UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

എം എസ് വിശ്വനാഥന്‍ യേശുദാസിനെ മാറ്റിനിര്‍ത്തിയതിന് പിന്നില്‍

അരനൂറ്റാണ്ടിലധികം തമിഴകത്തെ സംഗീതം കൊണ്ടു പുളകമണിയിച്ച എം എസ് വിശ്വനാഥനെ തമിഴ്മക്കള്‍ സ്‌നേഹത്തോടെ വിളിച്ചു: ‘മെല്ലിശൈ മന്നന്‍’. ലളിതസംഗീതത്തിന്റെ രാജാവ്. ജീവിതം പോലും ലളിതമാക്കി മാറ്റിയ അദ്ദേഹത്തിനു അതിനപ്പുറം ഒരു വിളിപ്പേരു ലഭിക്കാനുണ്ടായിരുന്നില്ല. 2012 ലെ ഒരു ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി ‘തലൈവി’ ജയലളിത അദ്ദേഹത്തെ ‘തിരൈ ഇശൈ ചക്രവര്‍ത്തി’ (ചലച്ചിത്ര സംഗീത സമ്രാട്ട്) എന്നാണ് വിശേഷിപ്പിച്ചത്. ആരൊക്കെ എന്തൊക്കെ വിശേഷിപ്പിച്ചാലും പാലക്കാട്ടെ എലപ്പുള്ളി മനയങ്കത്ത് സുബ്രഹ്മണ്യം വിശ്വനാഥന്‍ എന്ന എം എസ് വിശ്വനാഥന്‍ ചലച്ചിത്ര സംഗീതത്തിന്റെ അമരത്ത് മുടിചൂടാമന്നനായിരുന്നു. തമിഴ്‌ സിനിമാ സംഗീതം പാരമ്പ്യര്യത്തിലൂന്നിയ ശാസ്ത്രീയ സംഗീതത്തിന്റെ ഉള്‍ത്തളങ്ങളില്‍ ശ്വാസം മുട്ടുന്ന കാലത്താണ് എം എസ് വി തന്റേതായ സംഗീതവഴിയുമായി കടന്നു വരുന്നത്. അക്കാലത്ത് അതൊരു വിപ്ലവമായിരുന്നു- അതെ, അസാധാരണമായ സംഗീതവിപ്ലവം. നാടകത്തിന്റെ അണിയറകളില്‍ നിന്ന് ആദ്യകാലത്ത് ലഭിച്ച തഴക്കവും പഴക്കവുമൊക്കെ ആയിരുന്നു അദ്ദേഹത്തെ അത്തരത്തിലൊരു വഴി കണ്ടെത്താന്‍ സഹായിച്ചത്.

എം എസ് വി പടുത്തുയര്‍ത്തിയ അത്ഭുത ശില്‍പ്പങ്ങളിലൂടെയാണ് പിന്നീട് തമിഴ്ചലച്ചിത്ര സംഗീതത്തിന്റെ സൗന്ദര്യധാര സഞ്ചരിച്ചത്. പിന്നീടു വന്ന സംഗീതസംവിധായകരൊക്കെ അതുകൊണ്ടു തന്നെ അദ്ദേഹത്തോടു കടപ്പെട്ടിരുന്നു. ആയിരത്തിലധികം ചിത്രങ്ങള്‍ക്ക് എം എസ് വി സംഗീതം പകര്‍ന്നിരുന്നു. (അതില്‍ നൂറോളം ചിത്രങ്ങള്‍ മലയാളത്തിലും) ഭാഷ ഏതായിരുന്നാലും തന്റെ ശൈലിയും താളവും നിലനിര്‍ത്തുന്നതില്‍ എം എസ് വി ശ്രദ്ധിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തെളിയിക്കുന്നു. മലയാളത്തില്‍ അദ്ദേഹം സംഭാവന ചെയ്ത കാച്ചിക്കുറുക്കിയ ശൈലി നമുക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല.

പട്ടിണിയുടേയും പരിവട്ടത്തിന്റേയും അഗ്നിവീഥികളിലൂടെയാണ് താന്‍ കടന്നു വന്നതെന്നും വിശപ്പിന്റെ തീവ്രത തന്റെ നാവിന്‍ തുമ്പില്‍ എപ്പോഴും നനവായി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതാകട്ടെ  തുറന്നു പറയാന്‍ ഒരിക്കലും എം എസ് വി മടിച്ചിരുന്നുമില്ല. ഒരുപക്ഷേ അനാഥബാല്യമായിരിക്കണം അദ്ദേഹത്തെ കഴിവുറ്റ ഒരു സംഗീതപ്രതിഭയാക്കി മാറ്റാന്‍ നിമിത്തമായതും. കുഞ്ഞിന്‍നാളില്‍ ആരംഭിച്ച സംഗീതസപര്യ കാലങ്ങളിലൂടെ അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നു. അനുഭവങ്ങളുടെ ശക്തിസാന്ദ്രത അദ്ദേഹത്തിന്റെ സംഗീതത്തിനു മാനങ്ങള്‍ സമ്മാനിച്ചു. പതിമൂന്നാമത്തെ വയസ്സില്‍ തിരുവനന്തപുരത്തെ വേദിയില്‍ ആരംഭിച്ച പ്രകടനം ജീവിതാന്ത്യം വരെ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നിടത്താണ് അദ്ദേഹത്തിന്റെ ജീവിതവിജയം നിലകൊള്ളുന്നത്. കണ്ടും കേട്ടും പഠിച്ച പാഠങ്ങളാണ് സംഗീതത്തിന്റെ സോപാനങ്ങള്‍  വെട്ടിപ്പിടിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. എം എസ് വിശ്വനാഥന്‍ – രാമമൂര്‍ത്തി ടീം സൃഷ്ടിച്ച തരംഗം തമിഴ് സിനിമയുടെ ചരിത്രത്തില്‍ നാഴികക്കല്ലുകളാണ്. ഈ ടീം എണ്‍പതോളം ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി.

എം എസ് വിശ്വനാഥന്റെ ചലച്ചിത്ര സംഗീത പരിശ്രമങ്ങളും പാട്ടുകളുമൊക്കെ നമുക്കറിയാവുന്നതാണ്. എന്നാല്‍ സാധാരണക്കാരനു അറിയാത്ത പല സവിശേഷതകളും അദ്ദേഹത്തിനുണ്ടായിരുന്നു. തമിഴില്‍ എം എസ് വിശ്വനാഥന്‍ പുതിയൊരു ട്രെന്‍ഡ് തന്നെ സൃഷ്ടിച്ചിരുന്നു. നായകനടന്മാര്‍ക്കും നായികമാര്‍ക്കും  അനുയോജ്യമായ തരത്തില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്ന സമ്പ്രദായം അദ്ദേഹമാണ് ആദ്യമായി ആവിഷ്‌ക്കരിച്ചത്. ശിവാജി ഗണേശനാണ് നായകനെങ്കില്‍ അതനുസരിച്ചുള്ള രീതിയിലായിരിക്കും സംഗീതം സൃഷ്ടിക്കുക. എന്നാല്‍ എം ജി ആര്‍ നായക കഥാപാത്രമാണെങ്കില്‍ ചിട്ടപ്പെടുത്തലിന്റെ സ്വഭാവം തന്നെ മാറിമറിയും. നായികാ- നായകന്മാരുടെ കഥാപാത്രസന്നിവേശമനുസരിച്ച് സംഗീതമൊരുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു എന്നു ചുരുക്കം. തന്റെ പാട്ടുകള്‍ ആരൊക്കെ പാടിയാലാകും ചിത്രത്തിലെ നായിക- നായക കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമാകുക എന്നദ്ദേഹം സംവിധായകരോടു നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു. ടി എം സൗന്ദരരാജനും പി ബി ശ്രീനിവാസനും എസ് പി ബാലസുബ്രഹ്മണ്യവും കെ വി മഹാദേവനും പാടിയ തമിഴ് പാട്ടുകളില്‍ അത്തരം പ്രത്യേകതകള്‍ നമുക്ക് കണ്ടെത്താം. പി സുശീല, എസ് ജാനകി, എല്‍ ആര്‍ ഈശ്വരി, വാണി ജയറാം, ആര്‍ ബാലസരസ്വതി തുടങ്ങിയവര്‍ക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ഇന്നും അവിസ്മരണീയമായി നിലനില്‍ക്കുന്നതും ശ്രോതാക്കളെ ആകര്‍ഷിക്കുന്നതും ആ ഉള്‍ക്കാഴ്ചയുടെ ഫലമാണ്. യേശുദാസ്, ജയചന്ദ്രന്‍, സ്വര്‍ണലത തുടങ്ങിയ നിരവധി ഗായകരെ തമിഴ് സിനിമക്ക് വേണ്ടി എം എസ് വി രംഗത്തിറക്കി. സംഗീതത്തിന്റെ സമുദ്രത്തില്‍ മുങ്ങിത്താണ വിദ്വാന്മാര്‍  നാമറിയാത്ത വിനയം നെഞ്ചോടു ചേര്‍ത്തുവയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. അതിനു പ്രത്യക്ഷ ഉദാഹരണമാണ് എം എസ് വിശ്വനാഥന്‍. ചലച്ചിത്ര രംഗത്ത് ഇത്രത്തോളം വിനയാന്വിതനായ ഒരാളെ കണ്ടെത്താന്‍ പ്രയാസപ്പെടേണ്ടിവരും.

യേശുദാസിന്റെ പെരുമാറ്റം ഇഷ്ടമാകാത്തതിനെ തുടര്‍ന്ന് ഏറെക്കാലം എം എസ് വി അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നു എന്നത് കോടമ്പാക്കത്തെ പാടിപ്പതിഞ്ഞ കഥകളില്‍ ഒന്നാണ്. എം എസ് വിയുടെ പശ്ചാത്തല സംഗീതസംഘത്തില്‍ അറുപതോളം പേരുണ്ടാകും. ഇവരില്‍ ആരെയെങ്കിലും മാറ്റി നിര്‍ത്തിയുള്ള റെക്കോര്‍ഡിംഗില്‍ എം എസ് വിക്ക് വിശ്വാസമില്ല. ഒരു തമിഴ് സിനിമയുടെ റെക്കോര്‍ഡിംഗ് വേളയില്‍ ആ ഓര്‍ക്കെസ്ട്രാ സംഘത്തിലെ പ്രസാദ് എന്ന തബല വിദഗ്ദന്‍ യേശുദാസിനെക്കുറിച്ച് എന്തോ അഭിപ്രായം പറഞ്ഞത്രേ. അതു ശ്രദ്ധിച്ച ദാസ് കുപിതനായി. ഉടന്‍ പ്രസാദിനെ ഓര്‍ക്കെസ്ട്രാ സംഘത്തില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ താന്‍ പാടില്ല എന്ന് വാശി പിടിച്ചു. പക്ഷേ എം എസ് വി അതിനു തയ്യാറായില്ല. ആ ചിത്രത്തോടെയാണ് വര്‍ഷങ്ങളോളം യേശുദാസ് എം എസ് വിയുടെ ചിത്രങ്ങളില്‍ നിന്നു അപ്രത്യക്ഷനായത്. 

പണിതീരാത്ത വീട്  എന്ന ചിത്രത്തില്‍ യേശുദാസിനെക്കൊണ്ട് പാടിക്കണമെന്നായിരുന്നു കെ എസ് സേതുമാധവന്റെ ആഗ്രഹം. പക്ഷേ എം എസ് വി വഴങ്ങിയില്ല. അങ്ങനെയാണ് ജയചന്ദ്രന്‍ രംഗത്തു വരുന്നത്. തുടര്‍ന്ന് പല എം എസ് വി ചിത്രങ്ങളിലും ജയചന്ദ്രന്‍ ആയിരുന്നു പാടിയിരുന്നത്. ഒടുവില്‍ എം ജി ആറിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഉലകം ചുറ്റും വാലിബനില്‍ യേശുദാസ് പാടുന്നത്. എഴുപതുകളില്‍ ശിവകുമാര്‍, കമലഹാസന്‍, വിജയകുമാര്‍ തുടങ്ങിയ പുതുമുഖ താരങ്ങളുടെ പാട്ടുകള്‍ക്ക് എം എസ് വി, യേശുദാസിന്റെ സ്വരം നല്‍കിയാണ് പ്രോത്സാഹിപ്പിച്ചിരുന്നത്. എഴുപതുകളില്‍ ജയചന്ദ്രനു തമിഴില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ കൊടുത്തതും എം എസ് വി ആയിരുന്നു.

ഗായകന്റേയും നടന്റേയുമൊക്കെ വേഷം കെട്ടി നടന്ന പട്ടം സദന്‍ എം എസ് വിയുടെ ബലഹീനതയായിരുന്നു. സദനെ ഓര്‍ക്കെസ്ട്രാ സംഘത്തില്‍ എന്തെങ്കിലുമൊരു ഉപകരണം  കൊടുത്തു ഇരുത്തും. പ്രോഗ്രാം കഴിയുമ്പോള്‍ കൂലി കിട്ടുമല്ലോ. എം എസ് വി സംവിധാനം ചെയ്ത ചിത്രങ്ങളിലെ പല പാട്ടുകളിലും പക്ഷികളുടേയും മൃഗങ്ങളുടേയും ശബ്ദം കൊടുത്തിരുന്നത് സദനായിരുന്നു. അവള്‍ ഒരു തുടര്‍ക്കഥ എന്ന ചിത്രം ഉദാഹരണം. സദന്റെ ജീവിതപ്രാരാബ്ദങ്ങള്‍  എം എസ് വിക്ക് നന്നായറിയാം. മരണം വരെ സംഘത്തിലെ ഒരംഗമായിരുന്നു സദന്‍.

പുതിയ ഗായകരെ കണ്ടെത്തുന്നതിലും അവസരങ്ങള്‍ കൊടുക്കുന്നതിലും അതീവ താല്‍പ്പര്യം എം എസ് വി കാണിച്ചിരുന്നു. മദ്രാസില്‍ എത്തിയ കാലത്ത് ഗായിക ലതിക എല്‍ ആര്‍ ഈശ്വരിയുടെ നിര്‍ദ്ദേശ പ്രകാരം എം എസ് വിയെ കാണാന്‍ റെക്കോര്‍ഡിംഗ് തിയേറ്ററില്‍ പോയ കഥ ലതികയുടെ സഹോദരന്‍ എസ് രാജേന്ദ്രബാബു പറയുകയുണ്ടായി. അദ്ദേഹം ലതികയെ വിളിച്ച്  ഇഷ്ടപ്പെട്ട ഒരു പാട്ടു പാടാന്‍ പറഞ്ഞു. ലതിക അപൂര്‍വ രാഗങ്ങളില്‍ വാണിജയറാം പാടിയ ‘ഏഴു സ്വരങ്ങളുക്ക് എത്തനൈ പാടല്‍’ എന്ന ഗാനം പാടാന്‍ തുടങ്ങി. ഉടന്‍ ഓര്‍ക്കെസ്ട്രാ സംഘം രംഗത്തെത്തി അവരുടെ പണി ആരംഭിച്ചു. ചുരുക്കത്തില്‍ അകമ്പടിയുള്ള പാട്ട് ഗംഭീരമായി. എം എസ് വി ലതികയെ വിളിച്ചു സ്‌നേഹത്തോടെ പറഞ്ഞു, ‘പാട്ടു ഗംഭീരമായി. മലയാളച്ചുവ അധികമാണ് കേട്ടോ’ എന്തായാലും ലതിക അദ്ദേഹത്തെ പിന്നീട് കാണാന്‍ പോയോ എന്നറിയില്ല. 

എം എസ് വിക്ക് മലയാളത്തില്‍ നിന്ന് അര്‍ഹമായ സ്ഥാനം കിട്ടിയില്ലെന്ന് യേശുദാസ് ഏതോ ചാനലില്‍ പറയുന്നത് കേട്ടു. തികച്ചും തെറ്റായ പ്രസ്താവന. എം എസ് വിക്ക് മലയാളത്തില്‍ സംഗീത സംവിധാനം ചെയ്യാന്‍ കാര്യമായ സമയം കിട്ടിയില്ല എന്നതാവും ശരി. നൂറോളം സിനിമകള്‍ മലയാളത്തില്‍ ചെയ്തതു തന്നെ ഏറെ ബുദ്ധിമുട്ടി സമയം കണ്ടെത്തിയാണ്. തമിഴില്‍ അത്രമാത്രം തിരക്കിലായിരുന്നു അദ്ദേഹം. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അത്രയെങ്കിലും ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മലയാളത്തിലെ അദ്ദേഹത്തിന്റെ ഗാനങ്ങളാകട്ടെ നിത്യവസന്തമായി നിലകൊള്ളുകയും ചെയ്യുന്നു. തമിഴ് സിനിമയെ സംബന്ധിച്ചും എം എസ് വിശ്വനാഥന്‍ എന്നും ആവേശമായിരുന്നു. സാധാരണക്കാരന്റെ മുന്നില്‍ സംഗീതത്തെ അദ്ദേഹം വിസ്മയമാക്കി. ആറു പതിറ്റാണ്ടുകള്‍ തെന്നിന്ത്യന്‍ സിനിമയുടെ കരുത്തായിരുന്നു അദ്ദേഹം.   

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍