UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് കെ ടി തോമസ് മുല്ലപ്പെരിയാര്‍ വിഷയം പഠിച്ചില്ല

Ashok K N

എം കെ പരമേശ്വരന്‍ നായര്‍/ജെ ബിന്ദുരാജ്‌

ജസ്റ്റിസ് കെ ടി തോമസ് വസ്തുതകള്‍ പഠിക്കാന്‍ സന്നദ്ധത കാട്ടിയില്ലെന്നും പോരായ്മകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ വിരട്ടിയെന്നും മുല്ലപ്പെരിയാര്‍ സ്‌പെഷ്യല്‍ സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍ നായര്‍ ലേഖകനുമായുള്ള സംഭാഷണത്തില്‍ 2014-ല്‍ ആരോപിച്ചു. അഭിമുഖത്തിന്റെ പൂര്‍ണരൂപം 

ചോദ്യം: എപ്പോഴെങ്കിലും ഡാം ബലപ്പെടുത്തലിന് 1979-81 കാലഘട്ടത്തില്‍ നേതൃത്വം നല്‍കിയ ഡോക്ടര്‍ കെ സി തോമസുമായി ബന്ധപ്പെട്ടിരുന്നുവോ? കെ സി തോമസ് നല്‍കിയ വിവരങ്ങള്‍ കെ ടി തോമസിനെ സ്വാധീനിച്ചുവോ?

ഉത്തരം: മുല്ലപ്പെരിയാര്‍ സ്‌പെഷ്യല്‍ സെല്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ല. എന്നാല്‍ 1997 സമയത്ത് ബേബി ജോണ്‍ ജലസേചന വകുപ്പുമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്ന് കേള്‍ക്കുന്നു. കെ ടി തോമസ് പിന്നീട് കെ സി തോമസുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഡാമിന് ബലക്ഷയമൊന്നുമില്ലെന്ന് കെ സി തോമസ് അദ്ദേഹത്തോട് പറഞ്ഞതായി അറിയുന്നു. പക്ഷേ റിപ്പോര്‍ട്ടില്‍ കെ സി തോമസ് പറഞ്ഞ കാര്യങ്ങളൊന്നും അദ്ദേഹം എടുത്ത് ഉദ്ധരിച്ചിട്ടില്ല. എംപവേര്‍ഡ് കമ്മിറ്റി നടത്തിയ ടെസ്റ്റുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

ചോദ്യം: കെ ടി തോമസ് മുല്ലപ്പെരിയാര്‍ സ്‌പെഷ്യല്‍ സെല്‍ നല്‍കിയ രേകള്‍ കണക്കിലെടുത്തില്ലെന്നു തോന്നുന്നു.

ഉത്തരം: ഞങ്ങള്‍ നല്‍കിയ രേഖകളും മറ്റു വിവരങ്ങളുമൊക്കെ ഒരു പത്തു മിനിറ്റെടുത്ത് വായിച്ചുനോക്കിയിരുന്നുവെങ്കില്‍ ഡാമിന്റെ ബലപ്പെടുത്തല്‍ സംബന്ധിച്ച കെ സി തോമസിന്റെ വാദത്തിലെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാമായിരുന്നു. ഡാമിന് കനം നല്‍കുന്നതിലൂടെ അത് ശക്തിപ്പെടുത്തിയെന്ന കെ സി തോമസിന്റെ വാദം പൊള്ളയാണ്. അണക്കെട്ടിന്റെ മുകളില്‍ ബലപ്പെടുത്തുന്നതിലൂടെ ഡാമിന് വാസ്തവത്തില്‍ കൂടുതല്‍ നാശമാണ് ഉണ്ടാകുക. മുകളില്‍ ബലം കൂട്ടാന്‍ വാസ്തവത്തില്‍ പാടില്ല. അന്നത്തെ കാലത്ത് ഡോക്ടര്‍ കെ സി തോമസ് ഒരു വിദഗ്ധനായിരുന്നു. പക്ഷേ കാലം കഴിയുമ്പോള്‍ പുതിയ സാങ്കേതികതയും വിവരങ്ങളും ഉരുത്തിരിയുമെന്നത് വേറെ കാര്യം. എംപവേര്‍ഡ് കമ്മിറ്റി നിരവധി പാളിച്ചകളുണ്ടെന്നും അത് വിശ്വസിച്ചു കൂടെന്നും കേരളത്തിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ സുപ്രീം കോടതിയില്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

ചോദ്യം: സുപ്രീം കോടതി നിര്‍ദ്ദേശിച്ച മൂന്നംഗ സമിതി നമുക്ക് ഗുണം ചെയ്യുമോ

ഉത്തരം: ഇല്ലേയില്ല. കെ സി തോമസിന്റെ കാലം തൊട്ടേ സി ഡബ്ല്യു സി നമുക്കെതിരായിരുന്നു. തമിഴ്‌നാടിന്റെ വാദമാണ് ശരിയെന്നാണ് കമ്മീഷന്റെ വാദം. കാലാകാലങ്ങളില്‍ തങ്ങള്‍ക്കിണങ്ങുന്ന ഒരു അംഗത്തെ ചെയര്‍മാനായി തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് എളുപ്പമാണ്. അങ്ങനെ വരുമ്പോള്‍ തമിഴ്‌നാടിനെ പിന്തുണയ്ക്കുന്ന രണ്ടംഗങ്ങളും കേരളത്തെ പിന്തുണയ്ക്കുന്ന ഒരു അംഗവും മാത്രമായി അത് മാറും. പിന്നെ എന്ത് നീതിയാണ് നമുക്ക് പ്രതീക്ഷിക്കാനാകുന്നത്.

ചോദ്യം: ഡാം വിദഗ്ധരായ തട്ടേയും മേത്തയും നല്‍കിയ റിപ്പോര്‍ട്ട് നമുക്ക് പൂര്‍ണമായി എതിരായിരുന്നു.

ഉത്തരം: പതിനായിരം റീഡിങ്‌സ് എടുത്തിട്ടാണ് റഷ്യയിലെ ഒരു അണക്കെട്ട് സുരക്ഷിതമാണോയെന്ന് അവിടത്തുകാര്‍ കണ്ടെത്തിയത്. കേരളത്തില്‍ മുല്ലെപ്പെരിയാറില്‍ കേവലം 252 ഫൈന്‍ഡിങ്‌സ് എടുത്തിട്ടാണ് ഡാം പൂര്‍ണ സുരക്ഷിതമാണെന്ന് അവര്‍ പറഞ്ഞത്. സുപ്രീം കോടതിയില്‍ ഉന്നതാധികാര സമിതിയുടെ ഈ കണ്ടെത്തലുകള്‍ക്കെതിരെ നാം പറഞ്ഞിട്ടുണ്ട്. മനസ്സാക്ഷിയുണ്ടെങ്കില്‍ തട്ടേ തന്നെ സമ്മതിക്കും നടത്തിയ ടെസ്റ്റുകള്‍ അപര്യാപ്തമായിരുന്നുവെന്ന്. 1200 അടി നീളമുള്ള ഒരു ഡാമില്‍ ഒരു തുളയുണ്ടാക്കി അതില്‍ പെനിട്രേഷന്‍ ടെസ്റ്റ് നടത്തിക്കഴിഞ്ഞാല്‍ മുഴുവന്‍ ഡാമും ലീക്ക് പ്രൂഫ് ആണെന്ന് കോമണ്‍ സെന്‍സുള്ള ഒരാള്‍ക്ക് എങ്ങനെ പറയാനാകും? സുപ്രീം കോടതി അത് കണക്കിലെടുക്കാന്‍ പോലും തയാറായില്ല.

ചോദ്യം: കെ ടി തോമസ് കേരളത്തിന്റെ നിലപാടുകളോട് ഏതു തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചിരുന്നത്?

ഉത്തരം: കെ ടി തോമസിനെ ഉന്നതാധികാര സമിതി അംഗമായി നിയമിച്ചശേഷം അദ്ദേഹവുമായി ബന്ധപ്പെടുന്നത് ശരിയല്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നുവെങ്കിലും (തെരഞ്ഞെടുക്കപ്പെട്ടശേഷം കേരളത്തിന്റെ പ്രതിനിധിയല്ല മറിച്ച് സമിതിയിലെ അംഗമാണ് താനെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്) പ്രേമചന്ദ്രന്‍ അദ്ദേഹവുമായി ബന്ധപ്പെട്ടശേഷം നാലഞ്ച് തവണ ഞാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ പോയിട്ടുണ്ട്. ഏതെങ്കിലും സാങ്കേതികകാര്യങ്ങള്‍ കെ ടി തോമസിനെ പറഞ്ഞു മനസ്സിലാക്കാനായിട്ട് ഞാന്‍ പറഞ്ഞു തുടങ്ങുമ്പോള്‍ അദ്ദേഹം ഭാര്യയെ വിളിച്ച് ചായ കൊണ്ടു വരാന്‍ പറയും. പിന്നെ ചായയും കുടിച്ച് സന്തോഷമായി ഞങ്ങള്‍ ഇറങ്ങിപ്പോരും. ഒരിക്കല്‍ പോലും വിവരങ്ങള്‍ വിശദീകരിച്ചു കൊടുക്കാന്‍ അദ്ദേഹം അവസരം നല്‍കിയിട്ടില്ല. ദല്‍ഹിയില്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ അവസാന യോഗം നടക്കുന്ന സമയത്ത് (അന്ന് അദ്ദേഹം കേരളാ ഹൗസില്‍ താമസിക്കുന്നത്. അല്ലാത്തപ്പോഴൊക്കെ അദ്ദേഹത്തിന്റെ താമസം തമിഴ്‌നാട് ഹൗസിലാണ്. അതേപ്പറ്റി പരാതി വന്നപ്പോഴാണ് അദ്ദേഹം തിരിച്ച് കേരളാ ഹൗസിലേക്ക് മാറിയത്) കേരളാ ഹൗസിലിരുന്ന് ഞങ്ങള്‍ സീസ്മിക് ഡെഫിഷന്‍സിയെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന് അതെന്താണെന്നു പോലും അറിയില്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. സ്‌പെല്ലിങ് വരെ ചോദിച്ചു അദ്ദേഹം. അവസാന പത്തുമിനിട്ടിലാണ് കെ ടി തോമസ് പല കാര്യങ്ങളും ആരാഞ്ഞത്. അതേ സമയം തമിഴ്‌നാടിന്റെ കാര്യത്തില്‍ ഡോക്ടര്‍ ലക്ഷ്മണ തമിഴ്‌നാട് ഹൗസില്‍ താമസിക്കുന്ന സമയത്ത് ഡോക്ടര്‍ സുബ്രഹ്മണ്യമടക്കം എല്ലാവരും ആ മുറിക്കുള്ളില്‍ ചര്‍ച്ചകളിലുണ്ടാകും. മണിക്കൂറുകളാണ് അടച്ചിട്ട മുറിയില്‍ അവര്‍ ചര്‍ച്ച നടത്തുന്നത്. സംഗതികള്‍ ഇങ്ങനെയായിരിക്കേ കെ ടി തോമസ് ഞങ്ങളാരും വിശദാംശങ്ങള്‍ കൊടുത്തില്ലെന്നു പോലും പരാതിപ്പെടുകയുണ്ടായി.

ചോദ്യം: ഡാമിന്റെ സുരക്ഷയെപ്പറ്റി കേരളം അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവോ?

ഉത്തരം: ആര്‍ക്കും എന്തുവേണമെങ്കിലും പറയാം. ഞാന്‍ ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ പരമാര്‍ത്ഥമാകണമെന്നില്ല. ചിലപ്പോള്‍ കള്ളമാകാം. പക്ഷേ അത് നിങ്ങള്‍ക്ക് എങ്ങനെ തെളിയിക്കാനാകും? അദ്ദേഹത്തെ എങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ പറ്റും? ഡോക്ടര്‍ ഗൊസൈന്റെ റിപ്പോര്‍ട്ട് തെറ്റാണെന്ന് നമുക്ക് പറയാനാകുമോ? കെ ടി തോമസ് അതിനിടെ ഒരു പുസ്തകവുമെഴുതി. ഞങ്ങള്‍ കൊടുത്ത റിട്ടണ്‍ സ്‌റ്റേറ്റ്‌മെന്റ്‌സ് വായിച്ചുനോക്കിയാല്‍ അതിനേക്കാള്‍ കണ്‍വിന്‍സിങ്ങായി കാര്യങ്ങള്‍ അതില്‍ പറഞ്ഞിട്ടുണ്ട്. അണക്കെട്ടുകളുടെ സാങ്കേതിക വിവരങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ളതാണ് അത്. ലോകത്തിലുള്ള പല ഡാമുകളും മെയിന്റനന്‍സ് നടത്തിയപ്പോള്‍ അതിലുള്ള ദൂഷ്യവശങ്ങളെക്കുറിച്ചും വിദഗ്ധരുടെ അഭിപ്രായങ്ങളുമൊക്കെ ക്രോഡീകരിച്ചതാണ് അത്. അല്ലാതെ ചുമ്മാ ചപ്പളാച്ചിയല്ല.

ചോദ്യം: കെ ടി തോമസ് പഠിക്കാന്‍ തയാറായില്ലെന്നാണോ?

ഉത്തരം: അതെ. 34 ടി എം സിയില്‍ കൂടുതല്‍ വെള്ളം ഇടുക്കി റിസര്‍വോയറില്‍ ഇതേവരെ ശേരിക്കപ്പെട്ടിട്ടില്ല എന്ന് കെ ടി തോമസ് പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. എംപവേര്‍ഡ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ നോട്ടിലും അദ്ദേഹം അത് എഴുതിവച്ചിട്ടുണ്ട്. 54 ടി എം സി വെള്ളം ഓവര്‍ഫ്‌ളോ ചെയ്യാനുള്ള സാധ്യത ആറു കൊല്ലം ഉണ്ടായിരുന്നുവെന്നത് സുപ്രീം കോടതിയില്‍ നമ്മള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഉന്നതാധികാര സമിതി റിപ്പോര്‍ട്ടില്‍ ധാരാളം പിശകുകള്‍ ഉണ്ടായിരുന്നു. ഹരീഷ് സാല്‍വേയുടെ വാദങ്ങള്‍ പ്രധാനമായും മൂന്നു കാര്യങ്ങളിലായിരുന്നു. ഒന്ന്, വെള്ളപ്പൊക്കം, രണ്ട്, ചുണ്ണാമ്പിന്റെ നഷ്ടം തമിഴ്‌നാടിന് 29 കൊല്ലത്തേത് മാത്രമേ കണക്കാക്കാനായിട്ടുള്ളു, (116 കൊല്ലം പഴക്കമുള്ള ഡാമില്‍ 29 കൊല്ലത്തെ സീപേജിന്റെ കണക്കു മാത്രമേ എംപവേര്‍ഡ് കമ്മിറ്റിക്കു മുന്നില്‍ തമിഴ്‌നാടിന് ഹാജരാക്കാനായുള്ളു. അതുവച്ച് 116 വര്‍ഷത്തെ ചുണ്ണാമ്പു നഷ്ടം കണ്ടെത്തി അത് വളരെ തുച്ഛമാണെന്നാണ് തമിഴ്‌നാട് വാദിച്ചത്), മൂന്ന്, സീസ്മിക് ഡിസെബിലിറ്റിയില്‍ അവരുടെ കണക്കുകളില്‍ വന്ന പിഴവുകള്‍. കോടതി അന്ന് അത് അംഗീകരിച്ചിരുന്നുവെങ്കിലും വിധിയില്‍ അത് പ്രതിഫലിച്ചില്ല. വാസ്തവത്തില്‍ കെ ടി തോമസ് ഒരിക്കല്‍ എന്നെ വിരട്ടുക പോലുമുണ്ടായി. ‘ഞാന്‍ കേരളാ അംഗമാണെന്ന് ആരു പറഞ്ഞു? കമ്മിറ്റിയിലെ അംഗമാണ് താനെന്നും കേരളത്തിന്റെ പ്രതിനിധിയല്ലെന്നും’ തോമസ് പറഞ്ഞു. ‘നിങ്ങള്‍ ഇനിയും എനിക്കെതിരെ പറയുകയാണെങ്കില്‍ റൂര്‍ക്കിദല്‍ഹി ഐ ഐ ടികളില്‍ നിന്നും കേരളത്തിന് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ എങ്ങനെ വാങ്ങിച്ചു എന്ന് ഞാന്‍ പത്രക്കാരോട് പറയുമെന്ന്’ അദ്ദേഹം എന്നോട് പറഞ്ഞു. എത്ര മോശമാണത്. ഐ ഐ ടി പോലൊരു സ്ഥാപനത്തില്‍ നിന്നും പൈസ കൊടുത്ത് റിപ്പോര്‍ട്ട് വാങ്ങാനാകുമെന്ന് പ്രതീക്ഷിക്കാനാകുമോ? അങ്ങനെ വരെ അദ്ദേഹം കേരളത്തിനെതിരെ പ്രവര്‍ത്തിച്ചു. താന്‍ ന്യൂട്രലാണെന്ന് അറിയിക്കാന്‍ വേണ്ടിയാകും ഒരുപക്ഷേ തോമസ് ഇങ്ങനെയൊക്കെ പ്രവര്‍ത്തിച്ചത്.

ചോദ്യം: വിരമിച്ചതിനുശേഷം താങ്കള്‍ക്കൊരു നിയമനം നല്‍കാന്‍ വേണ്ടിയാണ് മുല്ലപ്പെരിയാര്‍ സ്‌പെഷ്യല്‍ സെല്‍ ഉണ്ടാക്കിയതെന്നൊക്കെ ഒരു അപവാദം കേട്ടിട്ടുണ്ട്.

ഉത്തരം: (ചിരിയോടെ) ഞാന്‍ ഒരുപാട് കമ്മിറ്റികളില്‍ അംഗമാണ്. എനിക്ക് 75 വയസ്സായി. സാമ്പത്തികമായി എനിക്കൊരു പ്രശ്‌നമുള്ള ആളല്ല. എത്രയോ തവണ ഈ കമ്മിറ്റിയില്‍ നിന്നും മാറണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2008 വരെ ഞാന്‍ സര്‍ക്കാരില്‍ നിന്നും ഒരു വേതനവും പറ്റാതെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. 2008 ജൂണ്‍ മുതല്‍ എനിക്ക് 25,000 രൂപ ഹോണറേറിയം ലഭിക്കുന്നുണ്ട്. എനിക്ക് എത്രയോ മറ്റ് കാര്യങ്ങള്‍ ലഭിക്കുമായിരുന്നു. 1995-ല്‍ വൈദ്യുതി ബോര്‍ഡിലെ മെമ്പര്‍ (സിവില്‍) സ്ഥാനത്തു നിന്നും വിരമിച്ചശേഷം 1996 മുതലാണ് ഞാനിതില്‍ ഭാഗഭാക്കാകുന്നത്. ബേബി ജോണ്‍ പല കാര്യങ്ങള്‍ക്കും ഞാനുമായി ആലോചിക്കുമായിരുന്നു. 2006-ല്‍ സുപ്രീം കോടതിയില്‍ ഒരുപാട് വിഡ്ഢിത്തങ്ങള്‍ കേരളത്തിനു പറ്റി. ഞാനന്ന് ബൈപാസ് സര്‍ജറി കഴിഞ്ഞ് ജര്‍മ്മനിയില്‍ നിന്നും മടങ്ങി വന്ന സമയമാണ്. അതുകൊണ്ട് 2006-ല്‍ കേരളത്തിന്റെ വാദമുങ്ങള്‍ കൃത്യമായി എത്തിക്കാനായില്ല.

ചോദ്യം: 2006-ല്‍ പറ്റിയ പ്രധാന പിഴവുകള്‍ എന്തൊക്കെയാണ്?

ഉത്തരം: ഒരുപാട് പിഴവുകള്‍ നമുക്ക് അന്ന് സംഭവിച്ചു. അഭിഭാഷകന്‍ വിശ്വനാഥന്‍ നായരെ കാര്യങ്ങള്‍ കൃത്യമായി പഠിപ്പിച്ചില്ല എന്നതാണ് ഒന്ന്. ഇടുക്കി ഡാമിന് മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളത്തെ ഉള്‍ക്കൊള്ളാനാകുമെന്ന് ജസ്റ്റിസ് സബര്‍വാളിന്റെ വിധിന്യായത്തില്‍ എഴുതിവച്ചിട്ടുണ്ട്. 2006 ജൂലൈയിലായിരുന്നു കേസ്സ്. ഇടുക്കിയിലേയും മുല്ലപ്പെരിയാറിലേയും സ്‌റ്റോറേജ് ലെവല്‍ എന്താണെന്ന് ജഡ്ജി തിരക്കിയപ്പോള്‍ കൊടുത്ത കണക്കുകള്‍ വച്ച് മുല്ലപ്പെരിയാറിലെ ജലത്തെ ഇടുക്കി താങ്ങുമായിരുന്നു അന്നത്തെ ആ ദിവസത്തില്‍. പക്ഷേ ഈ രണ്ടു ഡാമുകളും യഥാര്‍ത്ഥത്തില്‍ നിറയുന്നത് ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായിരുന്നു. അത് പക്ഷേ നമ്മള്‍ കോടതിയില്‍ പറഞ്ഞില്ല. ആറു കൊല്ലത്തെ രേഖകള്‍ അവര്‍ക്ക് പരിശോധിക്കാമായിരുന്നു. അഭിഭാഷകന് ജഡ്ജി ചോദിച്ച പല ചോദ്യങ്ങള്‍ക്കും അന്ന് ഉത്തരം പറയാനായില്ല.

ചോദ്യം: എന്താണ് ശരിക്കും ഇപ്പോള്‍ വിനയായത്?

ഉത്തരം: 2006-ലെ വിധിയെ മറികടക്കാന്‍ നാം ഡാം സേഫ്റ്റി നിയമം പാസ്സാക്കിയത് കോടതിയുടെ ഈഗോയെ ഹര്‍ട്ട് ചെയ്തിരിക്കാം. അത്തരമൊരു സംഗതി ഉണ്ടായാല്‍ പിന്നെ അത് മറി കടക്കുക എളുപ്പമല്ലെന്ന് ഹരിഷ് സാല്‍വേ പറഞ്ഞിരുന്നതാണ്. അത് ഞങ്ങള്‍ക്ക് അറിയാമായിരുന്നു താനും.

(കടപ്പാട്- ഇന്ത്യാ ടുഡേ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍