UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഴി മാറും ചിലർ വരുമ്പോൾ

Avatar

അഴിമുഖം പ്രതിനിധി

സാമ്പത്തിക തട്ടിപ്പു കേസിൽ മാവേലിക്കര സബ്ജയിലിൽ കിടക്കുന്ന ബന്ധുവിനെ സന്ദർശിക്കാൻ രണ്ടു ബന്ധുക്കൾ എത്തി. അനുമതി വാങ്ങി പ്രവേശിക്കുന്നതിന് മുൻപേ ഇഷ്ടമുള്ളത് എന്തും വാങ്ങി കൊടുക്കാം, അതിനുള്ള പൈസ അടച്ചാൽ മതി എന്ന് ജയിൽ അധികൃതർ. പുറത്തു നിന്നും ആളെവിട്ടു വാങ്ങിപ്പിക്കുന്നതിനു സാധനങ്ങൾക്കു തുക കുറച്ചു കൂടുതൽ ആകും എന്ന് കൂടി പറഞ്ഞു. ജയിലിൽ ആയാലും ബന്ധുവിന് ഗോൾഡ് ഫ്ലേക്ക് സിഗരറ്റു വലിക്കാതെ കക്കൂസിൽ പോകാൻ പറ്റില്ല. അതിനാൽ ഒരു പാക്കറ്റ് ഗോൾഡ് ഫ്ലേക്ക് പറഞ്ഞു. വില കേട്ടപ്പോഴാണ് ഞെട്ടിയത്, 200 രൂപ. പോകുന്നത് പോകട്ടെ, കക്കൂസിൽ പോകുന്നതല്ലേ വലുത് എന്ന് കരുതി തുക നൽകി. ബന്ധുവിനെ പിന്നീട് സന്ദർശിച്ചപ്പോൾ ഗോൾഡ് ഫ്ലേക്ക് കിട്ടിയോ എന്ന് ചോദിച്ചു; രണ്ടു കാജാ ബീഡി കിട്ടി എന്നായിരുന്നു മറുപടി.

ജയിലിൽ കിടക്കുന്നവർക്കു കൂടുതൽ സൗകര്യങ്ങൾ ലഭിക്കാൻ പണം വാരി എറിയുകയാണ് ബന്ധുക്കൾ. ഏറ്റവും ഒടുവിൽ ലഭിച്ച വാർത്തയാണ് ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം  ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കിയെന്നത്. ബെംഗളുരു യാത്രയ്ക്കിടെയാണ് നിഷാം ഫോൺ ഉപയോഗിച്ചത് എന്നതിനാൽ പൊലീസിന്റെ വീഴ്ചകൊണ്ടാണെന്നാണ് ജയിൽ ഡിഐജി ശിവദാസ് കെ. തൈപ്പറമ്പിൽ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

ഋഷിരാജ് സിങ് ജയിൽ വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം നിരവധി പരിശോധനകളാണ് നടത്തിയത്. നിരവധി ഫോണുകൾ പരിശോധനയിൽ പിടിച്ചെടുക്കാറുണ്ടെങ്കിലും ജയിലിനുള്ളിൽ എങ്ങനെ വരുന്നു അന്വഷിച്ചു തുടങ്ങുമ്പോൾ തന്നെ കപ്പലിലെ കള്ളനെ മനസിലാകും. ഇതോടെ അന്വേഷണവും അവസാനിക്കും. ടി പി ചന്ദ്രശേഖരൻ കൊലപാതകക്കേസിലെ പ്രതികൾ ജയിലിനുള്ളിൽ ഫോൺ വിളി മാത്രമായിരുന്നില്ല ഫേസ് ബുക് അപ്‌ഡേഷൻ കൂടി നടത്തിയിരുന്നു. കഞ്ചാവ് പോലും ജയിലിനുള്ളിൽ എത്തുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അന്വേഷണങ്ങൾ എങ്ങും എത്താതെ പോകുകയാണ് പതിവ്.

ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിൽ അനധികൃത ടെലിഫോൺ ബൂത്ത് തന്നെ പ്രവർത്തിച്ചിരുന്നു. ഒരു മിനിറ്റ് ലോക്കൽ കോളിന് 300 രൂപയും എസ്ടിഡി കോളിന് 600 രൂപയുമാണ് ഈടാക്കിയിരുന്നത്. വിശാൽ നായക് എന്ന കൊലക്കേസ് പ്രതിയാണ് ബൂത്ത് നടത്തിയിരുന്നത്. ജയിൽ അധികൃതരുടെ സഹായത്തോടെ ബക്കറ്റിലാക്കി ജയിലിനുള്ളിലേക്കു കടത്തുന്ന മൊബൈൽ ഫോൺ വഴിയാണ് ഫോൺ ഓപ്പറേഷൻ.

ഭാര്യയെ കൊലപ്പെടുത്തിയതിന് ഡൽഹി പോലീസ് അറസ്റ് ചെയ്തു തിഹാർ ജയിലിൽ കഴിയുന്ന മലയാളി ഷിജു തടവറയിൽ നിന്നും മൊഴിമാറ്റാൻ സാക്ഷിയെ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. സാക്ഷികളെ സ്വാധീനിക്കും എന്ന  പേര് പറഞ്ഞാണ് പലപ്പോഴും ജാമ്യാപേക്ഷ പോലും നിരസിക്കപ്പെടുന്നത്. അപ്പോഴാണ് ജയിലിനുള്ളിൽ നിന്നും സാക്ഷിക്ക് ഭീഷണി എത്തുന്നത്.

ജയിലിനുള്ളിൽ ഏറ്റവും സൗകര്യത്തോടെ കഴിയുന്ന പ്രതികളിൽ ഒരാളാണ് വിവാദ പൂജാരി സന്തോഷ് മാധവൻ. അറസ്റ്റ് ചെയ്ത ആദ്യ ദിവസം മാത്രമാണ് പോലീസ് സ്റ്റേഷൻ സെല്ലിൽ കഴിയേണ്ടി വന്നത്. അടുത്ത ദിവസം കട്ടിൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എത്തുകയായിരുന്നു. സെല്ലുകൾക്ക് ഉള്ളിൽ കൈനീട്ടി ഹസ്‌തരേഖാ പ്രവചനം കേൾക്കാൻ വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ എല്ലാവരും സന്തോഷ് മാധവന്റെ മുന്നിൽ ക്യൂ നിന്നു. 

`അപൂർവത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്ന രോഗം` ബാധിച്ച ആർ ബാലകൃഷ്ണപിള്ള തടവുകാലത്തു കൂടുതൽ സമയവും ആഡംബര സൗകര്യത്തോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ജാമ്യത്തിൽ ഇറക്കാൻ ആളില്ലാതെ, ജാമ്യത്തുക കെട്ടിവയ്ക്കാൻ കഴിയാതെ തടവറയിൽ ജീവിതം തള്ളി നീക്കുന്നവർക്കു മാത്രമാണ് ജയിൽ ദുസ്സഹം. പുറമെ ലഭിക്കുന്ന സൗകര്യത്തേക്കാൾ കൂടുതൽ തടവറയിൽ ലഭിക്കുകയാണെങ്കിൽ ജയിലല്ലോ സുഖപ്രദം!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍