UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബയിലെ ഡബ്ബാവാലകള്‍ ‘ആപ്പ്’ ഭീഷണിയില്‍

Avatar

ആനി ഗോവെന്‍ 
(വാഷിങ്ടണ്‍ പോസ്റ്റ്)

മുംബൈയിലെ തൊഴില്‍സ്ഥലങ്ങളില്‍ പ്രശസ്തരായ ഡബ്ബാവാലകള്‍ ആയിരക്കണക്കിനാളുകള്‍ക്ക് വീടുകളില്‍നിന്നുള്ള ഭക്ഷണം എത്തിച്ചു തുടങ്ങിയിട്ട് നൂറിലധികം വര്‍ഷങ്ങളായി.

പ്രാന്തപ്രദേശങ്ങളിലെ താമസസ്ഥലങ്ങളില്‍നിന്ന് ഭക്ഷണം അതത് തൊഴില്‍ സ്ഥലങ്ങളിലെത്തിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്ന സങ്കീര്‍ണമായ സംവിധാനം ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ ഉള്‍പ്പെടെ ലോകത്തിലെ പല സര്‍വകലാശാലകള്‍ക്കും പഠനവിഷയമായിട്ടുണ്ട്. വെള്ള ഷര്‍ട്ടും തൊപ്പിയും ധരിച്ച ഡബ്ബാവാലകള്‍ മുംബൈയിലെ പരിചിതദൃശ്യമാണ്. ‘ലഞ്ച്‌ബോക്‌സ്’ എന്ന ഹിന്ദി ചലച്ചിത്രത്തിലും ഇവരെ ചിത്രീകരിച്ചിട്ടുണ്ട്.

പ്രശസ്തരാണെങ്കിലും മുംബൈയുടെ മാറുന്ന ഭക്ഷണശീലങ്ങളും ഭക്ഷണവിതരണ ആപ്പുകളും ഇത്തരം മറ്റ് സേവനങ്ങളും ഡബ്ബാവാലകള്‍ക്കു വെല്ലുവിളി ഉയര്‍ത്തുന്നു. അടുത്തകാലത്ത് ഡബ്ബാവാലകള്‍ ഒരു വെബ്‌സൈറ്റ് ആരംഭിച്ചു. ഭക്ഷണവിതരണം വേഗത്തിലാക്കാന്‍ സ്‌കൂട്ടറുകള്‍ ഉപയോഗിക്കുകയും ഇ കോമേഴ്‌സ് കമ്പനികള്‍ക്കുവേണ്ടി ജോലി ചെയ്യുകയും ഫ്രഷ് ജ്യൂസുകളും ഓര്‍ഗാനിക് മില്‍ക്കും വിതരണം ചെയ്യുകയും ചെയ്തുതുടങ്ങി.

എന്നാല്‍ തുടര്‍ന്നുള്ള വികസനചിന്തകള്‍ അയ്യായിരത്തോളം വരുന്ന ഈ സംഘത്തെ പിളര്‍ത്തുമെന്ന അവസ്ഥയാണ്. 1890ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് പ്രവര്‍ത്തനം തുടങ്ങിയ ഡബ്ബാവാലകളുടെ നിലനില്‍പ്പ് തന്നെ കൂട്ടായ പ്രവര്‍ത്തനത്തിലും സാമൂഹികബോധത്തിലുമാണ്.

‘ആധുനികീകരണത്തെ എതിര്‍ക്കാന്‍ ശ്രമിക്കുന്ന ഏതാനും പേരുണ്ട്,’ ചര്‍ച്ച് ഗേറ്റ് റയില്‍വേ സ്റ്റേഷനില്‍ ഭക്ഷണഡബ്ബകള്‍ തരംതിരിക്കുന്നതിനിടെ കിരണ്‍ ഗവാന്‍ദെ പറഞ്ഞു. ‘എല്ലാം പഴയപടി തുടരണമെന്നാണ് അവരുടെ ആഗ്രഹം. അവര്‍ അവരെക്കുറിച്ചുമാത്രം ചിന്തിക്കുന്നു.’

അതിരാവിലെ ജോലിക്കുപുറപ്പെടുന്നവരുടെ വീട്ടിലെത്തി ഭക്ഷണം വാങ്ങി ചൂടാറാതെയും മാറിപ്പോകാതെയും അതതു തൊഴില്‍സ്ഥലങ്ങളിലെത്തിക്കുകയാണ് ഇവരുടെ ജോലി. റയില്‍വേ സ്‌റ്റേഷനിലെത്തുന്ന ഡബ്ബാവാലകള്‍ സ്വന്തമായ കോഡിങ് സിസ്റ്റം ഉപയോഗിച്ച് ഡബ്ബകള്‍ എത്തിക്കേണ്ട സ്ഥലമനുസരിച്ച് തരംതിരിക്കുന്നു. ഡബ്ബകള്‍ നിറച്ച ക്രേറ്റുകളുമായി തിരക്കേറിയ ട്രെയിനുകളില്‍ കയറുന്ന ഇവര്‍ നഗരത്തിലെങ്ങും ഭക്ഷണമെത്തിക്കുന്നു.

ഹാര്‍വാര്‍ഡ് നടത്തിയ പഠനം അനുസരിച്ച് ഡബ്ബാവാലകളില്‍ 15 ശതമാനമേ ഹൈസ്‌കൂള്‍ വരെയെങ്കിലും വിദ്യാഭ്യാസം നേടിയിട്ടുള്ളൂ.  എന്നാല്‍ ഇവര്‍ കര്‍ശനമായ പല നിയമങ്ങള്‍ പാലിച്ച് പരസ്പരം പിന്തുണയേകി ഭക്ഷണം നല്‍കുന്നത് ദൈവസേവനമാണെന്ന വിശ്വാസത്തില്‍ ശക്തമായി മുന്നോട്ടുപോകുന്നുവെന്ന് ഇവരെപ്പറ്റിയുള്ള പഠനത്തിനു മേല്‍നോട്ടം വഹിച്ച ഹാര്‍വാര്‍ഡിലെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പ്രഫസര്‍ സ്റ്റീഫന്‍ എച്ച് തോംകെ പറയുന്നു. ഡബ്ബാവാലകള്‍ക്ക് മാസം 180 മുതല്‍ 225 ഡോളര്‍ വരെയാണ് വരുമാനം. ഇ കോമേഴ്‌സ് കമ്പനികളുടെ ജോലികൂടി ചെയ്യുന്നവര്‍ 60 മുതല്‍ 75 വരെ ഡോളര്‍കൂടി സമ്പാദിക്കുന്നു.

ഡബ്ബാവാലകളുടെ വക്താവായ സുബോധ് ബി സംഗ്ലെ എന്ന ചെറുപ്പക്കാരന്‍ ഒരു മാനേജ്‌മെന്റ് സ്‌കൂളില്‍ നടത്തിയ പ്രഭാഷണമാണ് വിവാദമായത്. ഡബ്ബാവാലകളെ മള്‍ട്ടിനാഷനല്‍ കമ്പനികളുമായി ബന്ധപ്പെടുത്തി പുതിയൊരു ബിസിനസ് സംരംഭം തുടങ്ങുമെന്നായിരുന്നു സുബോധ് പറഞ്ഞത്. ഇവരുടെ സ്ഥലപരിചയം മുതലാക്കാനായിരുന്നു പരിപാടി.

മുതിര്‍ന്ന ഡബ്ബാവാലകള്‍ ഈ ആശയത്തെ കര്‍ശനമായി എതിര്‍ത്തു. സാംഗ്ലെയെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്നുപോലും ചിലര്‍ ആവശ്യപ്പെട്ടു.

‘തല്‍ക്കാലം ഇപ്പോള്‍ ചെയ്യുന്ന ജോലി തുടരാനാണ് പരിപാടി,’

മുംബൈ ഡബ്ബാവാല അസോസിയേഷന്‍ സ്ഥാപകനും പ്രസിഡന്റുമായ രഘുനാഥ് ഡി മെഡ്‌ഗെ പറയുന്നു. പുതിയ കമ്പനി സംബന്ധിച്ച ഏതു തീരുമാനവും അംഗങ്ങളുടെ വോട്ടെടുപ്പിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും രഘുനാഥ് പറഞ്ഞു.

എന്നാല്‍ ചില ഡബ്ബാവാലകള്‍ മാറ്റം ആഗ്രഹിക്കുന്നു.

‘ചെറുപ്പക്കാരായ ഡബ്ബാവാലകള്‍ പുതിയ നിര്‍ദേശത്തില്‍ സന്തുഷ്ടരാണ്,’ ഏഴു വര്‍ഷമായി ഡബ്ബാവാലകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സാംഗ്ലെ പറയുന്നു. ‘വരുമാനം കൂട്ടാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും കഴിയുമെന്ന് അവര്‍ കരുതുന്നു.’ പുതിയ ബിസിനസ് അടുത്ത മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നും സാംഗ്ലെ അറിയിച്ചു.

വികാസ് രാംദാസ് ബക്ഷി, 31, അച്ഛനെയും മുത്തച്ഛനെയും പോലെ ഡബ്ബാവാലയായി ജോലി തുടങ്ങിയിട്ട് പത്തുവര്‍ഷമായി. രാവിലെ നിരവധി ഭക്ഷണസഞ്ചികളുമായി റയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ കയറുന്ന രാംദാസ് ഏതാനും സ്‌റ്റോപ്പുകള്‍ക്കപ്പുറം ഇറങ്ങുന്നു. ആടിയുലയുന്ന സൈക്കിളില്‍ ഭക്ഷണസഞ്ചികള്‍ കെട്ടിയുറപ്പിച്ച് സാന്താക്രൂസിലൂടെ യാത്ര ചെയ്യുന്ന രാംദാസ് വഴിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫിസ്, ഒരു സെറാമിക് ഷോപ്പ്, 80 വയസുള്ള ഒരു സ്ത്രീയുടെ വീട് എന്നിവിടങ്ങളിലെത്തുന്നു. വിവാഹിതരായ പെണ്‍മക്കളാണ് വൃദ്ധയ്ക്കുവേണ്ടി എന്നും ഭക്ഷണം കൊടുത്തയയ്ക്കുന്നത്.

പെയിന്റ് കടയില്‍ ക്ലര്‍ക്കായ അരവിന്ദ് വിസാരിയ 30 വര്‍ഷമായി ഉച്ചഭക്ഷണത്തിന് ഡബ്ബാവാലകളെയാണ് ആശ്രയിക്കുന്നത്. എല്ലാ ദിവസവും ഭാര്യ ചന്ദന്‍ ഉച്ചഭക്ഷണം തയാറാക്കി ഡബ്ബാവാലയെ ഏല്‍പിക്കുന്നു. ‘ഇതാണ് കൂടുതല്‍ ആരോഗ്യകരം,’ വിസാരിയ പറയുന്നു.

സ്റ്റോക്ക് ട്രേഡറായ നീരവ് ഷായും ദിവസവും വീട്ടില്‍നിന്നുള്ള സസ്യാഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ‘വീട്ടിലെ ഭക്ഷണമാണ് എനിക്കിഷ്ടം. തീര്‍ച്ചയായും അത് മെച്ചപ്പെട്ടതാണ്.’

വാരാന്ത്യങ്ങളില്‍ ഭക്ഷണം ഡെലിവര്‍ ചെയ്യുന്ന ആപ്പുകള്‍ പരീക്ഷിച്ചുനോക്കാന്‍ നീരവ് ഇഷ്ടപ്പെടുന്നു. ഐ ഷെഫ്, സ്വിഗ്ഗി എന്നിവ ഇതില്‍പ്പെടും.

ഉച്ചഭക്ഷണ സമയത്തിനുശേഷം ഒഴിഞ്ഞ പാത്രങ്ങളുമായി രാംദാസ് ബക്ഷി മടക്കയാത്ര തുടങ്ങുന്നു. രണ്ടുവയസുകാരനായ മകന്റെ പിറന്നാളാഘോഷത്തിനായി സ്വന്തം ഉച്ചഭക്ഷണം ഉപേക്ഷിച്ചാണ് രാംദാസിന്റെ യാത്ര. ഡബ്ബാവാലകളുടെ വികസനതര്‍ക്കത്തില്‍ പക്ഷം പിടിക്കാനില്ലെങ്കിലും അടിസ്ഥാന ജോലിക്കു കോട്ടമുണ്ടാകില്ലെന്ന് രാംദാസ് കരുതുന്നു.

‘ആളുകള്‍ വീട്ടില്‍നിന്ന് അകലെ ജോലിക്കു പോകുന്നിടത്തോളം, അവര്‍ വീട്ടിലെ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നിടത്തോളം, ഞങ്ങളുടെ സേവനം തുടരും.’ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍