UPDATES

സിനിമ

ഇസ്ലാമോഫോബിയ പെട്ടെന്നു ഉണര്‍ത്താന്‍ കഴിയുന്ന ഒരു വികാരമാണ്; മുഹ്‌സിന്‍ പരാരി/അഭിമുഖം

Avatar

മുഹ്‌സിന്‍ പരാരിഷെഫീദ് ഷെരീഫ്

നേറ്റീവ് ബാപ്പ, ഫ്യുണറല്‍ ഓഫ് നേറ്റീവ് സണ്‍ എന്നീ ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ, കെഎല്‍ 10 എന്ന സിനിമയുടെ സംവിധായകന്‍ കൂടിയായ മുഹ്‌സിന്‍ പരാരി തന്റെ മ്യൂസിക്കല്‍ ആല്‍ബങ്ങളുടെയും സിനിമയുടെ രാഷ്ട്രീയവും സ്വന്തം രാഷ്ട്രീയാഭിമുഖ്യവും വ്യക്തമാക്കുന്നു. മുഹ്‌സിന്‍ പെരാരിയുമായി ഷെഫിദ് ഷെരീഫ് നടത്തിയ സംഭാഷണം

ഷെഫീദ്: മലയാളത്തില്‍ ക്ലീഷേ പ്രണയ ആല്‍ബങ്ങള്‍ അരങ്ങു വാഴുന്ന കാലത്താണ് താങ്കളുടെ ‘നേറ്റീവ് ബാപ്പ’ രാഷ്ട്രീയ സംവാദങ്ങള്‍ ഉയര്‍ത്തി എത്തുന്നത്. മനഃപൂര്‍വമായ ഒരു തിരുത്തായിരുന്നോ ഇത്?

മുഹ്‌സിന്‍: ‘നേറ്റീവ് ബാപ്പ’ പുറത്തിറക്കണം എന്നു മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്. ആല്‍ബം ഉള്‍ക്കൊള്ളുന്ന പ്രമേയത്തില്‍ നിന്നു സമൂഹവുമായി സംവദിക്കണമെന്നതുമാത്രമായിരുന്നില്ല ലക്ഷ്യം. ആല്‍ബം ജനങ്ങളിലേക്ക് എത്തണം. ഇവിടെ നിലനിന്നിരുന്ന മ്യൂസിക്കല്‍ ആല്‍ബങ്ങളുടെ സംസ്‌കാരത്തെ പൂര്‍ണമായി വെല്ലുവിളിക്കുന്ന ഒന്നെന്നു പറയുന്നില്ല. അതേസമയം ഇതിന്റെ പ്രമേയത്തിന്റെ സ്വഭാവം വ്യത്യസ്തമായിരുന്നു. നേറ്റീവ് ബാപ്പയുടെ വരികള്‍ 2009 ലാണ് എഴുതിയത്. 2010 ല്‍ മാമുക്കോയയെ കൊണ്ടു റെക്കോര്‍ഡ് ചെയ്യിപ്പിച്ചു. രണ്ടു വര്‍ഷത്തിനുശേഷമാണു പൂര്‍ണരൂപത്തിലെത്തുന്നത്. അത്രയും കാലതാമസമെടുത്തിരുന്നു.

നേറ്റീവ് ബാപ്പയില്‍ ഉപരിപ്ലവമായ വേറെ എന്തിനേക്കാളും ഞങ്ങളെ പ്രേരിപ്പിച്ചതും പ്രചോദിപ്പിച്ചതും അതു മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം തന്നെയാണ്. ഒരുപക്ഷേ, പ്രമേയത്തിനു മൗലികതയുണ്ട് എന്നതു കൊണ്ടായിരിക്കാം ആവിഷ്‌കാരത്തിനും മൗലികത ഉള്ളത്. നമുക്കു കൃത്യമായ ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു. അതുകൊണ്ടാണ് ആല്‍ബത്തിന്‍റെ നിര്‍മാണം പോലും വ്യത്യസ്തമായത്.

ഷെ: മാമുക്കോയ എന്ന നടന്‍…?

മു: ബോധപൂര്‍വമായ ഒരു ശ്രമം തന്നെയാണ് മാമുക്കോയയുടെ തെരഞ്ഞെടുപ്പ്. ജനപ്രിയമായ മാമുക്കോയയുടെ ശരീരം, ഒരു സ്റ്റീരിയോ ടൈപ്പ് ശരീരം, അതു കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്. മാമുക്കോയ എന്ന വ്യക്തിയുടെ പ്രത്യക്ഷ ഭാവം, ശബ്ദം എന്നിവയെല്ലാം ഞങ്ങള്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ക്ക് ഇണങ്ങുന്നതാണ്. ഞങ്ങളുദ്ദേശിച്ച കാര്യങ്ങളെല്ലാം വ്യക്തമായി സംവദിക്കാന്‍ മാമുക്കോയയ്ക്ക് സാധിച്ചിട്ടുണ്ട്…

ഷെ: ‘ഫ്യൂണറല്‍ ഓഫ് നേറ്റീവ് സണ്‍’ ഒരു തരത്തില്‍ ആസാദിയുടെ യൂ ട്യുബ് രാഷ്ട്രീയമല്ലേ?

മു: സാമൂഹിക മാധ്യമങ്ങള്‍ ‘ നേറ്റീവ് ബാപ്പ’ എന്ന ആല്‍ബം ജനപ്രിയമാകാന്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഫ്യൂണറല്‍ ഓഫ് നേറ്റീവ് സണ്ണില്‍ എത്തുമ്പോള്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഒരുപാടു മാറിയിരിക്കുന്നു. തീര്‍ച്ചയയായും നിങ്ങള്‍ പറഞ്ഞ സോഷ്യല്‍ മീഡിയ, യു ട്യുബ്, യൂത്ത് കള്‍ച്ചര്‍ എന്നിവയൊക്കെ ഉപയോഗിച്ചിട്ടുണ്ട്. യൂത്ത് കള്‍ച്ചറിന്റെ ഭാഗം തന്നെയാണിത്. സോഷ്യല്‍ മീഡിയയെ ജനാധിപത്യത്തിന്റെ പുതിയ സ്ഥലമായി കണക്കാക്കാം. ഒരുപക്ഷേ കുറേ വരേണ്യ സംവിധാനങ്ങളിലൂടെ മാത്രം ആശയങ്ങള്‍ എക്‌സ്പ്രസ് ചെയ്തു കൊണ്ടിരുന്ന കാലം മാറിയിരിക്കുന്നു, എല്ലാവര്‍ക്കും അവരവരുടെ കാഴചപ്പാട് പറയാനും സംവദിക്കാനുമുള്ള സംവിധാനമുണ്ടായി എന്നതാണ് വാസ്തവം. അപ്പോള്‍ കൂടുതല്‍ എളുപ്പത്തില്‍ പൊതുജനാഭിപ്രായം ഉണ്ടാകാനുള്ള വഴിയായി അതു മാറി. തീര്‍ച്ചയായും അതിലേക്കു സ്വാധീനം ചെലുത്താന്‍ കഴിയുന്ന തരത്തിലുള്ള ആവിഷ്‌കാരങ്ങള്‍ ഉണ്ടാക്കുക എന്നത് ഒരു ബാധ്യത തന്നെയാണ്. അതിന്റെ പശ്ചാത്തലത്തിലാണ് രാജ്യദ്രോഹം, ആര്‍ക്കാണ് രാജ്യത്തിനോടു കൂറുള്ളത്, അതു പോലെ ഒരു സിസ്റ്റത്തിന് എത്ര വേഗം ഒരാളെ കേസുകളില്‍ പെടുത്താന്‍ സാധിക്കും, രാജ്യദ്രോഹികളാക്കി മാറ്റാന്‍ കഴിയും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ അറിയാന്‍ കഴിയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടും. ഇക്കാര്യങ്ങളൊന്നും പൊടുന്നനെ സംഭവിക്കുന്നതല്ല. പതിറ്റാണ്ടുകളായി ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന വിഷയത്തിന്റെ ഒരു പതിപ്പ് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയുന്ന സ്ഥലത്തു സംഭവിച്ചു എന്നുള്ളതാണ്. ഒരു പൊതുജനാഭിപ്രായം രൂപപ്പെട്ടു കൊണ്ടിരിക്കുന്ന സമയത്ത് ആളുകളുടെ ശ്രദ്ധ കൊണ്ടു വരികയാണ് ‘ഫ്യുണറല്‍ ഓഫ് നേറ്റിവ് സണ്‍ ‘ കൊണ്ടുദ്ദേശിച്ചത്.

ഷെ: ‘നേറ്റീവ് ബാപ്പ’യിലെ മകന്‍ എന്ന കഥാപാത്രം ഒരു ഇമേജറി ആയിരുന്നു. ഫ്യൂണറല്‍ ഓഫ് നേറ്റീവ് സണ്ണില്‍ രോഹിത് വെമുലയെ ദൃശ്യങ്ങളില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. മനഃപൂര്‍വമായി രോഹിത് വെമൂലയ്ക്ക് വേണ്ടിയുള്ള ശബ്ധമുയര്‍ത്തല്‍ ആയിരുന്നോ അത്?

മു: നേറ്റീവ് ബാപ്പയിലെ മകനും രോഹിത് വെമുലയും ഇന്‍സ്റ്റിട്യൂഷനല്‍ മര്‍ഡറിന്റെ ഇരകള് തന്നെയാണ്. നേറ്റീവ് ബാപ്പ ഇറങ്ങിയ സമയത്ത് ഇത്ര എളുപ്പത്തില് ആളുകള്‍ക്ക് ആ ഇരയെ തിരച്ചറിയാന്‍ സാധിച്ചിരുന്നില്ല. മുഖ്യധാരാ മാധ്യമങ്ങളും പൊതുമണ്ഡലത്തിലെ ചര്‍ച്ചകളും ഇന്നത്തെ അത്രയെങ്കിലും ഇരകള്‍ക്ക് അനുകൂലമായിരുന്നില്ല. ഇന്ന് രോഹിത് എന്ന ഐക്കണിനെ ആളുകള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. രോഹിതിന്റെ രക്തസാക്ഷിത്വത്തിന്റെ ആഴം ആളുകള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ആ സാഹചര്യത്തില് ഇങ്ങനെ ബ്രാഹ്മണിക് വ്യവസ്ഥയുടെ ഇരയാക്കപ്പെട്ട എല്ലാ നേറ്റീവ് സണ്‍സിലേക്കുമുള്ള ശ്രദ്ധ ക്ഷണിക്കലാണ് ഫ്യൂണറല്‍ ഓഫ് നേറ്റീവ് സണ്‍ ചെയ്യുന്നത്. അതില്‍ രോഹിത് വെമുല മാത്രമല്ലല്ലോ ഉള്ളത്. മാമുക്കോയയുടെ കഥാപാത്രം ആരെ കുറിച്ചാണോ സംസാിരിക്കുന്നത്, ആരെ ഖബറടക്കാന്‍ പറ്റാത്ത വേദനയാണോ പങ്കു വക്കുന്നത്, അതും കൂടി കേള്‍ക്കൂ എന്നാണ് ആവശ്യപ്പെടുന്നത്. നമ്മുടെ ധാര്‍മ്മിക ബോധമോ പൗരബോധമോ സെലക്റ്റീവ് ആകാന്‍ പാടില്ല. അനീതി ആര്‍ക്ക് സംഭവച്ചാലും നമുക്ക് രോഷമുണ്ടാകേണ്ടതുണ്ട്..

ഷെ: കേന്ദ്രത്തില്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നു. ആര്‍എസ്എസ്സിന്റെ വര്‍ഗീയ ബോധം മറനീക്കി പുറത്തേക്കു വരുന്നു. അത്തരമൊരു സാഹചര്യത്തില്‍ മുസ്ലിം പശ്ചാത്തലത്തില്‍ ഒരു ആല്‍ബം പുറത്തിറങ്ങുമ്പോള്‍ ഒരു ധ്രുവീകരണത്തിനു സാധ്യത ഒരുക്കില്ലേ?

ഷെ: മുസ്ലിം പശ്ചാത്തലം, മുസ്ലിം വ്യക്തിത്വം, മുസ്ലിം സംസ്‌കാരം എന്നിവയൊക്കെ എളുപ്പത്തില്‍ പരുക്കേല്‍ക്കാവുന്ന(vulnarable) ഒന്നാണ്. കാരണം പെട്ടെന്നു ക്രിമിനല്‍വത്കരിക്കപ്പെടാന്‍ കഴിയും എന്നുള്ളതു കൊണ്ടാണ്. മുസ്ലിം പേര്, മുസ്ലിം സംസ്‌കാരത്തില്‍ നിന്നുവന്ന ആവിഷ്‌കാരം, മുസ്ലിം രാഷ്ട്രീയം ഇതൊക്കെ ഒരു തരത്തില്‍ ആളുകള്‍ക്കു പേടിയാണ്. ഇസ്ലാമോഫോബിയ വളരെ എളുപ്പത്തില്‍ ഉണര്‍ത്താന്‍ കഴിയുന്ന ഒരു വികാരമാണ്. 

സ്വാഭാവികമായും മുസ്ലിം വിരുദ്ധത എന്നതു ഫാസിസത്തിന്റെ ഏറ്റവും വലിയ ലക്ഷണമാണ്. മുസ്ലിം എക്‌സ്പ്രഷന്‍സിനോട് വിമുഖത കാട്ടുന്നത് പൊതുസമൂഹത്തില്‍ നിലനില്‍ക്കാനുള്ള യോഗ്യതയായി ശീലിക്കപ്പെട്ടിട്ടുണ്ട്. അത്തരമൊരു അവസ്ഥയില്‍ മുസിം സമൂഹത്തോട് സംവദിക്കുന്ന ഒരു സംഭവം ആവിഷ്‌കരിക്കുക എന്നതു വലിയ കാര്യമാണ്. അത്തരത്തിലൊരു സ്‌പേസില്‍ നിന്നു വരുന്ന ആള്‍ക്ക് പൊതു ഇടങ്ങളില്‍ നില്‍ക്കുക എന്നതു കുറച്ചു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നതില്‍ സംശയമില്ല. അതു ബിജെപിയോ മോദി സര്‍ക്കാരോ വന്നത് കൊണ്ടല്ല മറിച്ചു നമ്മുടെ സംസ്‌കാരത്തില്‍ തന്നെയുള്ള സവര്‍ണാധിപത്യത്തിന്റെ ലക്ഷണമാണ്. ഇന്ത്യയെന്ന ആശയത്തിന്റെ ജനിതകപരമായ പ്രശ്‌നം, ശ്രദ്ധ തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമാണ്. ഇതു ശ്രദ്ധേയമായ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ട ഒന്നാണ്. അത്തരം വംശീയമായ ബോധങ്ങള്‍ അറിഞ്ഞും അറിയാതെയും നമുക്കിടയില്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്. അപരവത്കരണം, അപരനാക്കി മാറ്റിനിര്‍ത്തല്‍, അപരനെക്കുറിച്ചുള്ള ഭയം. നമ്മുടെ തന്നെ അയല്‍പക്കത്തുള്ള സംസ്‌കാരങ്ങളെ വിനോദമായി കാണുകയും ചിത്രീകരിക്കുകയും എന്നിട്ടു അതിനോടുള്ള ഭയം ജനിപ്പിക്കുകയും ചെയ്യുന്നു. മലപ്പുറത്തു റമദാന്‍ മാസത്തില്‍ ഭീതിദമായ എന്തൊക്കെയോ സാഹചര്യമുണ്ട് എന്നു പ്രചരിപ്പിക്കുന്ന തരത്തില്‍ വരെ കേരളത്തില്‍ അതു സജീവമായി. അതൊട്ടും ആശ്വാസകരമായ കാര്യമല്ല. അതു കൊണ്ടാണ് വ്യക്തിപരമായി ഞാന്‍ മുസ്ലിം സംസ്‌കാരത്തെ മുഖ്യധാരയിലേക്ക് സജീവമാക്കാന്‍ ശ്രമിക്കുന്നത് മുസ്ലിം സംസ്‌കാരത്തിലെ സൗന്ദര്യശാസ്ത്രപരമായ കാര്യങ്ങള്‍ ആവിഷ്‌കരിക്കുന്നതും, എന്റെ ‘KL10 പത്ത്’ എന്ന സിനിമയില്‍ ഞാന്‍ ശ്രമിച്ചതും ഈ അപരത്വം ഇല്ലാതാക്കാനാണ്.

ഷെ:
 ഫുട്ബാളും സംഗീതവും താങ്കളുടെ ആദ്യ സിനിമയില്‍ വല്ലാതെ ബന്ധപ്പെട്ടു കിടക്കുന്നു?

മു: ഒരുപക്ഷെ ഞാന്‍ വളര്‍ന്നു വന്ന സമൂഹം, സംസ്‌കാരം ഫുട്ബാളിനും സംഗീതത്തിനും വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഞാന്‍ അനുഭവിച്ചതും കണ്ടു വളര്‍ന്നതും ഇവയൊക്കെയാണ്. മലപ്പുറം സംസ്‌കാരത്തിന്റെ ഭാഗം എന്നതിനപ്പുറം അവിടുത്തെ വികാരം കൂടിയാണ് ഇവയൊക്കെ. ഇതു കൊണ്ടൊക്കെയാവാം ഞാന്‍ വളര്‍ന്ന സ്‌പേസില്‍ നിന്നും ഞാന്‍ അനുഭവിച്ചതെല്ലാം എന്റെ സിനിമയിലും ആവിഷ്‌കരിച്ചത്.

ഷെ: മലയാള സിനിമയിലെ വരേണ്യ സ്വഭാവം?

മു: സിനിമയുടെ ദൈനംദിന വ്യവഹാരങ്ങളില്‍ പ്രത്യക്ഷമായി നമുക്കതു കാണാന്‍ സാധിക്കില്ല. സിനിമയുടെ ഭാവന, വാണിജ്യം തുടങ്ങിയ സ്ഥലങ്ങളിലാണ് അങ്ങനൊരു വരേണ്യ ആധിപത്യം കാണാന്‍ സാധിക്കുന്നത്. പ്രത്യേക തരത്തിലുള്ള സിനിമകള്‍ എടുത്താലെ വിജയിക്കു എന്നുള്ളതുകൊണ്ടു അതിനായി നമ്മുടെ ഭാവനകള്‍ ഉപയോഗിക്കുന്നു. കേന്ദ്രകഥാപാത്രം, അവരുടെ ശരീരഭാഷ, അതുവാര്‍ത്തെടുക്കുന്ന അച്ചുതണ്ട്, ജാതീയമായ ബോധത്തില്‍ ഊന്നിക്കൊണ്ടുള്ള വരേണ്യ ശരീരമുള്ള നായകന്‍, പുരുഷ കേന്ദ്രീകൃതമായ നായക സങ്കല്‍പ്പം, ദളിത്-കീഴാള വിരുദ്ധത, കറുത്തവനോടുള്ള രീതി ന്യൂനപക്ഷ വിരുദ്ധത അങ്ങനെ ഒരുപാടു ഘടകങ്ങള്‍ നമ്മുടെ ഭാവനയ്ക്ക്കത്തു നിലനില്‍ക്കുന്നു. അത്തരത്തിലുള്ള ഭാവനകള്‍ ആളുകള്‍ക്കും ഇഷ്ടമാണ്. അതാണ് വിപണിയില്‍ കൂടുതല്‍ വിറ്റഴിക്കുന്നതും. അപ്പോള്‍ ഈ വാണിജ്യവും ഭാവനയും വരേണ്യത പുലര്‍ത്തുന്നുണ്ട്. പിന്നെ സിനിമയില്‍ മാത്രമുള്ള വരേണ്യത അല്ലിത്. മൊത്തത്തില്‍ സമൂഹത്തില്‍ ഗ്രഹിച്ച ഫാസിസവും വരേണ്യതയും സിനിമയിലും കാണുന്നു, അത്രേയുള്ളൂ.

ഷെ: സംവിധായകന്‍ എന്ന നിലയിലെ രാഷ്ട്രീയ ബോധം?

മു: എന്റെ രാഷ്ട്രീയ ബോധത്തിന് എതിരായ സിനിമകള്‍ ഞാന്‍ ചെയ്യില്ല. രാഷ്ട്രീയമായ ബോധത്തോട് കൂടിയായിരിക്കും സിനിമ ചെയ്യുക. എല്ലാ സിനിമകളും രാഷ്ട്രീയമായ പ്രസ്താവനകള്‍ ഉള്ള സിനിമ ആയിക്കൊള്ളണമെന്നില്ല. ഒരിക്കലും പ്രതിലോമകരമായ രാഷ്ട്രീയം പറയുന്ന സിനിമ ചെയ്യാന്‍ സാധിക്കില്ല. സവര്‍ണതയെ പിന്തുണയ്ക്കുന്ന, ഹിംസാത്മകമായ സിനിമകള്‍ ഞാന്‍ ചെയ്യില്ല അതുറപ്പാണ്. 

ഷെ:
ചില കോക്കസുകള്‍ മലയാള സിനിമയെ അടക്കി വാഴുന്നു എന്നൊരഭിപ്രായമുണ്ടോ?

മു: അങ്ങനെയൊരു കോക്കസ് ഉണ്ടെന്ന് എനിക്കു അഭിപ്രായമില്ല. എല്ലായിടത്തും ഉള്ളതു പോലെ ചില സൗഹൃദങ്ങളുണ്ട്. ഒരേപോലെ ചിന്തിക്കുന്ന, ഒരേ പാതയില്‍ സഞ്ചരിക്കുന്ന ചിലര്‍ ചേര്‍ന്നു കൂടുതല്‍ സിനിമകളെടുക്കും. അതിനെ അങ്ങനെ കാണാനാണ് എനിക്കു താല്പര്യം.

(മാധ്യമവിദ്യാര്‍ത്ഥിയാണ് ഷെഫീദ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍