UPDATES

സംഗീത സംവിധായകന്‍ എംഎസ് വിശ്വനാഥന്‍ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകന്‍ എം എസ് വിശ്വനാഥന്‍ അന്തരിച്ചു. 86വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയില്‍  ചികിത്സയിലായിരുന്നു. ആദ്യ ഘട്ടങ്ങളില്‍ ആരോഗ്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് അവസ്ഥ ഗുരുതരമായി. പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. മൃതദേഹം ചെന്നൈയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. സംസ്കാരം നാളെ ചെന്നൈയില്‍ നടക്കും.

മനയങ്കത്തു വീട്ടില്‍ സുബ്രമണ്യന്‍  നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായി 1928 ജൂണ്‍ 24നു പാലക്കാട് എലപ്പുള്ളിയിലാണ് എം എസ് വിശ്വനാഥന്‍ ജനിച്ചത്. അച്ഛന്റെ മരണ ശേഷം മുത്തച്ഛന്റെ സംരക്ഷണയിലായിരുന്നു സംഗീത അഭ്യസനം നടത്തിയത്. 

തെന്നിന്ത്യന്‍ സംഗീതത്തിനു ഏറെ സംഭാവന നല്കിയ സംഗീതകാരനാണ് എം എസ് വിശ്വനാഥന്‍.  മെല്ലിസൈ മന്നന്‍ എന്നായിരുന്നു അദ്ദേഹം സിനിമാലോകത്ത് അറിയപ്പെട്ടിട്ടിരുന്നത്. 1952ല്‍ ശിവാജി ഗണേശന്‍ നായകനായ പണം എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമ സംഗീത ജീവിതം തുടങ്ങിയത്. വിവിധ ഭാഷകളിലായി 1000ല്‍ പരം ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്. തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായ ‘നീരരും കടുലത’യുടെ സംഗീതസംവിധാനവും അദ്ദേഹമാണ് നിര്‍വഹിച്ചത്.

1971ല്‍ ലങ്കാ ദഹനം എന്ന സിനിമയോടെ മലയാളത്തില്‍ സജീവമായ എം എസ് വി കണ്ണൂനീര്‍ത്തുളളിയെ സ്ത്രീയോടുപമിച്ച, ഹിമവാഹിനീ, ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ തുടങ്ങി നൂറിലേറെ മലയാളം ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. പണിതീരാത്ത വീട്, ജീസസ്, മന്ത്രകോടി, ബാബു മോന്‍, ഉല്ലാസ യാത്ര, അമ്മേ അനുപമേ,വാടകവീട്, ലോറി, കോളിളക്കം, മര്‍മ്മരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍