UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഫ്തി മൊഹമ്മദ് സയീദ്; കശ്മീരിലെ ‘ഡല്‍ഹിയുടെ ആള്‍’

Avatar

ടീം അഴിമുഖം

ആക്രമണങ്ങളുടെ മുറിവുകള്‍ നിറഞ്ഞ ജമ്മു-കശ്മീരില്‍ രണ്ടുതവണ മുഖ്യമന്ത്രിയാകും മുന്‍പ് മുഫ്തി മൊഹമ്മദ് സയീദ് പിന്നിട്ട പാതകള്‍ക്കു ദൈര്‍ഘ്യമേറും. അന്‍പതുവര്‍ഷത്തെ രാഷ്ട്രീയജീവിതത്തിന് തിരശീല വീഴ്ത്തി മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ വയസ് 79. ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം.

പാക്കിസ്ഥാനുമായി സമാധാനപരമായ ബന്ധം സ്ഥാപിക്കുന്നതിനെപ്പറ്റി സംസാരിക്കാന്‍ ധൈര്യം കാണിച്ച ആദ്യ കശ്മീര്‍ നേതാവായിരുന്നു മുഫ്തി മൂഹമ്മദ് സയീദ്. 2002ല്‍ ആദ്യതവണ മുഖ്യമന്ത്രിയായപ്പോള്‍ത്തന്നെ സംസ്ഥാനത്തിനു ഗതിമാറ്റമുണ്ടാക്കിയ മുഫ്തി പിന്നീട് ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കുക വഴി മറ്റൊരു പുതുമയ്ക്കും ഉടമയായി.

അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹാരയില്‍ മതപണ്ഡിതരുടെ കുടുംബത്തില്‍ 1936 ജനുവരി 12നാണ് മുഫ്തി ജനിച്ചത്. ശ്രീനഗറിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍നിന്ന് നിയമബിരുദവും അറബിയില്‍ ബിരുദാനന്തരബിരുദവും നേടി.

കശ്മീരില്‍ അഭിഭാഷകനായിരിക്കുമ്പോഴാണ് രാഷ്ട്രീയപ്രവേശം. ഗുലാം മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയിലായിരുന്നു തുടക്കം. ഇത് പിന്നീട് കോണ്‍ഗ്രസില്‍ ലയിച്ചു.

നാഷനല്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുകയും പാര്‍ട്ടിയുടെ നേതാവ് ഷേക്ക് അബ്ദുള്ള ജയിലിലാകുകയും ചെയ്തതിനുശേഷം വന്ന സര്‍ക്കാരുകളില്‍ മുഫ്തി അംഗമായി.

1972ല്‍ ക്വാസിമിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുഫ്തി ക്യാബിനറ്റ് റാങ്കുള്ള മന്ത്രിയായി. 1974ല്‍ ഷേക്ക് അബ്ദുള്ളയുടെ തിരിച്ചുവരവിനുശേഷം ഇന്ദിരാഗാന്ധിയുമായുണ്ടാക്കിയ ധാരണ പ്രകാരം മുഫ്തിയായിരുന്നു ജമ്മു- കശ്മീര്‍ കോണ്‍ഗ്രസ് ചീഫ്. രാജീവ് ഗാന്ധിയുടെ കാലത്തെ രണ്ടാം നാഷനല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭാംഗമായ മുഫ്തി പിന്നീട് കേന്ദ്രമന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായി.

1986 നവംബറില്‍ രാജീവ് – ഫറൂഖ് ധാരണയെച്ചൊല്ലി കോണ്‍ഗ്രസ് വിട്ട മുഫ്തി 1987ല്‍ വി പി സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയസഖ്യത്തില്‍ ചേര്‍ന്നു. 1989ല്‍ കേന്ദ്ര ആഭ്യന്തരമന്തിയായി. ഈ പദവിയിലെത്തുന്ന ആദ്യ മുസ്ലിമാണ് മുഫ്തി.

ആഭ്യന്തരമന്ത്രിയായി ഏതാനും ദിവസങ്ങള്‍ക്കകം മുഫ്തിയുടെ മകള്‍ റുബയ്യ സയീദിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ഏതാനും തീവ്രവാദികളെ വിട്ടയച്ചതിനുശേഷമാണ് റുബയ്യ മോചിതയായത്.

ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ മുഫ്തി ജനപ്രിയനായിരുന്നില്ല. കശ്മീരില്‍ ഭീകരപ്രവര്‍ത്തനവും മനുഷ്യാവകാശ ലംഘനങ്ങളും ഇക്കാലത്ത് വര്‍ധിക്കുകയും ചെയ്തു. കശ്മിരില്‍ ഇന്നും പരക്കെ എതിര്‍ക്കപ്പെടുന്ന പല നിയമങ്ങളും നിലവില്‍ വന്നത് മുഫ്തിയുടെ കാലത്താണ്.

പി വി നരസിംഹറാവുവിന്റെ കാലത്ത് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും വീണ്ടും കോണ്‍ഗ്രസ് വിട്ട് മകള്‍ മെഹബൂബ മുഫ്തിക്കൊപ്പം പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ മുഫ്തിക്ക് വിഷമതകള്‍ നിറഞ്ഞതായിരുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍പോലും ആളെ കിട്ടാത്ത അവസ്ഥ. സുരക്ഷാ സൈനികര്‍ കൊലപ്പെടുത്തിയ ഭീകരരുടെയും സാധാരണക്കാരുടെയും വീടുകള്‍ സന്ദര്‍ശിച്ച മെഹബൂബ മുഫ്തിയാണ് പിന്നീട് അനുഭാവികളെ സൃഷ്ടിച്ച് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ചത്.

2002ലെ തിരഞ്ഞെടുപ്പില്‍ നാഷനല്‍ കോണ്‍ഫറന്‍സിനെ പരാജയപ്പെടുത്തിയ പിഡിപി കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെ അധികാരത്തിലെത്തി. ജമ്മു-കശ്മീരില്‍ ‘ഡല്‍ഹിയുടെ ആള്‍’ എന്നറിയപ്പെട്ടിരുന്ന മുഫ്തി അങ്ങനെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. മുഫ്തിയുടെ നേതൃത്വത്തില്‍ സംസ്ഥാനം ആദ്യമായി സാമ്പത്തികവളര്‍ച്ച നേടി. കയ്യേറ്റങ്ങള്‍ നീക്കം ചെയ്ത് ശ്രീനഗറിന്റെ മുഖം മിനുക്കിയതും മുഫ്തി സര്‍ക്കാരാണ്. സാധാരണക്കാരുടെ കൊലപാതകങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കര്‍ശനമായി നേരിട്ട മുഫ്തി ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു.

2005 മാര്‍ച്ചില്‍ അമന്‍ സേതു വഴി നിയന്ത്രണരേഖയ്ക്കപ്പുറത്തേക്ക് ബസ് സര്‍വീസ് ആരംഭിച്ചത് ഉഭയകക്ഷി ബന്ധങ്ങളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കി. വീസയും പാസ്‌പോര്‍ട്ടുമില്ലാതെ അതിര്‍ത്തിക്കപ്പുറത്തേക്കു യാത്ര ചെയ്യാന്‍ ആദ്യമായി കശ്മീരികള്‍ക്ക് അവസരം ലഭിച്ചത് ഇതുവഴിയാണ്. ജമ്മു-കശ്മീര്‍ നിവാസികളാണെന്നു കാണിക്കുന്ന അനുമതിപത്രം മാത്രമേ യാത്രാരേഖയായി വേണ്ടിയിരുന്നുള്ളൂ. പാക്കിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിലെ ബന്ധുക്കളെയും മിത്രങ്ങളെയും സന്ദര്‍ശിക്കാന്‍ ഇതുവഴി കശ്മീരികള്‍ക്കു സാധിച്ചു.

അമര്‍നാഥ് ക്ഷേത്രത്തിനു സ്ഥലം നല്‍കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മന്ത്രിസഭ ഹ്രസ്വായുസായെങ്കിലും കുറച്ചുകാലം കൊണ്ട് ജനപ്രിയ പ്രതിച്ഛായ നേടാന്‍ മുഫ്തിക്കു സാധിച്ചു.

തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 2014ല്‍ മുഫ്തി കരുത്തനായി തിരിച്ചുവന്നു. കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും പിന്തുണ വാഗ്ദാനം നല്‍കിയെങ്കിലും കേന്ദ്രസര്‍ക്കാരിനെ പിണക്കാന്‍ ആഗ്രഹിക്കാത്ത മുഫ്തി ബിജെപിയുടെ പിന്തുണയാണ് സ്വീകരിച്ചത്. ജമ്മുവില്‍ ബിജെപിക്കു ലഭിച്ച പിന്തുണയും ഇതിനു പ്രേരകമായി.

എന്നാല്‍ ബിജെപി അജന്‍ഡ മുഫ്തിയുടെ നേട്ടങ്ങള്‍ ഇല്ലാതാക്കുമെന്ന് പിഡിപിയില്‍ത്തന്നെ പലരും കരുതി. തുടക്കത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച ഉദാരസമീപനം അവസാനിച്ചതോടെ മുഫ്തി വീണ്ടും കശ്മീരിലെ ‘ഡല്‍ഹിയുടെ ആള്‍’ എന്നറിയപ്പെട്ടു തുടങ്ങി. മത, പ്രാദേശിക അസഹിഷ്ണുതകളില്‍ പാലിക്കപ്പെട്ട മൗനം സ്വന്തം പാര്‍ട്ടിയില്‍ത്തന്നെ അസ്വാരസ്യങ്ങളുണ്ടാക്കി. കൂട്ടുകക്ഷി മന്ത്രി സഭ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു മുഫ്തിയുടെ പാര്‍ട്ടിയുടെ ഭാവി.

വലതുപക്ഷശക്തികള്‍ക്ക് കശ്മീരില്‍ സ്വാധീനമുണ്ടാക്കിക്കൊടുത്ത നേതാവ് എന്ന നിലയിലാകുമോ പരമ്പരാഗത കൂട്ടുകെട്ടുകള്‍ക്കപ്പുറം മുന്‍പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ കശ്മീരിയത്ത് അല്ലെങ്കില്‍ ഇന്‍സാനിയത്ത് (മനുഷ്യത്വം) എന്ന കാഴ്ചപ്പാടിനായി പ്രവര്‍ത്തിച്ചയാള്‍ എന്ന നിലയിലാകുമോ മുഫ്തി സ്മരിക്കപ്പെടുകയെന്ന് കാലത്തിനേ പറയാനാകൂ.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍