UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രംപ് കാലത്തെ അലിയുടെ മരണം; ചില അടയാളങ്ങള്‍

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇടിക്കൂട്ടിലെ എക്കാലത്തെയും വലിയ താരമായിരുന്ന മുഹമ്മദ് അലിയുടെ മരണത്തില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും അനുശോചനപ്രവാഹമാണ്. ഇടിക്കൂട്ടിനകത്തുള്ളപോലെ പുറത്തും കാണിച്ച ധീരതയുടെ പേരില്‍ അലിയെ ലോകം ഏറെ ഇഷ്ടപ്പെട്ടിരുന്നു.

അലിയുടെ മതവിശ്വാസത്തെക്കുറിച്ചും- 1964ല്‍ അലി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയിരുന്നു- അമേരിക്കയുടെ വര്‍ണവെറിയുടെ മുറിവുകള്‍ ഉണങ്ങാതെ നിന്നിരുന്ന ഒരു കാലത്ത് കറുത്തവരുടെ അഭിമാനത്തിനായി നിലകൊണ്ടതിനെക്കുറിച്ചും ഇതിനകം ധാരാളം പറഞ്ഞുകഴിഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ഭയമായ തുറന്നുപറച്ചില്‍, അലിയെ പടിഞ്ഞാറന്‍ സമൂഹത്തിന്റെ അരികുകളില്‍ ജീവിക്കുന്നവരുടെയും ലോകത്തെ പടിഞ്ഞാറന്‍ സാമ്രാജ്യങ്ങളുടെ നുകങ്ങളില്‍ നിന്നും വിമോചിതരാകുന്നവരുടെയും പ്രതീകമാക്കിമാറ്റി.

അതുകൊണ്ടാണ് ഫെയ്സ്ബുകില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ “തെക്കുകിഴക്കന്‍ ഏഷ്യയിലെ ചേരികളിലും ആഫ്രിക്കയിലെ ഗ്രാമങ്ങളിലും മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലെ ആര്‍ത്തുവിളിക്കുന്ന ആള്‍ക്കൂട്ടത്തിനും ഒരുപോലെ പരിചിതമായ ഒരു പേരാണ്” അലി എന്നു കുറിച്ചത്.

തുര്‍ക്കി പ്രസിഡണ്ട് റിസെപ് തയ്യിപ് ഏര്‍ദോഗാന്‍, ജോര്‍ദാനിലെ അബ്ദുല്ല രാജാവു എന്നിവരടക്കം നിരവധി രാഷ്ട്രാനേതാക്കള്‍ വെള്ളിയാഴ്ച്ച കെന്റക്കിയില്‍ നടക്കുന്ന അലിയുടെ സംസ്കാര ചടങ്ങുകളില്‍ സംബന്ധിക്കും.

കെനിയയിലെ പ്രതിപക്ഷ നേതാവ് റൈല ഒഡിങ്ക ഒരു പ്രസ്താവനയില്‍ പറഞ്ഞു,“യു.എസില്‍ മാത്രമല്ല, അന്ന് കൊളോണിയലിസത്തിന്റെ പിടിയിലായിരുന്ന നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലെ കറുത്ത വര്‍ഗക്കാരുടെ വിമോചനത്തിനായാണ് മുഹമ്മദ് അലി പോരാടിയത്.”

“നീതി തേടുന്നവര്‍ക്കും, അവസരസമത്വത്തിനായി പോരാടുന്നവര്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും, കളിയിലും സമൂഹത്തിലും ന്യായം ആവശ്യപ്പെടുന്നവര്‍ക്കും നെല്‍സണ്‍ മണ്ടേലയെ പോലെ അലിയും പ്രചോദനമായിരുന്നു,” എന്നാണ് ദക്ഷിണാഫ്രിക്കയുടെ പന്തുകളി ഫെഡറേഷന്റെ തലവന്‍ ഡാനിഷ് ജോര്‍ദാന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞത്.

നിര്‍ബന്ധിത സൈനിക സേവനത്തിനും വിയത്നാം യുദ്ധത്തോടുമുള്ള പ്രതിഷേധത്തിന്റെ ചുറ്റുമായാണ് അലിയുടെ രാഷ്ട്രീയം രൂപപ്പെട്ടത്.

“അമേരിക്കന്‍ സൈന്യത്തില്‍ ചേരാന്‍ വിസമ്മതിച്ചപ്പോള്‍, ആളുകളെ കൊല്ലുന്നതിന് വളരെ ന്യായമുള്ള ഒരു കാരണമില്ലെങ്കില്‍ യുദ്ധം തെറ്റാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്,” അലിയുടെ ജീവചരിത്രകാരന്‍ തോമസ് ഹൌസര്‍ പറഞ്ഞു.

“നമ്മളുമായി ഒരു കാര്യവുമില്ലാത്ത ലോകത്തിന്റെ മറുപാതിയില്‍ ജീവിക്കുന്ന മറ്റ് മനുഷ്യരെ കൊല്ലുന്നതിന്റെ ധാര്‍മിക പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ അലി അമേരിക്കക്കാരെ പ്രേരിപ്പിച്ചു,” എന്നാണ് മാറ്റ് ടൈബീ എഴുതിയത്. “പക്ഷേ ഒരു തലമുറക്കിപ്പുറം ഈ ചോദ്യങ്ങളെക്കുറിച്ച് ആലോചിക്കാനുള്ള ഉള്‍പ്രേരണ പോലും നമ്മള്‍ അമേരിക്കക്കാര്‍ക്ക് ഇല്ലാതായിരിക്കുന്നു. നമ്മുടെ സൈനികരെ വെടിവെക്കുന്നതുകൊണ്ടു ഇറാക്കികള്‍ ദുഷ്ടന്മാരാണെന്ന് പറയുന്ന ‘American Sniper’ പോലുള്ള ചലച്ചിത്രങ്ങള്‍ കണ്ടിരിക്കുകയാണ് നമ്മള്‍. വെടിവെയ്ക്കാനും വെടികൊള്ളാനുമായി നാമെന്തിനാണ് അവിടെ എത്തിയതെന്ന ചോദ്യം അധികം ചര്‍ച്ച ചെയ്യാതെ പോകുന്നു.”

പക്ഷേ അതുമാത്രമല്ല കാര്യം: തന്റെ കാലത്തെ ഇടതുപക്ഷ സൈദ്ധാന്തികരെപ്പോലെ, വിദേശത്തുള്ള അമേരിക്കയുടെ സൈനികനടപടികള്‍ക്കും പടിഞ്ഞാറന്‍ സാമ്രാജ്യത്വത്തിനും യു.എസിനകത്തെ വര്‍ണവെറിക്കും അടിച്ചമര്‍ത്തലിനും  തമ്മില്‍ ബന്ധമുണ്ടെന്ന് അലി കണ്ടിരുന്നു.

“ഞാന്‍ വിയറ്റ് കോംഗുകളുമായി യുദ്ധം ചെയ്യാന്‍ പോകില്ല,” അലി പറഞ്ഞു. “ ഒരു വിയറ്റ് കോംഗും എന്നെ കറുമ്പാ (nigger) എന്നു വിളിച്ചിട്ടില്ല.”

1967-ല്‍ ഹോവാര്‍ഡ് സര്‍വകലാശാലയില്‍ അലിയുടെ പ്രസംഗം കേള്‍ക്കാന്‍ പഴയ റോമന്‍ കുപ്പായങ്ങള്‍ ധരിച്ചുവന്ന വിദ്യാര്‍ത്ഥികള്‍ അല്‍ജീരിയയുടെ കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തെ തീപിടിപ്പിച്ച ഫ്രാന്‍സ് ഫാനന്റെ  ‘The Wretched of the Earth’ എന്ന പുസ്തകത്തിന്റെ പകര്‍പ്പുകള്‍ പൊക്കിപ്പിടിച്ചിരുന്നു.

അതേവര്‍ഷം താന്‍ എന്തുകൊണ്ട് വിയത്നാമിലേക്ക് പോകില്ല എന്നതിനെക്കുറിച്ച് അദ്ദേഹം തന്റെ ജന്മനഗരമായ ലൂയിസ്വില്ലേയില്‍ ഒരു പ്രസ്താവനയിറക്കി.

“ലൂയിസ്വില്ലേയിലെ കറുത്ത വര്‍ഗക്കാരെ പട്ടികളെപ്പോലെ കണക്കാക്കുകയും നിസാരമായ മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ടാണവര്‍ എന്നോടു യൂണിഫോമും ധരിച്ച് ഇവിടെനിന്നും പതിനായിരം മൈല്‍ അകലെപ്പോയി, വിയത്നാമിലെ മനുഷ്യരുടെ മേല്‍ ബോംബിടാനും വെടിവെയ്ക്കാനും ആവശ്യപ്പെടുന്നത്? ഇല്ല, ലോകത്തെങ്ങുമുള്ള ഇരുണ്ട മനുഷ്യരുടെ മേല്‍ വെള്ളക്കാരായ യജമാനന്‍മാരുടെ ആധിപത്യം തുടരാന്‍ മാത്രമായി മറ്റൊരു പാവപ്പെട്ട രാജ്യത്തെ കൊല്ലാനും ചുട്ടെരിക്കാനും സഹായിക്കാന്‍  ഇവിടെ നിന്നും 10,000 മൈല്‍ അകലെപ്പോകാന്‍ ഞാന്‍ തയ്യാറല്ല. ഇത്തരം പൈശാചികതകള്‍ അവസാനിക്കേണ്ട സമയം ഇതാണ്. ഇത്തരമൊരു നിലപാട് എനിക്കു ദശലക്ഷക്കണക്കിന് ഡോളരുകളുടെ നഷ്ടമുണ്ടാക്കുമെന്ന് എനിക്ക് മുന്നറിപ്പ് നല്കിയിട്ടുണ്ട്. പക്ഷേ ഞാനത്തൊരിക്കല്‍ പറഞ്ഞു, ഇനിയും പറയും: എന്റെ ജനതയുടെ യഥാര്‍ത്ഥ ശത്രു ഇവിടെയാണ്… എന്റെ 22 ദശലക്ഷം ജനതക്ക് ഈ യുദ്ധം സ്വാതന്ത്ര്യവും തുല്യതയും നല്കുമെന്ന് ഞാന്‍ കരുതിയെങ്കില്‍ എന്നെ അവര്‍ നിര്‍ബന്ധിച്ച് ചേര്‍ക്കാന്‍ ശ്രമിക്കേണ്ടതില്ല, ഞാന്‍ നാളെത്തന്നേ ചേരുമായിരുന്നു… എന്റെ വിശ്വാസങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നതുകൊണ്ട് എനിക്കൊന്നും നഷ്ടപ്പെടാനില്ല. ഞാന്‍ തടവറയില്‍ പോകുമായിരിക്കും, അതുകൊണ്ട്? 400 കൊല്ലങ്ങളായി നമ്മള്‍ തടവറയിലാണ് കഴിയുന്നത്.”

ഇതേത്തുടര്‍ന്ന് അലിയെ തടവിലാക്കി. ബോക്സിംഗ് മത്സരങ്ങളില്‍ നിന്നും ബഹിഷ്കരിച്ചു. രാഷ്ട്രീയ, കായിക സംഘടനകള്‍ തള്ളിപ്പറഞ്ഞു.

വലിയ കായിക വിശകലന വിദഗ്ദ്ധനായിരുന്ന റെഡ് സ്മിത്, അലിയെ “ധര്‍ണയ്ക്കും സമരത്തിനും പോകുന്ന കുളിക്കാത്ത വെടുപ്പില്ലാത്ത തെമ്മാടികളോടാണ്” ഉപമിച്ചത്.

ടി വി അവതാരകന്‍ ഡേവിഡ് സസ്കിണ്ട് “ഒരു കഥയില്ലാത്ത മന്ദനും മറ്റുള്ളവരുടെ കരുവുമാണ്” അലിയെന്ന് പറഞ്ഞു. “ഈ മനുഷ്യനില്‍ താത്പര്യജനകമോ സഹിക്കാവുന്നതോ ആയി എന്തെങ്കിലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അയാള്‍ ഈ രാജ്യത്തിന്, അയാളുടെ വംശത്തിന്, ചിരിയുണര്‍ത്തുംവിധം തന്റെ മേഖലയെന്ന് അയാള്‍ വിശേഷിപ്പിക്കുന്നതിന് ഒരപമാനമാണ് അയാള്‍.”

സസ്കിണ്ടിന്റെ പുലമ്പലുകള്‍ ചരിത്രത്തിന്റെ ശരികേടിന്റെ ഭാഗത്തുനിന്നുള്ള കൌതുകവും, ചിരിയുമുണര്‍ത്തുന്ന ഓരോര്‍മ്മക്കുറിപ്പായി ഇപ്പോള്‍ തോന്നിയേക്കാം. പക്ഷേ അലിയുടെ രാഷ്ട്രീയത്തെ അത്ര വിദ്വേഷത്തോടെ തള്ളിക്കളഞ്ഞത് തലമുറകളിലേക്ക് സംക്രമിക്കുന്ന ഒരു കാഴ്ച്ചപ്പാടാണ്.

റിപ്പബ്ലിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വംശീയമായ അടയാളപ്പെടുത്തുലുകളുള്ള നല്ല കാലത്തെക്കുറിച്ചുള്ള ആവേശവും പാശ്ചാത്യ മൂല്യങ്ങളെക്കുറിച്ചുള്ള കാഹളങ്ങളും നഷ്ടപ്പെട്ട അധീശത്വം വീണ്ടെടുക്കാന്‍ സൈനികശക്തി ഉപയോഗിക്കാം എന്ന ചിന്തയിലുമൊക്കെ ഇതിന്റെ അലയൊലികളും അടയാളങ്ങളും നിങ്ങള്ക്ക് കേള്‍ക്കാം, കാണാം. “പകുതി കെനിയക്കാരനായ പ്രസിഡണ്ടിന്റെ ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള  പരമ്പരാഗതമായ ഇഷ്ടക്കേട്,” എന്നു യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്റെ സ്ഥാനത്തെക്കുറിച്ചുള്ള ഒബാമയുടെ നിലപാടിനെ എതിര്‍ക്കവേ സ്വാധീനമുള്ള ബ്രിട്ടീഷ് രാഷ്ട്രീയക്കാരന്‍ ബോറിസ് ജോണ്‍സണ്‍ പറയുമ്പോഴും നിങ്ങള്‍ക്കിത് കേള്‍ക്കാം.

അലി ഇതൊന്നും കണക്കിലെടുക്കില്ല. “ഞാന്‍ അമേരിക്കയാണ്,” അദ്ദേഹം പ്രഖ്യാപിച്ചു. “നിങ്ങള്‍ അംഗീകരിക്കാത്ത ഭാഗമാണ് ഞാന്‍. പക്ഷേ ഞാനുമായി പൊരുത്തപ്പെട്ടെ തീരൂ.” 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍