UPDATES

മുല്ലപ്പെരിയാര്‍: കേരളം സുപ്രീംകോടതിയിലേക്ക്‌

അഴിമുഖം പ്രതിനിധി

മുല്ലപ്പെരിയാര്‍ വിഷയം നിയമസഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സിപിഐയുടെ ബിജി മോളാണ് നോട്ടീസ് നല്‍കിയത്. തമിഴ്‌നാട് കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് പറഞ്ഞ ബിജിമോള്‍ കേരള സര്‍ക്കാരിന്റെ നിസ്സംഗത ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നോക്കുകുത്തിയായെന്നും നിഷ്‌ക്രിയരായെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ കേരളം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി പിജെ ജോസഫ് പറഞ്ഞു. കൊണ്ടുപോകാവുന്നത്ര ജലം തമിഴ്‌നാട് കൊണ്ടു പോയില്ല. തമിഴ്‌നാടിന്റെ ഈ നിര്‍ബന്ധിത സമീപനം ജലനിരപ്പ് 142 അടിയിലെത്തിച്ചു. ഷട്ടര്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് കേരളത്തെ അറിയിക്കണമെന്ന നിബന്ധന അവര്‍ പാലിച്ചില്ല. സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയും ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ല. കൂടാതെ കേരളം തമിഴ്‌നാടിന് നല്‍കിയ കത്തിന് അവര്‍ മറുപടി നല്‍കിയതുമില്ലെന്ന് മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും. കേന്ദ്ര ജല വിഭവ മന്ത്രി ഉമാഭാരതിയുമായി അവര്‍ കൂടിക്കാഴ്ച നടത്തും.

അതേസമയം ഇന്നലെ രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് തുറന്ന മുല്ലപ്പെരിയാറിന്റെ എട്ടു ഷട്ടറുകളും ഇന്ന് രാവിലെ താഴ്ത്തിയിരുന്നു. പിന്നീട് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്‌ മൂന്ന് ഷട്ടറുകള്‍ വീണ്ടും തുറന്നു. ഇതേ തുടര്‍ന്ന് പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 600 ഘനയടി ജലം നദിയിലേക്ക് ഒഴുകിയെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍