UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി എസ്; കാബിനറ്റ് റാങ്കുള്ള കാവലാളോ അതോ ഭരണപക്ഷത്തെ പ്രതിപക്ഷ നേതാവോ?

Avatar

കെ എ ആന്റണി

ഒടുവില്‍ വിഎസ് മൗനം വെടിഞ്ഞിരിക്കുന്നു. പതിവ് തെറ്റിച്ച് ആദ്യ ആക്രമണം മാധ്യമങ്ങള്‍ക്കു നേരെയാണെന്ന് മാത്രം. പുതിയ സര്‍ക്കാരിലും പാര്‍ട്ടിയിലും തനിക്ക് ലഭിക്കേണ്ട സ്ഥാനമാനങ്ങള്‍ സൂചിപ്പിച്ച് വിഎസ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കുറിച്ച് നല്‍കിയതുമായി ബന്ധപ്പെട്ട വാര്‍ത്തയും ചിത്രവും മാത്രമല്ല വിഎസിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നത്. ‘വീട് മാറ്റം വൈകിപ്പിച്ച് വിഎസ്’ എന്ന തലക്കെട്ടില്‍ മലയാള മനോരമയില്‍ ഒന്നാം പേജില്‍ വന്ന വാര്‍ത്ത തന്നെയാണ് വിഎസിനെ മാധ്യമങ്ങള്‍ക്ക് എതിരെ തിരിയാന്‍ പ്രേരിപ്പിച്ചത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇക്കാര്യം വിഎസ് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായി വിജയന്‍ ഡല്‍ഹിയില്‍ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ ഇതുവരെ പ്രതികരിക്കാതിരുന്ന വിഎസ് ഇത് സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്ര നേതാക്കള്‍ക്കും കത്തയച്ചതായുള്ള ഒരു വാര്‍ത്ത ഇന്നലെ മുതല്‍ക്കേ പ്രചാരത്തിലുണ്ട്. തനിക്ക് അങ്ങനെയൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് കോടിയേരി പറയുന്നുണ്ടെങ്കിലും വിഎസ് കത്തയച്ചു എന്ന ഉറച്ച വിശ്വാസത്തിലാണ് നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍. വാര്‍ത്തയുടെ ഉറവിടം വിഎസുമായി അടുത്ത കേന്ദ്രങ്ങളാണെന്നും തറപ്പിച്ചു പറുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

കത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്തുതന്നെയായിരുന്നാലും മുല്ലപ്പെരിയാര്‍, അതിരപ്പിള്ളി വിഷയങ്ങളില്‍ വിഎസിന് തന്റേതായ നിലപാടുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ നടന്ന പ്രത്യക്ഷ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ആള്‍കൂടിയാണ് വിഎസ് അച്യുതാനന്ദന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പുതിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വായില്‍ കമ്പിട്ടു കുത്തിയിട്ടും കമാനൊരു അക്ഷരം വിഎസ് ഉരിയാടാതിരുന്നതില്‍ സത്യത്തില്‍ പൊതു ജനങ്ങള്‍ക്കും അത്ഭുതം തോന്നിയിരുന്നു. അയച്ചുവെന്ന് പറയുന്ന കത്തില്‍ തീര്‍ച്ചയായും തന്റെ കണിശമായ നിലപാടുകള്‍ വിഎസ് വ്യക്തമാക്കിയിട്ടുണ്ടാകണം.

മാധ്യമങ്ങള്‍ക്കു നേരെ പരസ്യമായി രംഗത്തെത്തിയ വിഎസ് താന്‍ ആ പഴയ പ്രതിപക്ഷ നേതാവിന്റെ ജോലി മറന്നിട്ടില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ജനറല്‍ സെക്രട്ടറിക്ക് ഒരു കുറിപ്പ് കൊടുത്ത് സ്ഥാനമാനങ്ങള്‍ നേടേണ്ട കാര്യമൊന്നും തനിക്കില്ലെന്ന് വ്യക്തമാക്കിയ വിഎസ് ഒരു കാര്യം ഉറപ്പിച്ചു പറയുന്നു. കുറിപ്പ് നല്‍കാനും ചോദിക്കേണ്ടത് ചോദിക്കാനും അവകാശമുള്ളയാളാണ് താനെന്ന്. നട്ടുവളര്‍ത്തിയ പാര്‍ട്ടിയില്‍ നിന്നും എന്തെങ്കിലും ആഗ്രഹിച്ചാല്‍ അതിലെന്താണ് തെറ്റ് എന്ന ധ്വനി കൂടിയുണ്ട് വിഎസിന്റെ ചോദ്യത്തില്‍.

സത്യത്തില്‍ വിഎസിന് പ്രധാനപ്പെട്ടൊരു പദവി എന്ന ആശയം മുന്നോട്ടു വച്ചത് അദ്ദേഹമായിരുന്നില്ല. പിണറായിയെ മുഖ്യമന്ത്രിയാക്കുന്ന ഘട്ടത്തില്‍ യച്ചൂരി തന്നെ മുന്നോട്ടു വച്ച നിര്‍ദ്ദേശമായിരുന്നു അത്. അപകടമുണ്ടായത് സത്യപ്രതിജ്ഞാ വേളയില്‍ രഹസ്യമായി കൈമാറിയ കുറിപ്പ് കാമറയില്‍ പതിഞ്ഞിടത്തു നിന്നാണ്. വിഎസ് കുറിപ്പ് നല്‍കിയ കാര്യം ആദ്യം സമ്മതിച്ച യെച്ചൂരി ഇന്നലെ ഇതേക്കുറിച്ച് പ്രതികരിച്ചത് എവിടേയും തൊടാത്ത രീതിയിലാണെന്നത് ശ്രദ്ധേയം. സംഭവിച്ചത് സംഭവിച്ചു എന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

പിണറായി ഡല്‍ഹിയില്‍ പറഞ്ഞ കാര്യങ്ങള്‍ യഥാവണ്ണം മനസ്സിലാക്കിയിട്ടാണോ ഇപ്പോള്‍ പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമുണ്ട്. പിണറായിയെ എതിര്‍ക്കുന്ന പരിസ്ഥിതി വാദിയായ സിആര്‍ നീലകണ്ഠന്‍ പോലും ഇക്കാര്യം ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കുകയുണ്ടായി. പിണറായി ഒരു യാഥാര്‍ത്ഥ്യം പറഞ്ഞുവെന്നേ കരുതേണ്ടു എന്നായിരുന്നു സിആറിന്റെ പ്രതികരണം. സുപ്രീംകോടതി വിധിയും ഉന്നതാധികാര സമിതി റിപ്പോര്‍ട്ടും കേരളത്തിന് എതിരാണെന്ന് ഇരിക്കേ സമവായത്തിന്റെ പാത സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് പിണറായി ഡല്‍ഹിയില്‍ പറഞ്ഞത്. കാളപ്പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരുടെ പ്രതികരണങ്ങളും രോഷപ്രകടനങ്ങളും തൊട്ടു പിന്നാലെ താന്‍ പറഞ്ഞകാര്യങ്ങളെ കുറിച്ച് ഇതുവരെ പ്രതികരിക്കാന്‍ പിണറായി തയ്യാറായില്ലെന്നതും ഏറെ ശ്രദ്ധേയമാണ്. കത്തെഴുതിയെന്ന് പറയുന്നുണ്ടെങ്കിലും അതിരപ്പിള്ളി, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ പരസ്യ പ്രതികരണം നടത്താതിരുന്ന വിഎസ് പാര്‍ട്ടിക്കുള്ളി അടങ്ങിയൊതുങ്ങി നില്‍ക്കുന്നുവെന്ന ധ്വനിയും ഔദ്യോഗിക പക്ഷത്തിന് നല്‍കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കേ വിഎസ് എഴുതിയെന്ന് പറയുന്ന കത്തിന്റെ ഉള്ളടക്കം എന്തുതന്നെയായാലും പാര്‍ട്ടിയും മുന്നണിയും ഇക്കാര്യത്തില്‍ എന്താണ് തീരുമാനിക്കുന്നതെന്ന് വൈകാതെ അറിയാം.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍