UPDATES

അരുണാ ഷാന്‍ബാഗ് നിര്യാതയായി

അഴിമുഖം പ്രതിനിധി

നാല്‍പത്തിരണ്ടു വര്‍ഷമായി അബോധാവസ്ഥയില്‍ മൂംബയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നഴ്‌സ് അരുണാ ഷാന്‍ബാഗ് മരിച്ചു. 1973-ല്‍ അവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ജീവനക്കാരന്‍ ക്രൂരമായി ബലാല്‍സംഗത്തിന് ഇരയാക്കിയതിനെ തുടര്‍ന്നാണ് അരുണ അബോധാവസ്ഥയിലായത്.

മൂംബയിലെ കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അവര്‍ പീഡനത്തിന് ഇരയായതും ചികിത്സയില്‍ കഴിഞ്ഞിരുന്നതും. ഇരുപത്തിയാറാം വയസിലാണ് അവര്‍ പീഡനത്തിന് ഇരയായത്. ഇപ്പോഴവര്‍ക്ക് 68 വയസുണ്ട്. ഏതാനും ദിവസം മുമ്പ് അരുണയ്ക്ക് ന്യുമോണിയ ബാധിച്ചിരുന്നതായും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

1973-ല്‍ ഈ ആശുപത്രിയില്‍ വാര്‍ഡ് ബോയ് ആയിരുന്ന സോഹന്‍ലാല്‍ ഭാര്‍ത വാല്‍മീകിയാണ് അരുണയെ പീഡിപ്പിച്ചത്. പട്ടിയെ കെട്ടുന്ന ചങ്ങല കൊണ്ട് അയാള്‍ അരുണയെ ശ്വാശം മുട്ടിച്ചത് അവരുടെ തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ വിതരണത്തെ തടസ്സപ്പെടുത്തിയത് പരിഹരിക്കാന്‍ ആകാത്ത തകരാര്‍ സൃഷ്ടിക്കുകയായിരുന്നു. 

അരുണയുടെ ജീവിതത്തെ കുറിച്ച് ‘അരുണയുടെ കഥ’യെന്ന പുസ്തകം എഴുതിയ പിങ്കി വിരാനി അരുണയെ ദയാവധത്തിന് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് 2011-ല്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും അത് അനുവദിക്കപ്പെട്ടില്ല. അതേസമയം ഇത്രയും കാലം അരുണയെ ശുശ്രൂഷിച്ചിരുന്ന കെഇഎം ആശുപത്രിയിലെ ഇപ്പോഴത്തേയും മുമ്പുണ്ടായാരുന്നതുമായ ജീവനക്കാരും നഴ്‌സുമാരും ദയാവധത്തെ ശക്തമായി എതിര്‍ത്തിരുന്നു. കര്‍ണാടകയിലെ ഹല്‍ദിപൂര്‍ സ്വദേശിയാണ് അരുണ.

ക്രൂരമായ സംഭവത്തെ തുടര്‍ന്ന് കിടപ്പിലായ അരുണയെ തേടി അധികം സന്ദര്‍ശകരൊന്നും എത്തിയിരുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ബന്ധുക്കളും അവരെ തേടിയെത്താതെയായി. മുംബയിലെ അവരുടെ ഏക ബന്ധുവായ സഹോദരി ശാന്താ നായക് 2013 സെപ്തംബറില്‍ മരിച്ചിരുന്നു. എന്നാല്‍ കെഇഎം ആശുപത്രിയിലെ നഴ്‌സുമാര്‍ അവരെ കരുതലോടെ ശുശ്രൂഷിച്ചിരുന്നു. അവരുടെ ജന്‍മദിനമായ ജൂണ്‍ ഒന്നിന് നഴ്‌സുമാരും ഡോക്ടര്‍മാരും അവരെ സ്ഥിരമായി സന്ദര്‍ശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍