UPDATES

ജാമ്യം കിട്ടി, അടക്കാന്‍ പണമില്ല; നോട്ട് നിരോധനത്തിന്റെ കോടതി അനുഭവങ്ങള്‍

അഴിമുഖം പ്രതിനിധി

മോദി സര്‍ക്കാരിന്റെ നോട്ട് നിരോധിക്കല്‍ തീരുമാനം അഴിക്ക് വെളിയിലുള്ളവരെ മാത്രമല്ല, തടവ് പുള്ളികളെയും ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോടതി നടപടികളെയും പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. മയക്കുമരുന്ന് കേസില്‍ പെട്ട് മുംബെ ആര്‍തര്‍ ജയിലില്‍ 2014 മുതല്‍ തടവില്‍ കഴിയുന്ന ആകാശ് ചാന്‍ചന്ദാണ് മോദിയുടെ തീരുമാനത്തില്‍ കുടുങ്ങിയത്. ഒഡീഷ സ്വദേശിയായ ഇദ്ദേഹത്തിന് കോടതി പത്തു ദിവസം മുമ്പ് ജാമ്യം അനുവദിച്ചെങ്കിലും ജാമ്യത്തുക കെട്ടിവയ്ക്കാന്‍ പണമില്ലാത്തതിനാല്‍ ജാമ്യം ലഭിച്ചില്ല. ഒടുവില്‍ ഇന്നലെ ഇദ്ദേഹത്തിന്റെ അഭിഭാഷക 15,000 രൂപ കെട്ടിവെക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആകാശിന് പുറത്തിറങ്ങാന്‍ സാധിക്കുമെന്ന് അവര്‍ മാധ്യമങ്ങളെ അറിയിച്ചു.

നവംബര്‍ എട്ടിനാണ് കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. നഗരത്തില്‍ അടുത്ത ബന്ധുക്കളാരും ഇല്ലാത്ത ആകാശിനെ സഹായിക്കാന്‍ കൂടെ താമസിക്കുന്നവര്‍ തയ്യാറാവുകയായിരുന്നു. അവര്‍ പിരിച്ചെടുത്ത 500, 1000 രൂപ നോട്ടുകളുമായി സെഷന്‍സ് കോടതിയില്‍ ആകാശിന്റെ അഭിഭാഷകര്‍ നവംബര്‍ ഒമ്പതിന് എത്തിയെങ്കിലും കോടതി കൗണ്ടറിലുള്ളവര്‍ നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. ഒരു വിദേശ പൗരനില്‍ നിന്നാണ് പണം സംഘടിപ്പിച്ചതെന്നും അത് കൈമാറാന്‍ അദ്ദേഹത്തിന് ബാങ്ക് അക്കൗണ്ടില്ലായിരുന്നുവെന്നും ആകാശിന്റെ അഭിഭാഷക മുനീറ പാലന്‍പൂര്‍വാല പറഞ്ഞു. തുടര്‍ന്ന് ചൊവ്വാഴ്ചയോടെ അവര്‍ സഹപ്രവര്‍ത്തകരില്‍ നിന്നും ബാങ്ക് അക്കൗണ്ടില്‍ നിന്നും പത്തുരൂപകള്‍ ഉള്‍പ്പെടെയുള്ള 15,000 രൂപയുടെ നോട്ടുകള്‍ സംഘടിപ്പിച്ച് ജാമ്യത്തുക കെട്ടുകയായിരുന്നു. ജാമ്യ നടപടികള്‍ ആരംഭിച്ചതായും ആകാശിന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങാന്‍ സാധിക്കുമെന്നും മുനീറ അറിയിച്ചു.

എന്നാല്‍ നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കണമെന്ന് നിരവധി അഭ്യര്‍ത്ഥനകള്‍ ഉണ്ടായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും ലഭിക്കാതിരുന്നതിനാലാണ് അവ സ്വീകരിക്കാന്‍ സാധിക്കാതിരുന്നതെന്നുമാണ് സെഷന്‍സ് കോടതി ജീവനക്കാരുടെ വിശദീകരണം. നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കരുതെന്ന് ഒരു സര്‍ക്കുലര്‍ ഇറങ്ങിയിരുന്നതായി ചീഫ് മെട്രോപോലിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ഒരു ജീവനക്കാരന്‍ പറയുന്നു. തന്റെ രണ്ട് കക്ഷികളുടെ പണത്തിന്‍മേലുള്ള  ജാമ്യം കഴിഞ്ഞ ആഴ്ച തള്ളപ്പെട്ടതായി പേരുവെളിപ്പെടുത്താന്‍ തയ്യാറാവാത്ത ഒരു അഭിഭാഷകന്‍ പറഞ്ഞു. ജാമ്യാപേക്ഷ തള്ളുന്നതിനുള്ള പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നെങ്കിലും, പണവകുപ്പുമായുള്ള സംഘര്‍ഷം ഒഴിവാക്കുന്നതിനായിരുന്നു ഇതെന്ന് പിന്നീട് മനസ്സിലാക്കാനായതായും അദ്ദേഹം പറഞ്ഞു.

കാല്‍ മുറിച്ചുമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയ ആകേണ്ട തന്റെ കക്ഷിക്ക് ജാമ്യത്തുകയായ 50,000 രൂപയുടെ പുതിയ നോട്ടുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടായതിനാല്‍ അവരെ ആള്‍ജാമ്യത്തില്‍ വിടണമെന്ന് താന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചെന്നും അത് അനുവദിക്കപ്പെട്ടുവെന്നും താനെയിലെ പ്രത്യേക കോടതിയിലെ അഭിഭാഷകന്‍ രാജേന്ദ്ര പിറ്റകാര്‍ പറഞ്ഞു. പണഞെരുക്കം മൂലം പെറ്റികേസുകളിലെ പഴിയൊടുക്കാനുള്ള തീയതികള്‍ പല കോടതികളും മാറ്റി വെക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ സര്‍ക്കാര്‍ അടവുകള്‍ക്കും പഴയനോട്ടുകള്‍ നോട്ടുകള്‍ സ്വീകരിക്കാമെന്ന ആര്‍ബിഐ നിര്‍ദ്ദേശം പുറത്തുവന്ന ശേഷവും മിക്ക ഓഫീസുകളിലും തല്‍സ്ഥിതി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍