UPDATES

സിനിമ

എം എസ് വി: വിസ്മൃതിയിലേക്ക് പലായനം ചെയ്യുന്ന സിനിമാ ഗാനശാഖ

വി കെ അജിത്‌ കുമാര്‍

രാജിവ നയനേ.. നീയുറങ്ങ്..
രാഗവിലോലേ.. നീയുറങ്ങ്..

ജയചന്ദ്ര ഗാനത്തിന്‍റെ മന്ദ്ര മധുരിമ ഓര്‍മ്മപ്പെടുത്തുന്നത് എം എസ് വിയെന്ന മെല്ലിശൈ മന്നനെക്കൂടിയാണ്. വിസ്മൃതിയിലേക്ക് പലായനം ചെയ്യുന്ന സിനിമ ഗാനശാഖയിലൊന്നായി എം എസ് വിയെ വായിക്കാം.

ജന്മം കൊണ്ട് മലയാളിയായ പലരും കര്‍മ്മമേഖല കണ്ടെത്തിയത് മറ്റ് ഭാഷകളിലാണ്. എം എസ് വിയെന്ന മണിയങ്ക സുബ്രഹ്മണ്യന്‍ വിശ്വനാഥന്‍ പാലക്കാട്ട് നിന്നും ജീവിതത്തിന്റെ എല്ലാ കഷ്ടപ്പാടുകളും വിജയകരമായി പൂര്‍ത്തിയാക്കിയാണ് ബാല്യം കഴിച്ചുകുട്ടിയത്. കൂട്ട ആത്മഹത്യയുടെ വക്കോളമെത്തിയ ജിവിതം കടന്ന്- പാട്ടുകേള്‍ക്കാന്‍ കൊതിച്ച ജീവിതം മെരുക്കിയെടുത്തത് സംഗീതത്തെ തന്നെയായിരുന്നു. ഒളിച്ചുനിന്നു കേട്ടു പഠിച്ച സംഗീതം നേരെ കടന്നത്‌ ഹൃദയത്തിലേക്കും.

പി വി സുബ്രഹ്മണ്യം എന്ന പ്രതിഭയുമായി ശിഷ്യപ്പെടുകയോ അതിനുപരി സൗഹൃദപ്പെടുകയോ ചെയ്തപ്പോള്‍ എം എസ് വിശ്വനാഥന്‍ എന്ന സിനിമാഗാന സംവിധായകന്‍ തന്‍റെ മാസ്മരിക പ്രപഞ്ചം കണ്ടെത്തുകയോ സൃഷ്ടിക്കുകയോ ആയിരുന്നു. അതുകൊണ്ടുതന്നെയാണ് എം എസ് –ടി കെ രാമമൂര്‍ത്തി ദ്വയവും എം എസ് –കണ്ണദാസന്‍ ദ്വയവും കടന്നെത്തിയ ശേഷം രൂപപ്പെട്ട എം എസ് –വാലി കുട്ടുകെട്ടിനിടയില്‍ വാലി പറഞ്ഞത് എം എസുമായി കൂട്ടുകൂടിയപ്പോള്‍ മുതലാണ് ഞാന്‍ ഇന്‍കം ടാക്സ് പ്രശ്നം അഭിമുഖീകരിക്കുന്നതെന്ന്. അത്രയ്ക്ക് മുകളിലായിരുന്നു മെല്ലിശൈ മന്നന്‍റെ സംഗീത മൂല്യം.

ആലാപനത്തിലെ ലാഘവത്വം പാടെ നിരാകരിക്കുന്നതായിരുന്നു എം എസ് വിയുടെ കമ്പോസിഷന്‍സ്. മലയാളത്തില്‍ അന്‍പതുകളില്‍ തന്നെ എത്തിയ അദ്ദേഹത്തിന്‍റെ എഴുപതുകളിലെ ഗാനങ്ങളാണ് ഏറെ ശ്രദ്ധേയമായത്. ശ്രീകുമാരന്‍തമ്പിയെന്ന കവിയിലെ തത്വജ്ഞാനപരമായ രചനകള്‍ അദ്ദേഹത്തിന്‍റെ സംഗീതത്തിലുടെ പുറത്തുവന്നപ്പോള്‍ അത് വെല്ലുവിളിയായത് യേശുദാസ്‌, ജയചന്ദ്രന്‍ ,ബ്രഹ്മാനന്ദന്‍ എന്നീ മുന്‍നിര പാട്ടുകാര്‍ക്കായിരുന്നു. ‘ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി രാജകൊട്ടാരത്തില്‍ വിളിക്കാതെ …’ .എന്ന ലങ്കാദഹനമെന്ന തട്ടുപൊളിപ്പന്‍ സിനിമയിലെ പാട്ട്. പിന്നെ ജയചന്ദ്രന്റെ ‘തിരുവാഭരണം ചാര്‍ത്തിയുണര്‍ന്നൊരു’ എന്ന ഗാനം. പിന്നെയും നിരവധി ഹിറ്റുകള്‍. ഒരു പക്ഷെ അത്തരം സിനിമകള്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നത് ഈ പട്ടുകളിലൂടെയോക്കെത്തന്നെയാകാം. ശ്രീകുമാരന്‍ തമ്പിയുമായുള്ള ഈ കൂട്ടുകെട്ട് ‘ജിവിതം ഒരു ഗാനം’ എന്ന ചിത്രം വരെ തുടര്‍ന്നു എന്നതും ഒരു തിരിച്ചറിവിന്‍റെ ഭാഗമാണ്.

പൊതുധാരയില്‍ നിന്ന ഗായകരുടെ ആലാപന ശൈലിയെ നിരാകരിച്ച് തന്‍റെ വരുതിയ്ക്ക് കൊണ്ടുവന്നു എന്നതാണ് എം എസ് വിശ്വനാഥന്‍ എന്ന സംഗിത സംവിധായകന്‍റെ പ്രത്യേകത. അതുതന്നെയാണ് അദ്ദേഹത്തിന്‍റെ സിഗ്നേച്ചറും. ഇങ്ങനെ ഗായകനുവേണ്ടി പാട്ടുകള്‍ ചമയ്ക്കാതെ ഗായകനെ തന്‍റെ വരുതിയില്‍ കൊണ്ടുവരാന്‍ സാധിച്ചത് ചുരുക്കം ചിലര്‍ക്ക് മാത്രമാണ്.

ഇനിയും ചില ഗാനങ്ങള്‍ ഇവര്‍ക്കാര്‍ക്കും വിട്ടുകൊടുക്കാതെ അദ്ദേഹംതന്നെ പാടുകയും ചെയ്തു. അത് ഇളയരാജയും മറ്റും പാടിയതുപോലെയുമല്ല. ആലാപനത്തിലെ എല്ലാ ഭാവങ്ങളും ശൈലികളും സ്ഥായികളും ഒരുപോലെ നിയന്ത്രിച്ചുകൊണ്ടുള്ള പാട്ട്. അതായിരുന്നു ‘കണ്ണുനീര്‍തുള്ളിയെ സ്ത്രീയോടുപമിച്ച’ എന്ന ഗാനവും മറ്റും നമുക്ക് പകര്‍ന്നു തന്നത്.

പറയാനിനിയും ഒരുപാട് ഗാനങ്ങളുണ്ട്… ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണി തെന്നലായിമാറിയപ്പോഴും, നാടന്‍ പാട്ടിന്‍റെ മടിശ്ശീല കിലുക്കിയപ്പോഴും….ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദത്തിലും എല്ലാം നമ്മള്‍ കേട്ട ആ അഭൌമ സംഗിതം നമുക്ക് മുന്‍പില്‍ നിലച്ചിട്ട് കാലങ്ങളേറെയായി. അപ്പോള്‍  നമ്മള്‍ അദ്ദേഹത്തേ റിയാലിറ്റി ഷോകളിലും മറ്റും കൊണ്ടിരുത്തി അപമാനിക്കുവാനും മറന്നില്ല. ഒരു പക്ഷെ ചില വിട്ടുവീഴ്ചകളാകാം അദ്ദേഹത്തെ ഇത്തരം വേദികളില്‍  കൊണ്ടുചെന്നെത്തിച്ചത്. എങ്കിലും പൊറുക്കാം. ‘ഉദിച്ചാല്‍ അസ്തമിക്കും മണ്ണില്‍ ജനിച്ചാല്‍ അന്തരിക്കും’ എന്ന അദ്ദേഹത്തിന്‍റെ ഉച്ചസ്ഥായിയിലുള്ള ആലാപനം‌ ഇനിയും കേട്ടുകൊണ്ട് ജീവിക്കാം; എം എസ് വി എന്ന സാന്നിധ്യം ഇല്ലാതെ.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍