UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരിനെയും ഇന്ത്യയെയും മാറ്റിയ ഒരു തട്ടിക്കൊണ്ടുപോകല്‍

ടീം അഴിമുഖം

ശ്രീനഗറിലെ ലാല്‍ഡെഡ് സ്മാരക ആശുപത്രിയില്‍ നിന്നും നടക്കാവുന്ന ദൂരമേ ആ ബസ്സ്‌റ്റോപ്പിലേക്കുള്ളൂ. തണുത്തുറഞ്ഞ ഒരു വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞു, 3:25നു 23 കാരിയായ റുബയ്യ സയിദ്, ഇക്ബാല്‍ പാര്‍ക് റോഡിലേക്കിറങ്ങി, വലത്തോട്ട് തിരിഞ്ഞു, മുന്നിലുള്ള കവലയിലേക്ക് നടന്നു. നൗഗാമിലെ വീട്ടിലേക്ക് പോവുകയായിരുന്നു റുബയ്യ. മറ്റൊരു പതിവ് യാത്രയെന്നപോലെ അവള്‍ ഒരു മിനിബസില്‍ കയറി. 

രാം ബാഗില്‍ വെച്ച് രണ്ടുപേര്‍ ബസില്‍ കയറി. ഒരു യാത്രക്കാരനൊഴിച്ച് മറ്റാര്‍ക്കും അതില്‍ ഒരു സംശയവും തോന്നിയിരിക്കാന്‍ ഇടയില്ല. എന്തായാലും റുബയ്യ ഒന്നും സംശയിച്ചില്ല. 

ബഗത്ത് കനിപോറ എത്തിയപ്പോള്‍ പേടിസ്വപ്നങ്ങളിലെ നാടകം ആരംഭിച്ചു. പൊടുന്നനെ മൂന്ന് അപരിചിതര്‍ തോക്കുകളുമായി റുബയ്യക്ക് അരികിലെത്തി. അവര്‍ അവളെ കാത്തുനിന്ന ഒരു നീല മാരുതിയിലേക്ക് കയറ്റി. അപ്പോള്‍ സമയം ഉച്ചതിരിഞ്ഞു 3;45. കാശ്മീര്‍ തീവ്രവാദത്തെ നാടകീയമായി സജീവമാക്കിയ 122 മണിക്കൂര്‍ നീണ്ട നാടകത്തിന്റെ തുടക്കമായിരുന്നു അത്. താഴ്‌വരയ്ക്ക് മേല്‍ ന്യൂ ഡല്‍ഹിയുടെ നിയന്ത്രണത്തെ വെല്ലുവിളിച്ച ഒന്ന്. വ്യാഴാഴ്ച്ച ന്യൂ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ 79ആം വയസില്‍ അന്തരിച്ച മുഫ്തി മുഹമദ് സയിദിന്റെ പ്രതിച്ഛായയെയും ഓര്‍മ്മകളെയും കളങ്കപ്പെടുത്തുന്ന ഒന്ന്. 

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ മുസ്ലീം കേന്ദ്ര ആഭ്യന്തര മന്ത്രിയായി റുബയ്യയുടെ അച്ഛന്‍ മുഫ്തി മൊഹമ്മദ് സയീദ് അധികാരമേറ്റെടുത്തതായിരുന്നു തട്ടിക്കൊണ്ടുപോകലിന് കാരണമായത്. കേവലം ആറു ദിവസങ്ങള്‍ക്ക് മുമ്പ് 1989, ഡിസംബര്‍ രണ്ടിനായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. 

ആ സമയം ഡല്‍ഹിയിലായിരുന്ന സയിദ് രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് തട്ടികൊണ്ടുപോകലിനെക്കുറിച്ച് അറിഞ്ഞത്. ജമ്മു കശ്മീര്‍ വിമോചന മുന്നണി (JKLF) ഫോണിലൂടെ, സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തടവിലുള്ള അഞ്ചു സഹപ്രവര്‍ത്തകരുടെ മോചനമായിരുന്നു അവരാശ്യപ്പെട്ട മോചനദ്രവ്യം. 

അന്നേക്കു ആറു ദിവസം മാത്രം പ്രായമുണ്ടായിരുന്ന വിശ്വനാഥ് പ്രതാപ് സിങ് സര്‍ക്കാര്‍ പെട്ടന്നുതന്നെ അരുണ്‍ നെഹ്‌റു, ആരിഫ് മുഹമദ് ഖാന്‍, ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍ എന്നിവരടങ്ങുന്ന ഒരു മന്ത്രിസഭ ഉപസമിതിക്ക് രൂപം നല്‍കി. പ്രതിസന്ധി പരിഹരിക്കാന്‍ ശ്രീനഗറില്‍ ചീഫ് സെക്രട്ടറി മൂസ റാസ ഒരു പ്രത്യേക സംഘം ഉണ്ടാക്കി. 

തീവ്രവാദികളുമായി ബന്ധപ്പെടാന്‍ അടുത്ത ദിവസങ്ങളില്‍ പരിഭ്രാന്തി നിറഞ്ഞ ശ്രമങ്ങള്‍ നടന്നു. ഡിസംബര്‍ 10ന് അവര്‍ തങ്ങളുടെ ആവശ്യം ആവര്‍ത്തിച്ചു; തിങ്കളാഴ്ച്ച വൈകീട്ട് 7 മണിക്ക് തീവ്രവാദികളെ മോചിപ്പിക്കുക, ഇല്ലെങ്കില്‍ ‘റുബയ്യയുടെ മൃതദേഹം ശ്രീനഗര്‍ നഗരത്തിനുള്ളില്‍ കാണും.’

അലഹാബാദ് ഹൈക്കോടതി ജസ്റ്റിസ് എം എല്‍ ഭട് മധ്യസ്ഥനായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങി. ആദ്യ അന്ത്യശാസനം വന്നുപോയി; ചര്‍ച്ചകള്‍ തുടര്‍ന്നു. അതിനിടെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്ന അഞ്ചു തീവ്രവാദികളില്‍ നാലു പേരെ ശ്രീനഗറില്‍ എത്തിച്ചിരുന്നു.

വിദേശ സന്ദര്‍ശനം റദ്ദാക്കി മടങ്ങിയെത്തിയിരുന്ന മുഖ്യമന്ത്രിയെ ഫാറൂഖ് അബ്ദുള്ള, തീവ്രവാദികള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതിനെ നഖശിഖാന്തം എതിര്‍ത്തു. പക്ഷേ തീവ്രവാദികളെ മോചിപ്പിക്കാന്‍ അപ്പോഴേക്കും കേന്ദ്രം തത്വത്തില്‍ തീരുമാനിച്ചിരുന്നു.

ഡിസംബര്‍ 13ന് അബ്ദുള്‍ ഹമീദ് ഷെയ്ഖ്, ഷെര്‍ ഖാന്‍, നൂര്‍ മുഹമ്മദ് കാല്‍വല്‍, അല്‍ത്താഫ് അഹമ്മദ്, ജാവേദ് അഹമ്മദ് ജര്‍ഗര്‍ എന്നിവരെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ഉത്തരവുമായി ഗുജ്‌റാളും ആരിഫ് മൊഹമ്മദ് ഖാനും ശ്രീനഗറിലെത്തി. ബുധനാഴ്ച്ച ഉച്ചതിരിഞ്ഞു 3:05നു ശ്രീനഗറിലെ രജോറി കഡാലില്‍ അവരെ മോചിപ്പിച്ചു.

‘ ഞാനവളുടെ വിധി സര്‍വശക്തന്റെ കയ്യില്‍ ഏല്‍പ്പിച്ചിരുന്നു,’ സന്തോഷാധിക്യത്തില്‍ സയിദ് പറഞ്ഞു. ‘അവള്‍ക്കൊരു പുതുജീവന്‍ കിട്ടി.’

സയിദ് അസാധാരണനായ ഒരു നേതാവായിരുന്നു. കാശ്മീരിന് പുറത്തുള്ള ഇന്ത്യയിലെ ഒരു സ്ഥലത്തുനിന്ന്- ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ മണ്ഡലത്തില്‍ നിന്ന്- ലോക്‌സഭയിലേക്ക് ജയിച്ച ഏക കശ്മീരി നേതാവായിരുന്നു അദ്ദേഹം. എല്ലാ നിലയ്ക്കും ഒരിന്ത്യക്കാരനായിരുന്നു സയിദ്. ജമ്മുവും ലഡാക്കുമില്ലാതെ കാശ്മീര്‍ ഒന്നുമല്ല എന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ബി ജെ പിയുടെ നഗ്‌നമായ വര്‍ഗീയത ഒരു പരിധിക്കപ്പുറം അവരെ സഹായിക്കില്ലെന്നും അദ്ദേഹത്തിന് വ്യക്തമായിരുന്നു.

എന്നാല്‍, അദ്ദേഹത്തിന്റെ മകളുടെ തട്ടിക്കൊണ്ടുപോകലാണ് അദ്ദേഹത്തിന്റെയും ഇന്ത്യയുടെതന്നെയും രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായത്.

തീവ്രവാദികളുടെ മോചനം കശ്മീരില്‍ വലിയ ആവേശം സൃഷ്ടിച്ചു. അതുവരെ ഒരു അപക്വമായ തമാശയായിരുന്ന വിഷയം ഗൗരവമായ ഒരേര്‍പ്പാടായി മാറി. അതാദ്യമായി, താഴ്‌വരയോടുള്ള ന്യൂ ഡല്‍ഹിയുടെ സമീപനത്തില്‍ രോഷാകുലരായിരുന്ന കശ്മീരികള്‍ക്ക്, ന്യൂ ഡല്‍ഹിയെ വരച്ച വരയില്‍ നിര്‍ത്താം എന്നൊരു ധാരണയുണ്ടായി.

റുബയ്യ തട്ടിക്കൊണ്ടുപോകല്‍ സംഭവം കശ്മീരി തീവ്രവാദത്തിന് വലിയ ഉത്തേജനമാണ് നല്‍കിയത്. അന്നുതൊട്ടു ഇന്ത്യ തീവ്രവാദികള്‍ക്ക് മുന്നില്‍ പലതവണ നാണംകെട്ട് കീഴടങ്ങാന്‍ തുടങ്ങി.

ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം ഭീകരവാദികള്‍ക്ക് കീഴടങ്ങുന്നത് അതാദ്യമായിരുന്നില്ല. 1984ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയവര്‍ യു.എസിലേക്ക് പറത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സമ്മതിച്ചു; പക്ഷേ യു.എസും പിന്നെ ദുബായിയും അതിനു തയ്യാറായില്ല.
1987ല്‍ ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ ബന്ദികളാക്കപ്പെട്ട ഏഴു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മോചിപ്പിക്കാന്‍ ഏഴു ഇടതുപക്ഷ ഗറില്ലകളെ വിട്ടയച്ചു. പഞ്ചാബില്‍ പോലീസ് മേധാവിയുടെ മകനെ വിട്ടുകിട്ടാന്‍ 1989സെപ്റ്റംബറില്‍ സുരക്ഷ നിയമപ്രകാരം തടവിലായിരുന്നവരെ മോചിപ്പിച്ചു.  

അന്തരിച്ച ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയെ ഓര്‍ക്കുമ്പോള്‍ ഈ തട്ടിക്കൊണ്ടുപോകല്‍ മറക്കാനാകില്ല, അവഗണിക്കാനും.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍