UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബയ് കോര്‍പ്പറേഷനില്‍ ഇന്ന് വോട്ടെടുപ്പ്: ശിവസേനയും ബിജെപിയും തമ്മില്‍ ഏറ്റുമുട്ടല്‍

ശിവസേനയും ബിജെപിയും തമ്മിലുള്ള മത്സരമാണ് ഇത്തവണ ശ്രദ്ധേയമാകുന്നത്.

രാജ്യത്തെ ഏറ്റവും വലിയ മുനിസിപ്പല്‍ കോര്‍പ്പറേഷനായ ബ്രിഹന്‍ മുംബയ് മുനിസിപ്പില്‍ കോര്‍പ്പറേഷനില്‍ (ബിഎംഎംസി) ഇന്ന് ജനവിധി. ശിവസേനയും ബിജെപിയും തമ്മിലുള്ള മത്സരമാണ് ഇത്തവണ ശ്രദ്ധേയമാകുന്നത്. രണ്ട് പതിറ്റാണ്ടോളം നീണ്ട ബിജെപി സഖ്യം ശിവസേന ഉപേക്ഷിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ മറ്റ് ഒമ്പത് മുനിസിപ്പാല്‍ കോര്‍പ്പറേഷനുകളിലേയ്ക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. 37,000 കോടി രൂപയുടെ വാര്‍ഷിക ബജറ്റാണ് ബിഎംഎംസിയ്ക്കുള്ളത്. ഇത് പല സംസ്ഥാനങ്ങളുടേയും ബജറ്റിനേക്കാള്‍ കൂടുതലാണ്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുമാണ് ഇരു പാര്‍ട്ടികളുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. ബിജെപി തോല്‍ക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തനിക്കും, വിജയിക്കുകയാണെങ്കില്‍ അതിന്റെ ക്രെഡിറ്റ് പാര്‍ട്ടിക്കുമായിരിക്കുമെന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേരത്തെ ബിജെപിയാക്കാള്‍ മുന്‍തൂക്കമുണ്ടായിരുന്ന ശിവസേന കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പിന്നോട്ട് പോയിരുന്നു. മുംബയ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണെങ്കില്‍ രണ്ട് പതിറ്റാണ്ട് നീണ്ട മേധാവിത്തമായിരിക്കും ശിവസേനയ്ക്ക് നഷ്ടമാകുക. ഒരു മിനി അസംബ്ലി തിരഞ്ഞെടുപ്പായാണ് മുംബയ് തിരഞ്ഞെടുപ്പിനെ പാര്‍ട്ടികള്‍ കാണുന്നത്. സീറ്റ് വിഭജനത്തിലെ തര്‍ക്കവും മറ്റ് വിഷയങ്ങളിലെ അഭിപ്രായ ഭിന്നതയുമാണ് ശിവസേന – ബിജെപി സഖ്യം തകരാനിടയാക്കിയത്. മുംബയ് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി സര്‍ക്കാരുകള്‍ വീഴുമെന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ശിവസേന പറയുന്നു. ശിവസേനയാണ് നിലവില്‍ ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.

92 ലക്ഷം വോട്ടര്‍മാരാണ് മുംബൈയിലുള്ളത്. 227 സീറ്റുകളുണ്ട്. മുംബയ് കോര്‍പ്പറേഷന് പുറമെ നാഗ്പൂര്‍, താനെ, പൂനെ, നാസിക് എന്നിവയടക്കം ഒമ്പത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേയ്ക്കും 11 ജില്ലാ പരിഷത്തുകളിലേയ്ക്കും 118 പഞ്ചായത്ത് സമിതികളിലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടന്നയിടങ്ങളില്‍ ബിജെപിക്കായിരുന്നു മുന്‍തൂക്കം. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും ശക്തികേന്ദ്രങ്ങളില്‍ പലതും ബിജെപി പിടിച്ചെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍