UPDATES

കുരയ്ക്കുന്ന എല്ലാ പട്ടികളെയും കല്ലെറിയാന്‍ നിന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തില്ല; മുഹമ്മദ്‌ മുഹസ്സിന്‍ എംഎല്‍എ

അഴിമുഖം പ്രതിനിധി 

ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആസാദി എക്സ്പ്രസ്സിന് അനുമതി നിഷേധിച്ചതിനെതിരെ ഭരണകക്ഷി എംഎല്‍എ ആയതിനാല്‍ പ്രതികരിക്കാന്‍ ഇല്ല എന്ന തരത്തില്‍ തന്‍റെ പേരില്‍ തേജസ് ദിനപത്രത്തില്‍ വന്ന വാര്‍ത്ത കെട്ടി ചമച്ചതാണെന്നും ആവര്‍ത്തിച്ചു വരുന്ന വര്‍ഗ്ഗീയ അജണ്ടയുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്നും പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രിക അടക്കമുള്ളവരുടെ വര്‍ഗ്ഗീയ പ്രചരണങ്ങള്‍ക്കെതിരെ മുഹ്സിന്‍റെ  പ്രതികരണം.

മുഹമ്മദ്‌ മുഹ്സിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

ഫാഷിസ്റ്റുകളുടെയും, വര്‍ഗീയവാദികളുടേയും എക്കാലെത്തെയും ആയുധം നുണയാണ്. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമായിത്തീരും എന്ന ഗീബല്‍സിയന്‍ സിദ്ധാന്തമാണ് ഇക്കൂട്ടരുടെ ആപ്തവാക്യം. ഇവരോട് എനിക്കൊന്നേ പറയാനുള്ളൂ. നുണകള്‍ എത്രതന്നെ തവണ ആവര്‍ത്തിച്ചാലും സത്യമാവില്ല. സത്യം മാത്രമേ സത്യമായി നിലനില്‍ക്കുകയുള്ളൂ.

ഈയിടെ എന്നെക്കുറിച്ച് വന്ന രണ്ട് വാര്‍ത്തകള്‍ ഇത്തരം വര്‍ഗീയ- ഫാഷിസ്റ്റ് വാദികളുടെ തനിനിറം തുറന്ന് കാട്ടുന്നതാണ്. പെരും നുണകളെ രാഷ്ട്രീയപരമായി മുതലെടുക്കാന്‍ ഇവര്‍ ഉപോയോഗിക്കുന്നത് ജനാധിപത്യത്തിന്റെ നെടുംതൂണായ പത്രമാധ്യമങ്ങളെയും, നവമാധ്യമങ്ങളെയുമാണ് ആശങ്കാവഹമാണ്.

ഇന്നത്തെ തേജസ്‌ പത്രത്തിലും, വെബ്സൈറ്റിലും ക്യാമ്പസ് ഫ്രണ്ടിന്റെ ‘ആസാദി എക്സ്പ്രെസ്സ്’ നിരോധിച്ചതുമായി ബന്ധപ്പെട്ട് മൂന്നുതരം വാര്‍ത്തകളാണ് ഉള്ളത്. ഒന്നാമത്തേതില്‍ “ഭരണകക്ഷി എം. എല്‍. എ. ആയത് കൊണ്ട് പ്രതികരിക്കാനില്ല” എന്ന് ഞാന്‍ പറഞ്ഞതായി കൊടുത്തിരിക്കുന്നു. പത്രത്തില്‍ വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ ഇത് മാറ്റി വേറൊരു വാര്‍ത്ത കൊടുത്തിരിക്കുന്നു. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി “സംഭവത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും, പഠിച്ചിട്ട് പ്രതികരിക്കാമെന്നുമുള്ള” വാര്‍ത്തയാണ് തേജസ്‌ പത്രത്തിലുള്ളത്.

ആര്‍. എസ്സ്. എസ്സിന്റെ ഫോട്ടോഷോപ്പ് ബുദ്ധിജീവികള്‍ ഞാന്‍ സഖാവ് കന്നയ്യയോടും, എന്‍ഡിടിവി യിലെ ബര്‍ക്കാ ദത്തിനുമൊപ്പം പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതായി ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോയാണ് മറ്റൊന്ന്. കന്നയ്യ ജയിലില്‍ നിന്ന് ഇറങ്ങിയ ദിവസം ജെ എന്‍ യു വില്‍ നിന്നെടുത്ത ഫോട്ടോ ആണിതെന്നു ഇതിനകം തന്നെ തെളിവുകളോടെ നവമാധ്യമങ്ങളില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് സമയത്ത് മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയും എന്നെ രാജ്യദ്രോഹിയാക്കി ചിത്രീകരിച്ച് സമാനമായ വാര്‍ത്ത കൊടുത്തിരുന്നു. ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു ഇക്കൂട്ടര്‍ വീണ്ടും വീണ്ടും ഇങ്ങനെയുള്ള ഉദ്യമത്തിന് മുതിരുന്നത്. പ്രതികരിക്കാത്തത് മറ്റൊന്നും കൊണ്ടല്ല. വഴിയില്‍ കുരയ്ക്കുന്ന എല്ലാ പട്ടികളെയും കല്ലെറിയാന്‍ നിന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയില്ല എന്ന പഴഞ്ചൊല്ല് ഓര്‍മയുള്ളത് കൊണ്ടാണ്. എങ്കിലും ആവര്‍ത്തിച്ചു വരുന്ന ഇത്തരം വിദ്വേഷ വാര്‍ത്തകളെ തടയുന്നതിനായി നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുന്നതായിരിക്കും. രാഷ്ട്രീയ മുതലെടുപ്പിനും ആളുകളെ തമ്മിലടിപ്പിക്കാനും മാത്രം ഉതകുന്ന ഇത്തരം വാര്‍ത്തകള്‍ക്ക് ചുവട്ടില്‍ എന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നവര്‍ അതിനു മുന്പ് സത്യം എന്താണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ഹിന്ദു, മുസ്ലിം വര്‍ഗീയ വാദികള്‍ ഒരേപോലെ എനിക്കെതിരെ പ്രചരണം നടത്തുന്നു എന്ന ഒറ്റക്കാര്യം കൊണ്ട് തന്നെ യഥാര്‍ത്ഥ “ആസാദി”യുടെ ഭാഗത്താണ് ഞാനുള്‍പ്പെടെയുള്ള വിദ്യാര്‍ഥി സമൂഹമെന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍