UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്‌നാടുമായുള്ള പഴയ ലീസ് കരാര്‍ പൊളിക്കുകയായിരുന്നു ലക്ഷ്യം

Avatar

ജെ ബിന്ദുരാജ്‌

മുല്ലപ്പെരിയാര്‍ കേസില്‍ സുരക്ഷിതത്വം മാത്രമായിരുന്നില്ല മറിച്ച് തമിഴ്‌നാടുമായുള്ള ലീസ് കരാര്‍ പൊളിക്കുന്നതു കൂടി കേരളത്തിന്റെ ലക്ഷ്യമായിരുന്നുവെന്നും പൂര്‍വികര്‍ ചെയ്ത തെറ്റ് ആവര്‍ത്തിക്കരുതെന്ന നിര്‍ബന്ധബുദ്ധി സര്‍ക്കാരിനുണ്ടായിരുന്നുവെന്നും മുന്‍ ജലസേചന വകുപ്പുമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ 2014-ല്‍ ലേഖകന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അഭിമുഖത്തിന്റെ പൂര്‍ണരൂപം .

ചോദ്യം: കെ സി തോമസ് സി ഡബ്ല്യു സി ചെയര്‍മാനായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഡാം ബലപ്പെടുത്തല്‍ നടന്നല്ലോ. പുതിയ ഡാം നിര്‍മ്മിക്കുന്നതിനേക്കാള്‍ ശക്തിയിലാണ് ബലപ്പെടുത്തിയ പഴയ ഡാം എന്നാണ് സുപ്രീം കോടതി വിധി ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കി പറയുന്നത്. അന്നത്തെ ബലപ്പെടുത്തലിനെ നമ്മള്‍ അംഗീകരിക്കുന്നുണ്ടോ?

ഉത്തരം: അന്നത്തെ ആ ബലപ്പെടുത്തല്‍ പര്യാപ്തമായിരുന്നില്ലെന്നും അത് താല്‍ക്കാലിക പരിഹാരം മാത്രമായിരുന്നുവെന്നും അത് ഡാമിന്റെ സ്ട്രക്ചറല്‍ സേഫ്റ്റിക്ക് ഗുണകരമല്ലെന്നും അതിനുശേഷമുണ്ടായ ഒലിച്ചുപോക്ക് മൊത്തത്തിലുള്ള സ്ട്രക്ചറിനെ ബാധിച്ചിട്ടുണ്ടെന്നുമാണ് കേരളത്തിന്റെ കേസ്. ആ ശക്തിപ്പെടുത്തല്‍ താല്‍ക്കാലികമായി ഡാം ബലപ്പെടുത്തിയെന്ന് പറയാമെങ്കിലും അത് സുസ്ഥിരമായ പരിഹാരമാര്‍ഗമായിരുന്നില്ലെന്ന് നമ്മള്‍ വാദിച്ചു. അന്ന് കെ സി തോമസ് ചെയര്‍മാനായ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ തന്നെയാണ് അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ 1979 മേയ് മാസം 29-ാം തീയതി പുതിയ ഡാം ആണ് അനിവാര്യമെന്നും പുതിയ ഡാമിനുള്ള സ്ഥലം കണ്ടെത്താന്‍ സമിതിയെ വയ്ക്കാനുമുള്ള തീരുമാനം അംഗീകരിക്കുകയും ചെയ്തത്. പക്ഷേ ആ നിര്‍ദ്ദേശം അട്ടിമറിക്കപ്പെട്ടു. പക്ഷേ ആ നിര്‍ദ്ദേശം എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്നത് ഇപ്പോഴും ദുരൂഹമാണ്. പുതിയ ഡാം നിര്‍മ്മിക്കുന്നതിന് പാരിസ്ഥിതിക അനുമതി കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടാകും അതുകൊണ്ട് ശക്തിപ്പെടുത്തലിലേക്ക് പോകുന്നുവെന്നാണ് ബലപ്പെടുത്തല്‍ സംബന്ധിച്ച് രേഖപ്പെടുത്തിയ വിവരം.

ചോദ്യം: ഡാം നിര്‍മ്മിക്കുന്നതിനേക്കാള്‍ ചെലവ് ശക്തിപ്പെടുത്തലിനായിരുന്നുവെന്നും ബലപ്പെടുത്തലാണ് നല്ലതെന്ന് കെ സി തോമസ് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരെ അറിയിച്ചിരുന്നുവെന്നും കെ ടി തോമസ് പറയുന്നു.

ഉത്തരം: പുതിയ ഡാം എന്ന നിര്‍ദ്ദേശം അട്ടിമറിക്കപ്പെടാന്‍ കാരണം പുതിയ ഡാം നിര്‍ദ്ദേശിക്കപ്പെട്ടത് നിലവിലുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ 1300 അടി താഴെയാണെന്നതാണ്. സ്വാഭാവികമായും അത് ലീസ് ഏരിയയില്‍ നിന്ന് പുറത്തുപോകും. ലീസ് ഏരിയയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ പുതിയ ലീസ് എഗ്രിമെന്റ് വേണം. അങ്ങനെ വരുമ്പോള്‍ പുതിയ ലീസ് നിബന്ധനകള്‍ വരും. അത് ബോധ്യപ്പെട്ടപ്പോഴാണ് ആദ്യം ഇതിനോട് യോജിപ്പ് പ്രകടിപ്പിച്ച തമിഴ്‌നാട് അതില്‍ നിന്നും പിന്തിരിഞ്ഞത്. പുതിയ ഭരണകൂടത്തോട് വിലപേശുമ്പോള്‍ സ്വാഭാവികമായും 999 വര്‍ഷത്തെ കരാറും അവര്‍ക്ക് അതുവരെ ലഭിച്ചുകൊണ്ടിരുന്ന പലതും നഷ്ടപ്പെടുമെന്ന് അറിഞ്ഞപ്പോഴും അവര്‍ അതില്‍ നിന്നും പിന്‍വലിയുകയാണ് വാസ്തവത്തില്‍ ഉണ്ടായത്.

ചോദ്യം: മുല്ലപ്പെരിയാറിന്റെ പരിസരം ഉള്‍പ്പെടുന്ന ഒരു ടോപ്പോഗ്രഫി മാപ്പ് ഉന്നതാധികാര സമിതി ചോദിച്ചിരുന്നുവെന്നും ആ മാപ്പ് കേരള സര്‍ക്കാരിന്റെ കൈവശം ഉണ്ടായിരുന്നില്ലെന്നും ജസ്റ്റിസ് തോമസ് പറയുന്നു.

ഉത്തരം: അത് എനിക്കറിയില്ല. കേരളത്തെ എതിര്‍ക്കുക എന്ന ആവേശമാണ് വാസ്തവത്തില്‍ സുപ്രീം കോടതി വിധിന്യായത്തില്‍ ഉള്ളത്.

ചോദ്യം: ടോപ്പോഗ്രഫി മാപ്പ് പരിശോധിച്ചാല്‍ ഡാം പൊട്ടിയാല്‍ തന്നെയും സര്‍വവിനാശകാരിയാകുംവിധമുള്ള ഒരു കാസ്‌കെയ്ഡിങ് ഇഫക്ട് ഉണ്ടാകില്ലെന്നാണ് തട്ടേയും മേത്തയുമടങ്ങിയ വിദഗ്ധ സമിതി കണ്ടെത്തിയത്.

ഉത്തരം: കേന്ദ്ര വാട്ടര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ പൂര്‍ണമായും അവര്‍ അംഗീകരിച്ചു. 2001-ല്‍ ആ റിപ്പോര്‍ട്ട് ഉണ്ടാക്കിയത് അവരുടെ അതേ ഏജന്‍സി തന്നെയായതിനാല്‍ അവര്‍ അതിനെ ന്യായീകരിക്കും. സി ഡബ്ല്യു സി എന്ന ഒറ്റ വില്ലനേയുള്ളു ഇതിനകത്ത്. അവര്‍ പല രൂപത്തില്‍ അവതരിക്കുകയായിരുന്നു. അവര്‍ തയാറാക്കിയ ഒരു റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ ചലഞ്ച് ചെയ്ത് നമ്മള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ഒരിക്കലും അവര്‍ അത് അംഗീകരിക്കില്ല. തട്ടേയും മേത്തയും ഇപ്പോള്‍ വന്നിട്ട് കാര്യമായ ഒരു സ്ട്രക്ചറല്‍ പഠനങ്ങളും നടത്തുകയുണ്ടായില്ല. നിരവധി സെഗ്‌മെന്റ്‌സ് പരിശോധിക്കുന്നതിനു പകരം സി എസ് എം ആര്‍ എസ് (സെന്‍ട്രല്‍ സോയില്‍ ആന്റ് മെറ്റീരിയല്‍ റിസര്‍ച്ച് സ്‌റ്റേഷന്‍) വന്ന് കേവലം പത്ത് സെഗ്‌മെന്റുകള്‍ മാത്രം പരിശോധിച്ച് മടങ്ങുകയായിരുന്നു. അപകടകരമാണെന്ന് അവര്‍ക്ക് മനസ്സിലായതിനെ തുടര്‍ന്നാണ് അത്.

ചോദ്യം: മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിഹിതം എന്നെങ്കിലും കേരളം അവരോട് ആവശ്യപ്പെട്ടിരുന്നുവോ?

ഉത്തരം: അത് നമ്മുടെ മനസ്സിലുള്ള കാര്യമല്ലേ? വൈദ്യുതിക്കായി കേരളം തമിഴ്‌നാടിനോട് ബന്ധപ്പെട്ടാല്‍ പിന്നെ നമ്മുടെ കേസ് തകരില്ലേ? ഡാം സുരക്ഷിതമല്ല എന്ന നമ്മുടെ വാദം മുഴുവന്‍ അതില്‍ തട്ടിത്തകരും. പിന്നെ നമ്മള്‍ ഈ ബഹളമൊക്കെ ഉണ്ടാക്കിയിട്ട് കാര്യമില്ലല്ലോ.

ചോദ്യം: പുതിയ ഡാം എന്ന വാദത്തില്‍ അതുകൊണ്ട് കേരളം ഉറച്ചു നിന്നു.

ഉത്തരം: സുപ്രീം കോടതിക്ക് ഇതില്‍ പലതും ചെയ്യാനാകുമായിരുന്നു. ജലനിരപ്പ് 136-ല്‍ തന്നെ നിലനിര്‍ത്താമായിരുന്നു. എന്നിട്ട് വെള്ളത്തിന്റേയും വൈദ്യുതിയുടേയുമൊക്കെ കാര്യത്തില്‍ കൊടുക്കല്‍ വാങ്ങല്‍ തരത്തില്‍ അവര്‍ക്ക് നിയമപ്രകാരമുള്ള ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാമായിരുന്നു. തമിഴ്‌നാടിനു കൂടി സ്വീകാര്യമായ ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. അതൊന്നും ചെയ്യാന്‍ അവര്‍ തയാറായില്ലെന്ന് മാത്രമല്ല 142 ആക്കിയതിനെ മറികടന്ന് അതിനെ അസാധുവാക്കിപ്പോലും വേണമെങ്കില്‍ 152 ആക്കി ജലനിരപ്പ് അവര്‍ക്ക് മാറ്റുക പോലുമാകാം. ഇത്രയും വലിയ ഒരു സുരക്ഷാപ്രശ്‌നം ഉന്നയിക്കപ്പെടുന്ന ഒരു സാഹചര്യത്തില്‍ അത്തരത്തിലുള്ള ഒരു ആശങ്ക പരിഗണിച്ചില്ലെന്ന് മാത്രമല്ല തമിഴ്‌നാട്ടിലേക്ക് ഇപ്പോള്‍ വെള്ളം കിട്ടുന്നതില്‍ പ്രശ്‌നമില്ലാത്തതിനാല്‍ 136-ല്‍ കൂടരുത് അതെന്ന് സുപ്രീം കോടതിക്ക് ബോണസ് പോയിന്റ് എങ്കിലും തരാമായിരുന്നു.

ചോദ്യം: മൂന്നംഗ കമ്മിറ്റി നമുക്ക് ഗുണകരമാവില്ലേ?

ഉത്തരം: ഒരു കാര്യവുമുള്ളതല്ല ഈ മൂന്നംഗ കമ്മിറ്റി. ആ മൂന്നംഗ കമ്മിറ്റിയെ പരമേശ്വരന്‍ നായരൊക്കെ പൊക്കിപ്പിടിക്കുന്നത് നമ്മള്‍ ഒരു തുമ്പ് ജയിച്ചുവെന്ന് വരുത്താനായിട്ടാണ്. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ പറയുന്നത് തന്നെയാണ് അവസാന വാക്ക്. ഇനി മുല്ലപ്പെരിയാറില്‍ ഒരു അത്യാഹിതം സംഭവിക്കുന്നപക്ഷം മാത്രമേ ഇനി അതില്‍ ഒരു മാറ്റമുണ്ടാകുകയുള്ളു.

ചോദ്യം: ഇടതു സര്‍ക്കാര്‍ എപ്പോഴെങ്കിലും കെ സി തോമസുമായി കൂടിക്കാഴ്ച നടത്തുകയും അന്നു നടത്തിയ ബലപ്പെടുത്തലിനെപ്പറ്റി അന്വേഷിക്കുകയും ചെയ്തിരുന്നുവോ?

ഉത്തരം: ഡോക്ടര്‍ കെ സി തോമസിന് ഇപ്പോള്‍ പഴയ ഓര്‍മ്മയൊന്നുമില്ല. കെ സി തോമസ് പുതിയ ഡാമിന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന മട്ടിലൊരു പരാമര്‍ശം അദ്ദേഹത്തില്‍ നിന്നും ഉണ്ടായിട്ടുള്ളതായി ഞാന്‍ കേട്ടിരുന്നു. പക്ഷേ തോമസ് ഒപ്പിട്ട രേഖ സര്‍ക്കാരിന്റെ കൈവശമുണ്ട്. ഒരു ഗൂഢാലോചന കെ സി തോമസിനെ ചുറ്റിപ്പറ്റി നടന്നിട്ടുണ്ട്. അത് ആരാണ് എന്താണ് എന്നൊന്നും ഞാന്‍ പറയുന്നില്ല. ആ ഗൂഢാലോചനയില്‍ ഒരുപാട് പേര്‍ പങ്കെടുത്തു. അതിന്റെ ലക്ഷ്യം അറിയില്ലെങ്കിലും അത് തമിഴ്‌നാടിന് അനുകൂലമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു.

ചോദ്യം: കെ സി തോമസിന്റെ വാദഗതികളെ ആശ്രയിച്ചാണ് കെ ടി തോമസ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുരക്ഷിതത്വത്തെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളത്.

ഉത്തരം: കറക്ട്. തട്ടേയേയും മേത്തയേയും വിശ്വസിച്ചതുപോലെ ജസ്റ്റിസ് കെ ടി തോമസ് പൂര്‍ണമായും കെ സി തോമസിനെ വിശ്വസിക്കുകയായിരുന്നു. പക്ഷേ കെ ടി തോമസിന് ചില കാര്യങ്ങള്‍ ചെയ്യാമായിരുന്നു. പക്ഷേ സര്‍ക്കാരും തോമസും തമ്മിലുള്ള ആ സമയത്തെ ഇടപെടലുകള്‍ ഏതു തരത്തിലുള്ളതായിരുന്നുവെന്ന് എനിക്കറിയില്ല. ഇതാണ് താന്‍ തയാറാക്കിയ റിപ്പോര്‍ട്ട് എന്ന കാര്യം കെ ടി തോമസിന് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുകയും സര്‍ക്കാരിന്റെ വശം നല്ലപോലെ പഠിച്ചശേഷം കേരളത്തിന്റെ വാദമുഖങ്ങള്‍ നിരത്തിക്കൊണ്ടുള്ള ഒരു വിയോജന കുറിപ്പ് തോമസിന് കൊടുക്കാമായിരുന്നു. ആ വിയോജന കുറിപ്പ് അദ്ദേഹം കൊടുത്തിരുന്നുവെങ്കില്‍ അതിന് വലിയ വില ലഭിക്കുമായിരുന്നു. വളരെ പെട്ടെന്ന് ഈ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുകയായിരുന്നു. ടണല്‍ നിര്‍ദ്ദേശം കേരള സര്‍ക്കാരുമായി അദ്ദേഹം ചര്‍ച്ച ചെയ്യണമായിരുന്നു. സര്‍ക്കാര്‍ കൊടുത്ത നിര്‍ദ്ദേശത്തേക്കാള്‍ മറ്റു ചില കേന്ദ്രങ്ങളില്‍ നിന്നു കൊടുത്ത നിര്‍ദ്ദേശങ്ങളാണ് ഉന്നതാധികാര സമിതി അംഗീകരിച്ചത്. അത് സുപ്രീം കോടതി വലിയ പ്രാധാന്യത്തോടെ അംഗീകരിച്ചതുമൊക്കെ ഒരു കേരള വിരുദ്ധ ലോബി നല്ലപോലെ വര്‍ക്ക് ചെയ്തുവെന്ന് വ്യക്തം. രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ വൈകാരികമായി ഉണ്ടാകുന്ന പ്രശ്‌നത്തില്‍ സുപ്രീം കോടതി വിധി പറയുമ്പോള്‍ കുറച്ചൊക്കെ സഹിഷ്ണുതയോടെ പെരുമാറാറുണ്ട്. പക്ഷേ ഇത് കേരളത്തിന് പൂര്‍ണമായും വിരുദ്ധമാണ്.

ചോദ്യം: ജനങ്ങളുടെ മേല്‍ അനാവശ്യഭീതി സൃഷ്ടിക്കുകയായിരുന്നു സര്‍ക്കാര്‍ എന്ന് കെ ടി തോമസ് പറയുന്നു.

ഉത്തരം: കോടതി കെ ടി തോമസിനെ കണ്ടത് കേരളത്തിന്റെ പ്രതിനിധിയായിട്ടാണ്; പക്ഷേ അദ്ദേഹം സ്വയം തന്നെ കണ്ടത് സ്വതന്ത്ര മനസ്ഥിതിയുള്ള പ്രതിനിധിയായിട്ടാണ്.

ചോദ്യം: കെ ടി തോമസാണ് കെ സി തോമസുമായി ബന്ധപ്പെട്ട് ഡാം ബലവത്താണെന്ന രേകള്‍ സംഘടിപ്പിക്കുകയും അത് സുപ്രീം കോടതിക്ക് നല്‍കുകയുമൊക്കെ ചെയ്തത്. കെ ടി തോമസിന്റെ നിലപാടുകള്‍ കേരളത്തിന് വിരുദ്ധമായി മാറിയില്ലേ?

ഉത്തരം: (ചിരിയോടെ) അത് പറയാതെ പറയുകയാണല്ലോ നമ്മള്‍. നമ്മള്‍ അദ്ദേഹത്തെ നിയോഗിച്ചിട്ട് നമ്മള്‍ തന്നെ അദ്ദേഹത്തിനെതിരെ പറയുമ്പോള്‍ അതില്‍ ഒരു ശരികേടുണ്ടല്ലോ. ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ ഓരോ ഉന്നതാധികാര സമിതി യോഗത്തിലും പങ്കെടുക്കും മുമ്പ് കെ ടി തോമസിനെ വിവരങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിരന്തരം ധരിപ്പിക്കുകയും മറ്റുമൊക്കെ ചെയ്തിരുന്നു. അതിനുശേഷം ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ്പ് സംഭവിച്ചിട്ടുണ്ട്. ഞാന്‍ മന്ത്രിപദം ഒഴിഞ്ഞശേഷം അദ്ദേഹത്തെ വേണ്ടപോലെ കാര്യങ്ങള്‍ ധരിപ്പിക്കുകയുണ്ടായില്ല എന്ന പരാതി അദ്ദേഹത്തിനുണ്ട്.

ചോദ്യം: ടണലിന്റെ കാര്യം എംപവേര്‍ഡ് കമ്മിറ്റി ബദല്‍ നിര്‍ദ്ദേശമായി വച്ചിരിക്കുകയാണ്.

ഉത്തരം: ഡാമിന്റെ കാര്യത്തിലും ടണലിന്റെ കാര്യത്തിലും രണ്ട് സംസ്ഥാനങ്ങളും യോജിപ്പിലെത്തിയാല്‍ ആലോചിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. അമ്പത് മീറ്റര്‍ ടണല്‍ താഴ്ത്തിയാല്‍ പിന്നെ കേരളത്തിലേക്ക് ഒരു തുള്ളി വെള്ളം പോലും മുല്ലപ്പെരിയാറില്‍ നിന്ന് ലഭിക്കില്ലല്ലോ.

ചോദ്യം: കേരളത്തിലേക്ക് ജലം ലഭിക്കാന്‍ പക്ഷേ നമുക്ക് നിലവില്‍ അര്‍ഹതയില്ലല്ലോ.

ഉത്തരം: വെള്ളം ലഭിക്കാന്‍ നമുക്ക് അര്‍ഹതയുണ്ടെന്നാണ് നമ്മുടെ കേസ്. സുരക്ഷ മാത്രമല്ല കേരളത്തിന്റെ കേസ്. തമിഴ്‌നാടുമായുള്ള കരാര്‍ പൊളിക്കണമെന്നതു തന്നെയായിരുന്നു നമ്മുടെ ലക്ഷ്യം. അതിനുവേണ്ടിയാണ് ഈ പോരാട്ടമെല്ലാം നടത്തിയത്. അല്ലാതെ സുരക്ഷ മാത്രമായിരുന്നില്ല ലക്ഷ്യം. സുരക്ഷ പ്രധാന ആശങ്ക തന്നെയാണ്. പക്ഷേ ആ സുരക്ഷാ പ്രശ്‌നം പരിഹരിക്കുമ്പോള്‍ ഇനിയെങ്കിലും പൂര്‍വികര്‍ ചെയ്ത തെറ്റ് ആവര്‍ത്തിക്കരുത് എന്നൊരു നിര്‍ബന്ധബുദ്ധി നമുക്കുണ്ടായിരുന്നു.

ചോദ്യം: മുല്ലപ്പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയാണെന്ന കോടതിയുടെ പരാമര്‍ശമോ?

ഉത്തരം: 116 ചതുരശ്ര കിലോമീറ്റര്‍ തമിഴ്‌നാടിന്റെ ക്യാച്ച്‌മെന്റ് ഏരിയയില്‍ നിന്നുള്ള വെള്ളം മുല്ലപ്പെരിയാറില്‍ എത്തുന്നുണ്ടെന്നത് ശരിയാണ്. നമ്മള്‍ അത് സമ്മതിക്കുന്നുണ്ട്. പക്ഷേ മുല്ലപ്പെരിയാറിന് എത്രയോ താഴെയാണ് അത് വന്നുചേരുന്നത്. ഈ ജലത്തില്‍ ഒരു പങ്കുവയ്ക്കലിന്റേയും കഥയില്ലെന്ന് കോടതിയില്‍ വ്യക്തമായി പറഞ്ഞതാണ്. 1958-ല്‍ വി ആര്‍ കൃഷ്ണയ്യരുടെ കാലത്ത് വാട്ടര്‍ അറ്റ്‌ലസ് നമ്മള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സി ഡബ്ല്യു ആര്‍ ഡി എം മുല്ലപ്പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയാണെന്ന് പറഞ്ഞിട്ടുണ്ട്. അത് എഴുതപ്പെട്ട രേഖയായതിനാല്‍ അത് പരമേശ്വരന്‍ നായരും സമ്മതിച്ചു. പക്ഷേ അത് വച്ച് മുല്ലപ്പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയാണെന്ന് സുപ്രീം കോടതി പറയുകയായിരുന്നു. അന്തര്‍ സംസ്ഥാന നദിയും അന്തര്‍ സംസ്ഥാന ബേസിനും തമ്മിലുള്ള വ്യത്യാസം നമ്മള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് വിധിന്യായത്തില്‍ കണ്ടില്ല. തമിഴ്‌നാട് പോലും അന്തര്‍ സംസ്ഥാന നദിയല്ലെന്ന് പറഞ്ഞിട്ടുണ്ട്; പക്ഷേ 2006-ല്‍ അത് അന്തര്‍ സംസ്ഥാന നദിയാണെന്ന് നമ്മള്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നത് നേരാണ്. റിട്ട് അന്തര്‍ സംസ്ഥാന വാട്ടര്‍ ഡിസ്പ്യൂട്ട് ട്രിബ്യൂണലില്‍ പോകണമെന്നായിരുന്നു അന്ന് നമ്മുടെ ആവശ്യം. അന്തര്‍ സംസ്ഥാന നദിയല്ലാത്തതിനാല്‍ റിട്ട് നിലനില്‍ക്കില്ലെന്നായിരുന്നു അന്ന് തമിഴ്‌നാടിന്റെ വാദം.

ചോദ്യം: ഈ കേസിനായി എത്ര രൂപ ഇതിനകം കേരള സര്‍ക്കാര്‍ ചെലവാക്കിക്കാണും.

ഉത്തരം: വലിയ തുക ചെലവാക്കിയിട്ടുണ്ട്. (ചിരിയോടെ) ഒരു ഡാമിന്റെ അടിത്തറ പണിയാനാകുന്നിടത്തോളം! ഹരീഷ് സാല്‍വേയ്ക്ക് ഒരു ദിവസം തന്നെ 35 ലക്ഷം രൂപ വരെ ചെലവാക്കി. 2006-ലെ വിധി നമ്മള്‍ ശ്രദ്ധിക്കാതെ പോയിടത്താണ് നമുക്ക് വീഴ്ച സംഭവിച്ചത്. അന്ന് ഇന്നത്തേതിന്റെ പത്തിലൊന്ന് അധ്വാനിച്ചിരുന്നുവെങ്കില്‍ അത്തരമൊരു വിധി ഉണ്ടാകുമായിരുന്നില്ല. അതിനെ മറികടക്കാനാണ് തമിഴ്‌നാടിന്റെ കേസില്‍ നമ്മള്‍ വലിയ ഹോംവര്‍ക്ക് ചെയ്തത്. ഒരു പരിധി വരെ വിജയിക്കുമെന്നായിരുന്നു നമ്മുടെ ധാരണ. 2006-ലെ വിധിന്യായമാണ് ഈ വിധിന്യായത്തില്‍ ആവര്‍ത്തിച്ചുവന്നത്.

(ഓട്ടോമൊബൈല്‍ മാസികയായ സ്മാര്‍ട്ട് ഡ്രൈവിന്റെ എഡിറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍