UPDATES

Avatar

കാഴ്ചപ്പാട്

സ്വാതി നിബിന്‍

ന്യൂസ് അപ്ഡേറ്റ്സ്

മുല്ലപ്പെരിയാർ; പേടി വില്‍ക്കുന്നവരും വാങ്ങുന്നവരും

ഞാനും മറ്റുള്ളവരും എന്നെ കബളിപ്പിച്ച അവസരങ്ങൾ കുറവല്ല.  അതിലൊന്നിനെപ്പറ്റി പറയാം.  ഇപ്പോൾ വർത്തമാനത്തിലിരിക്കുന്ന സംഭവമായതുകൊണ്ടും കബളിപ്പിക്കപ്പെടുന്നതു ഞാനാകകൊണ്ടും നിസ്സഹായനായി എനിക്കതു സഹിക്കേണ്ടിവന്നതുകൊണ്ടും വിഷയം ഒട്ടൊക്കെ രസകരമാകണം. 

ചാനലിൽ ചുമ്മാ ചർച്ചക്കു പോകാൻ എന്നേ ഉൽസാഹം ഇല്ലാതായിരുന്നു.  ആരെയും ഞെട്ടിപ്പിക്കുന്നതായി ഒന്നും പറയാനില്ല.  എന്റെ ഗീർവാണം കേട്ട് നാലാൾ കയ്യടിക്കുമ്പോൾ കോരിത്തരിക്കുന്ന അവസ്ഥയും ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞിരുന്നു. പിന്നെ, ആരെങ്കിലും എന്നെ മുഖസ്തുതി പറഞ്ഞു വീഴ്ത്തിയാൽ പോകും, അത്ര തന്നെ.  അങ്ങനെ ഒന്നുണ്ടായി ഏതാനും മാസം മുന്‍പ്.

ഇടക്കും തലക്കും എന്നെ വിളിക്കാറുള്ള ഒരു ചെറുപ്പക്കാരൻ പ്രൊഡ്യൂസർ, അങ്ങനെയിരിക്കെ, ഒരു ദിവസം ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടണമെന്ന് ആവശ്യപ്പെട്ടു.  അതിനു മുന്‍പും ആ പ്രൊഡ്യൂസറുടെ ചില പരിപാടികളെപ്പറ്റി എന്നോട് അഭിപ്രായം ചോദിച്ചിട്ടുണ്ട്.  അതിന്റെ തുടർച്ചയെന്നോണം ഒരു ദിവസം എന്നെ പരിപാടിയിൽ എഴുന്നള്ളിച്ചു. 

ആത്മാവിന്റെയും പരമാത്മാവിന്റെയും ബന്ധം പോലെ നിത്യമായി തുടരുന്ന മുല്ലപ്പെരിയാർ ഭയമായിരുന്നു വിഷയം. മുല്ലപ്പെരിയാർ അണ പൊട്ടുമെന്നും കേരളത്തിന്റെ ഒരു നല്ല ഭാഗം ഒലിച്ചുപോകുമെന്നും പരസ്യമായെങ്കിലും വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാകും കേരളത്തിലുള്ളവരിൽ മിക്കവരും. രണ്ടു പേരെ അപവാദമാക്കി കൂട്ടാം. അണ പൊട്ടാനുള്ള സാധ്യതയും ഭീതിയും മനസ്സിലാക്കാൻ സുപ്രിം കോടതി നിയമിച്ച സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയായി എത്തിയ മുൻ ന്യായാധിപൻ കെ ടി തോമസ് ഒരാൾ.  അണയെപ്പറ്റിയെന്നല്ല, ഒന്നിനെപ്പറ്റിയും വിശേഷിച്ചൊരു ഗന്ധവുമില്ലാത്ത ഞാൻ മറ്റേയാൾ. 

ഒരാളെകൂടി വേണമെങ്കിൽ ആ ചെറിയ പട്ടികയിൽ ഉൾപ്പെടുത്താം.  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയെന്ന നിസ്സഹായത ഉണ്ടായിട്ടുകൂടി അദ്ദേഹം പേടിപ്പാട്ടുകാരുടെ കൂടെ പോയില്ല.  വി എസ് അച്യുതാനന്ദനും എൻ കെ പ്രേമചന്ദ്രനും പി ജെ ജോസഫും പി സി തോമസുമൊക്കെ പൊട്ടാൻ പോകുന്ന അണയുടെ ദുരന്തം ഉയർത്തിക്കാട്ടി രാഷ്ട്രിയസന്നി ഉണ്ടാക്കിയിരുന്ന കാലം.  ജോസഫ് മരണം വരെ നിരാഹാരം പ്രഖ്യാപിച്ചപ്പോൾ, തോമസ് ജലസമാധിക്കായി വെള്ളത്തിൽ മലർന്നു കിടന്നു നോക്കി. ചക്രവാളത്തോളം നീണ്ടുപോകുന്ന വാചകങ്ങളിൽ പ്രേമചന്ദ്രന്റെ വേവലാതി ഒഴുകിയിറങ്ങി.  ഒരു തരം സ്ഥിതപ്രജ്ഞതയോടെ, കേരളം ഇനിയും ഒലിച്ചുപോകാറായിട്ടില്ല എന്ന അപ്രഖ്യാപിതമായ വിശ്വാസത്തോടെ, ആ പ്രകടനത്തിൽനിന്നെല്ലാം മാറിനിന്നയാളാണ് ഉമ്മൻ ചാണ്ടി. 

അതായിരുന്നു എന്നെ ചാനൽ പ്രൊഡ്യൂസർ കൂട്ടിൽ കയറ്റിയ സന്ദർഭം. കെ ടി തോമസിന്റെ ആധികാരികതയോടെയല്ലെങ്കിലും, ഞാൻ ഒരു പാമരനായ പാട്ടുകാരന്റെ ഈണം ഉന്നയിച്ചു.  ഞാൻ 1979 ൽ ഇന്ത്യൻ എക്സ്പ്രസ്സിൽ ചേർന്നയുടനെ എഴുതിയ ഒരു റിപ്പോർട് പൊട്ടാനിടയില്ലാത്ത മുല്ലപ്പെരിയാർ അണയെപ്പറ്റിയായിരുന്നു.  ആരോ പേടിപ്പിടിക്കുന്ന വർത്തമാനം തുടങ്ങിയപ്പോൾ, അതൊതുക്കാൻ വേണ്ട നടപടികൾ അന്നത്തെ കേന്ദ്രജലക്കമ്മിഷൻ അധ്യക്ഷനായിരുന്ന ഡോക്റ്റർ കെ സി തോമസ് നിർദ്ദേശിച്ചു.  പിന്നെ ഒന്നും കേട്ടില്ല, കുറെക്കാലം.  അണ പൊട്ടിയില്ലെന്ന് പറയേണ്ടതില്ലല്ലോ.

പിന്നീടുണ്ടായ കോലാഹലത്തിൽ ഒരു കാര്യം തെളിഞ്ഞു. തമിഴ്നാട് എന്നല്ല, കേരളത്തിനു പുറത്തുള്ള വിദഗ്ധരും അല്ലാത്തവരും മുല്ലപ്പെരിയാർ പൊട്ടുമെന്നു കരുതുന്നവരല്ല. പല തലങ്ങളിൽ, പല തരക്കാർ പഠനം നടത്തിയിരുന്നു.  അവരൊക്കെ കേരളത്തിന്റെ അന്തകരാകാൻ കാത്തിരിക്കുന്നവരാണെന്നു പറയാൻ വയ്യ.  അങ്ങനെ ഉടനെയോ എപ്പോഴെങ്കിലുമോ പൊട്ടാവുന്ന അണയാണ് മുല്ലപ്പെരിയാറിലേത് എന്ന കഥക്ക് പുറത്തെങ്ങാനും ചിലവുണ്ടായിരുന്നെങ്കിൽ കേരളത്തിൽ ഒരു വിദേശമാധ്യമ പ്രളയം ഉണ്ടാകുമായിരുന്നു.  അതുണ്ടായില്ല.  കേരളത്തിൽ മാത്രം ‘അണ ഇതാ പൊട്ടാൻ പോകുന്നു’ എന്ന പല്ലവിക്കെതിരെ ഒന്നും പറയാൻ വയ്യാത്ത സ്ഥിതി വന്നു. 

കേരളീയരോളം സ്നേഹം കേരളത്തോട് കേരളത്തിനു പുറത്തുള്ളവർക്ക് ഉണ്ടാകണമെന്നില്ല. പക്ഷേ കേരളവിരോധമാണ് പുറത്തെങ്ങും നിലനിൽക്കുന്ന മൗലികമായ മാനസികാവസ്ഥ എന്നു പറയാമോ?  ഭയം മാറ്റാൻ വഴി വേണം. ഭയം അകറ്റുന്നതാണല്ലോ എല്ലാ ദിവ്യപുരുഷന്മാരുടെയും വഴി. അഭയം വൈ ബ്രഹ്മ എന്ന് ഒരു വചനം. പക്ഷേ അകാരണമായ ഭയം ഉണ്ടാക്കുന്നതിനെക്കാൾ വലിയ ജനദ്രോഹമൊന്നില്ല.  ദേശീയസ്വീകാര്യതയുള്ള പ്രധാനമന്ത്രിയുടെ ഒത്താശയോടെ ഒരു സമിതി അങ്ങനെ ഭയം തീർക്കാനും അണ ഭദ്രമാക്കാനും നടപടി എടുത്താൽ മതി. അതായിരുന്നു അന്നും എന്നും എന്റെ നിലപാട്.

ക്യാമറയുടെ വെളിച്ചത്തിൽ, മൈക്കിൽ ഞാൻ അതൊക്കെ പതിവില്ലാത്ത ആവേശത്തോടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. എന്റെ വാക്കുകളിൽ മുഴുകിപ്പോയതുകൊണ്ട് പ്രൊഡ്യൂസർ എന്തു വിചാരിക്കുന്നു എന്നു നോക്കാൻ നേരമുണ്ടായില്ല. എല്ലാം കഴിഞ്ഞപ്പോൾ, ശീലമെന്ന പോലെ, ഞാൻ ചോദിച്ചു: “എങ്ങനെ ഉണ്ടായിരുന്നു?”  പ്രൊഡ്യൂസർ ഒരർഥവും നിവേദിക്കാതെ പറഞ്ഞു: “കൊള്ളാം.”  അദ്ദേഹത്തിന്റെ മുഖം എന്തിനെയോ ഒളിപ്പിച്ചുവെച്ചിരുന്നുവെന്നു മനസ്സിലാക്കാൻ എനിക്കായില്ല.

പരിപാടി  സം പ്രേഷണം ചെയ്യുന്ന കാര്യം മനസ്സില്ലാമനസ്സോടെയെന്ന മട്ടിൽ പ്രൊഡ്യൂസർ എന്നെ വിളിച്ചറിയിച്ചു. അന്ന് അതു കാണാൻ തരപ്പെടുകയും ചെയ്തു. അച്യുതാനന്ദനും മറ്റും പറഞ്ഞുപരത്തിയ പോലെ അണ ഇപ്പോൾ പൊട്ടും എന്ന മട്ടിലായിരുന്നു പരിപാടി മുഴുവൻ. ആ പേടിയെപ്പറ്റി ഞാൻ ഉന്നയിച്ച കാര്യമൊന്നും ഉദ്ധരിച്ചില്ല. എന്നോടു നീതി ചെയ്തുവെന്നു വരുത്താൻ വേണ്ടി മാത്രം എന്റെ ഒരു നിരുപദ്രവമായ വാക്യം കൊടുത്തു. ബാക്കിയെല്ലാം നിലക്കാതെ തുടരുന്ന ഭയപുരാണം തന്നെ. അപ്പപ്പോൾ കേൾക്കായ, കാണായ, മുല്ലപ്പെരിയാർ വാഗ്വിലാസങ്ങളിലെല്ലാം അനുഭവപ്പെട്ടത് അതുപോലൊരു ഭയാശങ്കയായിരുന്നു. അവസരം വന്നപ്പോൾ എന്നെ കബളിപ്പിച്ച പ്രൊഡ്യൂസറോട് ഞാൻ കാര്യം പുളിപ്പിച്ചു പറഞ്ഞുവെന്നത് അണക്കഥയുടെ ബാക്കിപത്രം.

ആർ ആരെ കബളിപ്പിക്കുന്നു? പേടി വിൽക്കുന്നവരോ വാങ്ങുന്നവരോ?  കബളിപ്പിക്കുകയാണെന്ന് അറിഞ്ഞുകൊണ്ട് കബളിപ്പിക്കുകയാണോ അതോ അറിയാതെയോ?  “ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെ പോം.” കബളിപ്പിക്കപ്പെടുന്നവരും കബളിപ്പിക്കുന്നവരും ഒരു പോലെ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ വാങ്മയം: രാഷ്ട്രീയപരിഹാരം. രാഷ്ട്രീയേച്ഛ. അതുണ്ടായാലേ പ്രശ്നം തീരുകയുള്ളു എന്നു ശഠിക്കുന്നവർ സ്വന്തം വാദത്തിൽ വെള്ളം കോരിയൊഴിക്കുന്നു. 

അണയുടെ പ്രശ്നം ഇപ്പോൾ രാഷ്ട്രീയപ്രശ്നമല്ല.  പലരും പറയുമ്പോലെ അതിപ്പോൾ പൊട്ടുമോ എന്നതാണ് അടിസ്ഥാനപ്രശ്നം. അതാകട്ടെ, രാഷ്ട്രീയനേതാവോ മെത്രാപ്പൊലിത്തയോ വെളിപാടുകൊണ്ട് നിർവചിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടതല്ല. അണകൾ കെട്ടിയും പൊട്ടിച്ചും പരിചയമുള്ളവർ വേണം അതിനു മറുപടി പറയാൻ. ആരെല്ലാം എന്തൊക്കെ പഠിച്ചാലും പരിഹരിച്ചാലും പരമഹിതം ആർക്കും അറിഞ്ഞുകൂടാ. വിർജിനിയ ബേയിൽ കടലിനുള്ളിലൂടെയുള്ള തുരങ്കത്തിലൂടെ നാല്പതു കിലോ മീറ്റർ ദൂരം കാറിൽ പോകുമ്പോൾ, എന്റെ വികൃതിയായ മനസ്സ് ഒരു ചോദ്യം എടുത്തിട്ടു:  ഈ തുരങ്കത്തിൽ എവിടെയെങ്കിലും വിള്ളലുണ്ടായാലോ…?  

 

അങ്ങനെയൊന്നും ഉണ്ടായില്ല. അങ്ങനെയൊന്നും ഉണ്ടാവില്ല എന്ന അന്ധമായ, മൂഢമായ, അതേ സമയം ഊർജ്ജസ്വലമായ വിശ്വാസത്തോടെയുള്ള പുരോഗമനമാണ് സമൂഹജീവിതം. ആ വിശ്വാസത്തെ പരിഹസിച്ചുകൊണ്ട് പലതും പൊട്ടാം. ഇന്തൊനേഷ്യയിലും ജപ്പാനിലും കടലിനടിയിൽ ഭൂമി കുതറിക്കേറിയത് പ്രവചനത്തിനൊപ്പിച്ചായിരുന്നില്ല. മഞ്ഞുരുകി കടൽ വെള്ളം പൊങ്ങി കരകളെ മുഴുവൻ മുക്കിമൂടുമെന്ന് നമുക്കറിയാമെങ്കിലും നാം സ്വന്തമാക്കിയ തുരുത്തുകൾ വെച്ചൊഴിഞ്ഞുപോകാൻ ആഹ്വാനം വന്നാൽ നമ്മൾ കേൾക്കുകയില്ല. ആന വന്ന് ഈ താമരപ്പൂവു പറിച്ചുകളയാമെന്ന് അറിയാമെങ്കിലും ഇതിനുള്ളിലിരുന്ന് വണ്ട് കിനാവു കണ്ടുകൊണ്ടേ പോകുന്നു എന്ന പഴയ ശ്ലോകം ഇന്നും വിലപ്പോവുന്നു. എല്ലാ സൃഷ്ടികഥകളിലും ഒരു പ്രളയത്തിന്റെയും ഒരു പലായനത്തിന്റെയും വിവരണം കാണാം. അതിന്റെ പേടിയൊന്നും നമ്മെ മുല്ലപ്പെരിയാറിനെപ്പോലെ ആവേശിക്കാറില്ല.

മുല്ലപ്പേടിക്കാരിലധികം പേർക്കും അറിയില്ല ഇടമലയാറിൽ പതിയിരിക്കുന്ന വിപത്തിനെപ്പറ്റി. ബാലകൃഷ്ണപ്പിള്ള വൈദ്യുതി മന്ത്രിയായിരിക്കേ വെടക്കാക്കിയ പദ്ധതിയെപ്പറ്റിയേ അച്യുതാനന്ദനറിയൂ. അവിടെ അണ കെട്ടി വൈദ്യുതി ഉണ്ടാക്കാമെന്നു പറഞ്ഞപ്പോൾ ആദ്യം എതിർത്തത് കൃഷ്ണസ്വാമി അയ്യർ എന്ന ഭൂഗർഭശാസ്ത്രജ്ഞ്ജനായിരുന്നു. പണ്ടൊരിക്കൽ, 1900ൽ, കോയമ്പത്തൂരിൽ ഉണ്ടായ ഭൂചലനത്തിന്റെ കേന്ദ്രബിന്ദു ഇടമലയാറിലെവിടെയോ ആയിരുന്നു. ശ്രീലങ്ക മുതൽ ഇടമലയാർ വരെയും അതിനപ്പുറവും നീണ്ടുകിടക്കുന്ന ഒരു അസ്വസ്ഥപ്രദേശത്ത് അണ കെട്ടുന്നത് ആപത്താണെന്നായിരുന്നു അയ്യരുടെ നിഗമനം, നിർദ്ദേശം. അണക്കെന്തെങ്കിലും പറ്റിയാൽ കേരളത്തെ കടലിൽ നോക്കിയാൽ പോലും കാണില്ല. പക്ഷേ അണ വേണ്ടെന്നു വെച്ചില്ല. കോൺക്രീറ്റ് അണ വേണ്ടെന്നേ വെച്ചുള്ളു. അതിലൊരിടത്ത് ലഘുവായൊരു ചോർച്ച കണ്ടപ്പോൾ, നമ്മൾ പേടി വിൽക്കാൻ നോക്കി.  പിള്ളയുടെ പ്രസിദ്ധി കുറെ ഒലിച്ചുപോയി. അണ പൊട്ടിയില്ല. അണ പൊട്ടാതിരിക്കട്ടെ.  

പ്രാർഥിച്ചാൽ പോരാ. അറിവുള്ളവർ അതിനെപ്പറ്റി ഒന്നു കൂടി പഠിക്കട്ടെ.  സ്വീകാര്യതയുള്ള പ്രധാനമന്ത്രി അതിനു നേതൃത്വം നൽകട്ടെ. സാങ്കേതികമായി ഭദ്രതയുള്ള നിർദ്ദേശം വരട്ടെ. ഒരു ജനതതിയുടെ മുഴുവൻ മനസ്സിനെ കയ്യടക്കിയിട്ടുള്ള പേടിക്ക് അറുതി വരട്ടെ. രാഷ്ട്രീയലാഭത്തിനുവേണ്ടി കുത്തിത്തിരിപ്പുകളും കുതന്ത്രങ്ങളും ഉണ്ടാകാതിരിക്കട്ടെ. ഭയവ്യവസായം മീഡിയയിൽ പുലരാതിരിക്കട്ടെ. ഇപ്പോൾ കാട്ടിക്കൂട്ടുന്ന കൃത്രിമമെല്ലാം നമ്മളെത്തന്നെ കബളിപ്പിക്കാനുള്ളതാണെന്ന് ഏറ്റുപറയട്ടെ.  

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍