UPDATES

ട്രെന്‍ഡിങ്ങ്

യുപിയില്‍ അഖിലേഷിനെതിരെ മത്സരിക്കുമെന്ന് മുലായം; കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് അഖിലേഷും

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ സ്ഥിതിഗതികള്‍ വീണ്ടും തകിടം മറിയുന്നു. മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് മത്സരിക്കുന്ന മണ്ഡലത്തില്‍ തന്നെ അദ്ദേഹത്തിനെതിരെ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിംഗ് യാദവ് രംഗത്തെത്തി. ഇതിനിടെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് അഖിലേഷിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയുടെ തീരുമാനം.

അഖിലേഷിനെ പറഞ്ഞ് മനസിലാക്കാനും പിളര്‍പ്പൊഴിവാക്കാനും പരമാവധി ശ്രമിച്ചെങ്കിലും അയാള്‍ അതിന് തയ്യാറായില്ലെന്നാണ് മുലായം പറയുന്നത്. സമാജ്‌വാദി പാര്‍ട്ടി മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്നാണ് അഖിലേഷിന്റെ നിലപാടെന്നും മുലായം ആരോപിച്ചു. സൈക്കിള്‍ ചിഹ്നം ലഭിക്കുന്നതിന് കോടതിയില്‍ വരെ പോകമെന്ന് പറഞ്ഞ മുലായം ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം എന്ത് തന്നെയായാലും അംഗീകരിക്കുമെന്നാണ് പറയുന്നത്. എതിരാളികള്‍ക്കൊപ്പം ഉല്ലസിച്ച് നടക്കുകയാണ് അഖിലേഷെന്നും മുലായം വിമര്‍ശിച്ചു.

അതേസമയം ബിഹാറിലെ മഹാഗഡ്ബന്ദന്‍ മാതൃകയില്‍ ബിജെപിക്കെതിരെ സഖ്യമുണ്ടാക്കാനുള്ള ശ്രമമാണ് യുപിയിലും നടക്കുന്നത്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയും മുന്‍ മുഖ്യമന്ത്രി അജിത് സിംഗിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് മുന്നണിയുണ്ടാക്കാനുള്ള സാധ്യതകള്‍ സജീവമായിരിക്കുകയാണ്. സമാജ്‌വാദി പാര്‍ട്ടിയിലെ ഭിന്നതകള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. എംഎല്‍എമാര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും അഖിലേഷ് യാദവിനുള്ള മേല്‍കൈ തിരഞ്ഞെടുപ്പ് നേട്ടമാക്കി മാറ്റാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം കണക്കാക്കുന്നത്.

അതുകൊണ്ട് തന്നെ അഖിലേഷിന് സൈക്കിള്‍ ചിഹ്നം കിട്ടിയില്ലെങ്കിലും അത് തിരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കില്ലെന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിലയിരുത്തിയത്. സമാജ്‌വാദി പാര്‍ട്ടിയിലെ രണ്ടു പക്ഷങ്ങളും തമ്മിലുള്ള കലഹത്തെ തുടര്‍ന്ന് ഔദ്യോഗിക ചിഹ്നമായ സൈക്കിള്‍ മരവിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടയിലാണ് അഖിലേഷ് യാദവിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തുന്നത്. രണ്ട് തവണ ചിഹ്നം മാറിയിട്ടും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകള്‍ ജയിച്ച സാഹചര്യവും അവര്‍ വിലയിരുത്തുന്നു. അന്ന് ടെലിവിഷന്‍ ചാനലുകള്‍ ഇല്ലാതിരുന്നിട്ട് കൂടി പുതിയ ചിഹ്നം ജനങ്ങള്‍ സ്വീകരിച്ചു എന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

ടെലിവിഷന്‍ ചാനലുകളും മറ്റും സജീവമായ പുതിയ കാലത്ത് ഒരു പുതിയ ചിഹ്നം പ്രചാരത്തില്‍ എത്തിക്കാന്‍ വലിയ പ്രയാസമില്ലെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. പകുതി പണി മാധ്യമങ്ങള്‍ ചെയ്‌തോളും എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഈ മാസം 19ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം തുടങ്ങുമെന്നിരിക്കെ ചിഹ്നത്തിന്റെ കാര്യത്തില്‍ തീരുമാനം വൈകിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ ഇരുഭാഗത്തും അമര്‍ഷമുണ്ട്. സീറ്റുകള്‍ പങ്കിടുന്ന കാര്യത്തില്‍ ഇപ്പോഴും അവസാന തീരുമാനമായിട്ടില്ലെങ്കിലും മൂന്ന് കക്ഷികളും ഒരു മുന്നണിയായി മത്സരിക്കാനുള്ള സാധ്യത സജീവമായി നില്‍ക്കുകയാണ്. അഖിലേഷ് യാദവിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയായിരിക്കും മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുക. അഖിലേഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സംസ്ഥാനത്ത് നടന്ന വികസനപ്രവര്‍ത്തനങ്ങളും നോട്ട് നിരോധനം മൂലമുണ്ടായ പ്രശ്‌നങ്ങളും തങ്ങളെ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

1978ല്‍ കൈപ്പത്തി ചിഹ്നം ലഭിക്കുന്നതിന് മുമ്പ് രണ്ട് തവണ കോണ്‍ഗ്രസ് തങ്ങളുടെ ചിഹ്നം മാറ്റിയിരുന്നു. കലപ്പയേന്തിയ കര്‍ഷകന്‍ ആയിരുന്നു ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ ചിഹ്നം. 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിര ഗാന്ധി ‘പശുവും കുട്ടിയും’ ചിഹ്നമായി സ്വീകരിച്ചു. അടയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് കൈപ്പത്തി കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായി മാറിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍