്ന ഡോ. സ്വാമിനാഥന്റെയും മകളായി 1918 മേയ് 11നാണ് മൃണാളിനി ജനിച്ചത്. സഹോദരി ലക്ഷ്മി സെഹ്ഗള്‍( ക്യാപ്റ്റന്‍ ലക്ഷ്മി) നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ആസാദ് ഹിന്ദ് ഫൗജിന്റെ ‘റാണിഓഫ് ഝാന്‍സി’ റജിമെന്റിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫായിരുന്നു. സഹോദരന്‍ ഗോവിന്ദ് സ്വാമിനാഥനും മദ്രാസ് ഹൈക്കോടതി അഭിഭാഷകനായിരുന്നു.പരിസ്ഥിതി- വിദ്യാഭാസ പ്രചാരകനും ആക്ടിവിസ്റ്റും ബിസിനസുകാരനുമായ കാര്‍ത്തികേയ സാരാഭായി ആണ് മൃണാളിനിയുടെ മൂത്ത മകന്‍.

പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ച മൃണാളിനി നല്‍കിയ പാരമ്പര്യത്തിനു പകരമാകാന്‍ ബഹുമതികള്‍ക്കാകില്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍