UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പറഞ്ഞത് പിശക് തന്നെ, പക്ഷേ അതിന് കാരണമുണ്ട്: ഇപി ജയരാജന്‍ വിശദീകരിക്കുന്നു

അഴിമുഖം പ്രതിനിധി

ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ മരണത്തെ തുടര്‍ന്ന് മലയാള മനോരമ ചാനലില്‍ മുഹമ്മദലിയെ കേരളത്തിലെ കായികതാരമാക്കി അനുശോചനം രേഖപ്പെടുത്തി പരിഹാസപാത്രമാകേണ്ടി വന്ന കായിക മന്ത്രി ഇപി ജയരാജന്‍ തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് തുറന്നു പറയുന്നു.

ഇപി ജയരാജന്റെ വിശദീകരണം

ഞാന്‍ യാത്രയിലായിരിക്കെയാണ് മനോരമാ ന്യൂസ് ചാനലില്‍ നിന്ന് ഫോണ്‍ വന്നത്. അമേരിക്കയില്‍ വച്ച് നമ്മുടെ മുഹമ്മദലി മരിച്ചു പോയി എന്നാണ് ചാനലില്‍ നിന്ന് പറഞ്ഞിരുന്നത്. നിരവധി സ്വര്‍ണമെഡലുകള്‍ നേടിയിട്ടുള്ളയാളാണ്. നിങ്ങളൊരു അനുശോചനം നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. ആ സമയത്ത് ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയാണ് മരണപ്പെട്ടതെന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ തന്നെ രണ്ട് വരി പറയണമെന്നുമാണ് പറഞ്ഞത്. ഉടനെ ലൈവ് ന്യൂസിലേക്ക് ഫോണ്‍ കണക്ട് ചെയ്യുകയും ചെയ്തു. 40 വര്‍ഷം മുമ്പ് ബോക്‌സിങ് റിങ് വിട്ട ബോക്‌സിംഗ് ഇതിഹാസത്തിന്റെ മരണവാര്‍ത്തയാണ് ഇതെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അക്കാര്യം മനസ്സിലേക്ക് വന്നുമില്ല. കേരളത്തിലെ ഏതോ പഴയ കായികതാരമെന്ന രീതിയിലാണ് മനോരമയില്‍ നിന്നുള്ള ഫോണില്‍ നിന്ന് മനസ്സിലായത്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തിരക്കിട്ട യാത്രയിലായിരുന്നു. അവിടെ എത്തിച്ചേരേണ്ട സമയവുമായിരുന്നു. പറഞ്ഞത് എന്തായാലും പിശകായിപ്പോയി. തുടര്‍ന്ന് അനുശോചനത്തിനായി വിളിച്ച മാധ്യമങ്ങള്‍ക്കെല്ലാം ശരിയായ പ്രതികരണമാണ് നല്‍കിയിരുന്നത്. സാധാരണഗതിയില്‍ ലൈവ് ന്യൂസിലേക്ക് അനുശോചനത്തിനോ പ്രതികരണത്തിനോ വിളിക്കുമ്പോള്‍ ന്യൂസ് ഡെസ്‌കില്‍ നിന്ന് വിളിച്ച് പ്രസ്തുത വിഷയത്തെ കുറിച്ച് ഒരു ബ്രീഫ് നല്‍കാറുണ്ട്. ഇവിടെ അതുണ്ടായില്ല. ഈ ആശയക്കുഴപ്പമാണ് പിശക് സംഭവിക്കാന്‍ കാരണം. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളും കായിക പ്രതിഭകളും ഈ പിശക് മനസ്സിലാക്കണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍