UPDATES

കായികം

ക്രിക്കറ്റ് ലോകവും ആരാധകരും പറയുന്നു; മുഹമ്മദ് ഷമി നിങ്ങളാണ് റിയല്‍ ഹീറോ

അഴിമുഖം പ്രതിനിധി

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യന്‍ താരം മുഹമ്മദ് ഷാമിയുടെ ഓര്‍മകളില്‍ നിന്നും മായില്ല. ഇന്ത്യ നേടിയ ചരിത്രവിജയത്തിന്റെ പേരില്‍ മാത്രം ആകില്ലത്, സ്വന്തം മകളെയോര്‍ത്തുകൂടി.

ഈഡനിലെ പിച്ചില്‍ ഷാമി പന്തെറിഞ്ഞത് വലിയൊരു വേദന മനസില്‍ ഒതുക്കിനിര്‍ത്തിയാണ്. രണ്ട് ഇന്നിംഗ്‌സിലുമായി ആറു കീവിസ് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കി, നാട്ടില്‍ കളിക്കുന്ന 250 ആം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയവും അതോടൊപ്പം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനവും നേടിക്കൊടുത്തതില്‍ പ്രധാനിയായി മാറിയപ്പോഴും ഷമിക്ക് പുറത്തുണ്ടായിരുന്ന ആഹ്ലാദം മനസില്‍ ഉണ്ടായിക്കാണില്ല. കാരണം അദ്ദേഹത്തിന്റെ 14 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് ആ ദിവസങ്ങളിലാകെ മരണത്തോട് മല്ലടിച്ച് ആശുപത്രിയിലെ ഐസിയുവില്‍ ആയിരുന്നു. ഒരു പിതാവ് എന്ന നിലയില്‍ ഒരാളെ ആകെ തകര്‍ത്തു കളയുന്ന സാഹചര്യം. എന്നിട്ടും ഷമി ഇന്ത്യക്കായി കളത്തിലിറങ്ങി. നന്നായി പൊരുതി. വിജയത്തിന്റെ അവകാശിയായി.

ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് മകള്‍ അയ്‌റ ആശുപത്രിയാലാണെന്ന വിവരം ഷമി അറിയുന്നത്. പനി കൂടിയതാണ് കാരണം. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയ കുട്ടിയെ ഉടന്‍ തന്നെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രണ്ടാം ദിവസത്തെ കളി തീര്‍ന്നശേഷമാണ് ഈ വിവരം ഷമിയെ അറിയിക്കുന്നത്. വിവരം അറിഞ്ഞയുടന്‍ തന്നെ ആശുപത്രിയിലേക്ക് കുതിച്ച താരം മകളുടെ അവസ്ഥ നേരില്‍ കണ്ട് ആകെ തളര്‍ന്നു. പക്ഷേ ഒരു പിതാവ് എന്നതിനേക്കാള്‍ ഉപരി ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ രാജ്യത്തിനായി താന്‍ ചെയ്യേണ്ടുന്ന കര്‍ത്തവ്യത്തെ കുറിച്ചും ബോധവനായിരുന്ന ഷമി കളിക്കളത്തിലേക്കു തിരിച്ചു. കളി തീരുന്ന ദിവസം വരെ വൈകിട്ട് അയാള്‍ കളിക്കളത്തില്‍ നിന്നും മകളുടെ അടുക്കലേക്ക് ഓടിയെത്തി. ഒടുവില്‍ രാജ്യത്തിന്റെ വിജയത്തിനായി നിര്‍ണായ പങ്കുവഹിക്കാനും ഷമിക്കു സാധിച്ചു. നാലാം ദിവസം അവസാനിച്ച ടെസ്റ്റിന്റെ അവസാന ദിവസം ഷമി വീഴ്ത്തിയ മൂന്നു വിക്കറ്റുകളാണ് ഇന്ത്യയുടെ വിജയം നേരത്തെയാക്കിയത്. കൈകള്‍ ആകാശത്തേക്കു വിരിച്ച് ഒരു രാജ്യത്തിനു മുഴുവന്‍ ആഹ്ലാദം നല്‍കി അയാള്‍ പുറമെ ചിരിച്ചുകൊണ്ടു തന്റെ ടീമംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ ഈഡനില്‍ തിങ്ങിനിറഞ്ഞ കാല്‍ലക്ഷത്തോളം കാണികള്‍ക്കോ ഇന്ത്യയിലെ കോടിക്കണക്കിനു ക്രിക്കറ്റ് ആരാധകര്‍ക്കോ അറിയില്ലായിരുന്നു മുഹമ്മദ് ഷമിയെന്ന പിതാവിന്റെ ഉള്ളിലെ തേങ്ങല്‍.

എന്നാല്‍ ഷാമിക്ക് ഇപ്പോള്‍ മനസില്‍ ഇരട്ടി സന്തോഷത്തിന്റെ നിമിഷങ്ങളാണ്. ഇന്ത്യയുടെ വിജയത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതു കൂടാതെ കുഞ്ഞ് അയ്‌റയും സുഖം പ്രാപിച്ചിരിക്കുന്നു. അവളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. അവളുടേതായ കുഞ്ഞുലോകത്തിലേക്ക് കളിചിരികളുമായി മടങ്ങിയെത്തി.

എന്തായാലും ഈ സംഭവങ്ങള്‍ പുറത്തറിഞ്ഞതോടെ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും ഷമിക്കു അഭിനന്ദപ്രവാഹങ്ങളാണ്. രാജ്യത്തിനുവേണ്ടിയുള്ള അയാളുടെ ആത്മാര്‍ത്ഥതയെ പുകഴ്ത്താന്‍ യഥാര്‍ത്ഥ ഹീറോ എന്നു ഷാമിയെ വാഴ്ത്തുകയാണ്. ക്രിക്കറ്റ് ലോകത്തു നിന്നും നിറഞ്ഞ പ്രോത്സാഹനവും കൈയടികളുമാണ് ഷമിക്കു കിട്ടുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍