UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുല്ലപ്പെരിയാര്‍ ഡാം; ജനങ്ങളെ ഭയപ്പെടുത്തി സൈക്കിക് ആക്കുകയാണ് കേരളം

Avatar

Ashok K N

ജസ്റ്റീസ് കെ ടി തോമസ്/ ജെ ബിന്ദു രാജ്‌

മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട കേസില്‍ 2014 ല്‍ ഉണ്ടായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉന്നതാധികാര സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയായിരുന്ന ജസ്റ്റീസ് കെ ടി തോമസുമായി ജെ ബിന്ദുരാജ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം (പുനഃപ്രസിദ്ധീകരണം)
.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താൽപര്യത്തിന് വിരുദ്ധമായ ഒരു വിധി വന്നതിൽ ഉന്നതാധികാരി സമിതിയിലെ കേരളത്തിൽ നിന്നുള്ള അംഗമായ താങ്കൾ ആക്ഷേപിക്കപ്പെടാനുള്ള സാധ്യതകൾ വളരെ ഏറെയാണ്.

തമിഴ്‌നാടിന് അനുകൂലമായി റിപ്പോർട്ട് നൽകിയെന്ന ആക്ഷേപം ഞാൻ നേരിട്ടുകൊണ്ടിരിക്കുകയാണല്ലോ. വിധിയെപ്പറ്റി ഞാൻ അഭിപ്രായം പറയാനില്ല. ഞാൻ വിധിക്കിടയാക്കിയ സമിതിയിൽ അംഗമായതിനാൽ അതിനെപ്പറ്റി പറയാനാവില്ലല്ലോ. ഞാൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന ആളായിരുന്നതിനാലും ഞാനുൾപ്പെട്ട സമിതിയുടെ റിപ്പോർട്ട് പൂർണമായും അംഗീകരിച്ച് ഞങ്ങളെ വിധിയിൽ പ്രശംസിക്കുക കൂടി ചെയ്തിട്ടുള്ളതിനാൽ അതിനെപ്പറ്റി പറയാനാവില്ല.

അണക്കെട്ടിന് അടിയിലൂടെ അമ്പതടി താഴ്ചയിൽ ഒരു ടണൽ നിർമ്മിച്ച് ഡാമിലെ ജലത്തിന്റെ സമ്മർദ്ദം കുറയ്ക്കാനാകുമെന്ന് താങ്കൾക്ക് ആരാണ് അറിവു നൽകിയത്?

ടണൽ നിർമ്മിക്കുന്നപക്ഷം മുല്ലപ്പെരിയാറിൽ നിലനിൽക്കുന്ന ജലസമ്മർദ്ദം മൂലം ഡാം തകരുമെന്ന ഭീതി തടയാനാകുമെന്ന് ചില നിർദ്ദേശങ്ങൾ ഞങ്ങൾക്ക് മുന്നിലെത്തിയിരുന്നു. മുല്ലപ്പെരിയാർ സമര സമിതി നേതാവായിരുന്ന സി പി റോയി ആണ് ആദ്യം ഈ വിവരം എന്റെ അടുത്ത് പറയുന്നത്.  ഞാൻ ടണലിന്റെ കാര്യം ഞങ്ങളുടെ കമ്മിറ്റിയിൽ പറഞ്ഞു. പക്ഷേ അതിനോട് സമിതിയിലെ വിദഗ്ധർക്ക് യോജിപ്പുണ്ടായിരുന്നില്ല. ഒരുപാട് സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടാക്കുന്ന നിർദ്ദേശമായിരുന്നു അത്. ഇപ്പോഴത്തെ ടണൽ മാറ്റി ഭൂമിക്കടിയിലൂടെ മറ്റൊരു ടണൽ നിർമ്മിക്കണമെന്നത് പ്രായോഗികമായിരുന്നില്ല. എങ്കിലും രണ്ടു സംസ്ഥാനങ്ങളും സമ്മതിക്കുകയാണെങ്കിൽ ടണൽ നിർമ്മിക്കാൻ അനുവാദം നൽകാവുന്നതാണെന്നാണ് കമ്മിറ്റി റിപ്പോർട്ട് നൽകിയത്. മുല്ലപ്പെരിയാർ ഡാമിലെ മുഴുവൻ ജലവും തമിഴ്‌നാടിനുള്ളതായതിനാൽ കേരളത്തിന് അതിൽ ആശങ്കയ്ക്ക് അടിസ്ഥാനവുമില്ല. പക്ഷേ രണ്ട് സംസ്ഥാനങ്ങൾക്കും ആ നിർദ്ദേശത്തോട് യോജിപ്പില്ല. വലിയ മലനിരകൾക്കടിയിലൂടെയാണ് ടണൽ കൊണ്ടു വരേണ്ടതെന്നതിനാൽ അതിനെപ്പറ്റി പഠനങ്ങൾ ആവശ്യമായി വരും. രണ്ട് സംസ്ഥാനങ്ങളും യോജിപ്പിലെത്തി വന്നാൽ തങ്ങളത് പുനപ്പരിശോധിക്കാമെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നുണ്ട്.

 136 അടിയിൽ നിന്നും മുകളിലേക്ക് ജലനിരപ്പ് ഉയർത്തണമെങ്കിൽ കേരളത്തിൽ നിന്നുള്ള ഒരു ടെക്‌നിക്കൽ അംഗം കൂടിയുള്ള മൂന്നംഗ സമിതി പഠിച്ച് അംഗീകാരം നൽകിയതിനുശേഷം മാത്രമേ പാടുള്ളുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ആ അർത്ഥത്തിൽ കേരളത്തിന് അനുകൂലമായ ഒരു വിധിയല്ലേ സുപ്രീം കോടതിയിൽ നിന്നുണ്ടായത്?

ഒരു വിദഗ്ധ അംഗത്തെ തന്നെ അവർ സമിതിയിൽ വയ്ക്കണമല്ലോ.

ആ മൂന്നംഗ സമിതിയിലൂടെ നമുക്ക് നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കാനാകുമോ?

നേടിയെടുക്കാൻ നമുക്ക് എന്താണുള്ളത്?

ഡാമിന്റെ ബലക്ഷയം എടുത്തുകാട്ടിക്കൊണ്ട് പുതിയ ഡാമിനുള്ള ആവശ്യം പിൽക്കാലത്ത് ഉയർത്താനാവില്ലേ?

പുതിയ ഡാമിനുള്ള നിർദ്ദേശം സമിതിയെക്കൊണ്ട് അംഗീകരിപ്പിച്ച് സമ്മതം വാങ്ങിച്ചത് ഞാനാണ്. പക്ഷേ പുതിയ അണക്കെട്ടിനേക്കാൾ ബലമുള്ളതാണ് നിലവിലുള്ള അണക്കെട്ട് എന്നാണ് ഞങ്ങളുടെ വിദഗ്ധർ കണ്ടെത്തിയത്. 1979-ലും 1980-യിലും 1981-ലും നടന്ന വലിയ തോതിലുള്ള ബലപ്പെടുത്തൽ വർക്കുണ്ട്. ആ വർക്കിന്റെ കാര്യം എല്ലാ മാധ്യമങ്ങളും തമസ്‌കരിച്ചിരിക്കുകയാണ്. 1979-ലാണ് ഡാമിന്റെ സുരക്ഷയെപ്പറ്റി ആശങ്കയുണ്ടായപ്പോൾ പുതിയ ഡാം നിർമ്മിക്കുകയോ പഴയ ഡാം ശക്തിപ്പെടുത്തുകയോ ചെയ്യണമെന്ന  വാദം ഉണ്ടായത്. വിദഗ്ധർ അന്നു പറഞ്ഞത് ശക്തിപ്പെടുത്തുകയായിരിക്കും ഡാമിന് കൂടുതൽ ഗുണകരമെന്നാണ്. അങ്ങനെയാണ് ശക്തിപ്പെടുത്തൽ ജോലി മൂന്നു ഘട്ടങ്ങളായി ആരംഭിച്ചത്. 2006-ന്റെ സുപ്രീം കോടതിവിധിക്ക് അടിസ്ഥാനമായ വിദഗ്ധരുടെ റിപ്പോർട്ട് ഈ ബലപ്പെടുത്തൽ പ്രക്രിയയെക്കുറിച്ചുള്ളതായിരുന്നു.

താങ്കൾക്ക് ആരാണ് അണക്കെട്ട് ശക്തിപ്പെടുത്തൽ ജോലികളെപ്പറ്റി പറഞ്ഞു തന്നത്? തമിഴ്‌നാടിന്റെ താൽപര്യങ്ങൾക്കായി നിലകൊള്ളുന്ന ഒരാളല്ല അതെന്ന് എങ്ങനെ ഉറപ്പിക്കാനാകും?

ഡാം ബലപ്പെടുത്തലിനുശേഷം പുതിയ ഡാമിനേക്കാൾ ശക്തിപ്പെട്ടിരിക്കുന്നു മുല്ലപ്പെരിയാർ ഡാം എന്നാണ് സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാനും മലയാളിയുമായ അണക്കെട്ട് വിദഗ്ധൻ കെ സി തോമസിന്റെ റിപ്പോർട്ട്. ഇന്ത്യയിൽ നിലവിലുള്ള ഡാമുകളേക്കാളൊക്കെ ശക്തിയുള്ള അണക്കെട്ടാണ് അതെന്ന് തോമസ് പറയുന്നു. എന്തുകൊണ്ടാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും കേരളത്തിലെ ജനങ്ങളോട് ഈ വിവരം മറച്ചുവയ്ക്കുന്നത്?

തമിഴ്‌നാടുമായുള്ള കേരളത്തിന്റെ കരാർ പുതിയ ഡാം വരുമ്പോൾ റദ്ദാക്കപ്പെടുമല്ലോ. കേരളത്തിന് അതിലൂടെ നേട്ടമുണ്ടാക്കാനാകുമല്ലോ. മുല്ലപ്പെരിയാറിൽ നിന്നും കേരളത്തിന് വൈദ്യുതി ഉണ്ടാക്കാമല്ലോ.

ഞാനീക്കാര്യം തമിഴ്‌നാട്ടിലെ വക്കീലന്മാരോട് ചോദിച്ചു. മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള അനുമതി തമിഴ്‌നാടിന് കേരളം നൽകിയത് 1970-ലാണ്. 1941-ലെ അവാർഡ് പ്രകാരം പക്ഷേ അവർക്ക് വൈദ്യുതി ഉണ്ടാക്കാനാവില്ല. ഇടുക്കി പദ്ധതി പൂർത്തീകരിച്ചപ്പോൾ നമുക്ക് വൈദ്യുതി അധികമായതിനാലാണ് 1970-ൽ ഇത്തരമൊരു അനുമതി തമിഴ്‌നാടിന് നൽകപ്പെട്ടത്. തമിഴ്‌നാട് വൈദ്യുതി ഉണ്ടാക്കുന്നതിനു പകരമായി കേരളത്തിനവർ മൂന്ന് കാര്യങ്ങൾ ചെയ്തു തരണമെന്ന് കേരളം ആവശ്യപ്പെട്ടു. ഒന്ന്, വിനോദസഞ്ചാരത്തിന്റെ മേൽനോട്ടമായിരുന്നു. രണ്ട്, ജലാശയത്തിലെ മീൻ പിടിക്കാൻ പ്രദേശവാസികൾക്കുള്ള അനുവാദമായിരുന്നു. മൂന്ന്, വൈദ്യുതി ഉണ്ടാക്കുമ്പോൾ കേരളത്തിനൊരു റോയൽറ്റി നൽകണം. അത് മൂന്നും അവർ സമ്മതിച്ചാണ് വൈദ്യുതി ഉൽപാദനം തമിഴ്‌നാട് ആരംഭിക്കുന്നത്.  പക്ഷേ ഇന്ന് നമുക്ക് വൈദ്യുതി ഉൽപാദനം കുറവാണ്. തമിഴ്‌നാട് ഉണ്ടാക്കുന്ന വൈദ്യുതിയുടെ പകുതി എന്തുകൊണ്ട് കേരളത്തിന് നൽകിക്കൂടാ എന്നു ഞാൻ അവരോട് ചോദിച്ചു. അത് കേരളം ചോദിച്ചിട്ടില്ലല്ലോ എന്നാണ് അവർ മറുപടി പറഞ്ഞത്. നമ്മൾ എന്തുകൊണ്ടാണ് വൈദ്യുതി ചോദിക്കാത്തത്?

പുതിയ ഡാം ഉണ്ടാക്കിയെന്നും അതിന്റെ പൂർണ നിയന്ത്രണം കേരളത്തിനാണെന്നും സങ്കൽപിക്കുക. നമുക്ക് ഇപ്പോഴുള്ളതിൽ നിന്നും വ്യത്യസ്തമായ എന്തൊക്കെയാകും ചെയ്യാനാകുക?

തമിഴ്‌നാടിന് വെള്ളം കൊടുക്കാതിരിക്കാൻ നമുക്കാവില്ല. തമിഴ്‌നാടിന് കേരളം വെള്ളം കൊടുക്കാതിരിക്കുന്ന ഒരു സാഹചര്യത്തിൽ തമിഴ്‌നാടും കേരളവും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങൾ ആലോചിച്ചുനോക്കൂ. മുമ്പൊരിക്കൽ അതിന്റെ പ്രത്യാഘാതം നാം കണ്ടതാണല്ലോ.

മുല്ലപ്പെരിയാര്‍; 142നെ ഇത്ര ഭയക്കേണ്ടതുണ്ടോ?

 നമ്മുടെ രാഷ്ട്രീയ നേതാക്കൾ അണക്കെട്ട് അരക്ഷിതമാണെന്നാണ് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.

അവർ അങ്ങനെയായിരിക്കും വിശ്വസിക്കുന്നത് എന്നാണ് ഞാൻ കരുതുന്നത്. ഞാനും സമിതിയിൽ അംഗമാകുന്ന സമയത്ത് വിചാരിച്ചിരുന്നത് അണക്കെട്ട് സുരക്ഷിതമല്ല എന്നാണ്.  സുപ്രീം കോടതി വിധിന്യായത്തിൽ ഞങ്ങളുടെ വിദഗ്ധരായ തട്ടയും മേത്തയുമടങ്ങിയ നടത്തിയ പഠനത്തെപ്പറ്റി വലിയ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. തട്ട അണക്കെട്ട് വിഷയത്തിൽ അന്താരാഷ്ട്ര പ്രമുഖനാണ്. കേരളം അദ്ദേഹത്തെ വളരെ വിവേചനപരമായാണ് കാണുന്നത്. അണക്കെട്ട് ഇപ്പോൾ പൊട്ടുമെന്ന് പറയാത്തവരൊക്കെ നമുക്ക് എതിരാണെന്നാണ് മലയാളിയുടെ പക്ഷം. അതാണല്ലോ എനിക്കും വന്ന ദുരന്തം.

പക്ഷേ 119 വർഷം പഴക്കമുള്ള ഡാമിന് ബലക്ഷയമില്ലെന്ന് എങ്ങനെയാണ് അവർക്ക് പറയാനാകുക?

ഇടയ്ക്ക് നടത്തിയ മൂന്നു തവണയായുള്ള ബലപ്പെടുത്തൽ ജോലികൾ മറച്ചുവച്ചാൽ 119 വർഷം പഴക്കമുള്ള ഡാമിന്  ബലക്ഷയം ഉണ്ടായിട്ടുണ്ടെന്ന് വാദിക്കാനാകും. 400 കൊല്ലം പഴക്കമുള്ള താജ്മഹൽ ബലപ്പെടുത്തൽ നടത്തിയില്ലെങ്കിൽ അത് പൊളിയുമെന്ന് പറയുന്നതു പോലെ തന്നെയാണത് അതും. ഒരു വശത്ത് യമുനാ നദിയല്ലേ താജ് മഹലിന്റേത്. അതിനേക്കാളൊക്കെ സമ്മർദ്ദം ഡാമിലുണ്ടാകുമെന്ന് നമുക്കറിയാം.

എങ്ങനെയായിരുന്നു ബലപ്പെടുത്തൽ പ്രക്രിയ? ബലപ്പെടുത്തൽ ഈ വിധത്തിൽ നടത്തിയെന്ന് താങ്കളോട് അതിലുൾപ്പെട്ട ആരെങ്കിലും പറഞ്ഞുവോ? അതിന്റെ ബലത്തിന് ആധാരമായ തെളിവുകൾ അവർ നിരത്തിയോ?

ബലപ്പെടുത്തലിന്റെ മുഴുവൻ മേൽനോട്ടവും വഹിച്ചത് മലയാളിയായ ഒരാളാണ്. സെൻട്രൽ വാട്ടർ കമ്മീഷന്റെ ചെയർമാനായ കെ സി തോമസ് എന്നയാളാണ് ഇതിന്റെ സൂപ്പർവിഷൻ നടത്തിയതെന്നും 94 വയസ്സുകാരനായ അദ്ദേഹം ഇപ്പോഴും തിരുവനന്തപുരത്ത് ജീവിച്ചിരിപ്പുണ്ടെന്നും അറിഞ്ഞ് ഞാൻ അദ്ദേഹത്തെ കാണാൻ പോയെങ്കിലും മുഖ്യമന്ത്രിയെപ്പോലും കാണാൻ കൂട്ടാക്കാത്ത ആളായിരുന്നു അദ്ദേഹം. 1979-ൽ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാൻ ചമതലപ്പെടുത്തിയത് അദ്ദേഹത്തെയാണ്. എന്റെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് (അക്ഷരാർത്ഥത്തിൽ കെഞ്ചിയതിനെ തുടർന്ന്) എന്നെ കാണാൻ അദ്ദേഹം സമ്മതിച്ചു. അദ്ദേഹം അദ്ദേഹത്തിന്റെ കൈയിലുള്ള സർവ രേകളും എടുത്തുകൊണ്ടു വന്ന് ഈ വർക്ക് മുഴുവൻ എന്നോട് വിശദീകരിച്ചു.  കെ സി തോമസ് എന്നെ ആദ്യം കണ്ടപ്പോൾ പറഞ്ഞത് ഗ്രാവിറ്റി ഡാം എന്നു വച്ചാൽ അതിന്റെ ബലത്തിന് ആധാരം കനമാണ്. ഇത്രയും പഴക്കമുള്ളതുകൊണ്ട് അതിന് കനം കൂട്ടേണ്ടതുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കനം കൂട്ടാനുള്ള ഏർപ്പാടുകൾ എൺപതിൽ ആരംഭിച്ചു. 372 മീറ്റർ നീളമുള്ള ഡാമിന് ഒരു മീറ്ററിന് പന്ത്രണ്ട് ടൺ വരുന്ന കോൺക്രീറ്റ് ക്യാപ്പിങ് ആദ്യമുണ്ടാക്കി. അതായത് ആദ്യഘട്ടത്തിൽ  4464 ടൺ കോൺക്രീറ്റാണ് അതിനുപയോഗിച്ചത്. രണ്ടാം ഘട്ടത്തിൽ ഈ ക്യാപ്പിങ്ങിന്റെ മുകളിൽ വലിയ തൂണുകൾ ഉണ്ടാക്കി. തൂണുകളിലെ തുളകളിലൂടെ സ്റ്റീൽ കേബിളുകൾ നിറച്ച് താഴെയ്ക്ക് ഡ്രില്ല് ചെയ്ത് കയറ്റിയശേഷം താഴത്തെ ഗ്രാനൈറ്റ് അടിത്തറയിൽ പത്തടിയും കൂടി താഴ്ത്തി. എന്നിട്ട് ഈ തുണുകൾ ഇളകാതിരിക്കാൻ വേണ്ടി ക്വിക് സെറ്റിങ് സിമെന്റ് ഉയർന്ന സമ്മർദ്ദത്തിൽ പുറത്തു നിന്നും അടിച്ചു കയറ്റി. അത്തരത്തിലുള്ള 102 തൂണുകൾ അവിടെ പണിതു. മൂന്നാമത്തെ ഘട്ടത്തിൽ ഡാമിന്റെ ഡൗൺ സ്ട്രീം ഭാഗത്ത് പുതിയ ഒരു ഭിത്തി പണിയാൻ പറഞ്ഞു. പത്ത് മീറ്റർ (33 അടി) കനത്തിലാണ് അവർ അത് പണിതത്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്രയും കനത്തിലുള്ള ഒരു പുതിയ ഭിത്തി പണിത് ഡാമിനോട് ചേർത്തിരിക്കുകയാണ്. ഈ വർക്കിനുശേഷം അണക്കെട്ട് ഒരു പുതിയ ഡാം പോലെ തന്നെ ശക്തിപ്പെട്ടുവെന്നാണ് തോമസ് എന്നോട് പറഞ്ഞത്. എന്തുകൊണ്ടാണ് സർക്കാർ ഇതുവരേയും ഈ വിവരം ജനങ്ങളെ അറിയിക്കാതിരിക്കുന്നത്? ഇപ്പോഴും പഴക്കത്തെക്കുറിച്ചു മാത്രമല്ലേ സർവ ചാനലുകളും പത്രങ്ങളും സംസാരിക്കുന്നത്?

എന്തുകൊണ്ട് കെ സി തോമസിന് ഈ വിവരം ജനങ്ങളോട് പറഞ്ഞ് ആശങ്ക അകറ്റിക്കൂടാ?

94 വയസ്സായി അദ്ദേഹത്തിന്. ഭാര്യയ്‌ക്കൊപ്പം ഒരു ഫ്‌ളാറ്റിലാണ് താമസം. സുരക്ഷയെപ്പറ്റി അദ്ദേഹം ആശങ്കപ്പെടുന്നുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മുഖ്യമന്ത്രി തോമസിനെ കാണാൻ ശ്രമിച്ചിട്ട് അദ്ദേഹം അപ്പോയിൻറ്‌മെന്റ് നൽകിയില്ല. പ്രായമായ ആ വ്യക്തിയുടെ ഭയം കൊണ്ടാണ് അദ്ദേഹമത് പറയാത്തത്. ഭക്രാനംഗൽ അണക്കെട്ടും ഹിരാക്കുഡ് അണക്കെട്ടിന്റേയും സൂപ്പർവിഷൻ കാലത്ത് നെഹ്രു നേരിട്ട് നിയമിച്ചയാളാണ് തോമസ്. ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല അണക്കെട്ട് വിദഗ്ധൻ. അദ്ദേഹം 1979-ൽ  ഈ അണക്കെട്ട് പരിശോധിച്ചശേഷം നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ഞാൻ കണ്ടു. അതിന്റെ ഒരു കോപ്പി കേരളാ മുഖ്യമന്ത്രി  നായനാർക്ക് നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെ: ഡാമിന് ഇപ്പോൾ അപകടമുണ്ടെന്ന് പറയാനാവില്ലെങ്കിലും പഴക്കമുള്ളതിനാൽ ഒരു പുതിയ ഡാം വേണമെന്നാണ്. എന്നാൽ പുതിയ ഡാമിനേക്കാൾ കുറച്ചുകൂടി നല്ലത് ആധുനിക സാങ്കേതിക വിദ്യ അനുസരിച്ചുള്ള ഈ ബലപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഡാമിനേക്കാൾ ചെലവേറിയതായിരുന്നു ഈ ബലപ്പെടുത്തൽ ജോലിക്ക് ചെലവാകുന്ന  തുക. എങ്കിലും അത് ഡാമിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിലനിൽ ഒരു സ്ട്രക്ചര്‍  അതിന്റെ പിന്നിലുള്ളതു കൊണ്ട് അത്തരത്തിൽ ബലപ്പെടുത്താനാണ് പിന്നീട് തീരുമാനിച്ചത്. കെ സി തോമസ് എന്നോട് പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കി,(സത്യമാണെന്നത് അവിടെ പോയാൽ കാണാനാകും) എന്തുകൊണ്ടാണ് മലയാളികളോട് ഇത് പറയാതെ കേരള ജനതയെ സർക്കാർ ഇങ്ങനെയിട്ട് വിഷമിപ്പിക്കുന്നത്? ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞു. പകുതി വൈദ്യുതി തമിഴ്‌നാടിനോട് ചോദിച്ചാൽ അവർ അത് തന്നേ മതിയാകൂ. ചോദിച്ചു കൂടെ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. അത് പറഞ്ഞാൽ പിന്നെ ഡാം സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നു പറഞ്ഞ് അദ്ദേഹത്തിനെതിരെ ആരോപണം വരുമെന്നു കരുതി ഭയപ്പെട്ട് നടക്കുകയാകണം അദ്ദേഹം. നമ്മുടെ ഒരു മണ്ടൻ രാജ്യമായിപ്പോയില്ലേ? വൈദ്യുതിയെപ്പറ്റി ഞാൻ തമിഴ്‌നാട്ടിലെ അഭിഭാഷകരോട് ചോദിച്ചപ്പോൾ അവർ എന്നോട് പറഞ്ഞതിങ്ങനെ: ശിരുവാണിയിലും ഷോളയാറിലും ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി അവർ കേരളത്തിന് നൽകുന്നുണ്ട്. ഇത് ചോദിച്ചാൽ നൽകാൻ അവർ നിർബന്ധിതരാകും. പക്ഷേ അതിന് ചർച്ചകൾ നടത്തണം. പക്ഷേ കേരളം ചോദിക്കാതെ അവർ അത് എന്തിന് നൽകണമെന്നാണ് അവർ ചോദിക്കുന്നത്. ഞാൻ എന്റെ റിപ്പോർട്ടിനകത്ത് അക്കാര്യം വളരെ ശക്തമായി എഴുതി  ഞാൻ കേരള സർക്കാരിന് നൽകിയിരുന്നു. വൈദ്യുതിയിൽ പകുതിയെങ്കിലും വാങ്ങിച്ചെടുക്കണമെന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ കേരളം അത് ചെയ്യില്ല. കാരണം കേരളത്തിലെ ഭരണക്കാർക്ക് ജനങ്ങളെ ഭയമാണ്. ജനങ്ങളെ ഈ മട്ടിലാക്കിയിരിക്കുന്നത് മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളുമാണ്. ഡാം ശക്തമാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് എനിക്ക് ഒരു ഏകാംഗ പോരാളിയെപ്പോലെ പോരാടേണ്ടി വന്നു. ഞാൻ എന്തു മാത്രം ചീത്ത കേട്ടു. ജീവിതം മുഴുവനും സത്യത്തിന് വേണ്ടി നിലകൊണ്ട ഞാൻ ഒരു കൈയടിക്കു വേണ്ടി മാറാൻ തയാറല്ലായിരുന്നു. അതുകൊണ്ടാണ് താങ്കളോട് ഞാനിത്രയും പറയാൻ തയാറായത്. ഞാൻ കെ സി തോമസിനെ കണ്ട് ഇറങ്ങാൻ നേരത്ത് അദ്ദേഹമെന്നോട് ഒരു വാചകം പറഞ്ഞു. എനിക്ക് 90 വയസ്സില്ല മറിച്ച് 50-തേ ഉണ്ടായിരുന്നുള്ളുവെങ്കിൽ ഞാൻ വള്ളക്കടവിൽ ഒരു വസ്തു പതിച്ചു വാങ്ങാൻ അപേക്ഷ നൽകി അവിടെ വീട് വച്ച് സ്ഥിര താമസമാക്കിയേനെ എന്ന്.

കേരളത്തിലെ ജനതയുടെ ആശങ്ക വെറുതെയാണെന്ന് താങ്കൾ ഉറച്ചുപറയുന്നു.

അതെ. കേരളം ആശങ്കപ്പെടുന്നത് വെറുതെയാണ്. ഈ അണക്കെട്ട് സുരക്ഷിതമല്ലെങ്കിൽ ആദ്യം പറയേണ്ടത് വാസ്തവത്തിൽ ആരാണ്? തമിഴ്‌നാട് അല്ലേ? അവർക്കല്ലേ അത് പൊട്ടിയാൽ ശാശ്വതമായ അപകടത്തിനിടയാക്കുന്നത്? നമുക്ക് ഒറ്റത്തവണത്തെ ദുരന്തം മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് പറയാം. (ദുരന്തത്തിന്റെ കാര്യത്തിലുമുണ്ട് അഭിപ്രായ വ്യത്യാസം. ഡാം പൊട്ടിയാൽ കാസ്‌കെയ്ഡിങ് പ്രത്യാഘാതം പരിശോധിക്കാൻ ടോപ്പോഗ്രഫിക്കൽ പ്ലാൻ നൽകമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. അവിടെ ആരുടെ കൈയിലും ആ പ്ലാൻ ഇല്ല. ഞങ്ങളുടെ വിദഗ്ധർ അത് കേന്ദ്ര സർക്കാരിൽ നിന്നും വാങ്ങിച്ചെടുത്തപ്പോഴാണ് അറിയുന്നത് ഈ കാസ്‌കെയ്ഡിങ് ഇഫക്ട് ഒന്നും ഡാം പൊട്ടിയാൽ തന്നെയും ഇല്ലെന്ന്. ഡാം പൊട്ടിയാൽ വെള്ളം മലയിലൂടെ കുത്തനെ താഴോട്ട് ഒഴുകുമെന്നാണ് നാം വിശ്വസിച്ചിരിക്കുന്നത്. ഇത് ഒരുപാട് നിമ്‌ന്നോതങ്ങളുള്ള ഒരുപാട് പർവതനിരകളിലൂടെ കയറിയിറങ്ങിയാണ് പോകുന്നത്. മുകളിൽ നിന്നും മണ്ണും കല്ലുമൊക്കെ വന്നാൽ തന്നെയും ഒരു താഴ്‌വരയിലേക്ക് പോകുമ്പോൾ അതിൽ കുറെയേറെ അതിൽ അടിയും. ഒടുവിൽ ഇത് ഇടുക്കിയിൽ വന്നു ചേരും).

അപ്പോൾ പിന്നെ അപായ സൈറണുകളും മറ്റുമൊക്കെ ഫിറ്റ് ചെയ്യാൻ കേരള സർക്കാർ നടന്നതെന്തിന്?

പ്രദേശത്തിന്റെ ഭൂപടം പോലും കൈയിലില്ലാത്ത നാടാണ് കേരളം. സൈറണൊക്കെ വച്ച് വാസ്തവത്തിൽ അവിടത്തെ ജനങ്ങളെ മുഴുവൻ ഭയപ്പെടുത്തി ഒരു സൈക്കിക് അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്‌ സർക്കാർ. അവിടത്തെ പുതിയ കുട്ടികൾ രാത്രി ഉറങ്ങാതെ ജീവിക്കുകയാണ്. ഇതിനെല്ലാം നമ്മൾ ഉത്തരവാദികളല്ലേ? ദൈവത്തോട് നമ്മൾ കണക്ക് പറയേണ്ട? സുപ്രീം കോടതിയിലെ പ്രമുഖ  വക്കീലന്മാർക്ക് നൽകിയ തുക ഉണ്ടായിരുന്നുവെങ്കിൽ തന്നെ നമുക്ക് എത്ര ആശുപത്രികൾ സ്ഥാപിക്കാമായിരുന്നു. ഐ ഐ ടി റൂര്‍ക്കിയുടെ റിപ്പോർട്ട് ഒക്കെ കിട്ടാനായി തന്നെ സർക്കാർ എത്രയോ ചെലവാക്കി. ഐ ഐ ടി റൂർക്കി പറഞ്ഞത് റിക്ടർ സ്‌കെയിൽ 6.5 പ്രകമ്പനം വന്നാൽ ഇതിന് അപകടം വരുമെന്നാണ്. അത്രയും വലിയ പ്രകമ്പനം വന്നാൽ പൊട്ടാവുന്ന വേറെയും എത്രയോ ഡാമുകളുണ്ട്. അതെല്ലാം സാധ്യതകളാണെന്നത് നേരു തന്നെ. അപൂർവമായി മാത്രം സംഭവിക്കുന്നതും മനുഷ്യസാധ്യമായ കാര്യങ്ങൾക്ക് അപ്പുറത്തു നിൽക്കുന്നതുമാണ്. അതുവച്ച് നമുക്ക് ഒരു പദ്ധതിയും ഉണ്ടാക്കാനാകില്ല.

 (കടപ്പാട്- ഇന്ത്യാ ടുഡേ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍