UPDATES

സയന്‍സ്/ടെക്നോളജി

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കിലും മാളവിക എംഐടിയില്‍ പഠിക്കും

അഴിമുഖം പ്രതിനിധി

മാര്‍ക്കിനല്ല കഴിവിനാണു പ്രാധാന്യം നല്‍കേണ്ടതെന്നതിന് ഉദാഹരണമാകുകയാണ് മുംബൈക്കാരിയായ മാളവിക രാജ് ജോഷി. പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളൊന്നും പാസാകാതെ തന്നെ പ്രശസ്തമായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മാളവിക പ്രവേശനം നേടി. കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങിലെ കഴിവുകളാണ് മാളവികയ്ക്കു സഹായമായത്.

ദാദര്‍ പാര്‍സീ യൂത്ത് അസംബ്ലി സ്‌കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന മകളുടെ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കാന്‍ അമ്മ സുപ്രിയ നാലു വര്‍ഷം മുന്‍പ് എടുത്ത ധീരമായ തീരുമാനമാണ് മാളവികയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ‘ഞങ്ങള്‍ ഇടത്തരക്കാരാണ്. മാളവിക പഠിക്കാന്‍ മിടുക്കിയായിരുന്നു. പക്ഷേ എന്റെ കുട്ടികള്‍ സന്തോഷത്തോടെ ജീവിക്കണമെന്ന് എനിക്കു തോന്നി. പരമ്പരാഗത അറിവിനെക്കാള്‍ സന്തോഷമാണ് പ്രധാനം’, സുപ്രിയ പറയുന്നു.

‘ക്യാന്‍സര്‍ രോഗികളെ പരിചരിക്കുന്ന ഒരു എന്‍ജിഒയില്‍ ജോലി ചെയ്യുകയായിരുന്നു ഞാന്‍. എട്ടിലും ഒന്‍പതിലും പഠിക്കുന്ന കുട്ടികള്‍ ക്യാന്‍സര്‍ ബാധിതരായുണ്ടെന്നു ഞാന്‍ കണ്ടു. ഇത് എന്നെ അസ്വസ്ഥയാക്കി. എന്റെ മക്കള്‍ സന്തുഷ്ടരായിരിക്കണമെന്നു ഞാന്‍ തീരുമാനിച്ചു.’

ഭര്‍ത്താവ് രാജിനെ കാര്യം ബോധ്യപ്പെടുത്തിയ സുപ്രിയ ജോലി ഉപേക്ഷിച്ചു. മാളവികയ്ക്കുവേണ്ടി പ്രത്യേക പാഠ്യപദ്ധതി തയാറാക്കി. വീട്ടില്‍ ക്ലാസ്‌റൂമിനു സമാനമായ സാഹചര്യമൊരുക്കി. തന്റെ തീരുമാനത്തിലെ അപകടസാധ്യതകളെപ്പറ്റിയുള്ള ഭയത്തെ മറികടന്നു. ‘എന്റെ മകള്‍ എത്ര സന്തോഷവതിയാണെന്നു ഞാന്‍ കണ്ടു. മുന്‍പത്തേതിനെക്കാളേറെ അവള്‍ പഠിച്ചു. ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതു വരെ. അറിവുനേടുക എന്നത് ആവേശമായി മാറി,’ സുപ്രിയ ഓര്‍മിക്കുന്നു.

‘സ്‌കൂള്‍ പഠനം ഉപേക്ഷിച്ചതു മുതല്‍ ഞാന്‍ വിവിധ വിഷയങ്ങള്‍ പരീക്ഷിച്ചു. പ്രോഗ്രാമിങ് അവയില്‍ ഒന്നായിരുന്നു. അതില്‍ കൂടുതല്‍ താല്‍പര്യം തോന്നിയതിനാല്‍ മറ്റു വിഷയങ്ങളെക്കാള്‍ അതിനായി സമയം ചെലവിട്ടു,’ മാളവിക പറയുന്നു. ഇന്റര്‍നാഷനല്‍ ഒളിംപ്യാഡ് ഓഫ് ഇന്‍ഫോര്‍മാറ്റിക്‌സില്‍ മൂന്നുതവണ മെഡല്‍ നേടിയിട്ടുണ്ട് മാളവിക. ഒളിംപ്യാഡിലെ രണ്ടു സില്‍വറും ഒരു ബ്രോണ്‍സുമടങ്ങുന്ന ഈ മെഡലുകളാണ് എംഐടിയില്‍ മാളവികയ്ക്ക് പ്രവേശനം നേടിക്കൊടുത്തത്. വിവിധ ഒളിംപ്യാഡുകളിലെ വിജയികള്‍ക്ക് എംഐടി പ്രവേശനം നല്‍കാറുണ്ട്. 10 ദിവസം മുന്‍പ് മാളവിക ഇവിടെ പഠനം തുടങ്ങി.

10, 12 ക്ലാസുകളിലെ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതിനാല്‍ ഐഐടി തുടങ്ങിയ സ്ഥാപനങ്ങളില്‍ മാളവികയ്ക്കു പ്രവേശനം ലഭിക്കുമായിരുന്നില്ല. ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാത്രമായിരുന്നു ഏകസാധ്യത. ഇവിടെ ബിരുദാനന്തര ബിരുദ കോഴ്‌സിലേക്ക് മാളവികക്കു പ്രവേശനം ലഭിച്ചിരുന്നു. മാളവികയുടെ അറിവിന്റെ നിലവാരം ബിരുദതലത്തിലുള്ളതാണ് എന്നതിനാലായിരുന്നു ഇത്.

‘മാളവികയുടെ എംഐടി പ്രവേശനം ഒളിംപ്യാഡിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണെന്നതില്‍ സംശയമില്ല. ഹൈസ്‌കൂള്‍ വിദ്യാഭ്യാസമില്ലെങ്കില്‍പ്പോലും മികച്ച ബുദ്ധിസാധ്യതകള്‍ പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിയുന്നു എന്നത് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള എംഐടിയുടെ കഴിവിനെയാണു കാണിക്കുന്നത്,’ ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാധവന്‍ മുകുന്ദ് പറയുന്നു. സംവിധാനത്തിന്റെ സൃഷ്ടിയല്ല സംവിധാനത്തെ മറികടന്നയാളാണ് മാളവികയെന്ന് ഇന്ത്യന്‍ കംപ്യൂട്ടിങ് ഒളിംപ്യാഡിന്റെ ദേശീയ കോഓര്‍ഡിനേറ്റര്‍ കൂടിയായ മാധവന്‍ എടുത്തുപറയുന്നു.

സ്‌കോളര്‍ഷിപ്പോടെ സയന്‍സ് ബിരുദത്തിനാണ് എംഐടിയില്‍ മാളവിക ചേര്‍ന്നിരിക്കുന്നത്. പ്രോഗ്രാമിങ്ങിലെ കഴിവ് ഉപയോഗിച്ച് കംപ്യൂട്ടര്‍ സയന്‍സില്‍ ഗവേഷണം നടത്താനാണു പരിപാടി. മറ്റു രക്ഷിതാക്കള്‍ മാളവികയെപ്പറ്റി അന്വേഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അവരെല്ലാം എങ്ങനെ എംഐടിയില്‍ പ്രവേശനം നേടാം എന്നതിനെപ്പറ്റിയാണു ചോദിക്കുന്നതെന്നായിരുന്നു മറുപടി. ‘എംഐടി ഒരിക്കലും ഞങ്ങളുടെ ലക്ഷ്യമായിരുന്നില്ല എന്നാണ് എന്റെ മറുപടി. കുട്ടികള്‍ക്ക് എന്തിലാണു താല്‍പര്യം എന്നു കണ്ടെത്തുകയാണു വേണ്ടതെന്ന് ഞാന്‍ അവരോടു പറയുന്നു.’  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍