UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുല്ലപ്പെരിയാര്‍: സര്‍ക്കാരിന്റെ മെല്ലപ്പോക്ക് തന്നെയാണ് പ്രശ്നം- ഫാദര്‍ ജോയി നിരപ്പേല്‍

Avatar

ഫാദര്‍ ജോയി നിരപ്പേല്‍

 

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടി ആയി ഉയര്‍ത്താമെന്ന ഉത്തരവിനെതിരെ കേരളം സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളിയതില്‍ വലിയ അത്ഭുതമൊന്നും കാണേണ്ടതില്ല. പ്രതീക്ഷിച്ചിരുന്നതു തന്നെ സംഭവിച്ചു. ജസ്റ്റീസ് ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് ഇക്കാര്യത്തില്‍ നേരത്തെ നടത്തിയ ഉത്തരവിനെ മറികടന്നുകൊണ്ടുള്ള യാതൊന്നും കോടതിയില്‍ നിന്ന് ഉണ്ടാകില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരുന്നു. സര്‍ക്കാര്‍ ഒരു മുറയ്ക്ക് റിവ്യു ഹര്‍ജി കൊടുത്തെന്നുമാത്രം. അപ്രതീക്ഷിതമല്ലെങ്കിലും ഇന്നത്തെ വിധിയും ജനങ്ങളെ സംബന്ധിച്ച് ഏറെ ദുഃഖകരമായ ഒന്നു തന്നെയാണ്. ഈ അണക്കെട്ടിന്റെ കീഴില്‍ കിടക്കുന്നവരടക്കം ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രാണനെ സംബന്ധിച്ച് ഏകപക്ഷീയമായ ഒരു തീരുമാനത്തിലേക്ക് കോടതി പോകുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരം എന്നുമാത്രമെ പറയാന്‍ പറ്റൂ.

ഇനി ഇക്കാര്യത്തില്‍ കോടതിക്കു പുറത്തുള്ള നീക്കങ്ങളിലാണ് നമുക്ക് പ്രതീക്ഷവയ്ക്കാനാവുന്നത്. ഒരിക്കല്‍ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്, കോടതിക്കു വെളിയില്‍ ഇരു കൂട്ടരും രാഷ്ട്രീയ ഒത്തുതീര്‍പ്പില്‍ എത്തിച്ചേരാന്‍ ശ്രമിക്കണമെന്ന്. ആ വഴി തന്നെയാണ് നമ്മള്‍ തെരഞ്ഞെടുക്കേണ്ടതും. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന് ചെയ്യാന്‍ ഒത്തിരികാര്യങ്ങളുണ്ട്. ഇരു സംസ്ഥാനങ്ങളും ചേര്‍ന്നുള്ള ചര്‍ച്ചയിലൂടെ മാത്രമേ മുല്ലപ്പെരിയാര്‍ പ്രശ്‌നം അവസാനിക്കൂ. അതിന് മുന്‍ കയ്യെടുക്കേണ്ടത് കേരളമാണ്. തമിഴ്‌നാടിനെ കാര്യങ്ങള്‍ മനസ്സിലാക്കിക്കാന്‍ നമുക്ക് സാധിക്കണം. ഡാം ഇല്ലാതായാല്‍ നഷ്ടം സംഭവിക്കുന്നത് ഇവിടെ മാത്രമല്ല, അവര്‍ക്കും അതിന്റെ ഭവിഷ്യത്തിനെക്കുറിച്ച് ബോധമുണ്ട്. അതിനാല്‍ കൃത്യമായ ഇടപെടലിലൂടെ തമിഴ്‌നാടിനെ പ്രശ്‌നപരിഹാരത്തിലേക്ക് കൊണ്ടുവരാന്‍ നമുക്ക് കഴിയും. പക്ഷേ അത്തരം നീക്കങ്ങള്‍ ഇപ്പോഴും ഇവിടെ ഊര്‍ജിതമായിട്ടില്ലെന്നുമാത്രം.

നമ്മുടെ സര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ വലിയ ശുഷ്‌കാന്തിയൊന്നും കാണിക്കുന്നില്ലെന്നത് വാസ്തവമാണ്. ഉണ്ടായിരുന്നെങ്കില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ ഇത്രയും താമസിക്കുമായിരുന്നോ? മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമടങ്ങുന്ന പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കാണുമെന്നു പറഞ്ഞിട്ടും ഇതുവരെ നടന്നിട്ടില്ല. ഈ മെല്ലെപ്പോക്കു തന്നെയാണ് തോല്‍വികള്‍ക്ക് ഇടയാക്കുന്നത്. ഇതുവരെ ഏഴുകോടിയോളം രൂപ മുല്ലപ്പെരിയാര്‍ കേസില്‍ കേരളം ചെലവാക്കിയെന്നാണ് പറയുന്നത്. എന്നിട്ടും നമുക്ക് അനുകൂലമായി ഒന്നും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് വിചിത്രം! മറ്റു പലഘടകങ്ങളും ഉണ്ടങ്കിലും കോടതിയില്‍ നിന്നുള്ള തിരിച്ചടികള്‍ക്ക് ഒരു പരിധിവരെ നമ്മുടെ പിടിപ്പുകേടും കാരണമാണ്. ഡാം സുരക്ഷയ്ക്ക് കോടതി നിയോഗിച്ച സമിതിയുടെ തലവന്‍ ഒരു തമിഴ്‌നാട്ടുകാരനായിട്ടുപോലും അതിനെ ഒബ്ജക്ട് ചെയ്യാന്‍ കേരളത്തിനായില്ല. കേന്ദ്ര ഹരിത ട്രൈബ്യൂണലിനെ സമീപിച്ച് കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. വെള്ളം പൊങ്ങി ഷട്ടറുകള്‍ തുറക്കാത്ത സ്ഥിതിയുണ്ടായാല്‍ നമ്മുടെ വനപ്രദേശങ്ങളും മൃഗങ്ങളും മനുഷ്യരുമൊക്കെ വെള്ളത്തിനടിയിലാകുന്ന അവസ്ഥവരും. ഇതൊന്നും വേണ്ടവിധത്തില്‍ എവിടെയും ബോധിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.

രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ അവിടെ ഇടപെടേണ്ട ചുമതല കേന്ദ്രസര്‍ക്കാരിനുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ വേണ്ട സ്വാധീനം ചെലുത്താന്‍ നമുക്കിതുവരെ ആയിട്ടില്ല. പ്രധാനമന്ത്രിയെ വിഷയത്തില്‍ ഇടപെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശക്തമായൊരു ഗവണ്‍മെന്റാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ തവണത്തപ്പോലെ പലരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കഴിയേണ്ടുന്ന ഒരു സര്‍ക്കാര്‍ അല്ല. കേന്ദ്രം ഇടപെട്ട് ഇതിനും മുമ്പും സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജലപ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. കര്‍ണാടക-തമിഴ്‌നാട് കാവേരി നദീജല തര്‍ക്കം തീര്‍ക്കാന്‍ വാജ്പേയി സര്‍ക്കാരിന് കഴിഞ്ഞു, പഞ്ചാബ് -ഹരിയാന നദീതര്‍ക്കം തീര്‍ക്കാന്‍ ഇന്ദിരാ ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ട്. അതേപോലെ തന്നെ ഈ കാര്യത്തില്‍ പ്രധാനമന്ത്രിക്കും ഉചിതമായ തീരുമാനം എടുക്കാന്‍ കഴിയുമെന്നു തന്നെ വിശ്വസിക്കാം. പക്ഷേ, നമ്മളിപ്പോഴും അദ്ദേഹത്തെ കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടില്ല. ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ മുന്നില്‍ കിടക്കുമ്പോഴും മടിച്ചു നില്‍ക്കുന്ന സ്വഭാവം മാറ്റാനാണ് സംസ്ഥാന ഭരണകൂടം ആദ്യം തയ്യാറാവേണ്ടത്. കുറ്റപ്പെടുത്തലുകളല്ല, ചുമതലകള്‍ കൃത്യമായി ചെയ്യുകയാണ് വേണ്ടത്.

മുല്ലപ്പെരിയാര്‍ ; അഴിമുഖം പ്രസിദ്ധീകരിച്ച മറ്റ് ലേഖനങ്ങള്‍ 

മുല്ലപ്പെരിയാര്‍- ഊര് പേടിച്ച് ജനം; വാ മൂടി സര്‍ക്കാര്‍
മുല്ലപ്പെരിയാറില്‍ പൊളിയുന്നത് ആരുടെ വാദങ്ങള്‍? – സിആര്‍ നീലകണ്ഠന്‍

ഇന്ന് കോടതി വിധി പ്രതികൂലമായെങ്കിലും ആശാവഹമായ മറ്റൊരു ഉത്തരവ് കേന്ദ്രത്തില്‍ നിന്നുണ്ടായിട്ടുണ്ട്. പെരിയാര്‍ തീരത്ത് പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേന്ദ്ര വനം പരിസ്ഥി മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നു. പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യത്തിന് ചെറിയ രീതിയിലെങ്കിലും ഉണര്‍വ് പകരുന്ന ഒന്നാണിത്. കടമ്പകള്‍ ഏറെ ബാക്കികിടപ്പുണ്ടെങ്കിലും ഇപ്പോഴുള്ള അനുമതി മുതലാക്കിക്കൊണ്ട് പരിസ്ഥിതി ആഘാത പഠനം ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. ഇനിയും സമയം കളയരുത്.

(മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാനാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍