UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്; അഭോയ്‌ മുഖര്‍ജി ജനറല്‍ സെക്രട്ടറിയായി തുടരും

ഇന്ന് വൈകിട്ട് മറൈന്‍ഡ്രൈവിലെ ഫിഡല്‍ കാസ്‌ട്രോ നഗറില്‍ നടക്കുന്ന യുവജനറാലിയോടെ ദേശീയ സമ്മേളനം സമാപിക്കും

കൊച്ചിയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി എ മുഹമ്മദ് റിയാസ് ആണ് പ്രസിഡന്റ്, നിലവിലെ ജനറല്‍ സെക്രട്ടറി അഭോയ്‌ മുഖര്‍ജി തല്‍സ്ഥാനത്ത് തുടരും. ബല്‍ബീര്‍ പരാശര്‍ ആണ് ട്രഷറര്‍.

നിലവിലെ പ്രസിഡന്റ് എം ബി രാജേഷ് എംപി സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് മുഹമ്മദ് റിയാസ് തെരഞ്ഞെടുക്കപ്പെട്ടത്. 25 അംഗ കേന്ദ്ര സെക്രട്ടേറിയറ്റിനെയും 83 അംഗ കേന്ദ്രകമ്മിറ്റിയെയും കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ തെരഞ്ഞെടുത്തു. ഇതില്‍ ഒമ്പത് പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. എം സ്വരാജ്, എ എന്‍ ഷംസീര്‍, പി പി ദിവ്യ, നിതിന്‍ കണിച്ചേരി, ബിജു കണ്ടക്കൈ, എസ് സതീഷ്, എ എ റഹിം, വി പി റജീന, വി പി സാനു എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളികള്‍. കേന്ദ്ര സെക്രട്ടേറിയറ്റില്‍ ആകെ അഞ്ച് വനിതകളെ ഉള്‍പ്പെടുത്തി.

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ മുഹമ്മദ് റിയാസ് നിലവില്‍ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാണ്. 2009ല്‍ കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. പശ്ചിമബംഗാളിലെ ബംഗുള ജില്ലക്കാരനാണ് അഭോയ്‌ മുഖര്‍ജി. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ഹിമാചല്‍പ്രദേശ് ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റാണ് ബല്‍ബീര്‍ പരാശര്‍.

ഇന്ന് വൈകിട്ട് മറൈന്‍ഡ്രൈവിലെ ഫിഡല്‍ കാസ്‌ട്രോ നഗറില്‍ നടക്കുന്ന യുവജനറാലിയോടെ സമ്മേളനം സമാപിക്കും. മൂന്ന് മണിയോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പ്രകടനം ആരംഭിച്ചിട്ടുണ്ട്. അഞ്ച് മണിക്ക് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍, എംഎ ബേബി, എംബി രാജേഷ്, അഭോയ്‌ മുഖര്‍ജി എന്നിവര്‍ സംസാരിക്കും.

കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങള്‍: മുഹമ്മദ് റിയാസ്(പ്രസിഡന്റ്). സഞ്ജയ് പസ്വാന്‍, സയന്ദീപ് മിത്ര, എ എന്‍ ഷംസീര്‍, പങ്കജ് ഘോഷ്, ദീപ( വൈസ് പ്രസിഡന്റ്). അവോയ് മുഖര്‍ജി(ജനറല്‍ സെക്രട്ടറി). പ്രീതി ശേഖര്‍, എം സ്വരാജ്, ജമീര്‍ മൊള്ള, അമല്‍ ചക്രവര്‍ത്തി, എസ് ബാല(ജോ. സെക്രട്ടറിമാര്‍). ബല്‍ബീര്‍ പ്രസാര്‍(ട്രഷറര്‍). ബി രാജശേഖരമൂര്‍ത്തി, ബിജോയ് കുമാര്‍, സൂര്യ റാവു, രാധേശ്യാം, ജാബര്‍ സിങ് റാര്‍, അമലേന്ദു ദേബ് ബര്‍മ, ശശി ഭൂഷണ്‍, ജര്‍ന ദേബ് ബര്‍മ, മനീഷ, വിന്ത.

ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റിയാസ് സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍