UPDATES

ട്രെന്‍ഡിങ്ങ്

മുന്ദ്ര തുറമുഖ പദ്ധതി: അദാനിക്കിട്ട 200 കോടിയുടെ പിഴ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി

പരിസ്ഥിതി മന്ത്രാലയം നിയമിച്ച പുതിയ സമിതിയുടെ പഠനം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പദ്ധതി വിപുലീകരിക്കാന്‍ പരിസ്ഥിതി മന്ത്രാലയം അദാനി ഗ്രൂപ്പിന് അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു.

മുന്ദ്ര തുറമുഖ പദ്ധതിയിലെ പരിസ്ഥിതി നിയമലംഘനവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന് 2013ല്‍ യുപിഎ സര്‍ക്കാര്‍ ഇട്ട 200 കോടി രൂപയുടെ പിഴ മോദി സര്‍ക്കാര്‍ റദ്ദാക്കി. യാതൊരു നിയമലംഘനവും പദ്ധതിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നടത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പരിസ്ഥിതി മന്ത്രാലയം നിയമിച്ച പുതിയ സമിതിയുടെ പഠനം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പദ്ധതി വിപുലീകരിക്കാന്‍ പരിസ്ഥിതി മന്ത്രാലയം അദാനി ഗ്രൂപ്പിന് അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു.

മുന്ദ്ര തുറമുഖ ഉടമസ്ഥരായ അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ് ലിമിറ്റഡിന്റെ വാട്ടര്‍ഫ്രണ്ട് ഡെവലപ്‌മെന്റ് പ്രോജക്ട് ആണ് വിവാദത്തില്‍. നാല് പോര്‍ട്ടുകളാണ് ഈ പ്രോജക്ടിന് കീഴില്‍ വരുന്നത്. ഡ്രൈ, ലിക്വിഡ് കാര്‍ഗോകള്‍ക്ക് വേണ്ടിയുള്ള ബെര്‍ത്തുകള്‍, കണ്ടെയ്‌നര്‍ ടെര്‍മിനലുകള്‍, യാര്‍ഡുകള്‍, റെയില്‍, 700 ഹെക്ടറില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കണ്‍സ്ട്രക്ഷന്‍ ടെര്‍മിനല്‍ എന്നിവയടങ്ങുന്ന വലിയ ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പാണ് അദാനി പദ്ധതിയിടുന്നത്.

2012ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ പരിസ്ഥിതി നിയമ ലംഘനം ചോദ്യം ചെയ്യപ്പോള്‍ പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി പ്രവര്‍ത്തക സുനിത നാരായണന്‍ അധ്യക്ഷയായി കമ്മിറ്റിയെ നിയോഗിച്ചു. കമ്പനി പരിസ്ഥിതി ചട്ടം ലംഘിച്ചെന്ന് വ്യക്തമായതായി സുനിത നാരായണന്‍ കമ്മിറ്റി കണ്ടെത്തി. നാല് പോര്‍ട്ടുകളില്‍ ഒന്നിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. മൊത്തം പദ്ധതി ചിലവിന്റെ ഒരു ശതമാനമായ 200 കോടി രൂപയോ, അല്ലെങ്കില്‍ പദ്ധതി ചിലവിന്റെ ഒരു ശതമാനമോ ഏതാണ് കൂടിയ തുകയെങ്കില്‍ അത് കമ്പനിയില്‍ നിന്ന് ഈടാക്കണമെന്നാണ് പറയുന്നത്. ഇത് അംഗീകരിച്ച പരിസ്ഥിതി മന്ത്രാലയം കമ്പനിക്ക് പിഴ ചുമത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസും നല്‍കിയിരുന്നു. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം വന്‍ തോതില്‍ കണ്ടല്‍ക്കാടുകള്‍ നശിച്ചതായി പരിസ്ഥിതി മന്ത്രാലയത്തിന് ബോധ്യപ്പെട്ടിരുന്നു.

2015 സെപ്റ്റംബറില്‍ തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിലപാട് മാറ്റിയിരുന്നു. നിയമപ്രകാരം സര്‍ക്കാരിന് ഇത്തരത്തില്‍ പിഴ ഈടാക്കാനുള്ള അധികാരമില്ലെന്നായിരുന്നു പരിസ്ഥിതി മന്ത്രാലയത്തിന്റെ വാദം. കൂടുതല്‍ പഠനം നടത്തി അതിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കമ്പനിയില്‍ നിന്ന് പണം ഈടാക്കാനാകൂ എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ പറയുന്നത് അദാനി ഗ്രൂപ്പ് തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍