UPDATES

ഇന്ത്യ

1993 മുംബൈ സ്‌ഫോടനം; തെളിവുകളില്ലാതെയായിരുന്നു പൊലീസ് അന്വേഷണമെന്നു ജ. ശ്രീകൃഷ്ണ

മുംബൈ കലാപത്തില്‍ മുസ്ലിങ്ങള്‍ക്ക് കൊടിയപീഢനങ്ങളും നീതിനിഷേധവുമാണ് അനുഭവിക്കേണ്ടി വന്നത്

1993ലെ മുംബെ സ്‌ഫോടനത്തിലെ മിക്ക കേസുകളും പോലീസ് അന്വേഷിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്ന് സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ബിഎന്‍ ശ്രീകൃഷ്ണ പറഞ്ഞു. മുംബൈ സ്‌ഫോടനത്തെയും അതിനു മുമ്പ് നടന്ന കലാപത്തെയും കുറിച്ച് അന്വേഷിക്കാന്‍ പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ തലവനായിരുന്നു ജസ്റ്റിസ് ശ്രീകൃഷ്ണ. കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഇതുവരെ പൂര്‍ണമായി നടപ്പിലാക്കപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു.

‘മുമ്പ് പലതവണ ഞാന്‍ സൂചിപ്പിച്ചത് പോലെ നിര്‍ദ്ദേശങ്ങള്‍ ഇതുവരെ പൂര്‍ണമായും നടപ്പിലാക്കിയിട്ടില്ല. ശരിയായ ദിശയില്‍ അന്വേഷണം നടത്തേണ്ട നിരവധി കേസുകളുണ്ട്. ഭൂരിപക്ഷം കേസുകളും തെളിവുകള്‍ ഇല്ലാതയോ അല്ലെങ്കില്‍ സത്യത്തില്‍ സംഭവിച്ചതും എന്നാല്‍ തെളിയിക്കാന്‍ കഴിയാത്തതുമായിരുന്നു. ഇങ്ങനെയാണോ കേസുകള്‍ അന്വേഷിക്കുന്നത്? ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍, കൂടുതല്‍ എന്തെങ്കിലും കണ്ടെത്തുന്നത് അസാധ്യമാണെന്നായിരുന്നു മറുപടി,’ എന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ ന്യൂസ് 18 നോട് പറഞ്ഞു. സ്‌ഫോടനത്തിനെക്കാള്‍ അതിന് തൊട്ടുമുമ്പ് നടന്ന കലാപത്തിനാണ് റിപ്പോര്‍ട്ടില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് എന്നതിനാല്‍ തന്നെ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നായിരുന്നു അന്നത്തെ ശിവസേന-ബിജെപി സര്‍ക്കാരിന്റെ നിലപാട്.

ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുമ്പോഴൊക്കെ അഴകൊഴമ്പന്‍ മറുപടികളാണ് ലഭിച്ചതെന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും കോടതിയുടെ പരിഗണയിലാണെന്നോ മറ്റോ ഉള്ള സ്ഥിരം ഉത്തരങ്ങളാണ് പോലീസിന്റെയും മറ്റ് അധികൃതരുടെയും ഭാഗത്ത് നിന്നും ഉണ്ടായതെന്നും അതിനാല്‍ തന്നെ കമ്മീഷന് പോലീസ് റിപ്പോര്‍ട്ടുകളെ കൂടുതലായി ആശ്രയിക്കേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
1992 ഡിസംബര്‍ ആറിന് അയോദ്ധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ചതിനെ തുടര്‍ന്ന് മുംബെയില്‍ ബിജെപി, ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനം കലാപമായി മാറുകയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി പിവി നരസിംഹറാവു ഇത് അന്വേഷിക്കുന്നതിന് ഒരു ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചു. അതിന്റെ തലവനായിരുന്നു ജസ്റ്റിസ് ശ്രീകൃഷ്ണ. എന്നാല്‍ 1993 ജനുവരിയില്‍ മുംബെയില്‍ സ്‌ഫോടനപരമ്പര അരങ്ങേറിയതോടെ കമ്മീഷന്റെ അന്വേഷണം തൃശങ്കുവിലായി. തുടര്‍ന്ന് ബോംബെ സ്‌ഫോടനം കൂടി അന്വേഷിക്കുന്ന തരത്തിലേക്ക് കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് പരിഷ്‌കരിച്ചു.

കലാപവും സ്‌ഫോടനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന വിഷയവും കമ്മീഷന്റെ അന്വേഷണ പരിധിയില്‍ പെടുത്തിയിരുന്നു. മുംബെ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ടൈഗര്‍ മേമനെ പോലുള്ളവര്‍ക്ക് കലാപത്തില്‍ വലിയ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നുവെന്നും പ്രതികാരം ചെയ്യാനുള്ള അഭിവാഞ്ച അവരില്‍ രൂഢമൂലമായിരുന്നുവെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ ചൂണ്ടിക്കാണിക്കുന്നു. കലാപസമയത്ത് മുസ്ലീങ്ങള്‍ക്ക് കൊടിയ പീഢനവും നീതിനിഷേധവുമാണ് അനുഭവിക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കലാപമാണ് സ്‌ഫോടന ഗൂഢാലോചനയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു.

മുംബെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ടാഡ കോടതിയുടെ അന്തിമ വിധി വരാനിരിക്കെയാണ് ജസ്റ്റിസ് ശ്രീകൃഷ്ണയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. അബു സലേം ഉള്‍പ്പെടെ ഏഴുപേരൈ ഇന്നു മുംബൈ ടാഡാ കോടതിയില്‍ ഹാജരാക്കും. വിധിയെ കുറിച്ച് മുന്‍ധാരണകളൊന്നും തനിക്കില്ലെന്നും കോടതി വിധികള്‍ വച്ച് ചൂതാട്ടം നടത്തുന്ന ആളല്ല താനെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍