UPDATES

വായന/സംസ്കാരം

പള്ളിവാളും കാല്‍ച്ചിലമ്പും നിര്‍മ്മാല്യവും; എംടിയെ വീണ്ടും വായിക്കുമ്പോള്‍

ഏകാധിപതികളെയും അവരുടെ സ്തുതിപാഠകരെയും ഭയന്ന് നിശ്ശബ്ദരായിരിക്കാന്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ള എഴുത്തുകാര്‍ക്ക് കഴിയില്ല

ധബോല്‍ക്കറെയും പന്‍സാരയെയും കല്‍ബുര്‍ഗിയെയും കൊന്നുകളഞ്ഞവര്‍, പെരുമാള്‍ മുരുകനെ നിശ്ശബ്ദരാക്കിയവര്‍, ജ്ഞാനപീഠ ജേതാവ് പ്രൊഫസര്‍ യു ആര്‍ അനന്തമൂര്‍ത്തിയുടെ മരണം മധുരം വിതരണം ചെയ്താഘോഷിച്ചവര്‍, ഒരു വര്‍ഷം മുന്‍പ് എഴുതിയ നോവലിന്‍ലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ കമല്‍ സി ചവറക്കെതിരെ ദേശദ്രോഹം ആരോപിച്ച് കേസ് കൊടുത്തവര്‍, മുസ്ളീമായതുകൊണ്ട് ഡോ. എംഎം ബഷീര്‍ രാമായണത്തെക്കുറിച്ച് എഴുതരുതെന്ന് വിലക്കിയവര്‍ ഇനിയിപ്പോള്‍ എംടിയുടെ കൃതികള്‍ തപ്പിയെടുത്ത് വായിച്ചു തുടങ്ങും. നല്ലത് തന്നെ. കാരണം അവരുടെ തലയ്ക്കകത്തെ ‘Emptiness-‘ല്‍ നിന്നെങ്കിലും അവര്‍ രക്ഷപ്പെടുമല്ലോ. എംടി എന്ന രണ്ടക്ഷരം എന്തെന്ന് സംഘപരിവാര പാഠശാലകള്‍ കൂടുതലായെന്തെങ്കിലും മലയാള സമൂഹത്തിനെ പഠിപ്പിക്കണം എന്നു തോന്നുന്നില്ല.

എംടി വാസുദേവന്‍ നായര്‍ ആരാണെന്നറിയാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍, സംവിധായകന്‍, തിരൂര്‍ തുഞ്ചന്‍ പറമ്പിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ മികച്ച അഡ്മിനിസ്ട്രേറ്റര്‍ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം തന്നെ എംടി തന്‍റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകളെല്ലാം ചരിത്രത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന കൃതികളാണ്. സമകാലികരായ ആളുകളുമായി മാത്രമല്ല ആ എഴുത്തുകള്‍ സംവദിക്കുന്നത്. പുതിയ തലമുറയ്ക്കും വരാനിരിക്കുന്ന തലമുറകള്‍ക്കും എംടി കൃതികള്‍ കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തിലേക്കുള്ള ഭൂപടമാണ്.

‘പള്ളിവാളും കാല്‍ച്ചിലമ്പും’ എന്ന കഥ എംടി എഴുതിയത് 1956-ലാണ്. തനിക്ക് പാരമ്പര്യമായി കിട്ടിയ  വെളിച്ചപ്പാടിന്‍റെ സ്ഥാനം ഇരുപതു വര്‍ഷത്തോളം മുറതെറ്റാതെ കൊണ്ടുനടന്നിട്ടും ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരു വെളിച്ചപ്പാടിന്‍റെ കഥയാണത്. ഈ കഥാപാത്രം എംടി യുടെ ഭാവനാ സൃഷ്ടി മാത്രമല്ല. വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ ജീവിതം ഹോമിച്ച അല്ലെങ്കില്‍ അതിനു നിര്‍ബ്ബന്ധിതരായി പട്ടിണിയും കഷ്ടപ്പാടും അനുഭവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട നിരവധിപേര്‍ നമുക്ക് ചുറ്റും എന്നും ഉണ്ടായിരുന്നു. നാല് ആണ്മക്കളും ഒരു പെണ്‍കുട്ടിയുമടക്കം അഞ്ചുമക്കളാണ് വെളിച്ചപ്പാടിന് ഉണ്ടായിരുന്നത്. കൊടും ദാരിദ്ര്യത്തില്‍ പെട്ടുഴലുമ്പോഴും ആളുകള്‍ വെളിച്ചപ്പാടിന് നാല് ആണ്‍മക്കളെ കിട്ടിയതു ദേവിയുടെ അനുഗ്രഹമായിട്ടാണ് കാണുന്നത്. പട്ടിണി കിടന്നും കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കുന്നതു കണ്ടും മടുത്തിട്ടാണ് വെളിച്ചപ്പാട് ഭിക്ഷാടനത്തിന് ഇറങ്ങുന്നത്. തന്റെ അച്ഛനോ മുത്തച്ഛനോ ഒരിക്കലും ചെയ്യാത്ത ഒരു കാര്യം ചെയ്യേണ്ടി വരുമ്പോള്‍ അയാളുടെ ആത്മാഭിമാനം വ്രണപ്പെടുന്നുണ്ട്. ദേവിയുടെ മുന്നില്‍ നിരവധി വര്‍ഷങ്ങള്‍ ഉറഞ്ഞുതുള്ളിയിട്ടും അയാള്‍ക്ക് കിട്ടിയത് പട്ടിണിയും ദാരിദ്ര്യവും വിട്ടുമാറാത്ത തലവേദനയുമാണ്. എല്ലാം ദേവി ശരിയാക്കിത്തരും എന്ന അയാളുടെ കാത്തിരിപ്പ് ഇവിടെ വ്യര്‍ഥമാവുകയാണ്.

ഒരുദിവസം അയാള്‍ കയറിവരുമ്പോള്‍ മൂത്തമകന്‍ പള്ളിവാളുകൊണ്ട് മാങ്ങ ചെത്തുന്നതാണ് കണ്ടത്. കൈ കഴയ്ക്കുന്നത് വരെ അയാള്‍ മകനെ അടിച്ചു. അപ്പോള്‍ അവന്‍ അച്ഛനോട് പറയുന്നു “അച്ഛന്‍റെ ഭഗവതി ചോറുകൊണ്ടുവരട്ടെ. കൊല്ലം ഇത്തിര്യായല്ലോ അച്ഛന്‍ മൂപ്പത്തിയാരുടെ വാളുമ്മേല്‍ തൂങ്ങീട്ട്….” പിന്നീട് മകന്‍ നാടുവിട്ടു പോകുന്നു. വെളിച്ചപ്പാടിന്റെ മകള്‍ക്ക് വസൂരി ബാധിച്ചത് അയാള്‍ നേരും നെറിയും വിട്ടു നടന്നിട്ടാണെന്ന് എമ്പ്രാന്തിരി പരിഹസിക്കുന്നു. കഥയുടെ അവസാനം ഭഗവതിയുടെ പള്ളിവാളും കാല്‍ ചിലമ്പും പഴയ ഓടിന്‍റെ വിലയ്ക്ക് തൂക്കി വില്‍ക്കാന്‍ ശ്രമിക്കുന്ന വെളിച്ചപ്പാടിനെയാണ് കാണുന്നത്. വിശാസത്തിന്റെയും ആചാരങ്ങളുടെയും നിരര്‍ത്ഥകത തന്നെയാണ് എംടി ഈ കഥയിലൂടെ ആവിഷ്കരിക്കുന്നത്. ആധുനികതയിലേക്ക് കാലെടുത്തു വെക്കുന്ന ഒരു സമൂഹം നേരിടുന്ന ആന്തരിക സംഘര്‍ഷങ്ങളെ വളരെ ശക്തമായി ആവിഷ്ക്കരിക്കാന്‍ എംടിക്ക് പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥയിലൂടെ സാധിച്ചിട്ടുണ്ട്. എംടി എന്ന എഴുത്തുകാരന്‍റെ ഏറ്റവും നല്ല ചെറുകഥകളില്‍ ഒന്നായിട്ടാണ് ഈ കഥ എല്ലാക്കാലത്തും വിലയിരുത്തപ്പെടുന്നത്.

ഈ ചെറുകഥ സിനിമയാകുന്നത് അത് പ്രസിദ്ധീകരിച്ചിട്ട് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 1973ലാണ് നിര്‍മ്മാല്യം എംടിയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങുന്നത്. ആ വര്‍ഷം നിര്‍മ്മാല്യത്തിന് രാഷ്ട്രപതിയുടെ ഗോള്‍ഡ് മെഡല്‍ ലഭിക്കുകയുണ്ടായി. കേരള സമൂഹം ഏറെ മാറിയെങ്കിലും യാഥാസ്ഥിതികതയ്ക്കെതിരെയുള്ള പ്രതിഷേധം ചെറുകഥയില്‍ നിന്നും ഭിന്നമായി സിനിമയില്‍ തീവ്രശക്തിയോടെ എംടി ആവിഷ്ക്കരിക്കുന്നുണ്ട്. വെളിച്ചപ്പാടിനെക്കൊണ്ട് ഭാഗവതിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിക്കാനുള്ള ധൈര്യം എംടി അന്ന് കാണിച്ചു. മലയാള സിനിമയ്ക്കോ സാഹിത്യത്തിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും കലാരൂപത്തിനോ ഇനി ഒരിക്കലും സാധിക്കാത്ത ഒരു കാര്യം.

താന്‍ ഉള്‍പ്പെടുന്ന ലോകത്തിലെ തനിക്ക് ചുറ്റും നടക്കുന്ന പ്രശ്നങ്ങളെ അല്ലെങ്കില്‍ തന്റെ തന്നെ അനുഭവങ്ങളെയാണ് പലപ്പോഴും എംടി എഴുത്തിന് വിഷമാക്കിയിട്ടുള്ളത്. എന്തുകൊണ്ടാണ് അന്നൊന്നുമില്ലാത്ത രീതിയില്‍ ഒരു എഴുത്തുകാരന് നേരെ ഇത്രവലിയ ആക്രോശങ്ങള്‍ ഉണ്ടാകുന്നത്. ജാതിയേയോ മതത്തെയോ ഭരണകൂടത്തെയോ വിമര്‍ശിക്കാന്‍ എഴുത്തുകാരന് / സാംസ്കാരിക നായകര്‍ക്ക് ഉണ്ടായിരുന്ന സ്വാതന്ത്ര്യത്തിന് ആരാണ് പരിധി നിശ്ചയിക്കുന്നത്? അടിയന്തിരാവസ്ഥക്കാലത്താണ് ഇതിന് മുന്‍പ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെ ഇതുപോലെയുള്ള കടന്നാക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളതും എഴുത്തുകാരെ നിശ്ശബ്ദരാക്കാന്‍ ഭരണകൂടം ശ്രമിച്ചിട്ടുള്ളതും.

നോട്ട് നിരോധനം കൊണ്ട് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചത് സാധാരണക്കാരായ ജനങ്ങളാണ്. തങ്ങളധ്വാനിച്ചുണ്ടാക്കിയ പണത്തിന് വേണ്ടി ജനങ്ങള്‍ ക്യൂനിന്നു കുഴഞ്ഞ് വീണ് മരിക്കുമ്പോള്‍ ഒരു എഴുത്തുകാരന് നിശബ്ദനായിരിക്കാന്‍ കഴിയില്ല. ഭരണകൂടം വെച്ചുനീട്ടുന്ന അവാര്‍ഡോ സ്ഥാനമാനങ്ങള്‍ എന്ന അപ്പക്കഷ്ണമോ സ്വീകരിച്ച് മിണ്ടാതിരിക്കലല്ല ഒരെഴുത്തുകാരന്‍റെ ധാര്‍മ്മികത. എഴുത്തുകാരന്/അല്ലെങ്കില്‍ എഴുത്തുകാരിക്ക് സമൂഹത്തോട് ഉത്തരവാതിത്തമുണ്ട്. തനിക്ക് ചുറ്റുമുള്ള സമൂഹത്തില്‍ നിന്നു മാറിനില്‍ക്കാന്‍ അവര്‍ക്ക് ഒരിയ്ക്കലും കഴിയില്ല. കേരളത്തിലെ സാമൂഹ്യ നവോത്ഥാന ചരിത്രം പരിശോധിച്ചാല്‍ മാറ്റത്തിന് വേണ്ടിയുള്ള ചരിത്രപരമായ നിരവധി സംഭാവനകള്‍ അവര്‍ നല്‍കിയിട്ടുണ്ടെന്ന് കാണാം. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാനും നല്ല തീരുമാനങ്ങളെ അംഗീകരിക്കാനും രാജ്യത്തെ ഏത് പൌരനുമുള്ള അവകാശം എഴുത്തുകാര്‍ക്കുമുണ്ട്. പൊന്‍കുന്നം വര്‍ക്കിയും ഓ വി വിജയനും വി കെ എന്നും ബഷീറും ആനന്ദുമൊക്കെ എഴുത്തിലൂടെ സാമൂഹ്യ വിമര്‍ശനവും ഭരണകൂട വിമര്‍ശനവുമൊക്കെ നടത്തിയിട്ടുണ്ട്. എംടിക്കെതിരെ വാളോങ്ങുന്നവര്‍ മലയാള സാഹിത്യ ചരിത്രത്തിലൂടെ ഒന്നു യാത്ര ചെയ്യുന്നത് നന്നായിരിക്കും. അടിയന്തരാവസ്ഥയുടെ ഭീകരത നാടകങ്ങളിലൂടെയും നോവലുകളിലൂടെയുമൊക്കെ ജനങ്ങളിലേക്ക് എത്തിക്കാന്‍ നമ്മുടെ എഴുത്തുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരമൊരു സ്വേച്ഛാധിപത്യമാണ് അല്ലെങ്കില്‍ അതിനെക്കാള്‍ ഭീകരമായ രീതിയില്‍ ജനങ്ങളെ നിശ്ശബ്ദരാക്കുന്ന ഭരണകൂട ഭീകരതയാണ് നമ്മുടെ രാജ്യം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

ഈ കഴിഞ്ഞ ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘സ്വൈപ്’ എന്ന കവിതയില്‍ മോഹന കൃഷ്ണന്‍ കാലടി ഇങ്ങനെ എഴുതുന്നു.

‘ഉപ്പും മുളകും കൂട്ടിമടുത്ത വായേ
ഇനി നീയൊരു സ്വൈപ്പിംഗ് മെഷീനാവുക
ഏത് കാര്‍ഡും സ്വീകരിക്കുക
ദാഹവും വിശപ്പും ഉണ്ടാകാതെയിരിപ്പാനായി
ഉപദേശിക്കപ്പെട്ട മന്ത്രങ്ങളൊന്നും ഫലിക്കാത്ത
രാമലക്ഷ്മണ കാലം’.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വര്‍ത്തമാന കാലത്തെ ഒരു കവി അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. എഴുത്തുകാരുടെ പ്രതിരോധം ചിലപ്പോള്‍ അവരുടെ കൃതികളിലൂടെയുമാകാം. എല്ലാ കാലത്തും ആ കാലത്തിന്‍റെ വ്യഥകളെ സമൂഹത്തോട് പ്രതിബദ്ധതയുള്ള എഴുത്തുകാരെ എപ്പോഴും അലോസരപ്പെടുത്തും. അതുകൊണ്ട് തന്നെ തനിക്ക് ചുറ്റും കാണുന്ന അനീതികള്‍ക്കെതിരെ സര്‍ഗ്ഗാത്മകമായോ അല്ലാതെയോ പ്രതികരിക്കേണ്ടത് അവരുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഇവിടെ എംടി ചെയ്തതും അതുതന്നെയാണ്. ഏകാധിപതികളെയും അവരുടെ സ്തുതിപാഠകരെയും ഭയന്ന് നിശ്ശബ്ദരായിരിക്കാന്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ള എഴുത്തുകാര്‍ക്ക് കഴിയില്ല. അതുകൊണ്ട് തന്നെ സാംസ്കാരിക കേരളം ഒറ്റക്കെട്ടായി എംടിക്കെതിരെ ഉയരുന്ന ഭീഷണികളെ പ്രതിരോധിക്കേണ്ടതുണ്ട്.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖിക)

 

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍