UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രിയപ്പെട്ട പാണ്ഡ്യന്‍, പോകാന്‍ വരട്ടെ..

Avatar

സുനന്ദന്‍ കെ.എന്‍

മധ്യവയസ്സില്‍ ദില്ലിയിലേക്ക് കുടിയേറുമ്പോള്‍ പാണ്ഡ്യന്‍ സംശയിച്ചിരുന്നു; താന്‍ എന്നും എതിര്‍ത്ത ഇന്ത്യന്‍ ദേശീയതയുടെ, അതിനോട് ചേര്‍ന്ന ഭാഷാ-സാംസ്കാരിക ആധിപത്യങ്ങളുടെ തലസ്ഥാനത്ത് നിലനില്‍ക്കാന്‍ ആവുമോ എന്ന്. ജെ.എന്‍.യുവിലെ ചരിത്രപഠന കേന്ദ്രം എല്ലാ കാലത്തും ദേശീയവാദികളുടേയും മതേതരവാദികളുടേയും ബംഗാളികളുടെയും ഉത്തരേന്ത്യക്കാരുടെയും ആധിപത്യത്തിന്‍ കീഴില്‍ ആയിരുന്നു. അവിടെ ജീവിതം ദുസ്സഹം ആയിരിക്കുമോ എന്ന് പാണ്ഡ്യനു ഭയവുമുണ്ടായിരുന്നു. എന്നാല്‍ തന്റെ തന്നെ സംയങ്ങളെ അസ്ഥാനത്താക്കി നിലനില്‍ക്കുക മാത്രമല്ല, പാണ്ഡ്യന്‍ തന്റെ സാന്നിധ്യം ബോധ്യപ്പെടുത്തുകയും ചെയ്തു.

 

എതിര്‍പ്പുകളുടെ നടുക്ക് നിന്നുകൊണ്ട് പാണ്ഡ്യന്‍ വാശിയോടെ ചോദ്യങ്ങള്‍ ചോദിച്ച് വിദ്യാര്‍ത്ഥികളെയും സഹാധ്യാപകരെയും പ്രകോപിപ്പിച്ചു. ചരിത്രവിഭാഗം ക്ലാസ്സ്‌ മുറികളില്‍ ഒരു പക്ഷെ ആദ്യമായി ജാതിയെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. ദേശീയതാ പ്രസ്ഥാനത്തിന്റെയോ മാര്‍ക്സിസ്റ്റ്‌ വ്യാഖ്യാനങ്ങളുടെയോ അപ്പുറത്ത് രാഷ്ട്രീയവും ചരിത്രവും ഉണ്ടെന്നു വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞു തുടങ്ങി. ഏറ്റവും ഉറപ്പുള്ള വിശ്വാസങ്ങളെ പോലും ചോദ്യം ചെയ്യാന്‍ അദ്ദേഹം വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചു. അകാദമിക്സിന്റെ സാദ്ധ്യതകള്‍ ശക്തമായി ഉപയോഗപ്പെടുത്തുമ്പോഴും അതിന്റെ പരിമിതികളെ കുറിച്ച് പറയാന്‍ പാണ്ഡ്യന്‍ മടി കാണിച്ചിട്ടില്ല.

 

രാഷ്ട്രീയത്തെ എപ്പോഴും ചിന്തയുടെ കേന്ദ്രസ്ഥാനത്തു നിര്‍ത്താനുള്ള പാണ്ഡ്യന്റെ ശ്രമത്തില്‍ പലരും അസ്വസ്ഥരായിരുന്നു. പലരും അസൂയ പൂണ്ടിരുന്നു. തെളിവുകള്‍ക്കും ഉറപ്പുകള്‍ക്കുമല്ല വാക്കുകള്‍ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങള്‍ ആണ് പ്രധാനം എന്ന് പാണ്ഡ്യന്‍ വിശ്വസിച്ചു. അക്കാദമിക അറിവു നിര്‍മാണനിയമങ്ങള്‍ എങ്ങനെയാണ് കീഴാളരെ പുറത്താക്കുന്നത് എന്ന് വിവിധ ലേഖനങ്ങളില്‍ അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ അകാദമിക്സിനെ മേല്‍ജാതിക്കാര്‍ക്കും ഉപരിവര്‍ഗത്തിനും വിട്ടുകൊടുക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ബദല്‍മാര്‍ഗം. മുഖ്യധാരാ ചരിത്രവും ദേശീയ ചരിത്രവും അവഗണിച്ച, അല്ലെങ്കില്‍ വികൃതമാക്കിയ ദ്രവീഡിയന്‍ രാഷ്ട്രീയത്തെ ദേശീയ ചര്‍ച്ചകളുടെ മധ്യത്തിലേക്ക് കൊണ്ടുവരിക എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. പഠനവും ക്രിയാത്മകതയും ഒത്തു ചേര്‍ത്ത് ദ്രാവിഡ രാഷ്ട്രീയപഠനത്തെ പാണ്ഡ്യന്‍ പുതിയ മേഖലയിലേക്ക് കൊണ്ടുവന്നു.

 

സിനിമാക്കാര്‍ക്ക് വോട്ട് ചെയ്യുന്ന സിനിമാ ഭ്രാന്തന്മാരുടെ ലോകം എന്ന് തമിഴ് രാഷ്ട്രീയത്തെ കാണുന്നവര്‍ക്കുള്ള മറുപടിയായിരുന്നു എം.ജി.ആറിനെക്കുറിച്ചുള്ള പഠനം. സിനിമയിലെ രാഷ്ട്രീയത്തെ കുറിച്ച് മാത്രം പഠനം നടന്നിരുന്ന ഒരു സമയത്ത്, സിനിമാനിര്‍മാണവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച്, ഇഴചേര്‍ന്നു രൂപപെട്ടത്തിന്റെ തമിഴ് ചരിത്രം രാഷ്ട്രീയത്തെയും സിനിമയെയും പുതിയ വിധത്തില്‍ സമീപിക്കാന്‍ നമ്മെ നിര്‍ബന്ധിച്ചു.

 

ബ്രാഹ്മണരും അബ്രാഹ്മണരും എന്ന പുസ്തകം പാണ്ഡ്യന്‍റെ വിജ്ഞാനത്തേയും അതിന്റെ
രാഷ്ട്രീയത്തെയും വ്യക്തമായി അടയാളപ്പെടുത്തുന്നു. ദേശീയ പ്രസ്ഥാനങ്ങളെ കുറിച്ച് പഠിക്കുമ്പോള്‍ ഭൌതികം, ആത്മീയം എന്ന വ്യത്യസ്തമേഖലകള്‍ പ്രധാനമാണെന്ന പാര്‍ത്ഥ ചാറ്റര്‍ജിയുടെ വാദത്തെ ചോദ്യം ചെയ്തുകൊണ്ട്, എങ്ങനെയാണ്‌ ദേശീയ പ്രസ്ഥാനത്തിന്റെ ഭാവനയിലും പ്രവര്‍ത്തിയിലും ഈ മേഖലകള്‍ എല്ലായിപ്പോഴും ഇടകലര്‍ന്നു നിന്നതെന്ന് പാണ്ഡ്യന്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നു. തമിഴ് സ്വത്വ രാഷ്ട്രീയത്തിന്റെ രൂപംകൊള്ളലില്‍ എങ്ങനെയാണ് ബ്രാഹ്മണ/അബ്രാഹ്മണ സംവര്‍ഗങ്ങള്‍ പരസ്പരം നിര്‍മ്മിച്ചെടുക്കപ്പെട്ടത് എന്നും കൊളോണിയല്‍ അധികാരപ്രയോഗം ഇതിന്‍ എങ്ങനെ സാഹചര്യം ഒരുക്കി എന്നും പാണ്ഡ്യന്‍ വിശദീകരിക്കുന്നു. അബ്രാഹ്മണ സ്വത്വരൂപീകരണത്തില്‍ പെരിയാര്‍, മറയ്മറൈ അഡിഗള്‍, അയോതി ദാസ് എന്നിവരുടെ ചിന്തയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള പങ്ക് ഈ പുസ്തകം വിശദമാക്കുന്നു. തമിഴ്നാട്ടിലെ ദളിത് രാഷ്ട്രീയത്തെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഒരു തുടര്‍ച്ചയായി കാണുന്നു എന്ന വിമര്‍ശനവും ഈ പുസ്തകത്തെ കുറിച്ചുണ്ട്.

 

കീഴാള പഠനങ്ങളുടെ (Subaltern Studies Project) ദിശ പുനര്‍നിര്‍ണയിക്കുന്നതില്‍ മറ്റു പലരോടുമൊപ്പം പാണ്ഡ്യന്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ദേശീയതാ വിമര്‍ശനത്തിലും മാര്‍ക്സിസ്റ്റ്‌ വിമര്‍ശനത്തിലും കീഴാള പഠനങ്ങള്‍ അതിന്റെ വിമര്‍ശന വിഷയത്തിന്റെ ഒരു തുടര്‍ച്ച ആയിരുന്നു എന്ന്‍ പല പഠിതാക്കളും നിരീക്ഷിച്ചിട്ടുണ്ട്. രീതിശാസ്ത്രത്തിലും വിഷയത്തിലും കീഴാള പഠനത്തെ ദേശീയത – മാര്‍ക്സിസ്റ്റ്‌ ചട്ടക്കൂടില്‍ നിന്നും പുറത്തേക്ക് കൊണ്ട് പോകുന്നതില്‍ പാണ്ഡ്യന്റെ ഇടപെടലുകള്‍ നിര്‍ണായകവുമായിരുന്നു.

 

അകാദമിക്‌ / ആക്റ്റിവിസ്റ്റ് വൈരുധ്യങ്ങളില്‍ പാണ്ഡ്യന് വിശ്വാസം ഉണ്ടായിരുന്നില്ല. ജെ.എന്‍.യു.വില്‍ സംവരണത്തിനെതിരെ ചരിത്രവിഭാഗത്തിലെ മേല്‍ജാതി അധ്യാപകരുടെ നേതൃത്വത്തില്‍ നടന്ന പ്രചരണങ്ങളെ ചോദ്യം ചെയ്യുകയും സംവരണ അനുകൂല സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്ത അപൂര്‍വ്വം അധ്യാപകരില്‍ ഒരാളായിരുന്നു പാണ്ഡ്യന്‍. 

 

 

പ്രിയപ്പെട്ട പാണ്ഡ്യന്‍, പോകാന്‍ വരട്ടെ..

 

ജാതി, ദേശീയത എന്നിവ രാഷ്ട്രീയത്തിന്‍റെ ജീവന്‍മരണപ്രശ്നം ആയിരിക്കുന്ന ഈ സമയത്ത് ഈ മരണം തീര്‍ത്തും അനാവശ്യം ആയിരുന്നു. I can’t careless എന്നായിരിക്കും ഒരു പക്ഷെ നിങ്ങളുടെ മറുപടി. പക്ഷെ പുറത്ത് ഞങ്ങള്‍ സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. അംബേദ്കറെ കുറിച്ച്, ‘ഇന്ത്യന്‍’ സംസ്കാരത്തെ കുറിച്ച്, സിനിമയെക്കുറിച്ച്, ജാതിയെ കുറിച്ച്, കാശ്മീരിനെ കുറിച്ച് ഇനിയും നിങ്ങള്‍ പറയേണ്ടതുണ്ട്.

 

നമ്മള്‍ തമ്മില്‍ ഇനിയും തര്‍ക്കങ്ങള്‍ ബാക്കിയുണ്ട്. തമിഴ് നാട്ടില്‍ ബി.ജെ.പിയുടെ വളര്‍ച്ചയെ കുറിച്ച് നിങ്ങള്‍ പറഞ്ഞത് എനിക്ക് ബോധ്യപ്പെട്ടിട്ടില്ല. ഫെമിനിസ്റ്റ് രാഷ്ട്രീയത്തിനെ നിങ്ങള്‍ വേണ്ടത്ര മനസ്സിലാക്കുന്നില്ല എന്ന എന്റെ വിമര്‍ശനത്തിന് മറുപടി ഒന്നും തന്നിട്ടില്ല. 

 

മോര്‍ച്ചറിയിലെ തീര്‍ത്തും ഏകാന്തമായ ഈ നിമിഷത്തിലും “ഛെ, ഈ മോര്‍ച്ചറി ജീവനക്കാര്‍ ഹിന്ദിയില്‍ എന്താണ് സംസാരിക്കുന്നത് എന്നത് മനസ്സിലാവുന്നില്ലല്ലോ” എന്ന് നിങ്ങള്‍ ശബ്ദമില്ലാതെ ചിരിക്കുന്നുണ്ടോ? ഈ നീണ്ട നിദ്രയില്‍ നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് വരില്ല. അനീതികളുടെ നടുവില്‍ എപ്പോഴും അസ്വസ്ഥനായിരുന്ന ഒരാള്‍ക്ക്‌ സമാധാനത്തെ കുറിച്ച് വലിയ മതിപ്പൊന്നും ഉണ്ടാകാന്‍ ഇടയില്ല. ജെ.എന്‍.യു.വില്‍ വരുമ്പോള്‍ ഇനിയും കാണാം എന്ന പ്രതീക്ഷയോടെ… 

 

 

  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍