UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റംസാന്‍ വൃതം അനുഷ്ഠിക്കുന്നതിനാല്‍ ഓഫിസില്‍ വൈകിയെത്തിയ യുവതിക്ക്‌ സഹപ്രവര്‍ത്തകന്റെ മര്‍ദ്ദനം

യുവതിയെ ചവിട്ടുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്

റംസാന്‍ വൃതം അനുഷ്ഠിക്കുന്നതിനാല്‍ ജോലിക്ക് താമസിച്ചെത്തിയതിന്റെ പേരില്‍ കര്‍ണാടകയില്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ജീവനക്കാരിയെ സഹപ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചു. ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റയ്ച്ചൂര്‍ ജില്ലയിലെ സിന്ദനൂരിലെ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫിസിലാണു സംഭവം. വനിതയെ ചവിട്ടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇങ്ങനൊരു സംഭവം നടന്നതെന്നു ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ പറയുന്നു. പൊലീസിനെ ഉദ്ധരിച്ച് സംഭവത്തെ കുറിച്ച് വാര്‍ത്തയില്‍ പറയുന്നത് ഇപ്രകാരമാണ്. സിന്ദനൂര്‍ സിറ്റി മുന്‍സിപ്പല്‍ കൗണ്‍സിലില്‍(എസ് സി എം സി)എസ്ഡിഎ ആയ നസ്‌റീനാണ് അവരുടെ സഹപ്രവര്‍ത്തകനായ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ശരവണപ്പയുടെ മര്‍ദ്ദനമേറ്റത്. റംസാന്‍ നോമ്പ് നോക്കുന്നതിനാല്‍ നസ്‌റീന്‍ ജോലിക്ക് എത്താന്‍ വൈകിയിരുന്നു. ഇതു ചോദ്യം ചെയ്തു തുടങ്ങിയ തര്‍ക്കത്തിനൊടുവിലാണ് നസ്‌റീന്‍ ഇരിക്കുന്നിടത്തു ചെന്നു ശരവണപ്പ അവരെ ചവിട്ടിയത്. ഈ ഓഫിസില്‍ കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്നയാളാണു ശരവണപ്പ.

തന്നെ മര്‍ദ്ദിച്ചതായി കാണിച്ചു നസ്‌റീന്‍ നല്‍കിയ പരാതിയിലാണു പൊലീസ് ശരവണപ്പയെ അറസ്റ്റ് ചെയ്തത്. അതേസമയം ഇങ്ങനൊരു സംഭവം നടന്നത് പൊലീസ് പറയുമ്പോഴാണ് തങ്ങള്‍ അറിയുന്നത് എസ് സി എം സി അധികൃതര്‍ പറയുന്നു. ശനിയാഴ്ചയായതിനാല്‍ ജീവനക്കാരില്‍ ഭൂരിഭാഗം പേരും അവധിയിലായിരുന്നുവെന്നും അധികൃതര്‍ പറയുന്നു.

ശരവണപ്പ കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ ജോലി നോക്കുന്ന ജീവനക്കാരനാണ്. കൗണ്‍സിലിന് ഈ സംഭവത്തെ പറ്റി അറിവുണ്ടായിരുന്നില്ല. നസ്‌റീന്റെ പരാതിയെപ്പറ്റി പൊലീസ് അറിയിപ്പ് കിട്ടുമ്പോഴാണ് സംഭവത്തെ കുറിച്ച് ഞങ്ങള്‍ അറിയുന്നത്; എസ് സി എം സി അധികൃതര്‍ ടൈംസ് ഓഫ് ഇന്ത്യയയോടു പറയുന്നു. നസ്‌റീന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശരവണപ്പയെ പുറത്താക്കിയെന്നും ഇയാളെ പൊലീസിനെ ഏല്‍പ്പിച്ചെന്നും അധികൃതര്‍ പറയുന്നു. ശരവണപ്പ സ്ത്രീ സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറുന്നത് ഇതാദ്യമായിട്ടല്ലെന്നും പൊലീസ് പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍