UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘പാകിസ്ഥാനിലേക്ക് പോടാ…’ ആക്രോശം ജനാധിപത്യത്തിന് വെല്ലുവിളി; മുഹമ്മദ് റിയാസ്

അഴിമുഖം പ്രതിനിധി

സംഘപരിവാര്‍ ശക്തികള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയുടെ ഒടുവിലത്തെ തെളിവാണ് കോഴിക്കോട് നടന്നതെന്ന് മുഹമ്മദ് റിയാസ്. റിപ്പോര്‍ട്ടര്‍ ചാനല്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ ബിജെപി അനുകൂലികളില്‍ നിന്നുണ്ടായ പ്രകോപനത്തെക്കുറിച്ച് സിപി ഐ എം നേതാവ്‌ മുഹമ്മദ് റിയാസ് അഴിമുഖത്തോട് പറഞ്ഞു.

അസഹിഷ്ണുതയുടെ നിരവധി ഉദാഹരണങ്ങളില്‍ ഒന്നാണിത്. ജനാധിപത്യപരമായി നടന്ന ചര്‍ച്ചയില്‍ അഭിപ്രായം പറയുമ്പോള്‍ അസഹിഷ്ണുതയോടെ പെരുമാറുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. കോ-ലി-ബി സഖ്യത്തെക്കുറിച്ച് തെളിവു നിരത്തിയാണ് അഭിപ്രായം പറഞ്ഞത്. അതില്‍ വെറളി പൂണ്ടവര്‍ ‘പാകിസ്ഥാനിലേക്ക് പോടാ…’ എന്നാണ് ആക്രോശിച്ചത്. സംഘപരിവാര്‍ ശക്തികള്‍ക്ക് സ്വാധീനം ഇല്ലാത്ത കേരളത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ ബിജെപിക്ക് സ്വാധീനമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി എന്താകുമെന്ന് ഊഹിക്കാം.

ഒറ്റപ്പെട്ട സംഭവമില്ലത്. ഗൗരവമുള്ള വിഷയമാണ്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ മാര്‍ക്കറ്റിലേക്ക് പോത്തിനെ കൊണ്ടു പോകുന്നവരെ അക്രമിച്ചിട്ട് രണ്ടാഴ്ച ആയിട്ടേയുള്ളൂ. അസഹിഷ്ണുത നമ്മുടെ സംസ്ഥാനത്തും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെത് മൃദു സമീപനമാണ്. കെ എം ഷാജിയെപോലുള്ള മുസ്ലിം ലീഗ് നേതാക്കള്‍ നരേന്ദ്ര മോദിയെ അനുകൂലിച്ച് പ്രസംഗിക്കുന്നു. സംഘപരിവാര്‍ അനുകൂലികള്‍ പോലും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് ഇവര്‍ മോദിയുടെ സംരക്ഷകരാവുകയാണ്. ഇതൊരു പ്രത്യേക സാഹചര്യമാണ്; റിയാസ് പറഞ്ഞു.

മേല്‍പറഞ്ഞ വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനവൈകല്യങ്ങളും തെരഞ്ഞെടുപ്പ് വിഷയമാണ്. വിലക്കയറ്റം കാര്‍ഷിക മേഖലയുടെ തകര്‍ച്ച, യുവാക്കളുടെ തൊഴിലില്ലായ്മ. സര്‍ക്കാര്‍ ചികിത്സ സംവിധാനങ്ങളുടെ തകര്‍ച്ച, സ്‌കൂള്‍ അടച്ചു പൂട്ടല്‍ തുടങ്ങിയവയെല്ലാം ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മതനിരപേക്ഷത വലിയ അപകടത്തിലാണ്. സംഘടനയുടെ മുദ്രാവാക്യത്തില്‍ മതനിരപേക്ഷത പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ സ്വീകരിക്കുന്ന നിലപാട് ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. ഈ കക്ഷികളുടെ അണികള്‍ക്കിടയില്‍ കടുത്ത അഭിപ്രായവ്യത്യാസം രൂപപ്പെട്ടിട്ടുമുണ്ട്. ഇത് ഇടതിന് അനുകൂലമാണ്.

ബംഗാളിലെ കോണ്‍ഗ്രസ് ബന്ധം ഇവിടെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. കോണ്‍ഗ്രസുമായുള്ള ഐക്യം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല. ബംഗാളില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഗൂണ്ടായിസത്തിലൂടെ എതിരാളികളെ ശരിപ്പെടുത്തുകയാണ്. ജനാധിപത്യം നിലനിര്‍ത്താനുള്ള വ്യഗ്രതയിലാണ് ബംഗാളിലെ ജനങ്ങള്‍; റിയാസ് പറഞ്ഞു.

ഇടതു മുന്നണി പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നാണ്. 2006 ലേതിനു സമാനമാണ് 2016 ലെയും ഇടതു പത്രിക. എന്നാല്‍ യുഡിഎഫിന്റെത് അങ്ങനെയല്ല. വികസനം സംസാരത്തിലേയുള്ളൂ. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണവര്‍, നേതാവ് ആരെന്ന പ്രശ്‌നം ഞങ്ങള്‍ക്കിടയില്‍ ഇല്ല. ഈ കാട്ടുകൊള്ളക്കാര്‍ ഭരണത്തില്‍ നിന്ന് താഴെയിറക്കുക എന്നതാണ് ലക്ഷ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍