UPDATES

മുക്കത്ത് മൊയ്തീനിന്റെ സ്വപ്‌നം സാക്ഷാത്കരിച്ച് ഇടതുപക്ഷം

അഴിമുഖം പ്രതിനിധി

ബിപി മൊയ്തീനിന്റേയും കാഞ്ചനമാലയുടേയും പ്രണയ കഥ മുക്കത്തിന്റെ ഇട്ടാവട്ടത്തില്‍ നിന്നും ഫീച്ചറുകളായും ഹ്രസ്വചിത്രങ്ങളായും പുറംലോകത്ത് എത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോള്‍ വിമല്‍ എന്ന നവാഗതന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ പ്രിഥ്വിരാജും പാര്‍വതിയും മൊയ്തീനേയും കാഞ്ചനമാലയേയും അവരുടെ ജന്മനാടായ മുക്കത്തേയും മൊയ്തീന്‍ മുങ്ങിമരിച്ച ഇരുവഞ്ഞിപ്പുഴയേയും ഒക്കെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസിലേക്ക് കൊണ്ടുവന്നിരിക്കുന്നു.

മൊയ്തീന്‍ സിനിമ തിയേറ്ററുകളില്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് കേരളത്തില്‍ അങ്ങോളം ഇങ്ങോളം നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുക്കത്തും നടന്നത്.

കോണ്‍ഗ്രസിന് ഏറെ വേരോട്ടമുള്ള പ്രദേശമാണ് മുക്കം. ഇത്തവണ സമീപ പഞ്ചായത്തുകളായ മണാശേരി, ഓമശേരി, അഗസ്ത്യമൂഴി, ചേന്ദമംഗലൂര്‍ എന്നിവ കൂടി ഉള്‍പ്പെടുത്തി മുക്കത്തെ നഗരസഭയാക്കി ഉയര്‍ത്തിയപ്പോള്‍ യുഡിഎഫിന്റെ പ്രതീക്ഷ വാനോളമായിരുന്നു. മൊയ്തീന്റെ പിതാവും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായിരുന്ന ബിപി ഉണ്ണിമോയന്‍ ഹാജി രണ്ട് പതിറ്റാണ്ടോളം പ്രസിഡന്റായിരുന്ന മുക്കം പഞ്ചായത്താണ് നഗരസഭയായി ഉയര്‍ത്തപ്പെട്ടത്. അന്ന് സോഷ്യലിസ്റ്റ് കോണ്‍ഗ്രസായിരുന്ന മൊയ്തീനും ഒരിക്കല്‍ സ്വതന്ത്രനായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരുന്നു. പഞ്ചായത്ത് അംഗമായിരിക്കേയാണ് 1982 ജൂലായില്‍ തോണിയപടകത്തില്‍പ്പെട്ട് ഇരുവഞ്ഞിപ്പുഴയില്‍ മുങ്ങിതാണ് കൊണ്ടിരുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിന് ഇടയില്‍ മൊയ്തീന് മരണം സംഭവിച്ചത്.

മൊയ്തീനിന്റെ സോഷ്യലിസ്റ്റ് സ്വപ്‌നം അതേപടി പൂവണിഞ്ഞില്ലെങ്കിലും പ്രഥമ മുക്കം നഗരസഭയുടെ ഭരണം ഇടത് മുന്നണി പിടിച്ചു. ആകെയുള്ള 33 സീറ്റില്‍ ഇടത് മുന്നണി 22-ഉം നേടിയപ്പോള്‍ കോണ്‍ഗ്രസും മുസ്ലിംലീഗും ഉള്‍പ്പെട്ട വലത് മുന്നണിക്ക് പത്ത് സീറ്റു കൊണ്ട് തൃപ്തരാകേണ്ടി വന്നു. ശേഷിക്കുന്ന ഒരു സീറ്റ് കരസ്ഥമാക്കി കൊണ്ട് ബിജെപിയും അവരുടെ വരവ് അറിയിച്ചു കഴിഞ്ഞു.

സോഷ്യലിസ്റ്റുകള്‍ക്ക് മൂക്കത്ത് തൊടാനാകില്ലെന്ന ബാപ്പയുടെ കളിയാക്കലിന് മൂക്കത്ത് തൊട്ടില്ലെങ്കിലും മുക്കത്ത് തൊടുമെന്ന് മൊയ്തീന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ മറ്റൊരു രൂപത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇടത് മുന്നണിക്ക് കിട്ടിയ 22 സീറ്റില്‍ മൂന്നെണ്ണം ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയുടേതാണ്.

ഏറെക്കാലമായി കോണ്‍ഗ്രസും ലീഗും തങ്ങളുടെ ശക്തി കേന്ദ്രങ്ങളായി കരുതിയിരുന്ന സ്ഥലങ്ങളില്‍ ഒക്കെ തന്നെ ഇടത് മുന്നേറ്റമാണ് കാണാന്‍ കഴിഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍