UPDATES

ട്രെന്‍ഡിങ്ങ്

ഗുഹ്യഭാഗത്ത് ലാത്തി കുത്തിയിറക്കി; മുംബൈ ജയിലില്‍ തടവുകാരി മരിച്ചത് ക്രൂരപീഢനത്തെ തുടര്‍ന്നെന്ന് എഫ്‌ഐആര്‍

ജയിലര്‍ക്കും അഞ്ചു വനിത കോണ്‍സ്റ്റബളിള്‍മാര്‍ക്കുമെതിരേ കൊലക്കുറ്റം ചുമത്തി

മുംബൈ ബൈകുളജയിലില്‍ തടവുകാരി മരിച്ചത് പൊലീസിന്റെ അതിക്രൂരമായ പീഢനത്തെ തുടര്‍ന്നെന്ന് എഫ് ഐ ആര്‍. 38 കാരിയായ മഞ്ജുള ശെത്യേ എന്ന തടവുകാരി മരണത്തിനു കീഴടങ്ങിയത് ഗുഹ്യഭാഗത്ത് ലാത്തുകുത്തിയിറക്കിയതുള്‍പ്പെടെയുള്ള ശാരീരിക പീഢനത്തെ തുടര്‍ന്നാണെന്നു പോസ്‌റ്റോമോര്‍ട്ട് റിപ്പോര്‍ട്ടും ദൃക്‌സാക്ഷി മൊഴികളും വ്യക്തമാക്കുന്നതായി പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മഞ്ജുളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. മഞ്ജുളയുടെ മരണത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആറു വനിത പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മഞ്ജുളയുടെ മരണത്തെ തുടര്‍ന്നു ജയിലില്‍ വനിത തടവുകാരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം ആരംഭിച്ചിരുന്നു.

വനിത ജയിലിലെ ഒരു ബാരക്കില്‍ മെയ്ഡ് വര്‍ഡന്റെ ചുമതലയുണ്ടായിരുന്നു മഞ്ജുളയ്ക്ക്. അവരുടെ ജയിലിലെ നല്ലനടപ്പിന്റെ പേരിലാണ് ഇങ്ങനെയൊരു ചുമതല നല്‍കിയത്. ജൂണ്‍ 23 നു രാവിലെ ഒമ്പതുമണിയോടെ തടവുകാര്‍ക്ക് നല്‍കേണ്ട ഭക്ഷണത്തില്‍ രണ്ടു മുട്ടയും അഞ്ചു ബ്രഡ് കഷ്ണങ്ങളും കുറവുണ്ടെന്നു മഞ്ജുള കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് ഇവരെ ജയില്‍ ഓഫിസര്‍ മനിഷ പോഖാര്‍ക്കറുടെ മുറിയിലേക്ക് വിളിപ്പിച്ചു. അവിടെവച്ച് മഞ്ജുളയുടെ ഉച്ചത്തിലുള്ള നിലവിളി ശബ്ദം കേട്ടൂ എന്നാണ് ദൃക്‌സാക്ഷികള്‍ മഞ്ജുളയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. ജയിലറുടെ മുറിയില്‍ നിന്നും മഞ്ജുള തിരികെ സെല്ലിലേക്ക് വന്നത് അസഹ്യമായ വേദന പ്രകടിപ്പിച്ചുകൊണ്ടായിരുന്നു.

സെല്ലിലെത്തിയ മഞ്ജുളയെ തേടി വീണ്ടും ഒരു സംഘം വനിത പൊലീസ് കോണ്‍സ്റ്റബിള്‍മാരെത്തി. അവര്‍ വീണ്ടും മഞ്ജുളയെ ഉപദ്രവിക്കാന്‍ തുടങ്ങി. അവര്‍ മഞ്ജുളയുടെ വസ്ത്രങ്ങള്‍ അഴിപ്പിച്ചു. ബിന്ദു നയ്ക്കഡെ, വസീമ ഷെയ്ഖ്, ശീതള്‍ ഷെഗൗങ്കര്‍, സുരേഖ ഗുല്‍വെ, ആരതി ഷിന്‍ഗെ എന്നീ പൊലീസുകാരാണ് മഞ്ജുളയെ ഉപദ്രവിച്ചവര്‍. ബിന്ദുവും സുരേഖയും മഞ്ജുളയുടെ കാലുകള്‍ അകത്തിപ്പിടച്ചപ്പോള്‍ വസീമ ലാത്തി മഞ്ജുളയുടെ ഗുഹ്യഭാഗത്തേക്ക് കുത്തിയിറക്കി; ദൃക്‌സാക്ഷികള്‍ പറയുന്നു.

രക്തത്തില്‍ കുളിച്ചു കിടന്ന മഞ്ജുളയ്ക്ക് യാതൊരു സഹായവും ചെയ്യാന്‍ പൊലീസുകാര്‍ അനുവദിച്ചില്ല. ഒടുവില്‍ ശുചിമുറിയില്‍ മഞ്ജുള ബോധരഹിതയായി വീണതിനെ തുടര്‍ന്നാണ് ജയില്‍ ഡോക്ടര്‍ അവരെ പരിശോധിക്കാന്‍ വന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ജെജെ ഹോസ്പിറ്റലിലേക്ക് മഞ്ജുളയെ മാറ്റി്. ആശുപത്രിയില്‍വച്ച് മഞ്ജുള മരിച്ചു.

തുടര്‍ന്ന് ഹോസ്പിറ്റലില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് മഞ്ജുളയുടെ ശരീരത്തില്‍ 13 ഓളം ചതവുകള്‍ ഉണ്ടായിരുന്നുവെന്നാണ്. മഞ്ജുളയുടെ ശ്വാസകോശം തകര്‍ന്നിരുന്നതായും പോസ്‌റ്റോമോര്‍ട്ടം ചെയ്ത ജെജെ ആശുപത്രി ഡീന്‍ ടിപി ലഹാനെ ദി ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറയുന്നു.

മഞ്ജുളയുടെ മരണത്തെ തുടര്‍ന്ന് നാഗ്പാഡ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ജയിലര്‍ക്കും അഞ്ചു വനിത കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരേയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സഹോദരഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിയായിരുന്നു മഞ്ജുള. അവരുടെ അമ്മയും അതേ കുറ്റത്തിന് ശിക്ഷപ്പെട്ടിരുന്നെങ്കിലും ശിക്ഷകാലയളവില്‍ ജയിലില്‍വച്ചു മരിച്ചു. യേര്‍വാഡ ജയിലില്‍ പാര്‍പ്പിച്ചിരുന്ന മഞ്ജുളയെ മൂന്നുമാസം മുമ്പാണ് ബൈകുളയിലേക്ക് കൊണ്ടുവന്നത്.

വെള്ളിയാഴ്ച രാത്രി ഏഴരയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും ശനിയാഴ്ച മഞ്ജുള മരിക്കുന്നതിനു ഒരു മണിക്കൂര്‍ മുമ്പു മാത്രമാണ് തങ്ങളെ വിവരം അറിയിച്ചതെന്നു സഹോദരന്‍ ശരദ് ശേത്യേ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറയുന്നു.

മഞ്ജുളയുടെ മരണത്തെ തുടര്‍ന്ന് ബൈകുളജയിലില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. മുന്‍ മാധ്യമപ്രമുഖയായിരുന്ന ഇന്ദ്രാണി മുഖര്‍ജി(മകള്‍ ഷീന ബോറയെ വധിച്ചകേസില്‍ ശിക്ഷകിട്ടി ഇന്ദ്രാണി ഇവിടെയാണുള്ളത്) ഉള്‍പ്പെടെ 200 ഓളം തടവുകാര്‍ക്കെതിരേ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കേസ് ചാര്‍ജ് ചെയ്തിട്ടുമുണ്ട്.കൊടിയ മനുഷ്യാവകാശലംഘനങ്ങളാണ് ബൈത്തുള ജയിലില്‍ നടക്കുന്നതെന്നാണ് തടവുകാര്‍ ആരോപണം ഉയര്‍ത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍