UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉമ്മന്‍ ചാണ്ടീ, ഓര്‍മയുണ്ടോ മുനീസയെ? അവര്‍ സെക്രട്ടറിയേറ്റ് പടിക്കലുണ്ട്

Avatar

വിഷ്ണു എസ് വിജയന്‍

കാസര്‍ഗോഡ് നിന്നും മുനീസ വീണ്ടും സമരരംഗത്തെത്തിയിരിക്കുന്നു. സെക്രട്ടേറിയേറ്റ് പടിക്കല്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നടത്തുന്ന പട്ടിണി സമരത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി മുനീസയുമുണ്ട്. അകകണ്ണിന്റെ വെളിച്ചത്തില്‍, രോഗം തളര്‍ത്തിയ കുട്ടികള്‍ക്ക് പാട്ടുപാടിക്കൊടുത്തും, കഥ പറഞ്ഞും അമ്മമാരുടെ ധൈര്യം ചോര്‍ന്നുപോകാതിരിക്കാന്‍ കണ്ണീരൊപ്പിയും മുനീസ കൂടെത്തന്നെയുണ്ട്, സമരസമിതി നേതാവായി, സമരക്കാരില്‍ ഒരാളായി. 

മുനീസയെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അത്ര വേഗം മറക്കാന്‍ ഇടയില്ല. കാസര്‍ഗോഡ് സര്‍ക്കാര്‍ വിഷമഴ പെയ്യിച്ച ഗ്രാമങ്ങളില്‍ ഒന്നായ അമ്പലത്തറയില്‍ ജന്മന കാഴ്ച ശക്തി ഇല്ലാതെ ജനിച്ച മുനീസ, താനോ തന്റെ പൂര്‍വികരോ ചെയ്യാത്ത തെറ്റിന് ജന്മം മുഴുവന്‍ വില കൊടുക്കേണ്ടി വന്ന മുനീസ, ജനിച്ചപ്പോള്‍ മുതല്‍ കൂട്ടുകിട്ടിയ ഇരുട്ടിനെ പൊരുതി തോല്‍പ്പിച്ചു ബിഎഡ് വരെ പഠിച്ചു കയറിയ മുനീസ, ജോലി നല്‍കാം എന്ന് പറഞ്ഞു സര്‍ക്കാര്‍ മോഹിപ്പിച്ചു കരയിപ്പിച്ച മുനീസ, ഇരകള്‍ക്ക് വേണ്ടി ഇരകള്‍ തന്നെ മുന്നിട്ടിറങ്ങണം എന്ന് പ്രഖ്യാപിച്ച് എന്‍ഡോസള്‍ഫാന്‍ സമരത്തിന് ഗ്രാമങ്ങളായ ഗ്രാമങ്ങള്‍ കയറിയിറങ്ങി ആളെക്കൂട്ടിയ മുനീസ. തോല്‍ക്കാന്‍ തയ്യാറാകാത്ത പോരാട്ട വീര്യവുമായി ഈ പെണ്‍കുട്ടി വീണ്ടും എത്തിയിരിക്കുന്നു സമരമുഖത്തേക്ക്.

മനസാക്ഷിയെന്നെന്നുണ്ടോ? ഉമ്മന്‍ ചാണ്ടിയോട് 108 അമ്മമാര്‍ക്ക് ചോദിക്കാനുള്ളത്

സമരപന്തലിന് മുന്നിലൂടെ കടന്നു പോയ കെ എസ് ആര്‍ ടി സി ബസിന്റെ നിര്‍ത്താതെയുള്ള ഹോണ്‍ മുഴക്കം കേട്ട് കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതിനിടയില്‍ മുനീസ ചോദിക്കുന്നു;

‘എന്ത് പറയനാണ് ഞാന്‍? എന്റെ ഉത്തരങ്ങളെല്ലാം ദേ… ഇവളുടെ ഈ കരച്ചിലിലുണ്ട്. ഈ കരച്ചിലാണ് ഞങ്ങളുടെ ഉത്തരം. ഇത് റെക്കോര്‍ഡ് ചെയ്തു കൊണ്ടുപോയി കൊടുക്കൂ സര്‍ക്കാരിന്. അങ്ങനെയെങ്കിലും അവരുടെ മനസലിയുമെങ്കില്‍ അലിയട്ടെ..’.

‘എത്രനാള്‍ അവരീ സമരം കണ്ടില്ല എന്നു നടിക്കും? എത്രനാള്‍ അവര്‍ നിശബ്ദരായിരിക്കും? ഞങ്ങള്‍ക്ക് നേടാന്‍ ഉള്ളത് നേടിയെടുത്തിട്ടെ പോവുകയുള്ളൂ.’ ഇത് കാഴ്ച്ചയില്ലാത്ത യുവതിയുടെ മാത്രം വാക്കുകളല്ല, ഒരു ജനതയുടെ മൊത്തം നിശ്ചയമാണ്.

ഇവിടെ ആരുടെ കണ്ണിലാണ് യഥാര്‍ത്ഥത്തില്‍ അന്ധത നിറഞ്ഞിരിക്കുന്നത്?

കണ്ടിട്ടും കാണാത്തതായി നടിക്കുന്ന ഭരണാധികാരികളോട് ഓര്‍മപ്പെടുത്തുന്നത്, മണിമാളികകളും ആഡംബര കാറുകളും ചോദിക്കാനല്ല, ജീവിക്കാനുള്ള അവകാശമാണിവര്‍ ചോദിക്കുന്നത്. അവരുടെ തെറ്റുകള്‍ കൊണ്ടല്ലാതെ കണ്ണീരുകുടിച്ചു കഴിയുന്ന കുറെയധികം കുരുന്നുകളെ സംരക്ഷിക്കാനുള്ള വകയാണവര്‍ ചോദിക്കുന്നത്.

‘പ്രതീക്ഷിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് ഞങ്ങള്‍. ചൂടുവെള്ളത്തില്‍ വീണ പൂച്ച വീണ്ടും ആ വഴിപോകുമോ? ഞങ്ങള്‍ ആ പൂച്ചയെപ്പോലെയാണ്. ചൂടുവെള്ളത്തില്‍ വീണു കയ്യും മെയ്യും പൊള്ളി. എന്നാലും ഞങ്ങള്‍ ചൂട് വെള്ളത്തിലേക്ക് തന്നെ പോകും. കാരണം ഞങ്ങളുടെ വിധി അതാണ്. ഞങ്ങള്‍ ചൂടനുഭവിച്ചുകൊള്ളം, എത്ര വേണേലും. ഞങ്ങളുടെ കുരുന്നുകള്‍ക്ക് തണല്‍ ലഭിക്കുമെങ്കില്‍…’ മുനീസ പറയുന്നു..

‘ജോസ് കെ മാണി സമരം നടത്തിയപ്പോള്‍ പണം കൊടുക്കാനും സംരക്ഷിക്കാനും സര്‍ക്കാരിനായി, ഞങ്ങള്‍ സമരം നടത്തുമ്പോള്‍ ഞങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്നു. അദ്ദേഹം സമരം നടത്തിയതൊക്കെ നല്ലത് തന്നെ. കാരണം കര്‍ഷകര്‍ രക്ഷപ്പെടുമല്ലോ. ആവശ്യമുള്ള പണവും നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഞങ്ങളോട് മുഖംതിരിച്ചു നില്‍ക്കുകയും അദ്ദേഹത്തിനെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് എന്ത് നീതിയാണ്. ജോസ് കെ മാണിക്ക് അധികാരമുണ്ട്. ഞങ്ങള്‍ക്കതില്ല. അത് മാത്രമാണ് സത്യം. 

ഭരണക്കാരെ, അവരിതാ നിങ്ങളുടടുത്തെത്തിയിരിക്കുന്നു; കണ്‍ തുറന്നു കാണുക

സര്‍ക്കാര്‍ പറയുന്നത് ഞങ്ങള്‍ രാഷ്ട്രീയം കളിക്കുന്നു എന്നാണ്. ജീവിക്കാന്‍ വേണ്ടി സമരം നടത്തുന്നതില്‍ എന്ത് രാഷ്ട്രീയം? ഞങ്ങള്‍ വി എസ്സിന് രാഷ്ട്രീയം പറയാന്‍ വേദി ഒരുക്കി കൊടുത്തു എന്നാണ് ആരോപണം. അദ്ദേഹം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു ഞങ്ങളുടെ കൂടെ നില്‍ക്കുന്നതില്‍ ഞങ്ങള്‍ എന്ത് പിഴച്ചു? അദ്ദേഹം ചെയ്യുന്നതാണ് ശരിയെന്നു എന്തുകൊണ്ടിവര്‍ക്ക് മനസിലാകുന്നില്ല? ആരു കൂടെ നിന്നാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ ജീവിതം വേണം, ഞങ്ങളുടെ കുഞ്ഞുങ്ങളുടെ സന്തോഷം വേണം’. മുനീസ പറയുന്നു.

സമരം തുടരുമെന്നു പറഞ്ഞവരോടു അവിടെ കിടന്നോളാന്‍ പറയുന്നതോ ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍ ഭരണം

കണ്ണിലെ ഇരുട്ടിനെ എന്നേ തോല്‍പ്പിച്ചു കഴിഞ്ഞു മുനീസ. പക്ഷേ ഇപ്പോഴും പൊരുതുന്നത് വെളിച്ചത്തിന്റെ പ്രവാചകരെന്നു നടിക്കുന്നവരുടെ ഉള്ളിലെ ഇരുട്ടിനെ മറികടക്കാനാണ്. ആ ഇരുട്ടു കൊണ്ട് അവര്‍ മൂടുവയ്ക്കാന്‍ ശ്രമിക്കുന്ന കുറേ പാവം ജനങ്ങളുടെ കണ്ണീര്‍മുഖങ്ങളുണ്ട്. ജീവിക്കുന്നത് മരിച്ചതിനു തുല്യരായ കുറെ മനുഷ്യര്‍…കുറെ കുഞ്ഞുങ്ങള്‍… പറങ്കിമാവിന്‍ തുഞ്ചത്തു നിന്നും പെയ്തിറങ്ങിയ വിഷമഴയില്‍ ജീവിതം ഹോമിക്കപ്പെട്ടവര്‍. അവരെ ഇനിയും ഇനിയും തോല്‍പ്പിക്കാന്‍ ശ്രമിക്കരുത് സര്‍ക്കാരേ…മൂനീസയെ പോലുള്ളവരും ഈ അമ്മമാരും ഇനിയതിന് സമ്മതിക്കുകയുമില്ല…

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍