UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ കുടുംബത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Avatar

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് മുലായം സിങ് യാദവ് തെരഞ്ഞെടുക്കപ്പെട്ട 1967-ലാണ് യാദവ രാഷ്ട്രീയ കുടുംബം പിറക്കുന്നത്. അതിനുശേഷം അത് ക്രമമായി വളര്‍ന്നുകൊണ്ടിരുന്നു- ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ കുടുംബമായി മാറിയിരിക്കുന്നു. അതിലെ 20 അംഗങ്ങളും അവരുടെ ഏറ്റവും വലിയ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്; അടുത്തെന്താണ് സംഭവിക്കുക എന്നു കണ്ടറിയേണ്ട അവസ്ഥ.

രാഷ്ട്രീയത്തിലുള്ള 20 കുടുംബാംഗങ്ങളില്‍ 5 പേര്‍ ലോക്സഭാ അംഗങ്ങളാണ്. ഒരാള്‍ രാജ്യസഭ അംഗമാണ്. ഒരാള്‍ എംഎല്‍എ യാണ്. അഞ്ചുപേര്‍ എംഎല്‍സിമാരാണ്. ബാക്കിയുള്ളവരുടെ രാഷ്ട്രീയ പദവികള്‍ താരതമ്യേന താഴെയാണ്.

മുലായം കുടുംബത്തിലെ പ്രധാനികളുടെ പട്ടിക താഴെ നല്കുന്നു:
മുലായം സിങ് യാദവ്. സുഘാര്‍ സിങ്ങിന്റെയും മൂര്‍ത്തി ദേവിയുടെയും മകന്‍. ആദ്യമായി കുടുംബത്തില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയത് മുലായമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം 1967-ല്‍ എംഎല്‍എയായി. 1989-ല്‍ മുഖ്യമന്ത്രിയായി. അക്കൊല്ലമാണ് അദ്ദേഹം സമാജ് വാദി പാര്‍ട്ടി സ്ഥാപിക്കുന്നത്. മൂന്നു തവണ മുഖ്യമന്ത്രിയായി. മൂന്നു തവണ പ്രതിരോധമന്ത്രിയും. എസ് പിയുടെ ദേശീയ അധ്യക്ഷന്‍. ഇപ്പോഴും പ്രധാനമന്ത്രി സ്വപ്നം ഉപേക്ഷിച്ചിട്ടില്ല. നിലവില്‍ അസംഗഡില്‍ നിന്നുള്ള എംപിയാണ്.

മൂത്ത മകന്‍ അഖിലേഷ് യാദവ് 2012 മാര്‍ച്ച് 15 മുതല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാണ്. കനൌജില്‍ നിന്നും (2000) ലോകസഭാംഗമായാണ് തുടങ്ങിയത്. മൂന്നു തവണ എംപിയായി. 2000-ത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി. ഈ വര്‍ഷം സെപ്റ്റംബര്‍ 13-വരെ ആ പദവിയിലിരുന്നു.

അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് ഇപ്പോള്‍ കനൌജില്‍ നിന്നുള്ള എംപിയാണ്. 2009-ല്‍ ഫിറോസാബാദിലെ തോല്‍വിയോടെയായിരുന്നു ഡിംപിളിന്റെ രാഷ്ട്രീയ രംഗപ്രവേശം. പിന്നീട് 2012-ല്‍ കനൌജില്‍ നിന്നും ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു. 2014-ല്‍ മണ്ഡലം നിലനിര്‍ത്തി. ഇതുവരെ പക്ഷം പിടിച്ചിട്ടില്ല. ആര്‍ക്കും അനുകൂലമായോ എതിരായോ ഒന്നും സംസാരിച്ചിട്ടുമില്ല. കടുത്ത അച്ചടക്കം (ഒരു പക്ഷത്തു കണക്കാക്കാന്‍ ബുദ്ധിമുട്ടാണ്)

മുലയത്തിന്റെ ഇളയ മകന്‍ പ്രതീകിന്റെ ഭാര്യ അപര്‍ണ യാദവ് യാദവ കുടുംബത്തില്‍ എത്തിയപ്പോള്‍ മുതല്‍ രാഷ്ട്രീയമോഹങ്ങളെ താലോലിക്കുന്നു. മുലായത്തിനോടും ശിവപാലിനോടും അടുപ്പം സൂക്ഷിക്കുന്നു. 2017-ലെ തെരഞ്ഞെടുപ്പില്‍ ലഖ്നൌ കന്‍റോണ്‍മെന്‍റില്‍ എസ് പി സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതുന്നു. (മുലായം പക്ഷത്തും ശിവപാല്‍ പക്ഷത്തും കണക്കാക്കാം)

മുലായമിന്റെ സഹോദരന്മാര്‍;
രത്തന്‍ സിങ്- കര്‍ഷകന്‍. 2014-ല്‍ 80-ആം വയസില്‍ മരിച്ചു. മുന്‍ സൈനികന്‍. 1965-ലെ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. രത്തന്റെ മകന്‍ രണ്‍വീര്‍ സിങ് ബ്ലോക് പ്രമുഖ് ആയിരുന്നു. സൈഫായി ഉത്സവം തുടങ്ങി. 2002-ല്‍ മരിച്ചു. രണ്‍വീറിന്റെ മകന്‍ തേജ് പ്രതാപ് സിങ് യാദവ് മെയിന്‍പുരിയില്‍ നിന്നുള്ള എംപിയാണ്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ രാജലക്ഷ്മിയെ വിവാഹം കഴിച്ചു. അഖിലേഷിനോടാണ് അടുപ്പം. ഒരിക്കലും ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകള്‍ നടത്താറില്ല (മുലായാം പക്ഷത്തും, അഖിലേഷ് പക്ഷത്തും കണക്കാക്കാം. ഒരിക്കലും ശിവപാല്‍ പക്ഷത്തു പോയിട്ടില്ല)

മൃദുല യാദവ്- തേജ് പ്രതാപിന്റെ അമ്മ. സൈഫായിയില്‍ നിന്നുള്ള ബ്ലോക് വികസന സമിതി അംഗം (മുലായം പക്ഷം)

അഭയ് രാം-കര്‍ഷകന്‍, മുലായത്തിന്റെ രണ്ടാമത്തെ സഹോദരന്‍. മകന്‍ ധര്‍മേന്ദ്ര യാദവ് ബദാവൂനില്‍ നിന്നുള്ള എംപി. രണ്ടുതവണ ലോക്സഭാംഗം. (അഖിലേഷ് പക്ഷം)

രാമിന്റെ രണ്ടാമത്തെ മകന്‍ അനുരാഗ് യാദവ് രാഷ്ട്രീയ മോഹങ്ങളുമായി നില്ക്കുന്നു (മുലായം പക്ഷം) മകള്‍ ഷീല യാദവ് ജസ്വന്ത്നഗര്‍ ജില്ലാ പഞ്ചായത്ത് അംഗമാണ് (മുലായം പക്ഷം)

രാമിന്റെ മകള്‍ സന്ധ്യ യാദവ് മെയിന്‍പുരി ജില്ലാപഞ്ചായത്ത് അധ്യക്ഷയാണ്. (മുലായം പക്ഷം)

ധര്‍മേന്ദ്രയുടെ ഭാര്യസഹോദരി വന്ദന യാദവ് ഹമീര്‍പൂര്‍ ജില്ല പഞ്ചായത്ത് അധ്യക്ഷയാണ് (മുലായം പക്ഷം)

രാജ്പാല്‍ സിങ്-മുലായം സിങ്ങിന്റെ മറ്റൊരു സഹോദരന്‍. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. സ്വയം വിരമിച്ചു.

രാജ്പാലിന്റെ ഭാര്യ പ്രേമലത യാദവ് ഇറ്റാവ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്നു. മുലായം കുടുംബത്തില്‍ നിന്നും ആദ്യം തെരഞ്ഞെടുപ്പില്‍ നിന്ന സ്ത്രീ അവരായിരുന്നു. (മുലായം പക്ഷം)

രാജ്പാലിന്റെ മകന്‍ അന്‍ഷൂല്‍ യാദവ് ഇറ്റാവ ജില്ലാ പഞ്ചായത്ത് പരിഷദ് അദ്ധ്യക്ഷന്‍ (പക്ഷം വ്യക്തമല്ല)

ശിവപാല്‍ യാദവ്- മുലായത്തിന്റെ സഹോദരന്‍, ബിരുദാനന്തര ബിരുദധാരിയാണ്.  മുലായത്തിന്റെ മണ്ഡലം നോക്കിക്കൊണ്ടുനടന്നത് ശിവപാലാണ്. പല തവണ എംഎല്‍എ ആയെങ്കിലും എംപിയായില്ല. 2009-ല്‍ എസ് പി അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കി. കഴിഞ്ഞ മാസം ആ പദവിയില്‍ തിരികെയെത്തി. പാര്‍ട്ടിയിലെ വലിയ അധികാര കേന്ദ്രമാണ് ശിവപാല്‍. സര്‍ക്കാരില്‍ പൊതുമരാമത്തും ജലസേചനവും പോലെ സുപ്രധാനമായ വകുപ്പുകള്‍. അടുത്തിടെ അഖിലേഷ് ഇയാളെ മന്ത്രിസഭയില്‍ നിന്നും നീക്കി. (മുലായം പക്ഷം. രാംഗോപാല്‍ യാദവ് പുറത്തായതോടെ മുലായം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഏറ്റവും ശക്തന്‍)

ശിവപാലിന്റെ ഭാര്യ സര്‍ള യാദവ് ഇറ്റാവ സഹകരണ ബാങ്ക് അധ്യക്ഷ. കുടുംബത്തിലെ ബുദ്ധിമതിയായ സ്ത്രീയായി അറിയപ്പെടുന്നു. പലപ്പോഴും രാഷ്ട്രീയ, വ്യക്തിഗത പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മുന്നിട്ടിറങ്ങുന്നു. (മുലായം, ശിവപാല്‍ പക്ഷം)

ശിവപാലിന്റെ മകന്‍ ആദിത്യ യാദവ്- യു പി സഹകരണ ഫെഡറേഷന്റെ അദ്ധ്യക്ഷന്‍. ജസ്വന്ത്നഗര്‍ നിയമസഭാ മണ്ഡലത്തിന്റെ ചുമതല. 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ മകനെ മത്സരിപ്പിക്കാന്‍ ശിവപാല്‍ ഒരുങ്ങുന്നു എന്നും വാര്‍ത്തകള്‍. (ശിവപാല്‍ പക്ഷം)

രാംഗോപാല്‍ യാദവ്- മുലായത്തിന്റെ പിതൃസഹോദര പുത്രന്‍. മുലായമാണ് അയാളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. എസ് പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി, പാര്‍ട്ടി വക്താവ്. പക്ഷേ കഴിഞ്ഞ ഞായറാഴ്ച്ച മുലായം രാംഗോപാലിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അതുവരെ പാര്‍ട്ടിയുടെ പ്രധാന തന്ത്രജ്ഞനായിരുന്നു. ഇറ്റാവ കോളേജില്‍ ഊര്‍ജതന്ത്ര അധ്യാപകനായിരുന്നു. മറ്റൊരു കോളേജില്‍ പ്രിന്‍സിപ്പാളായും ജോലി ചെയ്തിട്ടുണ്ട്. 2012-ല്‍ മുഖ്യമന്ത്രിയാകാനുള്ള ശിവപാലിന്റെ മോഹം അട്ടിമറിച്ചത് രാംഗോപാലാണെന്ന് കരുതുന്നു. അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയ നീക്കവും അദ്ദേഹത്തിന്റെതായി കണക്കാക്കുന്നു. എംഎല്‍എയും ലോക്സഭാ അംഗവും ആയിരുന്നു. നിലവില്‍ രാജ്യസഭാംഗം. (അഖിലേഷിന്റെ പ്രധാന പിന്തുണ)

രാംഗോപാലിന്റെ മകന്‍ അക്ഷയ് യാദവ്, ഫിറോസാബാദ് എം പി (അഖിലേഷ് പക്ഷം)

മറ്റുള്ളവര്‍:
മുലായത്തിന്റെ പേരഅനന്തരവന്‍ അരവിന്ദ് സിങ് യാദവ്, എംഎല്‍സി (പക്ഷം വ്യക്തമല്ല).

മുലായത്തിന്റെ ഭാര്യാസഹോദരന്‍ അജന്ത് സിങ്, ചൌബിയ ബ്ലോക് വികസന സമിതി അംഗം (പക്ഷം വ്യക്തമല്ല)

മുലായത്തിന് ഒരു സഹോദരി കൂടിയുണ്ട്, കമലാ ദേവി യാദവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍