UPDATES

ട്രെന്‍ഡിങ്ങ്

എംടിയെ പഠിപ്പിക്കാന്‍ ബിജെപി കേരളത്തിൽ വളർന്നിട്ടില്ല

അംഗീകാരത്തിന്റെ ഹിമശൃംഗത്തിൽ നിൽക്കുന്ന എംടിക്ക് ഇനി എകെജി സെന്ററിൽ നിന്ന് എന്ത് നേടാൻ?

ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ ‘കള്ളപ്പണം മിഥ്യയും യാഥാർത്ഥ്യവും’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയില്‍ നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തെ വിമര്‍ശിച്ചു സംസാരിച്ച പ്രശസ്ത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്കെതിരെ വാളെടുത്തിരിക്കുകയാണ് സംഘപരിവാര്‍ സംഘടനകള്‍. സംഘപരിവാറിന്റെ ഹാലിളക്കത്തിനെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുകയാണ് തോമസ് ഐസക്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ;   

പുസ്തക പ്രകാശനത്തിന് എം ടിയെ ക്ഷണിക്കണമോ എന്ന ശങ്കയിലായിരുന്നു ഞാൻ. നോട്ടു റദ്ദാക്കലിനെക്കുറിച്ച്‌ പരസ്യ പ്രതികരണത്തിന് അദ്ദേഹത്തിന് താല്പര്യമുണ്ടാകുമോ? എം ടിയുടെ ചോദ്യം എല്ലാ സംശയത്തിനും അറുതി വരുത്തി. “ഈ നോട്ടു ക്ഷാമം അടുത്തെങ്കിലും തീരുമോ? എത്ര നാൾ ജനങ്ങൾ നിരർത്ഥകരമായ ഈ ദുരിതം പേറണം? എത്ര നിസംഗമായാണ് ഭരണാധികാരികൾ ഇതൊക്കെ നോക്കി കാണുന്നത്? ഇതെന്തിന്റെ പുറപ്പാടാണ്? കാണുന്നതിനപ്പുറം എന്തോ ഉണ്ടെന്ന് തോന്നുന്നു.” അങ്ങനെയാണ് കോട്ടക്കൽ ആര്യവൈദ്യശാലയിൽ വെച്ച് പുസ്തക പ്രകാശനത്തിന് എം ടിയെ ക്ഷണിക്കാനിടയായത്. തുഞ്ചൻ പറമ്പിൽ “കള്ളപ്പണം മിഥ്യയും യാഥാർത്ഥ്യവും” പ്രകാശനം ചെയ്തുകൊണ്ട് എം ടി ശക്തമായി അഭിനവ തുഗ്ളക്കിന്റെ പരിഷ്കാരത്തോട് പ്രതികരിച്ചു. വാർത്തയുമായി.

ബിജെപിയുടെ മറുപടി രാധാകൃഷ്ണന്റെ വാക്കുകളിലൂടെയാണ് പുറത്ത് വന്നത്! ആരാണ് എം ടി ഈ വിമർശനം ഉന്നയിക്കാൻ? സാമ്പത്തിക ശാസ്ത്രം അറിയുന്ന മോഹന വർമയോ സേതുവിനെയോ പോലെയുള്ളവർ പറയട്ടെ. എം ടിയെ പോലുള്ളവരെ കാര്യസാധ്യത്തിനായി എകെജി സെന്ററിന്റെ പടിവാതിക്കൽ ചെല്ലുന്നവരുടെ കുട്ടത്തിൽ പെടുത്തിയിരുന്നില്ല. ഇനി അത് തിരുത്തേണ്ടി വരും. ടിപി വധം, മുത്തലാക്ക്, റേഷൻ തുടങ്ങിയവ സംബന്ധിച്ച് എംടിക്ക് മിണ്ടാവ്രതമായിരുന്നു. ഇപ്പോൾ പിന്നെ നോട്ടു നിരോധനത്തെക്കുറിച്ച് സംസാരിക്കാൻ എന്തവകാശം?

പറഞ്ഞു പറഞ്ഞ് ബിജെപിയുടെ ഹാലിളക്കം ഇവിടം വരെയെത്തി. അംഗീകാരത്തിന്റെ ഹിമശൃംഗത്തിൽ നിൽക്കുന്ന എംടിക്ക് ഇനി എകെജി സെന്ററിൽ നിന്ന് എന്ത് നേടാൻ? എന്തിനെക്കുറിച്ചെല്ലാം അഭിപ്രായം പറയണം പറയണ്ട എന്നതൊക്കെ ഓരോരുത്തരും തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഇന്നതിനോടെല്ലാം പ്രതികരിച്ചില്ലെങ്കിൽ പിന്നെ പ്രതികരിക്കാന്‍ അവകാശമുണ്ടാകില്ല എന്ന് പറയാൻ ആർക്കാണവാകാശം? ഏത് സാമ്പത്തിക വിദഗ്ദനെക്കാൾ ജനവികാരം മനസ്സിലാക്കാനും പ്രതിഫലിപ്പിക്കാനും സാഹിത്യകാരനാണ് കഴിയുക. എംടിയെ പോലെയുള്ള ഒരു മഹാനായ എഴുത്തുകാരൻ എന്ത് സംസാരിക്കണം എന്ന് തിർപ്പുകൽപ്പിക്കാൻതക്കവിധം ബിജെപി കേരളത്തിൽ വളർന്നിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍