UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐപിഎല്‍ പൂരം: പകുതി കത്തിതീരുമ്പോള്‍ ധോണിയും കോഹ്ലിയും വളരെ പിന്നില്‍

Avatar

അഴിമുഖം പ്രതിനിധി

എട്ടു ടീമുകള്‍ പങ്കെടുക്കുന്ന ഐപിഎല്‍ ടി20 മത്സര കമ്പക്കെട്ട് പകുതി കത്തിത്തീരുമ്പോള്‍ മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്ലിയും നേതൃത്വം നല്‍കുന്ന ടീമുകള്‍ പോയിന്റ് പട്ടികയുടെ അവസാന തട്ടുകളിലാണ്. ധോണിക്ക് ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുണ്ട്. പ്രത്യേകിച്ച് ടി 20-യില്‍. 2007-ല്‍ ആദ്യ ഐസിസി ടി20 ലോകകപ്പില്‍ നിശബ്ദരായി എത്തി വിപ്ലവം നടത്തി ഇന്ത്യ കപ്പുയര്‍ത്തിയത് ധോണിയുടെ നേതൃത്വത്തിന് കീഴിലാണ്. കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി രണ്ടു തവണ ഐപിഎല്‍ കിരീടം നേടുകയും ചെയ്തിട്ടുണ്ട്. കിരീടങ്ങള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ അലമാര ഏത് ക്യാപ്റ്റനേയും അസൂയാലുവാക്കുകയും ചെയ്യും.

വിരാട് കോഹ്ലിയാകട്ടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ടെസ്റ്റില്‍ ക്യാപ്റ്റനുമാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും സീസണുകളായി അദ്ദേഹം ഐപിഎല്ലില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനാണെങ്കിലും കിരീട നേട്ടം കൈവരിക്കാനായിട്ടില്ല. ഈ സീസണില്‍ ഇരുവരുടേയും ടീമുകള്‍ മികച്ച മത്സരാര്‍ത്ഥികളായിട്ട് തന്നെയാണ് വിലയിരുത്തപ്പെട്ടിരുന്നത്. എങ്കിലും ധോണിയുടെ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സും കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സും അവസാന സ്ഥാനത്തിനായി കിങ്‌സ് ഇലവന്‍ പഞ്ചാബുമായി മത്സരിക്കുകയാണ്. മൂവര്‍ക്കും നാല് പോയിന്റുകള്‍ വീതമാണുള്ളത്.

പ്രധാന കളിക്കാരെ പരിക്കുകള്‍ പിടികൂടിയതും വിജയ വഴിയിലേക്ക് കയറാന്‍ പറ്റിയ ഒരു ടീം കോംബിനേഷന്‍ കണ്ടെത്താന്‍ കഴിയാത്തതുമാണ് ഇരു ടീമുകളുടേയും പ്രധാന പ്രശ്‌നങ്ങള്‍.

ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബാറ്റിങ് നിര ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചതാണെന്നതില്‍ സംശയമില്ല. ക്രിസ് ഗെയില്‍ മാത്രം മതി എതിരാളികളുടെ ബൗളിങില്‍ നിന്ന് സിക്‌സുകളും ഫോറുകളും കൊയ്‌തെടുക്കാന്‍. പിന്നാലെ കോഹ്ലിയും എബി ഡി വില്ലേഴ്‌സും കൂടെ ചേരുമ്പോള്‍ ഇവരെ വെല്ലാന്‍ ആരുമില്ല തന്നെ. അനുഭവ സമ്പത്ത് ഏറെയുള്ള ഷെയന്‍ വാട്‌സണ്‍, പ്രതിഭാധനനായ കെ എല്‍ രാഹുല്‍, സര്‍ഫ്രാസ് ഖാന്‍, സചിന്‍ ബേബി തുടങ്ങിയവര്‍ പിന്തുണയുമായി പിന്നാലെയെത്തുകയും ചെയ്യും. അത്തരമൊരു ബാറ്റിങ് നിരയോട് നീതി പുലര്‍ത്തും വിധം തന്നെയാണ് പ്രകടനവും. നൂറ്റിയെണ്‍പതിനു മുകളില്‍ സ്‌കോര്‍ ചെയ്യുന്നത് പതിവും.

പക്ഷേ, റോയല്‍ ചലഞ്ചേഴ്‌സിന് എന്താണ് സംഭവിക്കുന്നത്. രാജകീയ സ്‌കോറുകള്‍ പടുത്തിയര്‍ത്തിയാലും പ്രതിരോധ കോട്ട കാക്കാന്‍ ബൗളര്‍മാര്‍ക്ക് കഴിയുന്നില്ല. അത് സ്വന്തം തട്ടകത്തിലായാലും എതിരാളിയുടേതിലായാലും.

ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായ മിച്ചേല്‍ സ്റ്റാര്‍ക്കും ടി 20-യിലെ മികച്ച ബൗളറായ സാമുവല്‍ ബദ്രിയും ടീമിലുണ്ടെങ്കിലും കളിക്കാന്‍ ഇറങ്ങാന്‍ സാധിക്കാത്തത് റോയല്‍ ചലഞ്ചേഴ്‌സിന് തിരിച്ചടിയായി. ഇവര്‍ക്കു പകരം ഇറക്കാന്‍ മികച്ച ബൗളര്‍മാരെ എടുക്കാതിരുന്നത് മണ്ടത്തരമായി മാറി. ശക്തമായ ബാറ്റിങ് നിരയില്‍ അമിതമായ വിശ്വാസം അര്‍പ്പിച്ചതു കൊണ്ടാണ് അവര്‍ ഈയൊരു അബദ്ധത്തില്‍ ചെന്നുചാടിയത്.

എന്നാല്‍ ധോണിയുടേത് വ്യത്യസ്തമായ സാഹചര്യമാണ്. ധോണി എട്ടുവര്‍ഷത്തെ അധ്വാനം കൊണ്ട് ശ്രദ്ധാപൂര്‍വം വളര്‍ത്തിയെടുത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 2013-ലെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റി ഐപിഎല്ലില്‍ നിന്ന് പുറത്താക്കി. കൂടെ രാജസ്ഥാന്‍ റോയല്‍സിനേയും പുറത്താക്കിയിരുന്നു.

ഈ രണ്ടു ടീമുകളിലേയും കളിക്കാരെ പുതിയ രണ്ട് ടീമുകള്‍ക്കും വീതിച്ചു നല്‍കിയിരുന്നു. ഐപിഎല്‍ അരങ്ങേറ്റക്കാരായ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിന്റെ ക്യാപ്റ്റനായി ധോണി അവരോധിതനാകുകയും ചെയ്തു. അജിന്‍ക്യ രഹാനെ, കെവിന്‍ പീറ്റേഴ്‌സണ്‍, ഡു പ്ലെസിസ്, സ്റ്റീവ് സ്മിത്ത്, മിച്ചേല്‍ മാര്‍ഷ് തുടങ്ങിയ വമ്പന്‍മാര്‍ ടീമിലുണ്ടായിട്ടും ശരിയായ കോമ്പിനേഷന്‍ വാര്‍ത്തെടുക്കാന്‍ കഴിയാതെ പോകുകയും ചെയ്തു.

സി എസ് കെയില്‍ ഉണ്ടായിരുന്ന ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ആശിഷ് നെഹ്‌റ, ബ്രണ്ടന്‍ മക്കെല്ലം, ഡ്വെയ്ന്‍ സ്മിത്ത് തുടങ്ങിയ മികച്ച കളിക്കാരുടെ അഭാവം ധോണിയെ അലട്ടുന്നുണ്ട്. പൂനെയുടെ പ്രധാന ബൗളറായ അശ്വിനാകട്ടെ വിക്കറ്റുകള്‍ ലഭിക്കാതെ പരുങ്ങുകയുമാണ്. പീറ്റേഴ്‌സണും ഡു പ്ലെസിസും മാര്‍ഷും സ്മിത്തും പരിക്കിന്റെ പിടിയിലുമാണ്. ഇവര്‍ക്ക് തുല്യരായവരെ പകരം കണ്ടെത്താനാകുമോയെന്നത് അനുസരിച്ചാകും പുനെയുടെ ടൂര്‍ണമെന്റിലെ മുന്നേറ്റം.

പൂനെയ്ക്ക് ഇനി ആറു മത്സരങ്ങളാണ് അവശേഷിക്കുന്നത്. അതില്‍ നാലെണ്ണം വിജയിച്ചാല്‍ മാത്രമേ പ്ലേ ഓഫിന്റെ കണക്കു സാധ്യതകള്‍ നിലനിര്‍ത്താനാകൂ. ബാംഗളൂരിനാകട്ടെ അവശേഷിക്കുന്നവയില്‍ മൂന്നെണ്ണം ജയിച്ചാല്‍ മതി. അതായത് ട്വി 20-യുടെ അപ്രവചനീയത ഇവിടേയും പരിഗണിച്ചാല്‍ ഇരുടീമുകളേയും തള്ളിക്കളയാന്‍ വരട്ടേ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍